മിക്ക ആളുകളെയും അലട്ടുന്ന പ്രധാന പ്രശ്നം മുടി കൊഴിച്ചിലാണ്. മുടി കൃത്യമായ രീതിയിൽ സംരക്ഷിക്കാത്തത് കൊണ്ടും, ശരീരത്തിലെ പോഷക കുറവ് മൂലവും, ഹോർമോൺ പ്രശ്നം മൂലവും മുടി കൊഴിച്ചിൽ കൂടും. ഇതിന് ഉത്തമ പരിഹാരമാണ് സവാള നീര്. വളരെ കുറഞ്ഞ ചെലവിൽ, ഫലപ്രദമായ രീതിയിൽ സവാളനീര് കൊണ്ട് ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും.
കൂടുതൽ വാർത്തകൾ: ഷാംപു ദിവസവും ഉപയോഗിക്കാമോ? കണ്ടിഷണർ നിർബന്ധമാണോ? അറിയാം..
സവാള നീരിൽ സിങ്ക്, സൾഫർ, ഫോളിക് ആസിഡ്, വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ മുടി കൊഴിച്ചിൽ കുറയ്ക്കുകയും, മുടി വളരാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ സവാളയിൽ അടങ്ങിയിരിക്കുന്ന ഡയറ്ററി സൾഫർ മുടിയ്ക്ക് ആരോഗ്യം നൽകുന്നു. ശിരോചർമം വൃത്തിയായിരിക്കാനും, താരൻ അകറ്റാനും സവാള നീര് നല്ലതാണ്.
സവാള മാസ്കിന്റെ ഉപയോഗം, പ്രാധാന്യം..
സവാളയുടെ മണം മുടിയിൽ വരാതിരിക്കാൻ സവാള മാസ്ക് ഉപയോഗിക്കുന്നത് നല്ലതാണ്. സവാള കൊണ്ടുള്ള മാസ്കുകൾ 20 മിനിട്ടിൽ കൂടുതൽ തലയിൽ വയ്ക്കാൻ പാടില്ല. കൂടാതെ മാസ്ക് ഇടുന്നവർ മൈൽഡ് ഷാംപു അഥവാ വീര്യം കുറഞ്ഞ ഷാംപു ഉപയോഗിക്കാൻ ശ്രദ്ധിക്കണം. സവാള നീരും ഇഞ്ചിനീരും സമം ചേർത്ത് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കാം. ഇത് മുടിയ്ക്ക് ബലം നൽകുന്നു. വെളിച്ചെണ്ണയിൽ സവാള ചേർത്ത് തലയിൽ തേയ്ക്കുന്നത് മുടി വളരാൻ സഹായിക്കും.
സവാളയും കറ്റാർവാഴയും
1 സ്പൂൺ തേങ്ങാപ്പാലും 1 സ്പൂൺ കറ്റാർവാഴ ജെല്ലും കുറച്ച് സവാള നീരിൽ മിക്സ് ചെയ്ത് തലയിൽ പുരട്ടാം. അര മണിക്കൂറിന് ശേഷം മൈൽഡ് ഷാംപു ഉപയോഗിച്ച് കഴുകാം.
മുട്ടയും സവാളയും
പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ മുട്ടയുടെ വെള്ളയും സവാളയുടെ നീരും മുടിയുടെ ആരോഗ്യം വർധിപ്പിക്കും. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇവ രണ്ടും ഉപയോഗിക്കുന്നത് നല്ലതാണ്.
ആവണക്കണ്ണയും സവാളയും
ഒരു വലിയ സവാളയുടെ നീരിൽ മൂന്ന് - നാല് തുള്ളി ആവണക്കണ്ണ ചേർക്കണം. ഈ മിശ്രിതം തലയോട്ടിയിൽ മസാജ് ചെയ്യുക. 30 മിനിട്ടിന് ശേഷം മൈൽഡ് ഷാംപു ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ഉപയോഗിക്കാം.
സവാള ജ്യൂസും തേനും
വരണ്ട മുടി കുറയ്ക്കാനും മുടി പൊട്ടുന്നതിനും നല്ലൊരു പരിഹാരമാണ് തേൻ-സവാള മിക്സ്. മുടിയിലെ സ്വാഭാവിക ഈർപ്പം നിലനിർത്താൻ തേൻ സഹായിക്കും. കൂടാതെ തേനിന്റെ ആന്റിസെപ്റ്റിക് ഗുണങ്ങൾ താരൻ കുറയ്ക്കും.
സവാളനീരിന്റെ ഗുണങ്ങൾ എന്തെല്ലാം..
സവാള നീരിൽ സൾഫർ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇവ കൊളാജൻ ഉൽപാദിപ്പിക്കാൻ വളരെയധികം സഹായിക്കുന്നു. കൂടാതെ ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ അകാല നരയെ ചെറുക്കുന്നു. ഒപ്പം താരനും ചൊറിച്ചിലും കുറയ്ക്കും.