വെയിലേറ്റ് ചർമം ഇരുണ്ട് പോകുന്നുണ്ടോ? നിങ്ങളുടെ മുഖത്തിൽ നിന്നും നഷ്ടപ്പെട്ട നിറം തിരികെ ലഭിക്കാൻ ചില പൊടിക്കൈകളുണ്ട്. അതും വീട്ടിലിരുന്ന് കൃത്രിമ രാസവസ്തുക്കൾ ഒന്നും പ്രയോഗിക്കാതെ പരീക്ഷിച്ച് നോക്കാവുന്ന നാട്ടുവൈദ്യങ്ങളിലൂടെ. വീട്ടിലെപ്പോഴും സുലഭമായി കാണുന്ന ഉരുളക്കിഴങ്ങ് മങ്ങിയ ചർമത്തെ വീണ്ടും തിളക്കമുള്ളതാക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: Best Weight Loss Tips: മുട്ടയിലൂടെ അതിവേഗം ഭാരം കുറയ്ക്കാം, ഈ 4 കോമ്പോകൾ ഫലം ചെയ്യും
ഉരുളക്കിഴങ്ങിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി, വിറ്റാമിൻ ബി6, വിറ്റാമിൻ ബി1, ബി3, പ്രോട്ടീൻ, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ ഘടകങ്ങൾ മുഖത്തിലെയും കൈയിലെയും ചർമകോശങ്ങളെ വൃത്തിയാക്കാൻ സഹായിക്കുന്നു. അതിനാൽ തന്നെ ഉരുളക്കിഴങ്ങ് ചർമ പ്രശ്നങ്ങൾക്കുള്ള ഉത്തമപ്രതിവിധിയാണെന്ന് കണക്കാക്കപ്പെടുന്നു (Potato Is Good To Cure Skin Disease).
നിങ്ങളുടെ കണ്ണുകൾക്ക് താഴെയുള്ള കറുത്ത പാടുകൾ നീക്കം ചെയ്യാനും നിങ്ങളുടെ ചർമത്തെ വൃത്തിയാക്കാനും ഇതിന് കഴിയും. വേനൽക്കാലത്ത്, ഉരുളക്കിഴങ്ങ് ചർമത്തെ തണുപ്പിക്കുന്നു. ഇത് ചർമത്തിലെ കരിവാളിപ്പ് പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു.
ഇത്തരത്തിൽ നിറം മങ്ങിയ നിങ്ങളുടെ ചർമത്തെ എങ്ങനെ ശരിയാക്കാമെന്ന് നോക്കാം.
1. ടാനിങ് നീക്കം ചെയ്യാൻ
ചർമത്തിലെ ടാനിങ് നീക്കം ചെയ്യണമെങ്കിൽ ഉരുളക്കിഴങ്ങ് വേവിച്ച് ഫേസ് പാക്ക് ഉണ്ടാക്കാം. ഇതിനായി വേവിച്ച ഉരുളക്കിഴങ്ങ് എടുത്ത് അതിൽ ഒരു സ്പൂൺ തേൻ കലർത്തി കഴുത്ത് മുതൽ മുഖത്ത് വരെ പുരട്ടുക. ഇത് 15 മിനിറ്റ് നേരത്തേക്ക് വയ്ക്കുക. ശേഷം സാധാരണ വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും ഇത് പരീക്ഷിക്കാവുന്നതാണ്.
2. പാടുകൾ നീക്കം ചെയ്യാൻ
നിങ്ങളുടെ മുഖത്ത് മുഖക്കുരുവോ പാടുകളോ ഉണ്ടെങ്കിൽ, ഉരുളക്കിഴങ്ങിൽ പരിഹാരമുണ്ട്. അതായത്, പച്ച ഉരുളക്കിഴങ്ങ് കഴുകി തൊലി കളയുക. ഇത് അരച്ച് മുഖത്ത് മസാജ് ചെയ്യുക. 10 മിനിറ്റ് നേരത്തേക്ക് മുഖം മസാജ് ചെയ്ത് കൊടുക്കാം. ഏകദേശം 10 മിനിറ്റിന് ശേഷം സാധാരണ വെള്ളത്തിൽ മുഖം കഴുകുക. രണ്ടോ മൂന്നോ ദിവസം ഇങ്ങനെ ചെയ്യുന്നത് മികച്ച ഫലം നൽകും.
3. വരണ്ട ചർമത്തിന്
നിങ്ങളുടെ ചർമം വളരെ വരണ്ടതാണെങ്കിൽ, ഉരുളക്കിഴങ്ങ് ചർമത്തിന് ജീവൻ നൽകുകയും മൃദുവാക്കുകയും ചെയ്യും. ഇത് ഉപയോഗിക്കുന്നതിനായി ഉരുളക്കിഴങ്ങ് കഴുകി തൊലി കളഞ്ഞ് അരച്ചെടുക്കുക. ഇതിലേക്ക് രണ്ട് തുള്ളി ഗ്ലിസറിൻ, രണ്ട് തുള്ളി റോസ് വാട്ടർ, അര ടീസ്പൂൺ തേൻ, അര ടീസ്പൂൺ അരിപ്പൊടി എന്നിവ ചേർക്കുക. ഇത് മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക. ഈ കൂട്ട് ഉണങ്ങിയ ശേഷം മുഖം കഴുകുക. ഇങ്ങനെ രണ്ടോ മൂന്നോ തവണ ചെയ്യുന്നത് ചർമത്തിന് വലിയ ആശ്വാസം നൽകും.
4. കണ്ണിന് ചുറ്റുമുള്ള കരിവാളിപ്പ് മാറ്റും
നിങ്ങളുടെ കണ്ണുകൾക്ക് താഴെ കറുത്ത അടയാളങ്ങളും പാടുകളും ഉണ്ടെങ്കിൽ, ഉരുളക്കിഴങ്ങ് ഉപയോഗിക്കാം. ഇതിനായി ഉരുളക്കിഴങ്ങ് എടുത്ത് കഴുകി ഇതിന്റെ നീര് പിഴിഞ്ഞെടുക്കുക. ഒരു പഞ്ഞി ഉപയോഗിച്ച് ഈ നീര് കണ്ണിന് ചുറ്റും കരിവാളിപ്പുള്ള ഭാഗത്ത് പുരട്ടുക. ദിവസവും രാത്രി ഉറങ്ങുമ്പോൾ ഇങ്ങനെ ചെയ്യാം. കണ്ണിന് ചുറ്റും ഇരുണ്ട പാടുകൾ മാറിത്തുടങ്ങുന്നതായി കാണാം. ആവശ്യമെങ്കിൽ ഉരുളക്കിഴങ്ങിന്റെ കഷ്ണങ്ങളും കണ്ണിൽ വയ്ക്കാം.
ബന്ധപ്പെട്ട വാർത്തകൾ : നാരങ്ങ മതി, കഴുത്തിലെ കറുപ്പ് മാറ്റാം; വീട്ടിലിരുന്ന് ആർക്കും പരീക്ഷിക്കാവുന്ന 2 വിദ്യകൾ