കറിവേപ്പിലയുടെ (Curry leaves) ഗുണങ്ങൾ പ്രത്യേകം എടുത്തുപറയേണ്ടതില്ല. കറികൾക്ക് രുചി നല്‍കാന്‍ മാത്രമല്ല ആരോഗ്യ ഗുണങ്ങളിലും മുമ്പനാണ് കറിവേപ്പില. ദഹനപ്രശ്നങ്ങൾക്കായാലും അസിഡിറ്റി പോലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും, ചർമം, കേശം എന്നിവയുടെ സംരക്ഷണത്തിനും കറിവേപ്പില അത്യധികം ഗുണകരമാണ്.
ബന്ധപ്പെട്ട വാർത്തകൾ: മുടി കൊഴിച്ചിൽ പൂർണമായി മാറ്റാനുള്ള പ്രകൃതി ദത്ത ബദൽ: നീലയമരി
അതായത്, വെറുംവയറ്റില്‍ കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കുകയാണെങ്കിൽ അസിഡിറ്റി, ഗ്യാസ് പോലുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കാം. മലബന്ധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കറിവേപ്പില ഉത്തമമാണ്.
ആയുർവേദ ചികിത്സയിൽ ഔഷധക്കൂട്ടായി ഉപയോഗിക്കുന്ന കറിവേപ്പിലയിൽ വിറ്റാമിനുകളും മിനറലുകളും സമ്പന്നമായി അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കുന്നു. കൂടാതെ, ശരീരത്തിൽ ഉണ്ടാകുന്ന അനാവശ്യ കൊളസ്‌ട്രോള്‍ കുറയ്ക്കാനും വെറുവയറ്റില്‍ കറിവേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതിലൂടെ പരിഹാരമാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
അടുക്കളയിലും ഔഷധത്തിലും അനിവാര്യമായ കറിവേപ്പില കറികൾക്ക് രുചിയും ഗുണവും നൽകുന്നതിനാൽ തന്നെ ഒഴിച്ചുകൂടാനാവാത്തയാണ്. അതിനാൽ തന്നെയാണ് ഏതൊരു അടുക്കളത്തോട്ടത്തിലും ഒരു കറിവേപ്പില തൈ ഉണ്ടാകാറുള്ളത്.
എന്നാൽ വീട്ടിൽ കറിവേപ്പില ഇല്ലാത്തവർ പുറത്ത് നിന്ന് വാങ്ങുന്ന വേപ്പില സൂക്ഷിക്കാൻ പല ഉപായങ്ങളും പരീക്ഷിക്കാറുണ്ട്. എന്നിരുന്നാലും കറിവേപ്പില ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ചുരുങ്ങിയ ദിവസത്തിനുള്ളിൽ നശിച്ചുപോകുന്നു. എന്നാൽ, കറിവേപ്പില കേടാകാതിരിക്കാൻ സ്വീകരിക്കാവുന്ന ഉപായങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
പുറത്ത് നിന്നും വാങ്ങുന്ന കറിവേപ്പിലയിൽ വിഷാംശം കൂടുതലായിരിക്കും. ഈ വിഷാംശം നീക്കം ചെയ്തിട്ട് വേണം ഇവ ഫ്രിഡ്ജിൽ സൂക്ഷിക്കുകയോ കറികളിൽ ചേർക്കുകയോ ചെയ്യേണ്ടത്. അതായത്, ഇതിനായി ഒരു പാത്രത്തില്‍ കുറച്ച് വെള്ളമെടുത്ത് അല്‍പം മഞ്ഞള്‍പൊടി ചേർത്തിളക്കി അതിൽ കറിവേപ്പില മുക്കി വയ്ക്കുക.
ഏകദേശം പത്ത് മിനിറ്റ് എങ്കിലും ഇങ്ങനെ കറിവേപ്പില വെള്ളത്തിൽ ഒഴിച്ചുവയ്ക്കേണ്ടതാണ്. ശേഷം ഇവ വെള്ളം ഉപയോഗിച്ച് നന്നായി കഴുകുക. തുടർന്ന് ഫ്രിഡ്ജിൽ സൂക്ഷിക്കാം.
കറിവേപ്പില കേടാകാതിരിക്കാൻ...
കറിവേപ്പില ഫ്രിഡ്ജിൽ സൂക്ഷിച്ചാലും കേട് വന്നേക്കാം. എന്നാൽ, കറിവേപ്പില കഴുകി അതിലെ ഇലകളിലുള്ള വെള്ളത്തിന്റെ അംശം മുഴുവനും ഒപ്പിയെടുക്കാൻ അനുവദിച്ച ശേഷം തണ്ടിൽ നിന്നും ഇലകൾ നുള്ളിയെടുക്കുക. പൂർണമായും ഇലകളിലെ ഈർപ്പം പോകുന്നതിനായി ഏകദേശം 3 മണിക്കൂർ ഉണങ്ങാൻ വയ്ക്കുക. പിന്നീട് ഒരു പ്ലാസ്റ്റിക് ടിൻ എടുത്ത് അതിനകത്ത് ടിഷ്യൂ പേപ്പർ വിരിയ്ക്കുക.
ബന്ധപ്പെട്ട വാർത്തകൾ: വെറും വയറ്റില്‍ ഇഞ്ചി ചവച്ചരച്ച് കഴിക്കാറുണ്ടോ? എങ്കിൽ നിങ്ങളുടെ ശരീരത്തിൽ ഈ മാറ്റങ്ങളുണ്ടാകും
ഇതിന് മുകളിലായി കറിവേപ്പ് ഇലകൾ നിരത്തി വയ്ക്കണം. ഇതിന് മുകളിൽ വീണ്ടും ഒരു ടിഷ്യൂ പേപ്പർ കൂടി വിരിക്കുക. തുടർന്ന് വായു കടക്കാത്ത രീതിയിൽ പാത്രം അടച്ചു ഫ്രിഡ്ജിൽ വയ്ക്കാം.
ഇത് കൂടാതെ, കറിവേപ്പിലയിലെ ഈർപ്പം പൂർണമായും ഒഴിവാക്കിയ ശേഷം തണ്ടോടു കൂടി തന്നെ ഒരു ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ് സിപ്പ് ലോക്ക് കവറിലാക്കുക. ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കുക. കറിവേപ്പില കേടാകാതെ ഇങ്ങനെ ദീർഘനാൾ സൂക്ഷിക്കാം.