എന്തൊക്കെ പയറ്റിനോക്കിയിട്ടും എലിശല്യത്തിന് പരിഹാരമില്ലെന്നാണോ? വളരെ എളുപ്പത്തിൽ വീട്ടിൽ നിന്നും എലിയെ തുരത്താവുന്ന ചില പൊടിക്കൈ പ്രയോഗിച്ചാൽ അവ ഒരുവിധത്തിലും നിങ്ങൾക്ക് ശല്യമാവില്ല. കൃത്രിമ മരുന്നുകളൊന്നുമില്ലാതെ വീട്ടിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് എലിയെ തുരത്താനുള്ള വഴികളാണ് ഇവിടെ വിവരിക്കുന്നത്.
എലിയെ തുരത്താൻ തക്കാളി (Tomato To Get Rid Of Rats)
എലിയെ വീട്ടിൽ നിന്നും പുഷ്പം പോലെ ഓടിക്കാനുള്ള മികച്ച ഉപായമാണ് പഴുത്ത തക്കാളി. പകുതി മുറിച്ച പഴുത്ത തക്കാളിയുടെ മുകളിൽ മുളക് പൊടി വിതറുക. നല്ലപോലെ കട്ടിയ്ക്ക് തന്നെ മുളക് പൊടി വിതറണം. ശേഷം, ഇതിന് മുകളിലായി അല്‍പം ചക്കര വയ്ക്കുക. പനംചക്കരയാണ് നല്ലത്. പനംചക്കര പൊടിച്ച് വച്ച്, ശേഷം അവ പരത്തുക.
സാധാരണ ശർക്കര വച്ചാലും ഫലം ചെയ്യും. എലികൾ കൂടുതലായുള്ള സ്ഥലങ്ങളിൽ ഇത് വയ്ക്കുക. ഇത് എലിയെ തുരത്താനുള്ള ഫലപ്രദമായ മാർഗമാണ്. തക്കാളിയ്ക്ക് മുകളില്‍ ശർക്കരയില്ലെങ്കിൽ പകരം തേങ്ങ മുറിച്ചും വയ്ക്കാവുന്നതാണ്. നന്നേ കട്ടി കുറഞ്ഞ തേങ്ങാപ്പൂള്‍ വേണം ഇങ്ങനെ വയ്ക്കേണ്ടത്. എങ്കിൽ മാത്രമേ, തേങ്ങാപ്പൂൾ മാത്രം കടിക്കാതെ എലി തക്കാളി ഉൾപ്പെടെ കഴിയ്ക്കുകയുള്ളൂ.
എലി വരാതിരിക്കാനുള്ള ഈ ഉപായത്തിനൊപ്പം, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലും ശ്രദ്ധ നൽകണം. വീട്ടിലെ സാധനങ്ങള്‍ അടുക്കി ചിട്ടയോടെ സൂക്ഷിക്കുന്നതിലും ശ്രദ്ധ വേണം. ഇങ്ങനെയും എലി വീട്ടിൽ സ്ഥിരമാക്കാതിരിക്കാൻ സാധിക്കും. കൂടാതെ, തുറസ്സായ സ്ഥലത്ത് ഭക്ഷണാവശിഷ്ടങ്ങള്‍ വയ്ക്കരുത്. ബോക്‌സിലോ കുപ്പികളിലോ ഇവ അടച്ച് സൂക്ഷിക്കുക.
വീടിനും പുറത്തും പൊത്തുകളും മറ്റുമുണ്ടെങ്കിൽ ഇത് അടയ്ക്കുക. കാരണം എലികൾ പുറത്തുനിന്നും അകത്തേക്ക് പ്രവേശിക്കാന്‍ ഇത് കാരണമായേക്കും. വാതിലുകള്‍ക്ക് താഴെയുള്ള വിടവുകളും അടയ്ക്കുക. വീട്ടിലേക്ക് എലിയെ ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണ് പഴയ പത്രങ്ങളും, മാഗസിനുകളും വലിച്ചു വാരിയിടുന്നത്. എലി സ്ഥിരതാമസമാക്കുന്നത് സാധാരണ ഇത്തരം സ്ഥലങ്ങളിലാണ്. ഉപയോഗശൂന്യമായ പഴയ ഗൃഹോപകരണങ്ങളും ഇലക്ട്രിക് ഉപകരണങ്ങളും വീട്ടില്‍ കൂട്ടിയിട്ടുണ്ടെങ്കിൽ അവ നീക്കം ചെയ്യുന്നതിനും ശ്രദ്ധിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: വെളുത്തുള്ളി കൊണ്ട് എങ്ങനെ സുരക്ഷിതമായ കീടനാശിനിയുണ്ടാക്കാം?
ഇതിന് പുറമെ, വെളുത്തുള്ളി, ഉള്ളി, കർപ്പൂരതുളസിത്തൈലം, കറുവാപ്പട്ട എന്നിവയെല്ലാം എലിയെ തുരത്താനുള്ള മികച്ച പോംവഴികളാണ്. ഉള്ളിയുടെ മണവും എലിയ്ക്കെതിരെ പ്രയോജനകരമാണ്. ഉള്ളിത്തൊലി കളഞ്ഞ് വീടിന്റെ പലയിടങ്ങളിലായി വക്കുക. എന്നാൽ, പഴകിയ ഉള്ളി ദുർഗന്ധം പരത്തുന്നതിനാൽ ദിവസവും ഉള്ളി മാറ്റാനും ശ്രദ്ധിക്കണം.
അൽപം വെള്ളത്തിൽ വെളുത്തുള്ളി കഷ്ണങ്ങളാക്കി ഇടുക. ഇത് വീടിന്റെ ഭാഗങ്ങളിലെല്ലാം സ്പ്രേ ചെയ്യുക. വീടിന്റെ പ്രവേശന കവാടങ്ങളിലും ദ്വാരങ്ങളിലും വെളുത്തുള്ളി അല്ലികളാക്കി വക്കുന്നതും നല്ലതാണ്.
എലിശല്യം തടയാൻ മികച്ച വഴിയാണ് കർപ്പൂരതുളസി തൈലം. കർപ്പൂരതൈലം പഞ്ഞിയിൽ മുക്കി ജനലിന്റെയും വാതിലിന്റെയും ഭാഗങ്ങളിൽ വയ്ക്കുന്നതും ദ്വാരങ്ങളിൽ വയ്ക്കുന്നതും എലികളെ അടുപ്പിക്കില്ല. മാത്രമല്ല ഇവ വീടിനകത്ത് നല്ല സുഗന്ധവും തരുന്നു. ഇത് കൂടാതെ, ഒരു തുണിയിൽ അൽപം കറുവാപ്പട്ട എടുത്ത് എലി വരാനിടയുള്ള ഭാഗങ്ങളിൽ വക്കുന്നതും നല്ലതാണ്.