കാറ്റും (Wind) കാറ്റിൽ നിന്നും ലഭിക്കുന്ന ഊർജവും ലോകത്താകമാനമുള്ള ഊർജ സംവിധാനങ്ങളെ വളരെയധികം സ്വാധീനിക്കുന്നു. ഇത്തരം പ്രവർത്തനങ്ങളുടെ പ്രാധാന്യം മനസിലാക്കാൻ എല്ലാ വർഷവും ജൂൺ 15 ലോക കാറ്റ് ദിനം (World Wind Day) ആയി ആചരിക്കുന്നു. ‘ഞങ്ങൾ കാറ്റിനൊപ്പം, നിങ്ങളോ?’ (We are #InWithWind, are you?) എന്നാണ് ഈ വർഷത്തെ ലോക കാറ്റ് ദിന സന്ദേശം (Theme). കാറ്റിൽ നിന്നുള്ള ഊർജ്ജത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ബോധവൽക്കരണവും ഊർജ്ജ സംവിധാനങ്ങളുടെ പുരോഗതിയുമാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം.
കാറ്റിലൂടെ ഊർജം നിർമിക്കുന്നതിലൂടെ ഫോസിൽ ഇന്ധന ഇറക്കുമതി (Fossil Fuel Imports) കുറയ്ക്കുകയും അതുവഴി വായു മലിനീകരണം (Air Pollution) തടയുകയും ചെയ്യുന്നു.
യൂറോപ്യൻ വിൻഡ് എനർജി അസോസിയേഷൻ (European Wind Energy Association) 2007-ൽ ആദ്യമായി കാറ്റ് ദിനം ആചരിച്ചു. 18 യൂറോപ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഇത്. 2009-ൽ വിൻഡ് യൂറോപ്പും ഗ്ലോബൽ വിൻഡ് എനർജി കൗൺസിലും (Global Energy Wind Energy Council) ചേർന്നതോടെ ഈ ദിനം ആഗോളതലത്തിൽ പ്രാധാന്യം നേടി. ലോകത്ത് ഏറ്റവും കൂടുതൽ കാറ്റ് വൈദ്യുതി ഉപയോഗിക്കുന്നത് ചൈനയാണ്. 2019ൽ മാത്രം ഏകദേശം 236,402 മെഗാവാട്ട് വൈദ്യുതിയാണ് ചൈന ഉൽപാദിപ്പിച്ചത്.
ബന്ധപ്പെട്ട വാർത്തകൾ: വെള്ള അരി കൂടുതലായി കഴിച്ചാൽ ഈ രോഗങ്ങളെ വിളിച്ചു വരുത്തും
ഇനി ചരിത്രത്തിലേക്ക് (History of World Wind Day)
കാറ്റിൽ നിന്നുള്ള ഊർജ്ജത്തിന്റെ ചരിത്രത്തിന് ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ട്. ബിസി 5,000-ൽ ഈജിപ്തുകാർ നൈൽ നദിയിൽ ബോട്ടുകൾ ഓടിക്കാൻ കാറ്റിന്റെ ശക്തി ഉപയോഗിച്ചിരുന്നു. ബിസി 200-ൽ ചൈനക്കാർ കാറ്റിൽ പ്രവർത്തിക്കുന്ന വാട്ടർ പമ്പുകൾ കണ്ടുപിടിച്ചു. പേർഷ്യയിലുള്ളവരാകട്ടെ കൂടുതൽ വേഗത്തിൽ മനുഷ്യാധ്വാനം കുറച്ച് ധാന്യങ്ങൾ പൊടിക്കാൻ കാറ്റാടി യന്ത്രങ്ങൾ കണ്ടുപിടിക്കുകയും ഇത് കൂടുതൽ കാര്യക്ഷമമായ ഭക്ഷ്യ ഉൽപാദനത്തിലേക്ക് അവരെ നയിക്കുകയും ചെയ്തു.
1970-കളിലെ എണ്ണ ക്ഷാമം വന്നപ്പോഴാണ് കാറ്റിൽ നിന്നുള്ള വൈദ്യുതിയുടെ സാധ്യതകളെപ്പറ്റി കൂടുതൽ അന്വേഷണങ്ങൾ ആരംഭിച്ചത്. യുഎസ് ഫെഡറൽ സർക്കാർ കാലിഫോർണിയയിൽ പുനരുപയോഗ ഊർജ സ്രോതസ്സുകളുടെ ഉപയോഗം വർധിപ്പിക്കാൻ ആയിരക്കണക്കിന് വിൻഡ് ടർബൈനുകളാണ് സ്ഥാപിച്ചത്. 2020 ആയപ്പോഴേക്കും, കാറ്റിൽ നിന്നുള്ള വൈദ്യുതി ഉൽപ്പാദനത്തിന്റെ യു.എസ് വിഹിതം 8.4 ശതമാനം ആയി വർധിച്ചു.
ഇന്ത്യയിൽ കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംസ്ഥാനം തമിഴ്നാടാണ്. കേരളം, ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളും കാറ്റിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നുണ്ട്. കേരളത്തിൽ പാലക്കാടും ഇടുക്കിയിലും മാത്രമാണ് കാറ്റാടിപ്പാടങ്ങൾ ഉള്ളത്. ആഗോളതലത്തിൽ കാറ്റിൽ നിന്നും ഊർജം ഉൽപാദിപ്പിക്കുന്നതിൽ അഞ്ചാം സ്ഥാനത്താണ് നമ്മുടെ ഇന്ത്യ.