ഏത്തപ്പഴം ശരീരത്തിന് വളരെ ഗുണപ്രദമാണ്. പഴം മാത്രമല്ല പഴത്തൊലിയ്ക്കുമുണ്ട് ഒരുപാട് സവിശേഷതകൾ. അതായത് ശരീരത്തിന്റെ ആരോഗ്യത്തിന് പുറമെ, സൗന്ദര്യത്തിനും പലവിധത്തിൽ പഴത്തൊലി പ്രയോജനപ്പെടുന്നു. എന്നാൽ പഴത്തൊലി എങ്ങനെ അമിത വണ്ണത്തിനെതിരെ സഹായിക്കുന്നുവെന്നാണ് ചുവടെ വിവരിക്കുന്നത്. ഇതിന് പഴത്തൊലി എങ്ങനെ ഭക്ഷ്യയോഗ്യമായ ആഹാരമാക്കാമെന്നും മനസിലാക്കാം.
പഴത്തൊലികൊണ്ട് ചായ (Tea With Peel Of Banana)
പഴത്തൊലി മാത്രം ഉപയോഗിച്ചും പഴം മുഴുവായി വെള്ളത്തിലിട്ടും തിളപ്പിച്ച് ചായ ഉണ്ടാക്കാം. ഈ ചായ ദിവസേന കുടിയ്ക്കുന്നത് അമിത വണ്ണം കുറയ്ക്കാൻ സഹായിക്കുന്നു. ഇതിന് കാരണം, പഴത്തൊലിയിലെ ആന്റി ഓക്സിഡന്റുകളുടെ സാന്നിധ്യമാണ്. ഈ ആന്റി ഓക്സിഡന്റുകൾ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കും.
ഏത്തപ്പഴത്തിൽ മറ്റ് പഴങ്ങളെ അപേക്ഷിച്ച് കാർബോ ഹൈഡ്രേറ്റ് കുറവാണ്. ഇത് ശരീരത്തിലെ അധിക കലോറി കത്തിച്ചുകളയും. കൂടാതെ, രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമമായി നിലനിര്‍ത്തുന്നതിന് സഹായിക്കും.
ഇടയ്ക്കൊക്കെ ഉണ്ടാകുന്ന വിശപ്പും ശമിപ്പിക്കാനും പഴത്തൊലി സഹായകരമാണ്. ഇങ്ങനെ ശരീരം വണ്ണം വയ്ക്കുന്നത് നിയന്ത്രിക്കാനാകും.
എത്തപ്പഴത്തിൽ ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതും വിശപ്പ് ശമിക്കുന്നതിന് ഉതകുന്നു. ഇത് ദഹനപ്രക്രിയ സുഗമമാക്കാനും വയര്‍ നിറയ്ക്കാനും പ്രയോജനകരമാണ്. ദഹനം സുഗമമാക്കുന്നതിലൂടെ ശരീരത്തിലെ നല്ല ബാക്ടീരിയയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സാധിക്കും.
ഇതിന് പുറമെ, പഴമോ പഴത്തൊലി കൊണ്ടുള്ളതോ ചായ കുടിച്ച് കഴിഞ്ഞ് വ്യായാമം ചെയ്യുകയാണെങ്കിൽ പേശികൾ ബലം വയ്ക്കുന്നതിന് സഹായകരമാണ്. ഇതിന് കാരണം പഴത്തൊലിയിലെ പൊട്ടാസ്യത്തിന്റെ സാന്നിധ്യമാണ്. അതിനാൽ ശരീര ഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർ പഴത്തൊലി ചേർത്ത ചായ കുടിക്കുന്നത് പരീക്ഷിക്കാവുന്നതാണ്.
പഴത്തൊലിയുടെ മറ്റ ഉപയോഗങ്ങൾ (Other Benefits From Peel Of Banana)
പഴത്തൊലി ശരീരവണ്ണം കുറയ്ക്കാൻ മാത്രമല്ല, മുഖക്കുരു മാറ്റാനും മുഖത്തെ ചുളിവുകളും പാടുകളും അകറ്റാനും സഹായിക്കുന്നു. പല്ല് വെളുപ്പിക്കാനും സ്ടെച്ച് മാർക്കുകൾ ഒഴിവാക്കാനും പഴത്തൊലി മികച്ചതാണ്. അതുപോലെ കൊതുകോ മറ്റ് ജീവികളോ കടിച്ച ഭാഗങ്ങളിൽ വല്ലാത്ത ചൊറിച്ചിൽ അനുഭവപ്പെടുകയാണെങ്കിൽ, അവിടെ പഴത്തൊലി തേയ്ക്കുക. ഇത് ചൊറിച്ചിലിനുള്ള ശാശ്വത പരിഹാരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
തലവേദന, മൈഗ്രെയ്ൻ പോലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും പഴത്തൊലി ഒരു വേദന സംഹാരിയാണ്. ഇതിനായി പഴത്തൊലി ഫ്രിഡ്‌ജിൽ വച്ച് തണുപ്പിച്ച ശേഷം വേദനയുള്ള ഭാഗങ്ങളിൽ അമര്‍ത്തി വയ്ക്കുക. ഏകദേശം 30 മിനിറ്റ് ഇങ്ങനെ വച്ച ശേഷം അവ നീക്കം ചെയ്യാവുന്നതാണ്.
ലെതർ ഷൂസുകളുടെയോ ബാഗുകളുടെയും നിറം മങ്ങിയാലും പഴത്തൊലി ഉപയോഗിക്കാം. പൂപ്പൽ പിടിച്ച ഭാഗങ്ങളിലോ നിറം മങ്ങിയ ഭാഗങ്ങളിലോ പഴത്തൊലി ഉരസിയാൽ അവയ്ക്ക് തിളക്കം വയ്ക്കുന്നതായി കാണാം.
ബന്ധപ്പെട്ട വാർത്തകൾ: മുറിവുകൾ സുഖപ്പെടുത്താൻ ഈ 6 ഭക്ഷണങ്ങൾ മികച്ചത്…
ഇതുകൂടാതെ, വീട്ടിൽ നിറം നഷ്ടപ്പെട്ട, ഉപയോഗശൂന്യമായ പാത്രങ്ങളും ആഭരണങ്ങളും പഴയ രൂപത്തിലാകാൻ പഴത്തൊലി ഉപയോഗിക്കാം. അതായത്, വെള്ളി പാത്രങ്ങളിലും ആഭരണങ്ങളിലും പഴത്തൊലി ഉരസിയാൽ അവ മിന്നിത്തിളങ്ങുന്നത് കാണാം. ഇതിന് പഴത്തൊലി പേസ്റ്റ് രൂപത്തിലാക്കി ഉരച്ചു നോക്കുക.