മേടം
ഏപ്രിൽ 14 മുതൽ മെയ് 14 വരെ (അശ്വതി-14 ഭരണി 14 കാർത്തിക - 3 ദിവസം)
നീണ്ട വേനലിൽ ശക്തമായ വേനൽമഴയ്ക്ക് തുടക്കം കുറിക്കുന്നത് മേടാരംഭത്തോടെയാണ്. കൃഷിപ്പണികൾ ആരംഭിക്കുന്നതും സജീവമാകുന്നതും മേടം ഒന്നിന് തുടങ്ങുന്ന അശ്വതി ഞാറ്റുവേലയിൽ തന്നെ.
കോലിവിത
ഇരിപ്പുനിലങ്ങളിലും കായൽനിലങ്ങളിലും താഴ്ന്ന നിലങ്ങളിലും ഓരോ പ്രദേശത്തെ സവിശേഷതകൾക്കനുസരിച്ച് ചേറ്റാടി, ആര്യൻ, മുണ്ടകൻ, ചിറ്റേണി തുടങ്ങിയ മൂപ്പുകൂടിയ നെൽവിത്തിനങ്ങൾ വിതയ്ക്കുന്നത് മേടമാസത്തിലെ അശ്വതി ഞാറ്റുവേലയിലാണ്. ഇങ്ങനെ വിതയ്ക്കുന്ന വിത്തുകൾ കൊയ്തെടുക്കുന്നത് ധനു-മകരം മാസങ്ങളിലായിരിക്കും. കോലിവിതയ്ക്ക് വിതകൃഷി എന്നും പറയാറുണ്ട്.
പുതുമഴ പെയ്യുമ്പോഴോ, അതുമല്ലെങ്കിൽ മുൻ വർഷത്തിൽ കൊയ്തൊഴിഞ്ഞ മണ്ണിലെ ഈർപ്പം വിടുന്നതിനുമുമ്പായോ വയൽ രണ്ടോ മൂന്നോ ചാൽ ഉഴുതിട്ടിരിക്കണം. അതു വിളവിനു ഗുണം ചെയ്യും. മേടമാസത്തിൽ മഴ ലഭിക്കുന്നതോടെ കണ്ടത്തിന്റെ അരിക് കിളച്ച് രണ്ടോ മൂന്നോ ചാൽകൂടി ഉഴുത് 500 കിലോ ഘനജീവാമ്യതമോ ചാണകപ്പൊടിയും ചാരവും ചേർത്ത മിശ്രിതമോ (വളപ്പൊടി) വിതറി ചാലെടുത്ത് വിതയ്ക്കാം. വിത്ത് വിതച്ചശേഷം വിത്ത് മണ്ണിനടിയിൽ പോകുന്നതിനുവേണ്ടി ഒരു ചാൽകൂടി ഉഴണം, ഇതിനെ 'മാറുക' എന്നാണ് പറയുക. കണ്ടത്തിൽ ഈർപ്പം കുറവാണെങ്കിലും അശ്വതി ഞാറ്റുവേലയിൽ വിതച്ചിടാം. മഴ പെയ്യുന്ന മുറയ്ക്ക് മുളച്ച് വളർന്നു കൊള്ളും. “അശ്വതിയിലിട്ട് വിത്തും അച്ഛൻ വളർത്തിയ മക്കളും ഭരണിയിലിട്ട മാങ്ങയും കേടാകില്ല” എന്നാണ് പഴമൊഴി. ഇതു നാട്ടുവിത്തുകളുടെ സവിശേഷതകൂടിയാണ്. ഒരേക്കർ വിതയ്ക്കാൻ 30 മുതൽ 40 കിലോവരെ വിത്തു മതിയാകും.
പൊടിഞാർ
മേല്പറഞ്ഞ മൂപ്പുകൂടിയ നെൽവിത്തിനങ്ങൾ പറിച്ചുനടാൻ താത്പര്യമുള്ളവർക്ക് മേടം അവസാനത്തോടെ (ഭരണി ഞാറ്റുവേലയിൽ) പൊടി ഞാറിടാം. ഈ ഞാർ കർക്കിടകമാസത്തിൽ പറിച്ച് നടാം. പൊടിഞാറിടുന്നവർ മേൽപ്പറഞ്ഞപ്രകാരം കണ്ടം പൂട്ടി തയ്യാറാക്കി ഏക്കറിന് 250 കിലോ ജൈവവളം ചേർത്ത് കണ്ടത്തിന്റെ അരിക് കിളച്ചു തയ്യാറാക്കി ഞാറിടാം. ഒരേക്കർ നടുന്നതിനായി 25 മുതൽ 30 കിലോ വിത്ത് ഞാറിട്ടാൽ മതിയാകും. പരമാവധി 10 സെന്റ് സ്ഥലം മതി ഒരേക്കറിലേക്കുള്ള ഞാറിടാൻ.
വിരിപ്പ് വിത (വട്ടൻ വിത)
ഇരുപ്പുനിലങ്ങളിലും ഒരുപ്പുനിലങ്ങളിലും വിരിപ്പ് (ഒന്നാംവിള) ഈ മാസം മദ്ധ്യത്തോടെ വിതയ്ക്കാം. 90 മുതൽ 120 ദിവസംവരെ മൂപ്പുള്ള വിത്തിനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. മേൽപറഞ്ഞ കാരം വിരിപ്പ് വിതയ്ക്കാൻ ഉദ്ദേശിക്കുന്ന കണ്ടം മകരക്കൊയ്ത്ത് കഴിഞ്ഞാൽ (രണ്ടാം വിള) ഈർപ്പം നഷ്ടപ്പെടുന്നതിനുമുമ്പായി നല്ല പോലെ ഉഴുതിടണം. രണ്ട് ചാൽ ഉഴുത് ഇടവിളയായി പയറോ, മുതിരയോ, ഉഴുന്നോ, എന്തോ വിതച്ചിടുകയാണെങ്കിൽ വളരെ നന്നായിരിക്കും. കൃഷിയിടത്തിന്റെ ഉർവരത നിലനിർത്താൻ ഈ ഇടവിളകൃഷി വളരെ പ്രയോജനപ്രദമാണ്. ഏക്കറിന് ഏതാണ്ട് 40 കിലോയിലധികം റൈസോബിയം (നൈട്രജൻ) പ്രകൃതിദത്തമായി കൃഷിയിടത്തിന് ലഭിക്കുവാൻ ഈ ഇടവിളകൃഷികൊണ്ട് സാധിക്കും. കൂടാതെ ഇടവിളകൃഷിയിലൂടെയുള്ള വരുമാനവും. മേടത്തിന് മുമ്പുതന്നെ മേൽപറഞ്ഞ ഇടവിളകൾ വിളവെടുത്തു കഴിഞ്ഞിരിക്കും. ഇടവിള ചെയ്തവർക്ക് ഇടവിളയുടെ അവശിഷ്ടങ്ങൾ മഴ പെയ്യുന്ന മുറയ്ക്ക് രണ്ട് ചാൽ ഉഴുത് മണ്ണിൽ ചേർക്കാം. ഇടവിള ചെയ്യാത്തവർ മഴ ലഭിക്കുന്ന മുറയ്ക്ക് രണ്ട് ചാൽ ഉഴുത് അരിക് കിളച്ച് കണ്ടം തയ്യാറാക്കണം. ഇങ്ങനെ ഉഴുതിടുന്നത് കളകൾ മുളച്ച് പോകാൻ സഹായകമാകും. വിരിപ്പ് കൃഷിയുടെ ഏറ്റവും വലിയ പ്രശ്നം കളശല്യമാണ്. ഇത് ലഘൂകരിക്കുന്നതിന് വിത്തിറക്കുന്നതിനു മുമ്പായി 5 ദിവസം ഇടവിട്ട് കണ്ടം രണ്ട് തവണ ഉഴുതശേഷം ചാലെടുത് വിതയ്ക്കുകയാണെങ്കിൽ കളശല്യം പരമാവധി നിയന്ത്രിക്കാനാകും. വെളുത്തവട്ടൻ, ചുവന്നവട്ടൻ, കട്ടമോടൻ തുടങ്ങിവയായിരുന്നു പഴയകാലത്തെ പ്രധാന വട്ടൻ വിത്തുകൾ. പുതിയ വിത്തുകളായ ജ്യോതി, മട്ടത്രിവേണി, ഉമ തുടങ്ങി 110 മുതൽ 120 ദിവസംവരെ മൂപ്പുള്ള ഏത് വിത്തുകളും വട്ടൻ വിതയ്ക്കായി ഉപയോഗിക്കാം. വിതയ്ക്കുന്നതിന് മുമ്പായി ഏക്കറിന് 300 കിലോ ഘനജീവാമ്യതമോ, 500 കിലോ ചാണകപ്പൊടിയും ചാരവും ചേർത്ത മിശ്രിതമോ അടിവളമായി നല്കാവുന്നതാണ്. വിരിപ്പു വിതയ്ക്കുന്നവർ 20 മുതൽ 30 ദിവസത്തിനകം കളപറിച്ച് വളം ചേർക്കണം. കള നീക്കാൻ വൈകിയാൽ പിന്നെ കളപറിക്കൽ വലിയ പ്രയാസമാകും ചെലവ് കൂടുകയും ചെയ്യും.
പള്ളിയാൽനാട്:
വട്ടൻ വിതയ്ക്ക് ചെലവ് കുറവാണെങ്കിലും കളശല്യം വലിയ പ്രശ്നമാണ്. കളശല്യം ഒഴിവാക്കുന്നതിനും കൂടുതൽ വിളവ് ലഭിക്കുന്നതിനും ഒന്നാംവിള നടുന്നതു നന്നായിരിക്കും ചെലവ് അല്പം കൂടുമെന്നുമാത്രം. ഒന്നാംവിള നടുവാൻ ഉദ്ദേശിക്കുന്നവർക്ക് മേടം അവസാനത്തോടെ പൊടിഞാറിട്ട് ഇടവം അവസാനത്തോടെ നടാം. കളശല്യം ഒഴിവാക്കാമെന്നതും നന്നായി പരിചരിച്ചാൽ മികച്ച വിളവ് ലഭിക്കുന്നതും പള്ളിയാൽനാടിന്റെ സവിശേഷതയാണ്. പണ്ട് പള്ളിനാടിന് അനുയോജ്യമായ 'പള്ളിയാൽ' എന്ന ഒരിനം വിത്തുതന്നെയുണ്ടായിരുന്നു. നടുന്നതിന് മുമ്പായി ഏക്കറിന് 250 കിലോ ഘനജീവാമ്യതമോ 400 കിലോ കമ്പോസ്റ്റോ 500 കിലോ ചാണകപ്പൊടിയും ചാരവും ചേർത്ത മിശ്രിതമോ അടിവളമായി പ്രയോഗിക്കാം.
മോടൻ കൃഷി (കരനെൽകൃഷി)
സൂര്യപ്രകാശലഭ്യതയുള്ള പറമ്പുകൾ, കുന്നിൻപുറങ്ങൾ, ഇരിപ്പുനിലത്തിനും പറമ്പിനും ഇടയിലുള്ള പള്ളിയാൽ നിലങ്ങൾ, പുരയിടത്തിന്റെ ചുറ്റുഭാഗങ്ങൾ, സൂര്യപ്രകാശലഭ്യതയുള്ളതും മഴവെള്ളം കുത്തനെ ഒഴുകിനീങ്ങാത്തതുമായ കരപ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിൽ മേടമാസത്തിൽ ചെയ്യുന്ന നെൽകൃഷിയെയാണ് പൊതുവെ മോടൻ കൃഷി (കരനെൽകൃഷി) എന്ന് പറയുന്നത്. പൂർണ്ണമായും മഴയെ മാത്രം ആശ്രയിച്ച് നടത്തുന്ന നെൽകൃഷിയാണിത്, ആയതിനാൽ ഏറ്റവും വരൾച്ചാ അതിജീവനശേഷിയുള്ളതും 90 മുതൽ 110 വരെ മൂപ്പുള്ളതുമായ വിത്തുകളാണ് മോടൻ കൃഷിക്കായി ഉപയോഗപ്പെടുത്തു ന്നത്. കരിമോടൻ, കട്ടമോടൻ, ചുവന്നമോടൻ, പാറപിളർപ്പൻ തുടങ്ങിയവയെല്ലാം പണ്ട് മോടൻ കൃഷിക്കായി ഉപയോഗിച്ചിരുന്ന വിത്തുകളാണ്. ഹർഷ, കറുത്തമോടൻ, ചുവന്നമോടൻ, ഭാഗ്യ, ഓണം തുടങ്ങി ഇവയെല്ലാം ഇപ്പോൾ മോടൻ കൃഷിക്കായി ഉപയോഗിക്കുന്ന പ്രധാന വിത്തുകളാണ്.
മോടൻകൃഷി നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങൾ ആദ്യത്തെ മഴയ്ക്കു മുൻപേ കാടുപടലങ്ങൾ നീക്കി വരമ്പ് തയ്യാറാക്കി ഇടാം. ആദ്യമഴ ലഭിക്കുന്ന മുറയ്ക്ക് ഉഴുത് തയ്യാറാക്കാം. ഭരണിഞാറ്റുവേലയോടെ വീണ്ടും ഉഴുതിളക്കി നേരത്തെ പറഞ്ഞതുപോലെ ഏക്കറിന് 250 കി.ഗ്രാം ഘനജീവാമൃതമോ 400 കി.ഗ്രാം കമ്പോസ്റ്റോ 500 കി.ഗ്രാം ചാണകപ്പൊടിയും ചാരവും ചേർത്ത മിശ്രിതമോ, ഇവയിലേതെങ്കിലും ഒന്ന് ലഭ്യതയനുസരിച്ച് വിതറിയശേഷം ചാലെടുത്ത് വിതയ്ക്കാം. വിത്ത് വിതച്ചശേഷം വിത്തു മണ്ണിന്നടിയിൽ പോകുന്നതിനുവേണ്ടി ഒരു ചാൽ കുട്ടി ഉഴണം. ഇങ്ങനെ ഉഴുന്നതിന് 'മാറുക' എന്നാണ് പറയുന്നത്. വിതച്ച് മുളച്ച് ഏതാനും ദിവസങ്ങൾ കഴിഞ്ഞാൽ മഴ ലഭിക്കാൻ വൈകിയാൽ പോലും നെൽച്ചെടിയുടെ കാണ്ഡഭാഗം ഉണങ്ങാതെ നിന്നാൽ പിന്നീട് മഴകിട്ടുന്ന മുറയ്ക്ക് പൊട്ടിത്തഴച്ച് വളരും എന്നത് പല മോടൻ വിത്തുകളുടെയും സവിശേഷതയാണ്. “മേടം ചതിച്ചാൽ മോടൻ ചതിച്ചു” എന്നാണ് ചൊല്ല്. മേടത്തിൽ വേണ്ടത്ര മഴ ലഭിച്ചില്ലെ ങ്കിൽ മോടൻ കൃഷി വിജയിക്കില്ല.
ഒന്നാം വിള (വിരിപ്പ്) മേൽപ്പറഞ്ഞ പ്രകാരം (പള്ളിയാൽ) നടാനുദ്ദേശിക്കുന്നവർ മേടം അവസാനത്തോടെ പൊടിഞാറിടാം. ഇത് 25 മുതൽ 30 ദിവസത്തിനകം പറിച്ചുനടാം. ചിങ്ങം ആദ്യ പാദത്തിൽ കൊയ്തെടുക്കുകയും ചെയ്യാം.
ചാമ
പുല്ലുവർഗ്ഗത്തിൽപ്പെട്ടതും രണ്ടരമാസംകൊണ്ട് വിളവെടുക്കാൻ കഴിയുന്നതുമായ ചെറുധാന്യമാണ് ചാമ, പശിമ കുറഞ്ഞ മണ്ണിൽ പോലും ഒന്ന് ശ്രദ്ധിച്ചാൽ നന്നായി വളർത്താൻ കഴിയുന്ന സസ്യമാണിത്. പോഷണംകൊണ്ടും ഔഷധഗുണംകൊണ്ടും ചെറുധാന്യങ്ങളുടെ കൂട്ടത്തിൽ ചാമ വളരെ പ്രസിദ്ധമാണ്. കാർബോഹൈഡ്രേറ്റിനൊപ്പം പ്രോട്ടീനുകൾ, ധാതുക്കൾ, കാത്സ്യം, ഫോസ്ഫറസ്, നാരുകൾ എന്നിവ സമൃദ്ധമാണ് ഈ ധാന്യം കുന്നിൻപുറങ്ങളിലും ഒഴിഞ്ഞ തൊടികളിലും പാറമ്പുകളിലും വിതയ്ക്കാം. വളരെ ചെറിയ ധാന്യമായതിനാൽ മണ്ണ് നല്ലവണ്ണം പൂട്ടിയൊരുക്കി വേണം വിതയ്ക്കാൻ. കണ്ടം പൂട്ടിയൊരുക്കി വരമ്പിട്ട് ഏക്കറിന് 200 കിലോ ചാണകപ്പൊടിയും 100 കിലോ ചാരവും ചേർത്തു വിതറി വിതയ്ക്കാം. വിതച്ചശേഷം വിത്ത് മണ്ണിനടിയിൽ പോകുന്നതിനായി മുളയുടെ തലപ്പ് ഭാഗം വെട്ടിയെടുത്ത് അതിനുമുകളിൽ ഭാരത്തിനായി വാഴത്തടയോ മറ്റോ വെച്ചുകെട്ടി വിതച്ച കണ്ടത്തിനു മീതെ വെറുതെ വലിച്ചാലും മതി. വിതച്ചശേഷം കൂടുതൽ മണ്ണിളക്കിയാൽ അടിയിൽ പോകുന്ന വിത്തുകൾ മുളച്ചുപൊന്തി എന്ന് വരില്ല. അത്ര ചെറുതാണ് ചാമയുടെ വിത്തുകൾ മുളച്ച് വന്ന് 15 ദിവസത്തിനകം കമ്പോസ്റ്റോ ഘനജീവാമൃതമോ ഏക്കറിന് 200 കിലോവരെ പ്രയോഗിക്കാം. വളർച്ച കുറവുണ്ടെങ്കിൽ വിതച്ച് മുപ്പതാം ദിവസവും 45-ാം ദിവസവും ആട്ടിൻ കാഷ്ഠം (പൊടിച്ചത്), ചാണകപ്പൊടി, കമ്പോസ്റ്റ്, ബയോഗ്യാസ് സ്ലറി ഉണങ്ങിപൊടിച്ചത് എന്നിവയിലേതെങ്കിലും പ്രയോഗിക്കാം.
റാഗി
ഈർപ്പം ലഭ്യമാണെങ്കിൽ കേരളത്തിൽ ഏതു കാലത്തും വളർത്താവുന്ന വിളയാണിത്. സാധാരണയായി ഇടവമാസത്തിൽ തെക്കുപടിഞാറൻ കാലവർഷത്തിന്റെ വരവോടെയാണ് രോഹിണി ഞാറ്റു വേലയിൽ റാഗി വിതയ്ക്കാറ്. ഇടവത്തിൽ വിതച്ചാൽ ചിങ്ങത്തിൽ കൊയ്യാം. ഡിസംബർ-ജനുവരി മാസങ്ങളിൽ കൊയ്തൊഴിഞ്ഞ ഇരുപുനിലങ്ങളിൽ ചെറിയ തോതിൽ നന കൊടുക്കാൻ സൗകര്യമുണ്ടങ്കിൽ വിതച്ചാൽ ഏപ്രിൽ മാസത്തോടെ വിളവെടുക്കാം.
രണ്ട് തവണയായി രണ്ടു ചാൽ ഉഴുത് വിതയ്ക്കാം. വിത്ത് മണ്ണിനടിയിൽ പോകുന്നതിനായി നേരത്തെ ചാമയ്ക്ക് പറഞ്ഞതുപോലെ 'വലി' (മുളയുടെ തലപ്പുപയോഗിച്ച് ഉണ്ടാക്കുന്നത്) ഉണ്ടാക്കി മീതെ വലിച്ചാൽ മതി. വിതയ്ക്കുമ്പോൾ ചാണകപ്പൊടിയോ കമ്പോസ്റ്റോ ചാരത്തോടൊപ്പം വിതറാം. 60 ദിവസത്തിനിടയിൽ രണ്ട് തവണകൂടി ആവശ്യമെങ്കിൽ ജൈവവളപ്രയോഗം നടത്താം. ചാരം വളമായി നല്കുന്നത് വിളവുകൂടാൻ സഹായകമാണ്.
കേരളകൃഷിവകുപ്പ് രണ്ട് വർഷമായി കേരളത്തിൽ അറ്റുപൊയൊക്കൊണ്ടിരിക്കുന്ന ചെറുധാന്യങ്ങളുടെ ചാമ, റാഗി, തിന, ചോളം തുടങ്ങിയവയുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി മില്ലറ്റ് വില്ലേജ് സ്കീം അട്ട പാടിയിൽ നടപ്പിലാക്കിവരുന്നു.
ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, വിറ്റാമിനുകൾ തുടങ്ങി ഒരുപാട് പോഷകങ്ങളുടെ കലവറയാണ് ചെറുധാന്യങ്ങൾ. സാധാരണ അരി യിലും ഗോതമ്പിലും മറ്റും അടങ്ങിയതിനെക്കാൾ പത്തു മടങ്ങുവരെ കാത്സ്യം ഉൾക്കൊള്ളുന്ന ധാന്യമാണ് റാഗി.
ചേമ്പും ചേനയും
കേരളത്തിൽ കാലാവസ്ഥാ ഭക്ഷണചാർട്ടിൽ ഏറ്റവും പ്രധാന വിളകളാണ് ചേമ്പും ചേനയും. ശരിക്കും പറഞ്ഞാൽ മൂന്നു ഋതുക്കളിലും ഭക്ഷണം തരുന്ന സസ്യങ്ങളാണിവ. ഇടവം മിഥുനം കർക്കിടകം അടങ്ങുന്ന വർഷ ഋതുവിൽ ഇവയുടെ ഇല ഭക്ഷണമാക്കാം. ചിങ്ങം-കന്നി തുലാം അടങ്ങുന്ന വസന്തഋതുവിൽ ഇതിന്റെ തണ്ട് ഭക്ഷണമാക്കാം. വൃശ്ചികം- ധനു-മകരം അടങ്ങുന്ന ഹേമന്തകാലത്ത് ഇവയുടെ കിഴങ്ങുകൾ ഭക്ഷണമാക്കാം.
യഥാർത്ഥത്തിൽ ചേമ്പും ചേനയും കാവത്തുകളും(കാച്ചിൽ) കീഴങ്ങുകളും നടേണ്ടത് കുംഭമാസത്തിലാണ്. കുംഭമാസത്തിലെ വെളുത്ത വാവിന് ചേന നട്ടാൽ കുംഭവിറ കുടയോളം' എന്നാണ് പഴമൊഴി. നല്ല വിളവ് ലഭിക്കും എന്ന് സാരം. എന്നാൽ കുംഭമാസമാകുമ്പോൾ ഇവയെല്ലാം എവിടെ സൂക്ഷിച്ചാലും മുളപൊട്ടി വളരാൻ തുടങ്ങും. എന്തെങ്കിലും കാരണവശാൽ കുംഭമാസത്തിൽ നടാൻ കഴിയാത്തവർ മേടമാസത്തിലെങ്കിലും ഇവ നട്ടിരിക്കണം. ഇവ ഓരോന്നും നടേണ്ട രീതിയെക്കുറിച്ചും വിത്തെടുത്തു സൂക്ഷിക്കേണ്ട രീതിയെക്കുറിച്ചും കുംഭമാസത്തിലെ കൃഷിയിൽ വിശദമായി പ്രതിപാദിക്കാം.
നാട്ടുവാഴകൾ
മേടമാസത്തിൽ ഇടമഴ കിട്ടുന്നതോടെ മേടമാസം മദ്ധ്യത്തിലായി നാട്ടുവാഴകൾ നടാം. ഇങ്ങനെ നടുന്നപക്ഷം ഇടവപ്പാതി ശക്തമാകുമ്പോഴേക്കും വാഴയുടെ വേരുകൾ മണ്ണിൽ പടർന്ന് വാഴയ്ക്ക് പുതിയ കൂമ്പ് വിരിയാറാകും. വർഷകാലം ശക്തമാകുന്നതോടെ വാഴ നല്ല പ്രതിരോധശേഷി നേടിയിരിക്കും. കേരളത്തിലെ ഓരോ പ്രദേശങ്ങളിലേയും സൂക്ഷ്മ കാലാവസ്ഥ, മണ്ണിന്റെ ഘടന, എന്നിവയ്ക്കനുസരിച്ച് സ്വയം വളർന്ന് പന്തലിക്കാൻ കഴിയുന്ന അനേകം നാട്ടുവാഴയിനങ്ങൾ നമുക്കുണ്ട്. മറ്റ് ഏത് മുഖ്യവിളകൾക്കൊപ്പവും ഇടവിളയായി നടാവുന്ന സസ്യമാണ് കേരളത്തിലെ നാട്ടുവാഴകൾ. പോഷണമൂല്യം, ഔഷധമൂല്യം എന്നിവകൊണ്ട് ഒന്നിനൊന്ന് വ്യത്യസ്തമാണ് നമ്മുടെ നാട്ടുവാഴകളിൽ മിക്കതും.
45 സെന്റീമീറ്റർ ആഴത്തിലും അത്രതന്നെ വിസ്തൃതിയിലും കുഴിയെടുത്ത് അതിൽ വാഴയുടെ മാണം ഒതുങ്ങിയിരിക്കത്തക്കവിധം പതിക്കുഴി തോണ്ടിവേണം നടാൻ. രണ്ടു വാഴകൾ തമ്മിലുള്ള അകലം മൂന്നു മീറ്റർ ഉണ്ടായിരിക്കണം. അല്ലെങ്കിൽ രണ്ട് കുല വെട്ടുമ്പോഴേക്കും പിള്ളക്കന്നുകൾ വന്ന് കൂട്ടം തിങ്ങും. ഇത് വാഴയുടെ കുല ചെറുതാകുന്നതിനും പ്രതിരോധശക്തി നഷ്ടപ്പെട്ട് അസുഖങ്ങൾ വരുന്നതിനും കാരണമാകും.
പുതിയ ഇലകൾ വിരിയാൻ പ്രായമായ സൂചിക്കന്നുകളാണ് നടാൻ ഉത്തമം. (മൂന്നു മുതൽ 4 മാസംവരെ പ്രായമുള്ളവ) കന്നിന് മൂപ്പുകൂടുന്നതനുസരിച്ച് വേഗം കുലയ്ക്കും. തന്മൂലം കുല ചെറുതാകാൻ കാരണമാകും വാഴനട്ടശേഷം അല്പം ചാരവും മറ്റെന്തെങ്കിലും ജൈവവളത്തോടൊപ്പം കന്നിനോട് ചേർത്തിട്ട് 10 സെന്റീമീറ്റർ കനത്തിൽ മണ്ണിട്ട് ചവിട്ടി ഉറപ്പിക്കണം. ശേഷം 15 ദിവസത്തിനകം വൈവിധ്യമാർന്ന ചപ്പുചവറുകളിട്ട് അതിന് മീതെ ചാരത്തോടൊപ്പം കമ്പോസ്റ്റ് ഘനജീവാമ്യതം ചാണകപ്പൊടി/ആട്ടിൻകാഷ്ഠം ഇവയിലേതെങ്കിലും ലഭ്യതനുയനുസരിച്ച് വിതറി മീതെ 10 സെന്റീമീറ്റർ കനത്തിൽ മണ്ണിടണം. ചപ്പുചവറുകൾക്ക് മീതെ ബയോഗ്യാസ് സ്ലറി/ജീവാമൃതം എന്നിവ ഒഴിക്കുന്നതും നല്ലതാണ്. നട്ട് 40 ദിവസത്തിനകം മേൽ പറഞ്ഞതുപോലെ ഒരിക്കൽ കൂടി ധാരാളം ചുള്ളിക്കമ്പുകളോ വൈവിധ്യമാർന്ന ഇലച്ചാർത്തുകളോ ഇട്ട് അതിനുമിതെ വിവിധങ്ങളായ ജൈവവളങ്ങൾ ചേർത്ത് രണ്ടാം തവണയും മൂടണം. വർഷം ശക്തിപ്രാപിക്കുന്നതിനുമുമ്പ് ഈ രണ്ട് മുട്ടവും കഴിഞ്ഞിരിക്കണം. അല്ലാത്തപക്ഷം കടയ്ക്കൽ വെള്ളം നില്ക്കാൻ സാദ്ധ്യതയുണ്ട്.
കൂർക്ക
കിഴങ്ങുവർഗ്ഗങ്ങളിൽ സ്വാദിഷ്ഠമായതും ഇപ്പോഴും മലയാളി ആഹരിക്കുന്നതുമായ കിഴങ്ങുവർഗ്ഗമാണ് കൂർക്ക. വിത്തുകൂർക്ക സൂക്ഷിച്ചു വെച്ച് അതു നട്ടാണ് കൂർക്കകൃഷിക്കാവശ്യമായ കൂർക്കയെ വളർത്തിയെടുക്കുന്നത്. വിത്തുകൂർക്കകൾ പാകി മുളപ്പിച്ച് തലയുണ്ടാക്കുന്നത് മേടമാസത്തിലാണ്. നിരപ്പിൽനിന്നു 10 സെന്റീമീറ്റർ ഉയരത്തിൽ തറ കിളച്ചുകൂട്ടി അതിൽ ഒരു ചാണ് അകലത്തിൽ കൈകൊണ്ട് കുഴി തോണ്ടി, കുഴിയിൽ അല്പം ആട്ടിൻകാഷ്ഠമോ ചാണകപ്പൊടിയോ ഘനജീവാമൃതമോ ഇട്ട് അല്പം മണ്ണിട്ട് കൂർക്കവിത്തുകൾ നടാം. മുളപൊട്ടി വരുമ്പോൾ 15 ദിവസം ഇടവിട്ട് രണ്ട് തവണയായി അല്പം ആട്ടിൻ കാഷ്ഠം അഥവാ കമ്പോസ്റ്റ് പൊടിയാക്കി ഇട്ട് മണ്ണ് കയറ്റിക്കൊടുക്കുകയും ഈർപ്പം കുറവാണെങ്കിൽ നനച്ചു കൊടുക്കുകയും വേണം. ഇങ്ങനെ ചെയ്യുന്നപക്ഷം മെയ് മാസമാകുമ്പോഴേക്ക് കൂർക്കയുടെ തല നീണ്ട് വളരും. ഇവ മുറിച്ചെടുത്ത് 10 സെന്റീമീറ്റർ വരുന്ന കഷണങ്ങളാക്കി തിരുവാതിര ഞാറ്റുവേലയിൽ നടാം.
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങ് പോഷണ സമ്പന്നമായ ഒരു കിഴങ്ങുവിളയാണ്. മധുരക്കിഴങ്ങ്, നിരവധി ഇനങ്ങൾ ഉണ്ടെങ്കിലും വയലറ്റു നിറത്തിൽ തൊലിയുള്ളതും വെള്ളനിറത്തിൽ തൊലിയുള്ളതുമായ രണ്ടിനങ്ങളാണ് അധികമായി കാണുന്നത്. നട്ട് 90 മുതൽ 100 ദിവസംകൊണ്ട് വിളവെടുക്കാമെന്നത് മധുരക്കിഴങ്ങിന്റെ സവിശേഷതയാണ്.
നടാൻ ഉത്തമം തിരുവാതിര ഞാറ്റുവേലയാണെങ്കിലും വള്ളിയിട്ട് പിടിപ്പിക്കുന്നത് മേടമാസത്തിലാണ്. മേടമാസം ആദ്യ പകുതിയിൽത്തന്നെ വള്ളിയിട്ട് പിടിപ്പിക്കാം. വിത്തിനായി സൂക്ഷിച്ചുവെച്ച് കിഴങ്ങുകൾ കുഴിയൊരുക്കി അതിൽ ചാണകപ്പൊടിയോ ഘനജീവാമൃതമോ ചേർത്ത് നടാം. മുളപൊട്ടി വളരാൻ തുടങ്ങുമ്പോൾ ചാണകപ്പൊടിയോ ആട്ടിൻകാഷ്ഠം പൊടിച്ചതോ 15 ദിവസം ഇടവിട്ട് നല്ക നന്നായി നനച്ചുകൊടുക്കണം. വള്ളി നന്നായി വളരാൻ തുടങ്ങിയാൽ അവയിൽനിന്ന് വള്ളി സംഭരിച്ച് 20 സെന്റീമീറ്റർ അകലത്തിലും 30 സെന്റീമീറ്റർ വ്യാസത്തിലും കുഴിയെടുത്ത് ചാണകപ്പൊടിയോ മറ്റ് ജൈവവളങ്ങളോ ചേർത്ത് 15 മുതൽ 20 വരെ സെന്റീമീറ്റർ നീളത്തിലുള്ള കഷണമാക്കി നടാം. വള്ളി വെച്ച് കഴിഞ്ഞാൽ ഒരാഴ്ചക്കാലം പട്ടയോ തൂപ്പോ ഉപയോഗിച്ച് പുത കൊടുക്കണം. (സൂര്യപ്രകാശമേൽക്കാതെ മറച്ചുവെക്കുക). ഒരാഴ്ചകൊണ്ട് വള്ളികൾ കിളിർത്ത് വളരാൻ തുടങ്ങും. പതിനഞ്ചാം ദിവസം ജീവാമൃതം/ബയോഗ്യാസ് സ്റ്ററി കമ്പോസ്റ്റ് എന്നിവയിലേതെങ്കിലും ചേർത്ത് അല്പം മണ്ണിറക്കി കൊടുക്കണം . വള്ളികൾ ധാരാളം പടർന്ന് പന്തലിച്ചാലേ നടാൻ വേണ്ടത്ര ഉണ്ടാകൂ.
നഴ്സറികൾ തയ്യാറാക്കാം
വർഷകാല പച്ചക്കറിവിളകളുടെ നേഴ്സറി തയ്യാറാക്കേണ്ടത് ഈ മാസത്തിലാണ്. വഴുതന, മുളക്, ചീര, തക്കാളി, എന്നിവയാണ് പ്രധാനമായും നേഴ്സറി തയ്യാറാക്കി വളർത്തേണ്ടത്. ഔഷധസസ്യങ്ങൾ, പഴങ്ങൾ, മറ്റു ചെടികൾ എന്നിവയുടെയും തൈകൾ ഈ സമയത്ത് തയ്യാറാക്കിയാൽ മെയ്-ജൂൺ മാസങ്ങളിലായി നട്ടുപിടിപ്പിക്കാം.
20 സെന്റീമീറ്റർ ആഴത്തിൽ കുഴിയെടുത്തോ ചാലുകൾ കീറിയോ നഴ്‌സറി തയ്യാറാക്കാം. കുഴിയെടുത്ത് മേൽമണ്ണ് കുഴിയിൽ നിക്ഷേപിച്ച ശേഷം അല്പം കുമ്മായം പ്രയോഗിച്ച് മണ്ണ് 3 ദിവസം കൂടുമ്പോൾ ഇളക്കിമറിച്ച് 14 ദിവസത്തിനുശേഷം കുഴിയൊന്നിന് രണ്ടോ മൂന്നോ കൈക്കുടന്ന ചാണകപ്പൊടി ചേർത്ത് ഇളക്കിയശേഷം കുഴി നനച്ച് വിത്തുപാകാം. വിത്ത് മണ്ണിനടിയിൽ എത്തത്തക്കവിധം മണ്ണിന്റെ മേൽഭാഗം കൈകൊണ്ടോ മറ്റോ ഇളക്കികൊടുക്കണം. വഴുതന, ചീര, മുളക്, തക്കാളി ഈ നാല് വിത്തുകളും ഉറുമ്പിന്റെ ഇഷ്ടഭോജ്യമാണ്.
ആയതിനാൽ വിത്ത് പാകുന്നതോടൊപ്പം കുഴികൾക്ക് ചുറ്റും അരി പൊടിയോ മഞ്ഞൾപ്പൊടിയോ വിതറിവേണം വിത്ത് പാകാൻ. വിത്ത് നനച്ചുവെച്ച് മുളപൊട്ടുന്നതോടെ കുഴികളിൽ നിക്ഷേപിക്കുകയാണങ്കിൽ ഉറുമ്പിന്റെയും മറ്റു ജീവികളുടെയും ആക്രമണം ഒരു പരിധിവരെ തടയാം. വിത്ത് മുളച്ച് മൂന്നില വിരിയുന്നതോടെ കുഴി ഒന്നിന് ഒരു കൈക്കുടന്ന എന്ന കണക്കിന് ജൈവവളം ചേർത്ത് അല്പം മണ്ണിട്ട് കൊടുക്കണം. 15 ദിവസത്തിനുശേഷം ജൈവവളം രണ്ടോ മൂന്നോ കൈക്കുടന്ന വീതം നല്കി മണ്ണിട്ട് കൊടുക്കണം. കുഴിയിൽ ഈർപ്പം ഉണ്ടെന്ന് ഉറപ്പ് വരുത്തണം. മേടം അവസാനത്തിലോ ഇടവമാസത്തിലോ പറിച്ചുനടാം.
ഇഞ്ചി , മഞ്ഞൾ, കൂവ
ഇഞ്ചി , മഞ്ഞൾ, കൂവ എന്നിവയും ഈ മാസം അവസാനത്തോടെ നടാം . കാർത്തികയിൽ കാശോളം വെച്ച് കരിമ്പടം പുതപ്പിച്ചാൽ ഇഞ്ചി " വിളയും എന്നാണ് പഴമൊഴി. ഇഞ്ചി പ്ലാവിൻ ചുവട്ടിലും മഞ്ഞൾ മാവിൻചുവട്ടിലും നടാം. വളരെ കുറഞ്ഞ സൂര്യപ്രകാശമേ വേണ്ടൂ എന്നതിനാൽ ഇഞ്ചിയും മഞ്ഞളും മറ്റേതെങ്കിലും വലിയ വൃക്ഷങ്ങളുടെ ചുവട്ടിൽ നടാവുന്നതാണ്. തോട്ടങ്ങളിലോ പറമ്പുകളിലോ നടാം. തറനിരപ്പിൽനിന്നും 15 സെന്റീമീറ്റർ ഉയരത്തിൽ തറ കിളച്ചുകൂട്ടി അതിൽ ഒരു ചാൺ അകലത്തിൽ കൈ കൊണ്ട് കുഴിമാന്തി കുഴിയിൽ അല്പം ചാകണപ്പൊടി വിതറിയശേഷം നടാം. മുള വരുന്ന ഇഞ്ചിക്കഷണങ്ങളാണ് നടാനായി ഉപയോഗിക്കുന്നത്. നട്ട ശേഷം കൈകൊണ്ട് തറയിലെ മണ്ണ് ഒപ്പമാക്കണം. അതിന് മീതെ 15 സെന്റീമീറ്റർ കനത്തിൽ പച്ചിലതൂപ്പുകൾ നിക്ഷേപിക്കണം. ചൂടേൽക്കാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഈ പുത പിന്നീട് അവയ്ക്ക് വളമായി മാറുകയും ചെയ്യും. മഞ്ഞളും മേൽപറഞ്ഞ പ്രകാരം തന്നെ ചെയ്യാം. കൂവ ഏരിമാടി അതിൽ ഒരടി അകലത്തിൽ കൈക്കോട്ടുകൊണ്ട് ചെറിയ കുഴിയുണ്ടാക്കി കുഴിയിൽ അല്പം ചാണകപ്പൊടി ഇട്ടശേഷം നടാം. 20 ദിവസത്തിനുശേഷം അല്പം ജൈവവളം ചേർത്ത് മണ്ണിട്ടു കൊടുക്കാം.
വർഷകാല പച്ചക്കറികൾ
മേടം-28 മുതൽ തുടങ്ങുന്ന കാർത്തിക ഞാറ്റുവേലയിലാണ് വർഷ കാല പച്ചക്കറികൾ നടാൻ ഉത്തമം. മത്ത, കുമ്പളം, കക്കിരി, ചുരക്ക, കയ്പ, വെണ്ട, വഴുതന, പീച്ചിൽ, പടവലം തുടങ്ങി വെള്ളരി ഒഴികെ ഏതാണ്ടെല്ലാ പച്ചക്കറികളും ഈ മാസം അവസാനത്തോടെ കൃഷിയിറക്കാം. വർഷം ശക്തമാകുമ്പോഴേക്ക് 30 സെന്റീമീറ്റർ ഉയരത്തിൽ ചെടികൾ വളർന്നിരിക്കണം. ഇഴവള്ളികളാണെങ്കിൽ പന്തലിലേക്ക് കയറാൻ തുടങ്ങുന്ന തരത്തിൽ വളർന്നിരിക്കണം. കക്കിരി നന്നായി വിളയിക്കാൻ പറ്റുന്ന കാലമാണ് വർഷകാലം. പണ്ട് വേനൽക്കാലത്ത് മലബാറിലെ മിക്ക ഗ്രാമീണ വീടുകളിലും പുറത്തു താൽക്കാലികമായി അടുപ്പ് പിടിച്ച് ഭക്ഷണം പാചകം ചെയ്യുന്ന രീതിയുണ്ടായിരുന്നു. അക്കാലത്തു വർഷം പിറക്കുന്നതോടെ പുറത്തെ അടുപ്പുകൾ കൊത്തി തടമാക്കി അതിൽ കക്കിരി കുത്തിയിടുക പതിവായിരുന്നു. നല്ലവണ്ണം കാഞ്ഞ ഈ മണ്ണിൽ കക്കിരി സമൃദ്ധമായി വിളഞ്ഞിരുന്നു.
വേനൽകൃഷിയിൽനിന്നും വ്യത്യസ്തമായി 15 സെന്റീമീറ്റർ ആഴത്തിൽ മാത്രം കുഴിയൊരുക്കി നടുന്നതാണ് ഉത്തമം. രണ്ട് തവണ വളം ചേർത്ത് മണ്ണിടുമ്പോഴേക്കും കുഴി തറനിരപ്പിൽനിന്നും അല്പം ഉയർന്ന് നില്ക്കും. ഇത് കടയിൽ വെള്ളം കെട്ടിനില്ക്കാതിരിക്കാൻ സഹായിക്കും. മേല്പറഞ്ഞ പച്ചക്കറികളിൽ വെണ്ട ഒഴികെ മറ്റെല്ലാത്തിനും 5 സെന്റിമീറ്റർ ആഴത്തിൽ കുഴിയെടുത്ത് ഒരു കൈക്കുടന്ന എന്ന തോതിൽ ജൈവവളം ചേർത്തിളക്കി അതിൽ മുളപ്പിച്ച വിത്തുകൾ ഇടാം. വിത്തുകൾ നടുമ്പോൾ ഒരു കുഴിയിൽ മൂന്നോ നാലോ എണ്ണം ഇടാമെങ്കിലും രണ്ടാം തവണ വളപ്രയോഗം നടത്തുന്ന സമയത്ത് കുഴിയൊന്നിന് ഏറ്റവും വളർച്ചയുള്ളതും പ്രതിരോധശേഷിയുള്ളതുമായ രണ്ട് തൈകൾ മാത്രമേ നിർത്താവൂ. വിത്ത് കുഴിച്ചിട്ട് ആദ്യത്തെ കുറിഇല വരുന്ന സമയത്ത് തടം ഒരു കമ്പുകൊണ്ടോ മറ്റോ ചെറുതായി ഒന്നു ചിനക്കി (തൈകൾക്ക് കേട് പറ്റാത്തവിധം) അല്പം ജൈവവളം 5 സെന്റീമീറ്റർ കനത്തിൽ മേൽമണ്ണ് ഇട്ടുകൊടുക്കാം. മണ്ണിന് അമ്ലത്വം കൂടുതലാണെന്ന് തോന്നുന്നപക്ഷം നേരത്തെ നേഴ്സറി തയ്യാറാക്കാൻ കുഴിയൊരുക്കുമ്പോൾ ചെയ്തതുപോലെ കുഴി അല്പം നേരത്തെ തയ്യാറാക്കി കുഴിയൊന്നിന് 100 ഗ്രാം വീതം കുമ്മായം മൂന്നു ദിവസം കൂടുമ്പോൾ ഇളക്കി ചേർത്ത് 14 ദിവസം കൊണ്ട് മണ്ണാരുക്കണം. മുളച്ച് 9-ാം ദിവസം 18-ാം ദിവസം എന്നിങ്ങനെ രണ്ട് തവണയായി വളം ചേർത്ത് മണ്ണിട്ട് കൊടുക്കണം. വീട്ടുവളപ്പിൽ കൃഷിചെയ്യുന്നവർക്ക് മത്ത, കുമ്പളം, ചുരക്ക എന്നിവ തൊട്ടടുതുള്ള മരങ്ങളിലേക്ക് പടർത്താവുന്നതാണ്. കക്കിരിക്ക് നല്ല കൊമ്പും ചില്ലയുമുള്ള വൃക്ഷങ്ങളുടെ ശിഖരങ്ങൾ കുത്തി നാട്ടി അതിൽ പടർത്തുന്നതാണ് നല്ലത്. 18-ാംദിവസം വൈവിധ്യമാർന്ന ജൈവവളങ്ങൾ മൂന്നോ നാലോ കൈക്കുടന്നയെങ്കിലും കൊടുക്കണം. ചാണക പൊടി/കോഴിവളം/കമ്പോസ്റ്റ്/ആട്ടിൻകാഷ്ഠം പൊടിച്ചത്) 27 മുതൽ മുപ്പത് ദിവസങ്ങൾക്കുള്ളിലായി ജീവാമൃതം/ബയോഗ്യാസ് സ്ലറി പിണ്ണാക്ക് പുളിപ്പിച്ചത്. ഇലക്കഷായം തുടങ്ങിയവയിലേതെങ്കിലും നൽകാം. പിന്നീട് ആവശ്യമാണെന്ന് തോന്നുന്നപക്ഷം ലളിതമായ രീതിയിൽ മേല്പറഞ്ഞവ കൊടുക്കാവുന്നതാണ്.
വർഷകാല പച്ചക്കറികൃഷിക്ക് പന്തൽ നിർമ്മാണം വളരെ പ്രധാനമാണ്. ആയതിനാൽ പന്തൽ നിർമ്മാണത്തിന് സൗകര്യമുള്ള സ്ഥലത്തായിരിക്കണം കൃഷിചെയ്യുന്നത്. കൂടാതെ പന്തലിൽ പടർത്തേണ്ടവ സൂര്യപ്രകാശലഭ്യത ഉറപ്പുവരുത്തിക്കൊണ്ട് അടുത്തടുത്ത സ്ഥലങ്ങളിൽ കൃഷി ചെയ്യുന്നത് നന്നായിരിക്കും. മത്ത, കുമ്പളം, ചുരക്ക, എന്നിവ തൊഴുത്ത്, വിറകുപുര, എന്നിവയുടെ മുകളിലേക്ക് പടർത്താവുന്നതാണ്.
ഇത്തരത്തിലുള്ള ഒരുതരം വർഷകാല കയ്പകൃഷി പണ്ട് ഗ്രാമങ്ങളിൽ നിലനിന്നിരുന്നു. 'ഇറക്കയ്പ' എന്നാണ് ഇതിനെ പേരു പറഞ്ഞിരുന്നത്. പുരയോട് ചേർന്നു വെള്ളം വീഴാത്ത ഇറ ഭാഗങ്ങളിൽ മണ്ണിട്ട് പശിമചേർത്ത് കയ്പ കുത്തിയിടും. ചെടികൾ വളർന്നുവരുന്ന മുറയ്ക്ക് ഇവയെ പുരയുടെ മുകളിലേക്ക് കയറ്റിവിടും. അതായത് ചെടിയുടെ കടഭാഗം മഴനനയാത്ത വീടിനോട് ചേർന്ന ഭാഗത്തും തലഭാഗം സൂര്യപ്രകാശം കിട്ടുന്നതരത്തിൽ പുരയുടെ മുകൾഭാഗത്തുമായിരിക്കും.
വെണ്ട കുഴിയെടുത്തും ചാലുകീറിയും കുഴിച്ചിടാം. രണ്ടു ചെടികൾ തമ്മിൽ 50 സെന്റീമീറ്റർ അകലം ഉണ്ടായിരിക്കണം. മേല്പറഞ്ഞ പ്രകാരം മൂന്നു ഘട്ടങ്ങളായി വളപ്രയോഗം നടത്താം, കയ്പ, പീച്ചിൽ എന്നിവയും മേല്പറഞ്ഞ പ്രകാരം കുഴികളിൽ നടാം. പിച്ചിലും പന്തലിടാൻ കഴിയാത്തവർക്ക് നേരത്തെ കക്കിരിക്ക് ചെയ്തതുപോലെ പടർന്നുകയറാൻ പറ്റിയ മുളത്തലവോ ചുള്ളിക്കമ്പുകളോടുകൂടിയ മരത്തലപ്പുകളോ കുത്തിക്കൊടുത്താലും മതിയാകും. മേടം ആദ്യവാരത്തിൽ നേഴ്സറി ചെയ്ത് തയ്യാറാക്കിയ മുളക്, വഴുതന, തക്കാളി, ചീര മുതലായവയുടെ തൈകൾ കാർത്തിക ഞാറ്റുവേലയോടെ പറിച്ചുവെക്കണം. തൈകൾ പറിച്ചുവെ ക്കാൻ വൈകുന്നേരമാണ് നല്ലത്. മഴയില്ലെങ്കിൽ തൈപറിക്കുമ്പോഴും വെക്കുമ്പോഴും വെള്ളമൊഴിക്കണം. കുഴി തയ്യാറാക്കിയശേഷം തൈ പറിച്ചെടുക്കാവൂ. സ്ഥലത്തിനനുസരിച്ച് 15 മുതൽ 20 സെന്റിമീറ്റർ ആഴത്തിൽ കുഴിയെടുത്ത് തൈ ഇളകാതെ പറിച്ചെടുത്ത് കുഴിയിൽ വെച്ച് അല്പം ജൈവവളം വിതറി മണ്ണിട്ട് കൊടുക്കാം. വൈകുന്നേരം പറിച്ചുവെക്കുന്ന ചെടികൾക്ക് പിറ്റേന്ന് സൂര്യൻ ഉദിക്കുന്നതിനു മുമ്പായി പുത (തൂപ്പു കൊണ്ട് സൂര്യപ്രകാശം നേരിട്ട് പതിക്കാത്തവിധം ചെടിയെ മറച്ചുവെക്കുക) കുത്തിക്കൊടുക്കണം. ഒരാഴ്ചയ്ക്കകം വേര് പിടിച്ചു വളരാൻ ആരംഭിക്കുന്നതോടെ പുതയായി ഉപയോഗിച്ച ചെടി തലപ്പ് പറിച്ചു ചെടിയുടെ കടയിൽ നിക്ഷേപിക്കുകയും ചെയ്യാം. മേടമാസം അവസാനത്തോടെ കോവൽ വള്ളിയിട്ട് പിടിപ്പിക്കാവുന്നതാണ്. നാലോ അഞ്ചോ ഇലഞെട്ടുള്ള 25 മുതൽ 30 സെന്റീമീറ്റർ നീള മുള്ളതും മൂപ്പുള്ളതുമായ വള്ളികളാണ് നടാനായി എടുക്കേണ്ടത്. നടുമ്പോൾ ചാണകപ്പൊടിയോ കമ്പോസ്റ്റോ വളമായി നല്കാം. രണ്ടാ ശേഷം ധാരാളം ചപ്പുചവറുകൾ ചുറ്റും ഇട്ടശേഷം ജൈവവളങ്ങൾക്കൊപ്പം ജീവാമൃതമോ ബയോഗ്യാസ് സ്ലറിയോ ഒഴിച്ചുമൂടാവുന്നതാണ്. വളർന്നുവരുന്ന മുറയ്ക്ക് ജൈവവേലിയുള്ളവർക്ക് അതിന് മുകളിലോ പന്തലുകളിലോ പടർത്താം.
ജാതി
നഴ്സി ചെയ്തുണ്ടാക്കിയ രണ്ട് മാസം പ്രായമായ തൈകൾ മേടാഅവസാനത്തോടെ വെച്ചു പിടിപ്പിക്കാം. ജാതി ഒറ്റവിളയായി നടുന്നതിനെക്കാൾ ഇടവിളയായി നടുന്നതായിരിക്കും നന്നാവുക. ധാരാളം ഈർപ്പം ആവശ്യമുള്ള സസ്യമായതിനാൽ മറ്റു വിളകളുടെ ഇടയിൽ നടുന്നത് ഈർപ്പം നിലനിർത്താനും പരിചരണത്തിനും സൗകര്യമാകും. തെങ്ങ്, കവുങ്ങ്, വാഴ, മുരിങ്ങ, പപ്പായ എന്നിവ നടുന്ന തോട്ടങ്ങളിൽ ഇടവിളയാക്കാം. ജാതിക്ക് ഇടവിളയായി വാഴ നടുന്നത് വളരെ ഗുണകരമാണ്. തണൽ നല്കാനും അന്തരീക്ഷത്തിലെ ഈർപ്പം നില നിർത്താനും വാഴയ്ക്ക് കഴിയും. വാഴ വിളവെടുക്കുമ്പോൾ അവശിഷ്ടങ്ങൾ ജാതിക്ക് പുതയായി ഉപയോഗപ്പെടുത്തുകയും ചെയ്യാം. വളരാൻ തുടങ്ങിയാൽ വേരുകൾക്ക് കേടു സംഭവിക്കാത്തവിധം തടമെടുത്ത്, ചെടിയിൽനിന്നും ഒരു മീറ്റർ അകലെയായി വളപ്രയോഗം നടത്താം. ധാരാളം വളപ്രയോഗം ആവശ്യമായ സസ്യമാണ് ജാതി. 10 വർഷം പ്രായമായ ഒരു സസ്യത്തിന് 25 കിലോ പച്ചില വളത്തിന് പുറമേ ചാണകം, കമ്പോസ്റ്റ് എന്നിവയും നല്കിമണ്ണിട്ട് കൊടുക്കാം. വർഷത്തിൽ മേടം ഇടവം മാസത്തിലും തുലാം വൃശ്ചികം മാസങ്ങളിലുമായി രണ്ട് തവണ പശിമ നല്കാം.
ഏലം
ഇഞ്ചിവർഗ്ഗത്തിൽപ്പെട്ട ഈ വിള കേരളത്തിലെ മലയോര മേഖലകളിലാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. മേടം അവസാനത്തിലോ, ഇടവം ആദ്യത്തിലോ ഏലത്തിന്റെ കൃഷിപ്പണികൾ ആരംഭിക്കാം. കളയെടുത്ത് തടം വിസ്തൃതമാക്കി വളപ്രയോഗം നടത്താം. കുമ്മായം ചേർത്ത് രണ്ടാഴ്ചയ്ക്കുശേഷം വേപ്പിൻപിണ്ണാക്ക്, ചാണകം തുടങ്ങിയ ജൈവവളങ്ങൾ ചേർത്ത് അതിനുമീതെ കരിയിലകൊണ്ട് പുതയിട്ട് മീതെ അല്പം മണ്ണിട്ട് കൊടുക്കാം. വേനലിൽ നനച്ചാൽ കായ്ഫലം കൂടും.
ഗ്രാമ്പൂ
കവുങ്ങ്, തെങ്ങ്, വാഴ, കൊക്കോ തുടങ്ങിയ വിളകൾക്കൊപ്പം ഇട വിളയായി ചെയ്യാവുന്നതാണ്. 12 മുതൽ 18 വരെ മാസം പ്രായമായ തൈകൾ മേടം അവസാനത്തിലോ ഇടവം ആദ്യത്തിലോ നട്ടുപിടിപ്പിക്കാം. വർഷത്തിൽ രണ്ടു തവണ മേടം ഇടവം മാസങ്ങളിലും തുലാം വൃശ്ചികം മാസങ്ങളിലുമായി വളം ചേർക്കാം. ചാണകം, ആട്ടിൻകാഷ്ഠം, കമ്പോസ്റ്റ് ഇവയിലേതെങ്കിലും പച്ചിലവളങ്ങൾക്കൊപ്പം ചേർത്ത് മീതെ അല്പം മണ്ണിട്ട് കൊടുക്കാം.
കാലവും കൃഷിയും (ചന്ദ്രൻ നെല്ലേക്കാട്)