വിളപരിപാലനത്തിന് മാർഗനിർദേശങ്ങളുമായി കാർഷിക സർവകലാശാല
ശക്തിയേറിയ മഴയും കാറ്റിനും സാധ്യതയുള്ളതിനാൽ വിളകളുടെ പരിപാലനത്തിന് മാർഗനിർദേശങ്ങളുമായി കാർഷിക സർവകലാശാലയിലെ കാർഷിക കാലാവസ്ഥാ ശാസ്ത്ര പഠനവിഭാഗം. ശക്തമായ മഴയ്ക്ക് ശേഷം വാഴത്തോട്ടങ്ങളിൽ ഇലപ്പുള്ളി, മാണം അഴുകൽ തുടങ്ങിയ രോഗബാധയുണ്ടാവാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്താനാണ് നിർദേശം. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ നീർവാർച്ചസൗകര്യം ഉറപ്പാക്കാനും നിർദേശിക്കുന്നു.
തെങ്ങിന്റെ കൂമ്പു ചീയൽ
അധികം മഴവെള്ളം നിലനിർത്താൻ തെങ്ങിൻ തടം തുറക്കാനും, മഴക്കാലമായതിനാൽ തെങ്ങിന്റെ കൂമ്പു ചീയൽ രോഗത്തിന് മുൻകരുതലായി ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിച്ചുകൊടുക്കാനും കർഷകർക്ക് നിർദേശം നൽകി.
വാഴയിലെ ഇലപ്പുള്ളി രോഗത്തിന് പ്രതിവിധി
വാഴയിലെ ഇലപ്പുള്ളി രോഗത്തിന് പ്രതിവിധിയായി 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ ചേർത്തു തളിക്കണം. രണ്ടാഴ്ചയ്ക്ക് ശേഷവും രോഗത്തിന് കുറവില്ലെങ്കിൽ രണ്ട് മില്ലി ലിറ്റർ ഹെക്സാകൊണാസോൾ ഒരു ലിറ്റർ വെള്ളത്തിൽ ചേർത്തും തളിക്കണം.
മാണം അഴുകലിന് പ്രതിരോധമായി 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ അഞ്ചു ലിറ്റർ വീതം ഓരോ വാഴയുടെ ചുവട്ടിലും ഒഴിക്കണം.
ജാതിയിൽ ഇലപൊഴിച്ചിൽ
ജാതിയിൽ ഇലപൊഴിച്ചിൽ വരാതിരിക്കാൻ മുൻകരുതലായി ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിച്ചുകൊടുക്കാം.
കുരുമുളകിലെ ദ്രുതവാട്ടരോഗത്തെ പ്രതിരോധിക്കാൻ
കുരുമുളകിലെ ദ്രുതവാട്ടരോഗത്തെ പ്രതിരോധിക്കാൻ രണ്ടു കിലോ ട്രൈക്കോഡർമ 90 കിലോഗ്രാം ചാണകപ്പൊടിയും 10 കിലോഗ്രാം വേപ്പിൻപിണ്ണാക്കും കൂട്ടിക്കലർത്തി ആവശ്യത്തിന് ഈർപ്പം നിലനിൽക്കത്തക്കവണ്ണം രണ്ടാഴ്ചയ്ക്ക് വെയ്ക്കണം. ഈ മിശ്രിതത്തിൽ നിന്ന് രണ്ടര കിലോഗ്രാം വീതം ഓരോ കുരുമുളക് ചെടിയുടെ ചുവട്ടിൽ ഇട്ടുകൊടുക്കണം.
ഇഞ്ചിയിലും മഞ്ഞളിലുമുള്ള മൂടു ചീയൽ രോഗം
ഇഞ്ചിയിലും മഞ്ഞളിലുമുള്ള മൂടു ചീയൽ രോഗം വ്യാപിക്കാതിരിക്കാൻ 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിച്ചുകൊടുക്കാം.
വെള്ളരിവർഗ പച്ചക്കറികളിൽ മൃദുരോമപുപ്പ്
വെള്ളരിവർഗ പച്ചക്കറികളിൽ മൃദുരോമപുപ്പ് എന്ന കുമിൾ രോഗത്തിനും സാധ്യതയുണ്ട്. പ്രതിവിധിയായി 25 ഗ്രാം മാങ്കോസെബ് ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ഇലയുടെ അടിയിൽ തെളിക്കാം.