Updated on: 24 May, 2021 3:45 PM IST
ജാതിക്ക

എജ്ജാതി കഥകൾ ഈ ജാതിക്കയെ കുറിച്ച്
പ്രമോദ് മാധവൻ


ജാതിക്ക സൗദി അറേബ്യ യിൽ നിരോധിച്ചതാണ് എന്നറിയാമോ? അതേ. മസാല പൊടികളിൽ ഒഴികെ ജാതിക്കായോ പൊടിയോ നിഷിദ്ധം. കാരണം അത് ഒരു മയക്കു മരുന്ന് ആയിട്ട് അവർ കണക്കാക്കുന്നു.അത് ഒരു പരിധി വരെ ശരിയാണ് താനും. അതിൽ അടങ്ങിയിരിക്കുന്ന Myristicin എന്ന chemical LSD പോലെ ഉന്മാദം ഉണ്ടാക്കും വലിയ അളവിൽ ഉപയോഗിക്കുമ്പോൾ. അതായതു 2-3ജാതിക്കായുടെ പൊടി ഒരു സമയത്ത് ശരീരത്തിൽ ചെന്നാൽ ഉള്ള കഥയാണ് പറയുന്നത്.

ലോകത്ത് ഏറ്റവും കൂടുതൽ ജാതിക്ക ഉൽപ്പാദിപ്പിക്കുന്നത് ഇന്തോനേഷ്യ ആണ്. അവിടുത്തെ മൊളൂക്കാസ് ദ്വീപുകളിൽ (ബാൻഡാ ദ്വീപ് ) മാത്രമേ ഒരു കാലത്തു ജാതി വിളഞ്ഞിരുന്നുള്ളൂ. ഒരു കാലത്തു അവിടം പോർട്ടുഗീസ് കുത്തക ആയിരുന്നു. പിന്നീട് അത് ഡച്ചു കാരുടെ കയ്യിലും ഒടുവിൽ ബ്രിട്ടീഷ്കരുടെ കയ്യിലും എത്തി. അവർ അത് സിങ്കപ്പൂർ, ശ്രീലങ്ക, സാൻസീബെർ, ഗ്രനേഡ എന്നിവിടങ്ങളിൽ പ്രചരിപ്പിച്ചു. അങ്ങനെ ആണ് കരീബിയൻ ദ്വീപ് ആയ ഗ്രനേഡ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉൽപ്പാദകർ ആയതു. പക്ഷെ നിരന്തരം ഉണ്ടാകുന്ന കൊടുങ്കാറ്റുകൾ അവിടുത്തെ ജാതി കൃഷിയുടെ നടുവൊടിക്കുന്നുണ്ട്.

കുറച്ചു ജാതിക്കായ്കൾ കയ്യിൽ ഉണ്ടെങ്കിൽ നിങ്ങൾ ഒരു പ്രഭു വിനു തുല്യമായിരുന്ന ഒരു കാലമുണ്ടായിരുന്നു ഇംഗ്ലണ്ടിൽ. ഫെർഡിനാൻഡ് മഗല്ലൻ ജാതിക്ക തേടി ഇറങ്ങിയ ഒരു സാഹസിക യാത്രയിൽ 5 കപ്പലുകളും 250 പേരുടെ മരണവും ഉണ്ടായെങ്കിലും 20000കിലോ ജാതിക്ക കിട്ടിയത് വലിയ നേട്ടമായി വിലയിരുത്തപ്പെട്ടു. മനസ്സിലായല്ലോ ജാതിയുടെ വലിപ്പവും മഹത്വവും.

ഗ്രനേഡയുടെ ദേശീയ പതാകയിൽ പിളർന്ന ഒരു ജാതിക്കായുടെ ചിത്രം ഉള്ള കാര്യം എത്ര പേർക്കറിയാം?

(The nutmeg seen on the hoist of the Flag of Grenada represents the country’s top agricultural export commodity, the nutmeg, with Grenada being among the largest global producers of the commodity. The symbol is also inspired by Grenada’s history as the nation was traditionally referred to as the “Isle of Spice.”)

നമ്മുടെ കുഞ്ഞ് വാവമാർക്ക് കൊടുക്കുന്ന ഉര മരുന്നിലും ജാതിക്ക ഉള്ള കാര്യം അറിയാമല്ലോ.

ജാതി കൃഷിയ്ക്ക് ഏറ്റവും പറ്റിയ കാലാവസ്ഥ ആണ് കേരളത്തിൽ. ഒരു പക്ഷെ ഇന്തോനേഷ്യയ്ക്കും ഗ്രനഡയ്ക്കും ഭീഷണി ഉയർത്തക്ക തരത്തിൽ. പക്ഷെ മഴക്കാലത്ത് വരുന്ന വിളവെടുപ്പും ശരിയായി ഉണക്കാത്തതു മൂലം ഉള്ള പൂപ്പൽ ബാധയും ഉൽപ്പന്നത്തിന്റെ മാറ്റ് കുറയ്ക്കുന്നു. അഫ്ലോടോക്സിന്റെ അനുവദനീയ പരിധി യൂറോപ്യൻ നിലവാരം അനുസരിച്ചു 10ppb ആണ്. കടുപ്പം തന്നെ.

25കൊല്ലത്തിനു മുകളിൽ പ്രായമുള്ള തെങ്ങിൻ തോട്ടങ്ങളിൽ പറ്റിയ ഇടവിളയാണ് ജാതി. നാല് മരങ്ങൾക്കിടയിൽ ഒരു ജാതി നടാം. ആറാം വർഷം മുതൽ വിളവെടുപ്പ് തുടങ്ങാം.

ജാതി മരം വീഞ്ഞ് പോലെയാണ്. പഴകും തോറും വിളവും വരുമാനവും കൂടും. ഒരു പുരുഷായുസ്സ് വിളവെടുക്കാം

പത്തു വാഴ വച്ചിരുന്നു എങ്കിൽ എന്നതിന് പകരം രണ്ടു ജാതി വച്ചിരുന്നെങ്കിൽ എന്ന് പറയുന്നിടത്തോളം. അല്ലെങ്കിൽ അതുക്കും മേലെ.

തനി വിളയായി ചെയ്യുമ്പോൾ 8mx8m അകലം നൽകാം. നന നിർബന്ധം.

ആൺ മരവും പെൺ മരവും ഉള്ള കാര്യവും മറക്കേണ്ട.

ഒട്ടു മരങ്ങളെക്കാൾ ആയുസ്സ് കുരു മുളപ്പിച്ച മരങ്ങൾക്കു കൂടും.

തൈകളുടെ വില അല്പം കൂടുതൽ ആണ് എന്ന് പറയാതെ വയ്യ. ഓരോ ഇലത്തട്ടു കൂടുമ്പോഴും വിലയിൽ രണ്ടു നൂറിന്റെ നോട്ടും കൂടും.

കേരളത്തിലെ ചില കുടുംബങ്ങൾ ജാതി മരങ്ങൾക്കു പ്രശസ്തം. കടുകുമ്മാക്കേൽ, കൊച്ചുകുടിയിൽ എന്നിവ. വിശേഷ പെട്ട ഇനങ്ങൾ അവർക്കുണ്ട്.

ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയാണ് ജാതി കൃഷി ചെയ്യുവാൻ യോജിച്ചത്. നീണ്ട വരൾച്ച ചെറുത്തു നിൽക്കുവാനുള്ള കഴിവ് ഈ ചെടിക്ക് കുറവാണ്. ധാരാളം ജൈവാംശവും നീർവാർച്ചയുമുള്ള തായിരിക്കണം കൃഷി ചെയ്യാൻ തിരഞ്ഞെടുക്കുന്ന മണ്ണ്. തണലുള്ള പ്രദേശങ്ങൾ വേണം തിരഞ്ഞെടുക്കാൻ. സമുദ്രനിരപ്പിൽ നിന്നും 1000 മീറ്റർ ഉയരത്തിൽ വരെ ഇതു വളരുന്നു. ആണ്ടിൽ ശരാശരി 200 സെ.മീറ്റർ മഴ ഇടവിട്ടു കിട്ടുന്ന കാലാവസ്ഥയാണ് ഏറ്റവും യോജിച്ചത്.

പുറംതോടു പൊട്ടിയ കായ്കൾ

പുറംതോടു പൊട്ടിയ കായ്കളാണ് തൈകൾ ഉൽപാദിപ്പിക്കുവാൻ തിരഞ്ഞെടുക്കേണ്ടത്. (Seeds with busted covering are good for seedlings)

വിളഞ്ഞു പാകമായി പുറംതോടു പൊട്ടിയ കായ്കളാണ് തൈകൾ ഉൽപാദിപ്പിക്കുവാൻ തിരഞ്ഞെടുക്കേണ്ടത്. കായുടെ പുറത്തു കാണുന്നതായ മാംസളമായ പുറന്തോടും ജാതിപത്രിയും മാറ്റിയശേഷം വിത്തു ശേഖരിക്കുന്നു. അന്നേദിവസം തന്നെ വിത്തുപാകണം. അല്ലെങ്കിൽ അതിന്റെ കുരണശേഷി നശിക്കാൻ സാധ്യതയുണ്ട്. പാകാൻ താമസമുണ്ടെന്നു കാണുന്നപക്ഷം വിത്ത് നനവുള്ള മണ്ണിട്ട് കുട്ടകളിൽ സൂക്ഷിക്കണം. വിത്ത് ഉണങ്ങാതിരിക്കുവാൻ മണ്ണ് കൂടെക്കൂടെ നനക്കേണ്ടതാണ്.

തണലുള്ള സ്ഥലത്ത് 15 സെ. മീറ്റർ പൊക്കത്തിലും 100-120 സെ. മീറ്റർ വീതിയിലും സൗകര്യപ്രദമായ നീളത്തിലും വിത്തുതടം തയാറാക്കണം. തടത്തിലെ മണ്ണും ആറ്റുമണ്ണും 3:1 എന്ന തോതിൽ ചേർത്താണ് തടങ്ങൾ തയാറാക്കേണ്ടത്. അതിനു മുകളിൽ 2-3 സെ. മീറ്റർ കനത്തിൽ വീണ്ടും ആറ്റുമണൽ വിരിച്ചശേഷം വിത്ത് 2 സെ. മീ. ആഴത്തിൽ പാകണം. പാകുമ്പോൾ വിത്തുകൾ തമ്മിലുള്ള ഇടയകലം 12 സെ. മീറ്റർ വീതം ഇരുവശത്തും നൽകണം. വിത്ത് പാകി 50-80 ദിവസത്തിനകം മുളയ്ക്കുന്നു. തൈകൾ വളർന്നു 2 ഇല വിരിയുന്നതോടെ വിത്ത് തടത്തിൽ നിന്നും കൃഷി സ്ഥലത്തേക്ക് മാറ്റി നടാം. പകരം പോട്ടിങ് മിശ്രിതം നിറച്ച പോളിബോഗിൽ താൽക്കാലികമായി നടാവുന്നതാണ്. തൈകളുടെ വേര് വളരെ ആഴത്തിൽ പോകുന്നതുകൊണ്ട് തൈകൾ തടത്തിൽ നിന്നും ഇളക്കിയെടുക്കുമ്പോൾ തായ് വേര് പൊട്ടിപ്പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

തണൽ ഇഷ്ടപ്പെടുന്ന ചെടി.( shade loving tree is nutmeg )

തണൽ ഇഷ്ടപ്പെടുന്ന ചെടി ആയതിനാൽ നേരത്തേ തന്നെ പെട്ടെന്നു വളരുന്നതായ തണൽ വൃക്ഷണങ്ങായ വാക, മുരിക്ക് ഇവയിലേതെങ്കിലുമൊന്നു വച്ചുപിടിപ്പിക്കണം. ആദ്യഘട്ടത്തിൽ വേണമെങ്കിൽ വാഴ കൃഷി ചെയ്യാം. നടാൻ കുഴിയെടുക്കുന്നത് 90 സെ. മീറ്റർ നീളം, വീതി, താഴ്ച എന്ന തോതിൽ ആയിരിക്കണം. 8 മീറ്റർ അകലം ചെടികൾ തമ്മിലും വരികൾ തമ്മിലും നൽകണം. ശേഷം 5 കി. ഗ്രാം അഴുകിയ കാലിവളമോ കമ്പോസ്റ്റോ മേൽമണ്ണുമായി കലർത്തി കുഴികൾ നിറയ്ക്കണം. മഴ ആരംഭിക്കുന്നതോടെ നേരത്തേ നിറച്ചിട്ട കുഴികളുടെ മധ്യ ഭാഗത്തായി ഒരു ചെറുകുഴിയെടുത്ത് തൈ അതിനുള്ളിൽ നടാം.

ഒരുവർഷം പ്രായമായ തൈകൾക്ക് ( Fertilizer application for one year old seedlings)

നട്ട് ഒരുവർഷം പ്രായമായ തൈകൾക്ക് 10 കി. ഗ്രാം കാലിവളമോ കമ്പോസ്റ്റോ ചേർക്കണം. കൂടാതെ രാസവളങ്ങളായ യൂറിയാ 45 ഗ്രാം സൂപ്പർഫോസ്ഫേറ്റ് 100 ഗ്രാം, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് 85 ഗ്രാം എന്ന തോതിൽ രണ്ടു തുല്യ ഗഡുക്കളായി മേയ് ജൂണിലും സെപ്റ്റംബർ ഒക്ടോബറിലും നൽകണം. രണ്ടുവർഷം പ്രായമാകുമ്പോൾ ഈ വളങ്ങൾ ഇരട്ടി വീതം രണ്ടു തുല്ല്യഗഡുക്കളായി നൽകണം. അതു ക്രമമായി വർധിപ്പിച്ച് 15 വർഷം പ്രായമാകുമ്പോൾ 50 കി. ഗ്രാം കാലിവളവും നൽകണം. 1100 ഗ്രാം യൂറിയായും 1.5 കി ഗ്രാം സൂപ്പർ ഫോസ്ഫേറ്റും -1.5 കിലോ ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും രണ്ടു തുല്യ ഗഡുക്കളായി മുമ്പ് പ്രതിപാദിച്ചതു പോലെ നൽകണം. അതുപോലെ ജൈവവളമായ കാലിവളവും ക്രമമായി വർധിപ്പിച്ച് 15 വർഷം പ്രായമെത്തിയ മരത്തിന് 50 കി. ഗ്രാം നൽകണം.

ജാതിമരത്തിന്റെ ചെറിയ വേരുകൾ മണ്ണിനു മുകളിലായി ധാരാളം കാണാം. വലിയ വേരുകൾ ആഴത്തിൽ താഴേക്കു വളർന്നു പോകുന്നുണ്ടെങ്കിലും ചെറിയ വേരുകൾ മണ്ണിനു മുകളിലേക്കു വന്നു നിൽക്കുന്നതിനാൽ ജാതിമരത്തിന്റെ ചുവട്ടിൽ മറ്റു കൃഷിപ്പണികൾക്കായോ കളയെടുക്കുന്നതിനായോ കിളയ്ക്കാതിരിക്കുന്നതാണു നല്ലത്. എങ്കിൽക്കൂടി കളകൾ കാലാകാലങ്ങളിൽ ചുവട്ടിൽ നിന്നും പറിച്ചുമാറ്റേണ്ടത് ആവശ്യമാണ്. ചെറുവേരുകൾ വെയിൽ തട്ടുന്നതു മരത്തിനു കേടായതിനാൽ വേരുകൾ സൂര്യപ്രകാശം തട്ടാതെ മണ്ണിട്ടു മൂടണം.

വിളവെടുത്ത കായ്കൾ പിളർന്നു പൊട്ടാതെ ജാതിപത്രി ഇളക്കി എടുത്തു നന്നായി കഴുകി ഡ്രയറിലോ സൂര്യ പ്രകാശത്തിലോ 4-5ദിവസം ഉണക്കി നിറം പോകാതെ 10ശതമാനത്തിൽ താഴെ ഈർപ്പത്തിൽ വായു നിബദ്ധമായി സൂക്ഷിച്ചു വയ്ക്കാം. ചുവന്ന നിറം നൽകുന്ന വര്ണകമായ ലൈക്കോപീൻ പെട്ടെന്ന് ഓക്സീകരണത്തിന്‌ വിധേയമാകും. നിറം മങ്ങുന്നത് വില കുറയാൻ കാരണമാകും.

കായ്കൾ 12-15ദിവസം ഉണങ്ങി തമ്മിൽ മുട്ടുമ്പോൾ കലപില ശബ്ദം കേൾക്കണം. അതാണ് പരുവം.

ജാതിപത്രി

നാഷണൽ ഹോർട്ടികൾചർ മിഷൻ പദ്ധതിയിൽ മഹാരാഷ്ട്രയിലും മറ്റും കൃഷി വ്യാപകമാകുന്നുണ്ട്.അതായത് ഭാവിയിൽ മുട്ടൻ പണി അവിടുന്ന് കിട്ടിയേക്കാം.

കേരളത്തിൽ ഉടൻ ഒരു ബൃഹദ് പദ്ധതി വരാൻ സാധ്യത ഉണ്ട്.

ആയതു കൊണ്ട് സ്ഥലമുണ്ടെങ്കിൽ രണ്ടു ജാതി തൈകൾ വയ്ക്കുന്നത് നല്ല ഒരു ആശയമാണ്. സമ്പത്തു കാലത്തു തൈ രണ്ടു വച്ചാൽ ആപത്തു കാലത്തു പിസ്സ രണ്ടു തിന്നാം.

വാൽകഷ്ണം :കൊക്ക കോളയുടെ നിഗൂഢ ചേരുവയിൽ ഒരു സുപ്രധാനി ജാതിക്ക സത്തു ആണെന്നത് ഒരു പരമ പരസ്യമാണ്. പക്ഷെ ആർക്കും അത്ര തീർച്ച പോരാ. പിന്നെ ജാതിക്കായ്ക്കു ഒരു വയാഗ്ര എഫക്റ്റും ഉണ്ടത്രേ. സാൻസിബാറിലെ പെണ്ണുങ്ങൾക്ക്‌ മദ്യപാനം നിഷിദ്ധം. പക്ഷെ ജാതിക്ക പ്പൊടി എത്ര വേണമെങ്കിലും തട്ടാമത്രെ..

എന്നാ അങ്ങട്

പ്രമോദ് മാധവൻ
കൃഷി ഓഫീസർ
ചാത്തന്നൂർ കൃഷിഭവൻ

English Summary: know about nutmeg and its uses and how to cultivate it
Published on: 22 May 2021, 11:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now