കുംഭനിലാവാണിപ്പോൾ. കിഴങ്ങു വർഗ്ഗങ്ങളായ ചേന , കാച്ചിൽ, ചെറുകിഴങ്ങ്, തുടങ്ങിയവ നടാൻ പറ്റിയ സമയം.
ചേന - കുംഭപ്പിറ കുടത്തോളം .ഏതെല്ലാം കിഴങ്ങുകൾക്ക് മുളവന്നിട്ടുണ്ടോ അവയെല്ലാം മണ്ണിൽ കുഴിച്ചിടാം. വേനൽ മഴ കിട്ടുന്നതിനനുസരിച്ച് മുളച്ച് വന്നോളും. ആഴ്ചയ്ക്കൊരിക്കൽ നനച്ചു കൊടുക്കുകയും ആവാം. ചേനയ്ക്ക് ഒരടി നീളം വീതി ആഴത്തിലും കാച്ചിലിന് 20 X 20 X 20 cm വലിപ്പത്തിലും കുഴിയെടുക്കാം.
ചെറുകിഴങ്ങിന് അരയടി മതിയാവും. ചപ്പുചവറുകളും ചാരവും ചാണകപ്പൊടിയും ഇട്ട് മൂടി കൂന കൂട്ടി അതിനുമീതെ ചെറിയ കുഴിമാന്തിയാണ് വിത്ത് വയ്ക്കണ്ടത്. കുമ്മായം ചേർക്കണ്ടത് നടന്നതിന് രണ്ടാഴ്ച മുന്നേയാവണം. ഒന്നരക്കിലാേ വീതമുള്ള കഷണങ്ങാണ് വിത്തു ചേനക്ക് നല്ലത്. ചെറിയ കഷണങ്ങൾ നട്ടാൽ ചെറിയതും മുഴു ചേന നട്ടാൽ വലിയ ചേനയും വിളവെടുക്കാം.
കാച്ചിലും ഇതുപോലെ നടാം. രണ്ടോ മൂന്നോ ഇഞ്ച് വലുപ്പമുള്ള കഷണങ്ങൾ മതിയാവും. മേക്കാച്ചി(കാവത്ത്)ലും വിത്തായി ഉപയാേഗിക്കാം.
ചെറുകിഴങ്ങ് ഓരോ കുഴിയിൽ ഒരോ കിഴങ്ങ് വെക്കുന്നതാണ് നല്ലത്.
വിത്തുതേങ്ങ സംഭരണം നടത്താം. ഏകദേശം 25 വർഷം പ്രായമായ (12 വർഷത്താേളമായി നന്നായി കായ്ക്കുന്ന ) തെങ്ങിലെ നന്നായി മൂത്ത് ഉണങ്ങി തുടങ്ങിയ കുലകൾ കയറിൽ കെട്ടിയിറക്കിയോ പുഴയിലെ വെള്ളത്തിലേക്ക് പറിച്ചിട്ടാേ വിത്തു ശേഖരിക്കാം. ശേഷം തണലത്തുണക്കുക.
കഴിഞ്ഞ വർഷത്തെ വിത്ത് മുളച്ച കുഞ്ഞു തൈകൾ ഇപ്പോൾ നടാം. രണ്ടര അടി കുഴിയെടുത്ത് ഉള്ളിൽ തേങ്ങാക്കുഴിയുമെടുത്ത് ഒരു കിലോ കുമ്മായം ഒരു കിലോ ഉപ്പ് എന്നിവ ചേർത്തിളക്കി രണ്ടാഴ്ച നിർത്തുക. ശേഷം ജൈവവളം ചേർത്ത് മിക്സ് ചെയ്ത് തെങ്ങിൻ തൈ നടുക. നനക്കുക. ആഴ്ചയ്ക്കൊരിക്കൽ രണ്ട് കുടം വെള്ളം ഒഴിക്കുക. ഇടവപ്പാതിയാവുമ്പോഴേക്കും വേരു പിടിച്ച് തിരിയെടുക്കാൻ തുടങ്ങും. മഴക്കാലത്ത് സ്വാഭാവികമായി വളർന്നോളും.
കമുകിൻ തൈകളും ഇത് പോലെ നാടാം . കുഴിയും ചേർക്കുന്നവയും തെങ്ങിന്റെ മൂന്നിലൊന്ന് മതിയാവും. ഉപ്പ് ചേർക്കേണ്ടതില്ല.
നേന്ത്രൻ കുംഭ വാഴ നടാം. രണ്ട് മാസക്കാലം നനച്ചാൽ മതി. പിന്നീട് മഴ കിട്ടിക്കോളും . നന്നായി പരിചരിച്ചാൽ അടുത്ത ധനുവിൽ കുലവെട്ടാം.