മാണവണ്ട് (Rhizome weevil, Cosmopolites sordidus ) കരിക്കൻ കേട്ട് എന്നും അറിയപ്പെടുന്നു. കാഴ്ചയിൽ തടതുരപ്പനോട് സംമ്യമുള്ളതാണ് മാണവണ്ട്. നിറം കടും തവിട്ട്. വണ്ടുകൾ മാണത്തിലേ തടയുടെ ചുവട്ടിലോ മുട്ടകൾ ഇടുന്നു. വണ്ടും പുഴുക്കളും മാണം തുരന്നു തിന്ന് നശിപ്പിക്കുന്നു. മാണത്തിൽ ചാലുകൾ ഉണ്ടാക്കുകയും അഴുക്കുകയും ചെയ്യുന്നു. ഇലകൾ മഞ്ഞളിക്കുകയും നാമ്പിലകൾ വിടരാതിരിക്കുകയും പുതിയ ഇലകൾ ഉണ്ടാകാതിരിക്കുകയും ഇലയുടെ എണ്ണവും കുലയുടെ വലുപ്പവും കുറയുകയുമാണ് മറ്റു ലക്ഷണങ്ങൾ.
കുലകൾ വിരിയാതിരിക്കാനും കന്നുകൾ ഉണ്ടാകാതിരിക്കാനും ഇവയുടെ ആക്രമണം ഇടയാക്കും. മൂന്നു നാല് ആഴ്ചയ്ക്കുള്ളിൽ പുഴുക്കൾ സമാധി ദശയെ പ്രപിക്കും. മാണവണ്ടിന് ഒരു കൊല്ലത്തോളം ആയുസ്സുണ്ട്. മാണവണ്ടിനെ നിയന്ത്രിക്കുന്നതിനുള്ള ആദ്യമാർഗ്ഗം മണ്ണ് നന്നായി കിളച്ച് വെയിൽ കൊള്ളിക്കുന്നതാണ്. നടുന്നതിന് കീടബാധയില്ലാത്ത കന്നുകൾ തെരഞ്ഞെടുക്കണം. കന്നുകളിൽ കേടുള്ള ഭാഗം ചെത്തി വൃത്തിയാക്കി ചാണകവും ചാരവും ചേർത്ത് കുഴമ്പിൽ മുക്കി വെയിലത്തുണക്കണം.
ഈ ലായനിയിൽ സെവിൻ (4 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ) ചേർത്ത് കന്നുകൾ അരമണിക്കൂർ മുക്കിവെയ്ക്കുന്നതും നന്നാണ്. ജൈവരീതിയിൽ ഇതിനു പകരം സ്യൂഡോമോണാസ് ഉപയോഗിക്കാം. മാലത്തയോൺ (2 മില്ലിലിറ്റർ), കാർബാറിൽ (4 ഗ്രാം/ലിറ്റർ) എന്നിവയിലൊന്ന് ആക്രമണലക്ഷണം കണ്ടാലുടൻ വാഴയ്ക്കുചുറ്റും കുതിരെ ഒഴിച്ചു കൊടുക്കാം.
ജൈവകൃഷിയിൽ ഇവയ്ക്കുപകരം തടതുരപ്പൻ വണ്ടുകൾക്കെതിരെ നിർദ്ദേശിച്ച ബിവേറിയ ബാസിയാന, മെറ്റാറൈസിയം അനൈസോപ്ലിയേ ഇവയിലൊന്ന് 2 ശതമാനം വീര്യത്തിൽ വാഴച്ചുവട്ടിലും ഇലക്കവിളുകളിലും പ്രയോഗിക്കാവുന്നതാണ്.
മിത്രനിമാവിരകളും ഇത്തരത്തിൽ ഉപയോഗപ്പെടുത്താം. വാഴക്കുഴിയിൽ ചതച്ച വേപ്പിൻകുരു ഒരു കിലോഗ്രാം എന്നയളവിൽ ഇട്ട് കൊടുക്കാം. കെണിവച്ച് വണ്ടുകളെപ്പിടിച്ച് നശിപ്പിക്കുന്ന രീതിയും ഫലപ്രദമാണ്. വാഴത്തട 50 സെന്റീ മീറ്റർ നീളത്തിൽ മുറിച്ച് നെടുകേ ചേദിച്ചശേഷം തോട്ടത്തിൽ അവിടവിടെ വെച്ചാൽ അവയിൽ വണ്ടുകൾ വന്നുകൂടും.
'കോസ്മോലൂർ' എന്ന ഫെറമോൺ കെണി പ്രത്യേകതരം പാത്രത്തിലാക്കി തോട്ടത്തിൽ വച്ചാൽ ആൺവണ്ടിനേയും പെൺവണ്ടിനേയും ആകർഷിച്ചു കുടുക്കാൻ കഴിയും. ഈ കെണി വർഷം മുഴുവൻ തോട്ടത്തിൽ വയ്ക്കാം. എന്നാൽ 45 ദിവസത്തിൽ ഒരിക്കൽ പുതിയ ഫെറമോൺ സാഷേ മാറ്റി കൊടുക്കേണ്ടതാണ്. കെണിയിൽ വീഴുന്ന വണ്ടിന്റെ എണ്ണം കുറയുന്നതനുസരിച്ച് കെണി സ്ഥാനം മാറ്റി വയ്ക്കാം.