Vegetables

വഴുതന വര്‍ഗവിളകളുടെ സുരക്ഷിതകൃഷി

brinjal

കേരളത്തിലെ പ്രധാന വഴുതന വര്‍ഗ വിളകളാണ് മുളക്, വഴുതന, തക്കാളി എന്നിവ

 

നഴ്‌സറി
പറിച്ചു നടുന്നവയാണ് വഴുതന വര്‍ഗ വിളകള്‍. വിത്ത് താവരണകളില്‍ പാകി മുളപ്പിച്ച് ഒരു മാസം പ്രായമായ തൈകള്‍ പറിച്ചു നടാം. നല്ല തുറസ്സായ ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളില്‍ വളക്കൂറുളള മേല്‍ മണ്ണും നല്ല പോലെ ഉണങ്ങിപ്പൊടിച്ച ചാണകവും ചേര്‍ത്ത് നഴ്‌സറി തയ്യാറാക്കണം. ഉണക്കിപ്പൊടിച്ച ചാണകത്തിനു പകരം ട്രൈക്കോഡെര്‍മ ഉപയോഗിച്ച് പരിപോഷിപ്പിച്ച ചാണകം ഉപയോഗിക്കാം. വിത്ത് പാകിയിട്ട് വാരങ്ങള്‍ പച്ചില കൊണ്ട് പുതയിട്ട് ദിവസവും കാലത്ത് നനയ്ക്കുക. മുളച്ചു തുടങ്ങിയാല്‍ പുത മാറ്റാം. നിശ്ചിത ഇടവേളയില്‍ 2% സ്യൂഡോമോണസ് ഫ്‌ളൂറസെന്‍സ് ലായനി തളിച്ചു കൊടുക്കണം. തൈകളുടെ പുഷ്ടി വര്‍ദ്ധിപ്പിക്കാന്‍ ചാണകപ്പാലോ നേര്‍പ്പിച്ച ഗോമൂത്രമോ (പത്തിരട്ടി വെളളം ചേര്‍ത്ത് നേര്‍പ്പിച്ചത്) തളിക്കണം. തൈകള്‍ നടാന്‍ തവാരണകള്‍ നനച്ചതിനുശേഷം തൈകള്‍ പറിച്ചെടുക്കുക. നട്ട തൈകള്‍ക്ക് തണല്‍ നല്‍കണം.

നടീലും വളപ്രയോഗവും
കൃഷി സ്ഥലം നല്ലപോലെ കിളച്ച് നിരപ്പാക്കുക. തൈകള്‍ പറിച്ചു നടുന്നതിന് രണ്ടാഴ്ച മുമ്പ് 2 കി. ഗ്രാം കുമ്മായം ചേര്‍ക്കുക. 100 കി. ഗ്രാം ട്രൈക്കോഡെര്‍മയും പി. ജി. പി. ഇ. ആര്‍ - 1 മിശ്രിതവും ചേര്‍ത്ത് ഇളക്കി അടിവളമായി നടുക. പറിച്ചു നടുന്ന സമയത്ത് തൈകളുടെ വേരുകള്‍ 20 മിനിട്ട് സ്യൂഡോമോണസ് (20 ഗ്രാം 1 ലിറ്റര്‍ വെളളത്തില്‍) ലായനിയില്‍ മുക്കി വച്ച് നടാം. കാലിവളത്തിനു പകരം കോഴിവളമോ പൊടിച്ച് ആട്ടിന്‍ കാഷ്ഠമോ ഉപയോഗിക്കാം. മേല്‍വളമായി എട്ട് പത്ത് ദിവസം ഇടവേളയായി ഏതെങ്കിലും ജൈവവളം ചേര്‍ക്കണം.

* ചാണകപ്പാല്‍ അല്ലെങ്കില്‍ ബയോഗ്യാസ് സ്‌ളറി 200 ഗ്രാം 4 ലിറ്റര്‍ വെളളത്തില്‍ ചേര്‍ത്തത്.
*ഗോമൂത്രം അല്ലെങ്കില്‍ വെര്‍മിവാഷ് (2 ലിറ്റര്‍) എട്ട് ഇരട്ടി വെളളവുമായി ചേര്‍ത്തത്.
* 4 കി. ഗ്രാം മണ്ണിര കമ്പോസ്റ്റ്, കോഴിവളം അല്ലെങ്കില്‍ ആട്ടിന്‍കാഷ്ഠം. കടലപ്പിണ്ണാക്ക് (200 ഗ്രം) 4 ലിറ്റര്‍ വെളളത്തില്‍ കുതിര്‍ത്തത്.

ഇതര പരിചരണം
വേനല്‍ക്കാലത്ത് 2-3 ദിവസത്തിലൊരിക്കല്‍ നനയ്ക്കാം. ആവശ്യമെങ്കില്‍ തൈകള്‍ക്ക് താങ്ങ് കൊടുക്കുക. പറിച്ചു നട്ട് ഒരു മാസം കഴിയുമ്പോള്‍ കളയെടുക്കല്‍, ജൈവവളം നല്‍കല്‍, മണ്ണ് കൂട്ടി കൊടുക്കല്‍ തുടങ്ങിയവ ചെയ്യാം പച്ചിലകള്‍, വിളയവശിഷ്ടങ്ങള്‍, അഴുകിപ്പൊടിഞ്ഞ ചകിരിച്ചോര്‍, തൊണ്ട്, വൈക്കോല്‍ തുടങ്ങിയവ ഉപയോഗിച്ച് പുതയിട്ടു കൊടുത്താല്‍ മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താനും കളകള്‍ നിയന്ത്രിക്കാനും കഴിയും.

സസ്യസംരക്ഷണം
കീടങ്ങള്‍
1. വഴുതനയിലെ തണ്ട് / കായ് തുരപ്പന്‍ പുഴു
വെളുത്ത ചിറകില്‍ തവിട്ടു നിറത്തിലെ പുളളിയോടു കൂടിയ ശലഭത്തിന്റെ പുഴുക്കള്‍ തണ്ടും കായും ആക്രമിക്കുന്നു. ഇളം തണ്ടിലും കായിലും, പുഴു തുളച്ചു കയറി ഉള്‍ഭാഗം തിന്നു നശിപ്പിക്കും. തണ്ടുകള്‍ വാടിക്കരിയുന്നു. പുഴു ബാധയേറ്റ് കായ്കളില്‍ ദ്വാരങ്ങള്‍ കാണാം.

നിയന്ത്രണമാര്‍ഗം
തൈ പറിച്ചു നടുമ്പോള്‍ വേപ്പിന്‍ പിണ്ണാക്ക് മണ്ണില്‍ ഇടുക. കേടായ ഭാഗം മുറിച്ചു മാറ്റി നശിപ്പിക്കുക. കീടാക്രമണം കണ്ടു തുടങ്ങുമ്പോള്‍ 5% വേപ്പിന്‍ കുരു സത്ത തളിക്കുക.

2. എപ്പിലോക്‌ന വണ്ട്
തവിട്ടു നിറത്തില്‍ കറുത്ത പുളളിയുളള വണ്ടുകള്‍, മഞ്ഞ നിറമുളള പുഴുക്കള്‍, മുട്ടക്കൂട്ടങ്ങള്‍, സമാധി ദശ എന്നിവ ഇലകളില്‍ കാണാം. വണ്ടും പുഴുവും ഇലകളിലെ ഹരിതകം കാര്‍ന്നു തിന്നും. ഇലകള്‍ ഉണങ്ങി കരിയും. രൂക്ഷമാകുമ്പോള്‍ ചെടിയുടെ വളര്‍ച്ചയെ ബാധിക്കും.

നിയന്ത്രണമാര്‍ഗം
1. കൈവല ഉപയോഗിച്ച് വണ്ടുകളെ ശേഖരിച്ച് നശിപ്പിക്കുക.
2. ഇലകളില്‍ കാണുന്ന മുട്ടക്കൂട്ടം, പുഴു, സമാധിദശ എന്നിവ ശേഖരിച്ച് സുഷിരങ്ങളുളള പോളിത്തീന്‍ കൂട്ടില്‍ സൂക്ഷിക്കുക. മിത്ര പ്രാണികള്‍ വിരിഞ്ഞു പുറത്തു വരുമ്പോള്‍ അവയെ തുറന്നു തോട്ടത്തില്‍ വിടുക.
3. വേപ്പിന്‍ കുരു സത്ത് 5%, പെരുവലം സത്ത് 10% തളിക്കുക.

നീരൂറ്റി കീടങ്ങള്‍
മീലിമൂട്ട, റേന്ത്രപത്രി, മുഞ്ഞ എന്നിവ ഇലകളുടെ അടിയില്‍ പറ്റിയിരുന്ന് നീരൂറ്റിക്കുടിച്ച് നശിപ്പിക്കും. മീലിമൂട്ട മറ്റു സസ്യഭാഗങ്ങളും ആക്രമിക്കും.
നിയന്ത്രണമാര്‍ഗ്ഗം
1. ആരംഭ ദശയില്‍ ഇവ കൂടുതലുന്ന ഇലകള്‍ നശിപ്പിക്കുക.
2. വേപ്പെണ്ണ + വെളുത്തുളളി 2% (അല്ലെങ്കില്‍ വേപ്പെണ്ണ 3%) എമല്‍ഷന്‍ തളിക്കുക.
വഴുതനയിലെ രോഗങ്ങള്‍
1. കുറ്റില രോഗം
ഇലകള്‍ കുറ്റികളായി മാറും. മൊട്ടുകള്‍ തമ്മിലുളള ഇടയകലം കുറഞ്ഞ് ചെടികളുടെ വളര്‍ച്ച മുരടിക്കും. കായ്പിടിത്തം നിലയ്ക്കും.
നിയന്ത്രണം
1. രോഗം വന്ന ചെടി പിഴുത് നശിപ്പിക്കുക.
2. രോഗവാഹകരായ ജാസിഡുകളെ വെളുത്തുളളി - വേപ്പെണ്ണ മിശ്രിതം (2%) തളിച്ച് നിയന്ത്രിക്കുക.

മുളകിലെ കീടങ്ങള്‍
എഫിഡുകള്‍, ജാസിഡുകള്‍, ത്രിപ്‌സ്, മണ്ഡരി, വെളളീച്ച എന്നിവ മുളകിനെ ആക്രമിക്കുന്ന കീടങ്ങളാണ്.
എഫിഡുകളെ നിയന്ത്രിക്കാന്‍ പുകയില കഷായം, വേപ്പെണ്ണ - വെളുത്തുളളി എമള്‍ഷന്‍ (2%) നാറ്റപൂച്ചെടി എമള്‍ഷന്‍ (10%) എന്നിവയില്‍ ഏതെങ്കിലും ഒന്ന് തളിക്കുക.
ജാസിഡുകളെ നിയന്ത്രിക്കാന്‍ കിരിയാത്ത് സത്ത് (10%) തളിക്കുക.
മണ്ഡരിയെ നിയന്ത്രിക്കാന്‍ വേപ്പെണ്ണ - വെളുത്തുളളി എമള്‍ഷന്‍ (2%) തളിക്കുക. പത്തു ദിവസത്തിലൊരിക്കല്‍ നേര്‍പ്പിച്ച കഞ്ഞിവെളളം ഇലയുടെ അടിയില്‍ തളിക്കാം.
വെളളീച്ച
വെര്‍ട്ടിസീലിയം ലക്കാനി 3 - 5 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലര്‍ത്തി തളിക്കുക. ആവണക്കെണ്ണ പുരട്ടിയ മഞ്ഞക്കെണികള്‍ വയ്ക്കുക. വെളുത്തുളളി എമള്‍ഷന്‍ 2 % തളിക്കുക.
മുളകിലെ രോഗങ്ങള്‍
1. തൈ ചീയല്‍
മണ്ണിലെ രോഗാണുക്കളെ നിയന്ത്രിക്കാന്‍ സെന്റിന് ഒരു കിലോ എന്ന കണക്കില്‍ വേപ്പിന്‍പിണ്ണാക്ക് ചേര്‍ക്കുക. ഉയര്‍ന്ന വാരങ്ങളില്‍ വേനല്‍ക്കാലത്ത് വിത്തുകള്‍ പാകണം. തവാരണകളില്‍ കുമ്മായം വിതറണം. ട്രൈക്കോഡെര്‍മ, സ്യൂഡോമോണസ്, പി.ജി.പി.ആര്‍. മിക്‌സ് - 2 എന്നിവ ഉപയോഗിക്കാം.
2. ഇലപ്പുളളി രോഗം
സ്യൂഡോമോണസ് ഫ്‌ളൂറസെന്‍സ് 2 ശതമാനമോ അല്ലെങ്കില്‍ ബോര്‍ഡോ മിശ്രിതം ഒരു ശതമാനമോ തളിക്കുക.

3. ബാക്ടീരിയല്‍ വാട്ടം
പ്രതിരോധ ശേഷിയുളള ഉജ്ജ്വല, അനുഗ്രഹ തുടങ്ങിയ ഇനങ്ങള്‍ നട്ടു പിടിപ്പിക്കുക. സ്യൂഡോമോണസ് ഫ്‌ളൂറസെന്‍സ്, പി.ജി.പി.ആര്‍ മിക്‌സ് - 2 (20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍) എന്ന തോതില്‍ 15 ദിവസത്തെ ഇടവേളകളില്‍ മണ്ണില്‍ തളിച്ചു കൊടുക്കുക. നടുന്നതിനുമുമ്പ് തൈകളുടെ വേരുകള്‍ സ്യൂഡോമോണസ് (2%) മുക്കി വയ്ക്കുക. ഈ ലായനി ഇലകളിലും തളിച്ചു കൊടുക്കുക.
4. മൊസൈക്ക് രോഗം
വൈറസ് രോഗങ്ങള്‍ പരത്തുന്നത് ഇലപ്പേനുകളാണ്. ഇവ ഇലയുടെ അടിയിലിരുന്ന് നീരൂറ്റിക്കുടിക്കുന്നതിന്റെ ഫലമായി ഇലകള്‍ കരിയുന്നു. ചെടികളുടെ വളര്‍ച്ച മുരടിച്ച് ക്രമേണ നശിക്കുന്നു. വേപ്പധിഷ്ടിത കീടനാശിനി തളിച്ചു കൊടുക്കുക. പ്രതിരോധശക്തിയുളള ഇനങ്ങളായ ഉജ്ജ്വല, പഞ്ചാബ് സാല്‍, പൂസ സദാബഹാര്‍ എന്നിവ കൃഷി ചെയ്യുക.

തക്കാളിയുടെ കീടബാധ
1. കായ്തുരപ്പന്‍
വേപ്പിന്‍ കുരു സത്ത് 5% തളിക്കുക. വേപ്പിന്‍ പിണ്ണാക്ക് സെന്റിന് കിലോ എന്ന തോതില്‍ നടീല്‍ സമയത്തും 30-45 ദിവസത്തെ ഇടവേളയിലും നല്‍കുക.

2. വെളളീച്ച
വെര്‍ട്ടിസീലിയം ലക്കാനി 3-5 ഗ്രാം ഒരു ലിറ്റര്‍ കലര്‍ത്തി തളിക്കുക. ആവണക്കെണ്ണ പുരട്ടിയ മഞ്ഞക്കെണികള്‍ സ്ഥാപിക്കുക. വെളുത്തുളളി എമള്‍ഷന്‍ 2% തളിക്കുക.

3. തൈചീയല്‍
വേപ്പിന്‍ പിണ്ണാക്ക് ഒരു കിലോ എന്ന തോതില്‍ ചേര്‍ക്കുക. തവാരണകളില്‍ കുമ്മായം വിതറുക. ട്രൈക്കോഡര്‍മ, സ്യൂഡോമോണസ് ഫ്‌ളൂറസെന്‍സ്, പി.ജിപി.ആര്‍.മിക്‌സ് - 2 എന്നിവ ഉപയോഗിക്കുക.
4. ബാക്ടീരിയല്‍ വാട്ടം
തൈകളുടെ വേരുകള്‍ 2% വീര്യമുളള സ്യൂഡോമോണസ് ലയനിയില്‍ മുക്കി വച്ചതിനുശേഷം നടുക. ഈ ലായനി ചെടികളിലും തളിക്കുക. സ്യൂഡോമോണസ് പി.ജി.പി.ആര്‍ മിക്‌സ് - 2 (20 ഗ്രാം ഒരു ലിറ്റര്‍ എന്ന തോതില്‍ 15 ദിവസത്തെ ഇടവേളകളില്‍ നല്‍കുക)

 


English Summary: Brinjal farming

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine