രോഗലക്ഷണങ്ങൾ
ഇലകളിൽ നനഞ്ഞ പാടുകൾ പ്രത്യക്ഷപ്പെടുന്നതാണ് രോഗത്തിന്റെ ആദ്യലക്ഷണം. ഈ പാടുകൾ ക്രമേണ വലുതായി കടും തവിട്ടുനിറത്തിലാകുന്നു. ഈ തവിട്ടുപാടുകളുടെ ചുറ്റും മഞ്ഞനിറവും ബാധിച്ചുകാണും.
രോഗലക്ഷണങ്ങൾ കൂടുതലായി കാണുന്ന ഇലകളുടെ അടിവശത്ത് ബാക്ടീരിയം വെളുത്ത പാടപോലെ ഉണങ്ങിപ്പിടിച്ചിരിക്കുന്നതായി കാണാം. രോഗലക്ഷണം വള്ളികളിലും കാണപ്പെടും. ഇലപൊഴിച്ചിലും അതോടൊപ്പം വള്ളിയുണക്കലും ബാധിച്ച് ചെടികൾ നശിക്കുന്നു. ജലസേചനം വഴിയും കാറ്റിൽകൂടിയും രോഗം പെട്ടെന്ന് മറ്റു വള്ളികളിലേക്ക് പടരുന്നു. ഒരു ചെടിയിൽ നിന്നും മറ്റു ചെടികളിലേക്ക്
വേഗത്തിൽ പടരുന്നതിനാൽ ഇത് വെറ്റിലക്ക്യഷിയെ ബാധിക്കുന്ന ഏറ്റവും മാരകമായ രോഗമായി കണക്കാക്കപ്പെടുന്നു.
നിയന്ത്രണ മാർഗങ്ങൾ
കരിലാഞ്ചി, കർപ്പൂരവള്ളി, തുളസി എന്നീ വെറ്റില ഇനങ്ങൾ രോഗത്തിന് കൂടുതൽ വിധേയത്വം കാണിക്കുന്നു. ബ്ലീച്ചിങ് പൗഡർ തുണിയിൽ ചെറുകിഴികളായി കെട്ടി വള്ളികളുടെ നടുവിൽ മണ്ണിൽ പതിച്ചു വെക്കുക. ഇതിലേക്ക് പത്തുസെന്റിന് 200 ഗ്രാം ബ്ലീച്ചിങ് പൗഡർ വേണ്ടി വരും.
ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം കൊണ്ട് വള്ളിച്ചുവടു നനയ്ക്കുകയും വള്ളികളിൽ തളിക്കുകയും വേണം. ഇതിനു പകരം ഫൈറ്റൊലാൻ നാലു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് ഉപയോഗിച്ചാലും മതി. വള്ളികളിൽ നിന്ന് പൊഴിഞ്ഞുവീഴുന്ന ഇലകളും രോഗലക്ഷണം കാണിക്കുന്ന ഇലകളും ശേഖരിച്ച് നശിപ്പിക്കണം.
കുമിൾനാശിനി തളിച്ച് രണ്ടാഴ്ചയ്ക്കുശേഷം സ്യൂഡോമൊണാസ് ഫ്ളൂറെസെൻസ് ഫോർമുലേഷൻ 2% വീര്യത്തിൽ തയ്യാറാക്കിയ ലായനി ചെടിയുടെ ഇലയിൽ തളിക്കുകയും, ചെടിച്ചുവട്ടിൽ ഒഴിച്ച് നനക്കുകയും വേണം.