വേസ്റ്റ് വാട്ടർ റിക്ലമേഷൻ (Waste Water Reclamation) എന്ന സാങ്കേതിക വിദ്യ ആണ് ഇവിടെ പ്രയോജനപെടുത്തുന്നത്.
അതായത് ഒരു തവണ കുളത്തിലേക്ക് ഒഴിച്ച വെള്ളം വിളവെടുപ്പ് വരെ മാറ്റാതെ അതേപടി തുടരുന്ന രീതി. ജലം റീ-സർക്കുലേറ്റ് ചെയ്തും എയറേഷൻ നൽകിയും ടാങ്കിൽ തന്നെ നിലനിർത്തുന്നു. ഈ രീതിയിൽ മീനുകൾക്ക് ഒപ്പം സൂക്ഷ്മാണുക്കളെയും വളർത്തുന്നു. മീനുകളുടെ വിസർജ്യത്തിൽ നിന്നും ഉണ്ടാകുന്ന അജൈവ നൈട്രജനെ കാർബൺ അടങ്ങിയ വസ്തുക്കൾ ചേർത്ത് ഹെറ്റെറോട്രോപിക് ബാക്ടീരിയകളുടെ സഹായത്താൽ മൈക്രോബിയൽ പ്രോട്ടീൻ ആക്കുന്നു. ഈ പ്രോട്ടീൻ മീനുകൾക്ക് ഭക്ഷണം ആകുന്നു.
ഇതിലൂടെ മത്സ്യ കർഷകരെ ഏറെ പ്രതിസന്ധിയിൽ ആക്കുന്ന തീറ്റചിലവ് കുറയ്ക്കാൻ സാധിക്കുന്നു. വളരെ കുറഞ്ഞ സ്ഥലപരിമിതിയിൽ ബയോഫ്‌ളോക് ടാങ്ക് തയ്യാറാക്കാൻ സാധിക്കും.
-
5 മീറ്റർ ഡയമീറ്ററും, 1.5 മീറ്റർ ഉയരവും ഉള്ള വൃത്താകൃതിയിലെ ടാങ്ക് നിർമിച്ചാൽ 1250 മീനുകളെ വരെ ഇതിൽ വളർത്താം.
-
ആദ്യമായി 8 എം.എം കമ്പികൾ ഉപയോഗിച്ച് ഇരുമ്പ് ചട്ടകൂട് നിർമിക്കണം.
-
ടാങ്കിന്റെ അടിഭാഗത്തു മധ്യത്തിലായി ടാങ്കിന് ഉള്ളിൽ വെള്ളം നിറക്കാനും, അധിക മാലിന്യം പുറത്തേക്ക് പോകാനും ആവശ്യമായ പ്ലംബിങ് സജ്ജീകരണം ചെയ്തിരിക്കണം.
-
പിന്നീട് ഇരുമ്പ് കൂടിന് ചുറ്റുമായി പോളിഫോം ഷീറ്റ് വിരിക്കണം . ഇരുമ്പും ജലവുമായി യാതൊരു സമ്പർക്കവും ഉണ്ടാകാതിരിക്കാൻ ആണ് ഇങ്ങനെ ചെയ്യുന്നത്.
-
അതിന് മുകളിലായി 550 ജി.എസ്.എം കനമുള്ള എച്ച്.ഡി.പി.ഇ ഷീറ്റ് വലിച്ചു കെട്ടണം.
-
എയറേഷൻ സൗകര്യവും ഒരുക്കിയിരിക്കണം. ഒപ്പം തടസ്സമില്ലാത്ത വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ ഇൻവെർട്ടർ സൗകര്യവും.
ആദ്യമായി ടാങ്കിലെ വെള്ളത്തിന്റെ ഗുണമേന്മ ഉറപ്പാക്കേണ്ടതുണ്ട്. അനാവശ്യ ബാക്ടീരിയകളെ നശിപ്പിക്കാൻ ക്ലോറിനേഷൻ നടത്താവുന്നതാണ്. ക്ലോറിനേഷൻ നടത്തുമ്പോൾ എയറേഷൻ ഉറപ്പാക്കിയിരിക്കണം.
മത്സ്യങ്ങളെ നിക്ഷേപിക്കുന്നതിന് മുൻപ് തന്നെ ടാങ്കിൽ ബയോഫ്ലോക് രൂപപ്പെടുത്തണം. പ്രോബയോട്ടിക് തയ്യാറാക്കാൻ 100 ലിറ്റർ വെള്ളത്തിൽ അരച്ചെടുത്ത കൈതച്ചക്ക, പാൽ, പഴം, ശർക്കര, തൈര് എന്നിവ ചേർത്ത് ഒരാഴ്ച കാലം എയറേഷൻ നൽകി അടച്ചു വയ്ക്കുക. പിന്നീട് ഇത് 20000 ലിറ്റർ വെള്ളം ഉള്ള ബയോഫ്‌ളോക് ടാങ്കിൽ ഒഴിക്കുക. രണ്ടാഴ്ച കൊണ്ട് തന്നെ ഇതിൽ സൂക്ഷ്മാണുക്കൾ പെറ്റ് പെരുകി ഫ്ളോക് രൂപപ്പെട്ടു തുടങ്ങും. 50-200 മൈക്രോൺ ആണ് ഫ്ളോകിന്റെ അളവ്. 10 ദിവസത്തിനു ശേഷം ടാങ്കിലെ ജലം ടെസ്റ്റ് ചെയ്തു ഗുണം ഉറപ്പ് വരുത്തിയ ശേഷം മീനുകളെ നിക്ഷേപിക്കാം. ഫ്ളോക്കിന്റെ അളവ് വർധിപ്പിക്കാൻ ഇടവിട്ട ദിവസങ്ങളിൽ ശർക്കര അലിയിച്ച വെള്ളമോ, കഞ്ഞി വെള്ളമോ ഒഴിക്കാം.
ബയോഫ്‌ളോക് കൃഷിയിൽ എറ്റവും ഉറപ്പാക്കേണ്ടത് വൈദ്യുതി ലഭ്യത ആണ്. പ്രാണവായു ഇല്ലാതെ ബാക്റ്റീരിയയ്ക്കും മത്സ്യത്തിനും ജീവിക്കാൻ ആകില്ല. 15 മിനിറ്റിൽ കൂടുതൽ വൈദ്യുതി വിച്ഛേദം ഉണ്ടായാൽ ഫ്ളോക്കും ഒപ്പം മത്സ്യങ്ങളും നശിച്ചു പോകും. അതുകൊണ്ട് തന്നെ എയർ പമ്പ് 24 മണിക്കൂറും പ്രവർത്തിപ്പിക്കണം.
ബയോഫ്‌ളോക് കൃഷി രീതിക്ക് ധാരാളം മേന്മകൾ ഉണ്ട്. കുറഞ്ഞ ചിലവിൽ വളരെ ചെറിയ സ്ഥലത്തിൽ നിർമിക്കുന്ന ടാങ്ക് 10 വർഷം വരെ തുടർച്ച ആയി ഉപയോഗിക്കാൻ സാധിക്കുന്നു. മത്സ്യങ്ങൾ ഫ്ളോക് പതിവായി കഴിക്കുന്നതിനാൽ തീറ്റ ചിലവ് കുറയുന്നു, ജല ലഭ്യത പ്രശ്നം ഉണ്ടാകുന്നില്ല. കൂടാതെ ബയോഫ്‌ളോക് ടാങ്കിൽ വളർത്തുന്ന മത്സ്യങ്ങൾക്ക് രോഗങ്ങൾ ഉണ്ടാകുന്നില്ല എന്നത് എടുത്തു പറയേണ്ടത് ആണ്. ടാങ്കിൽ വളരെ കുറച്ചു മാത്രമാണ് മാലിന്യം ഉണ്ടാകുന്നത്, ഇത് അടിഭാഗത്ത് സ്ഥാപിച്ച വാൽവ് വഴി പുറത്തേക്ക് എത്തിക്കാം, ഈ വേസ്റ്റ് മികച്ചൊരു വളമാണ്. ഇതിലൂടെ മനസിലാക്കാൻ കഴിയുന്നത് ബയോഫ്‌ളോക് കൃഷി രീതിൽ ഒന്നും തന്നെ നശിച്ചു പോകുന്നില്ല എന്നതാണ്. ഒരിക്കൽ ടാങ്കിൽ വെള്ളം നിറച്ചാൽ ആറുമാസംവരെ അതുതന്നെ ഉപയോഗിക്കുവാൻ സാധിക്കുന്നു.
നാലു മുതൽ ആറു മാസം പ്രായമെത്തുമ്പോൾ മത്സ്യ വിളവെടുപ്പ് നടത്താം. മത്സ്യകൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ ഗുണകരമായ ഒരു രീതി ആണ് ബയോഫ്‌ളോക് മത്സ്യകൃഷി.