കുലച്ച് വരുന്ന വാഴകളില്‍ ശക്തമായ കാറ്റടിക്കുമ്പോള്‍ വാഴയുടെ നടുഭാഗം വെച്ച് ഒടിഞ്ഞു പോകുന്നത് സർവ്വസാധാരണമാണ്.
വാഴയേയും കര്‍ഷകരെയും ഒരുപോലെ ബാധിക്കുന്ന ഈ ദുരിതത്തില്‍ നിന്ന് രക്ഷിക്കാന്‍ പറ്റുമോയെന്ന് ചിന്തിച്ചതിന്റെ ഫലമായാണ് Cochin University of Science and Technology യിലെ Information Technology വിഭാഗത്തിലെ Assistant professor ആയ Dr. Santhosh Kumar, പുനരുപയോഗ സാധ്യതയുള്ള കാര്‍ഷിക വിള സംരക്ഷണ ശ്യംഖല വികസിപ്പിക്കാനുള്ള ആശയത്തിന് തുടക്കമിട്ടത്.
വളരെ ലളിതമായ രീതിയില്‍ കര്‍ഷകര്‍ക്ക് തങ്ങളുടെ വാഴത്തോപ്പുകളില്‍ നടപ്പില്‍ വരുത്താവുന്ന ഈ സംവിധാനം വികസിപ്പിക്കാനായി കുസാറ്റിലെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വിഭാഗത്തിലെ മുന്‍ മേധാവിയും പ്രൊഫസറുമായ ഡോ. ബി കണ്ണനും കുട്ടനാട്ടിലെ College Of Engineering ലെ Civil Engineering വിഭാഗം മുന്‍ പ്രിന്‍സിപ്പലും പ്രൊഫസറുമായ ഡോ. എന്‍. സുനില്‍ കുമാറും പങ്കുചേര്‍ന്നു. ഇവര്‍ മൂവരും ചേര്‍ന്ന് ഈ കാര്‍ഷിക വിള സംരക്ഷണ ശ്യംഖലയ്ക്ക് രൂപകൽപന നൽകി.
പലരും കാറ്റില്‍ ഒടിയാന്‍ സാധ്യതയുള്ള വാഴകളെ കയര്‍ ഉപയോഗിച്ച് മറ്റൊരു വാഴയിലേക്കാണ് കെട്ടുന്നത്. ഞങ്ങള്‍ രൂപകല്‍പ്പന ചെയ്ത പുതിയ സംവിധാനം ഉപയോഗിച്ചാല്‍ വാഴയ്ക്ക് ഒരു പോറല്‍ പോലുമേല്‍ക്കില്ല.
ആ പ്രദേശത്ത് വീശുന്ന കാറ്റിന്റെ വേഗത മനസിലാക്കി ഡിസൈന്‍ ചെയ്യുന്നതുകൊണ്ട് വാഴത്തോട്ടത്തില്‍ കാറ്റുവീശുമ്പോള്‍ ഒരു വാഴയ്ക്കു മാത്രമായി കാറ്റ് മുഴുവന്‍ വന്നടിച്ച് വാഴകള്‍ ഒടിയുന്നത് തടയാന്‍ കഴിയും.
അതുകൂടാതെ വാഴകളെ സംരക്ഷിക്കാനായി ചുറ്റുമുള്ള ചെടികളെയും മരങ്ങളെയും വെട്ടി നശിപ്പിക്കേണ്ട ആവശ്യവുമില്ല. ഈ സംവിധാനം കര്‍ഷകര്‍ക്കിടയിലേക്ക് കൊണ്ടുവന്നപ്പോള്‍ പലര്‍ക്കും ആദ്യം ഈ രീതി ഫലപ്രദമാകുമോയെന്ന സംശയമായിരുന്നു.
പിന്നീട് വാഴത്തോട്ടത്തില്‍ ഉപയോഗിച്ചപ്പോള്‍ അവരിലെല്ലാം വിശ്വാസമുണ്ടായി' ഡോ. സന്തോഷ് തങ്ങളുടെ കണ്ടുപിടുത്തത്തിന്റെ പ്രസക്തിയെക്കുറിച്ച് സൂചിപ്പിക്കുന്നു.
പ്രകൃതിയില്‍ തന്നെ ലഭ്യമായ പദാര്‍ഥങ്ങള്‍ മാത്രമാണ് ഇത്തരമൊരു സംവിധാനം രൂപപ്പെടുത്താന്‍ ഇവര്‍ ഉപയോഗിച്ചിരിക്കുന്നത്. പാഴ് വസ്തുക്കളില്‍ നിന്ന് നിര്‍മിച്ച ഒരു കോളര്‍ ബെല്‍റ്റും വാഴപ്പോളയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ചരടുമാണ് പ്രധാന ഭാഗങ്ങള്‍.
ഈ കോളര്‍ ബെല്‍റ്റ് വാഴകളുടെ വണ്ണത്തിനനുസരിച്ച് ക്രമീകരിക്കാന്‍ കഴിയുമെന്നതാണ് സവിശേഷത. വിളകള്‍ തമ്മിലും നങ്കൂരത്തിലേക്കും വലിച്ചു കെട്ടാനായാണ് വാഴപ്പോളയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ചരടുകള്‍ ഉപയോഗിക്കുന്നത്.
മരങ്ങളുള്ള തോട്ടങ്ങളാണെങ്കില്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച് നങ്കൂരം നിര്‍മിക്കേണ്ട കാര്യമില്ല. വലിയ മരങ്ങളെ ഇതിനായി പ്രയോജനപ്പെടുത്താം.
ഓരോ പ്രദേശത്തെയും വാഴകളുടെ ഭൗതിക ഗുണങ്ങള്‍ അറിഞ്ഞ ശേഷമാണ് ഇത്തരമൊരു ഗവേഷണത്തിന് തുടക്കം കുറിച്ചത്. കൊച്ചിയിലെ ഒരു വാഴത്തോട്ടത്തിലുള്ള നേന്ത്രന്‍, ഞാലിപ്പൂവന്‍ വിഭാഗത്തിലുള്ള വാഴകളിലാണ് പഠനം നടത്തിയത്.
വാഴത്തോപ്പിലെ മണ്ണിന്റെ സ്വഭാവവും മനസിലാക്കി. കൊച്ചിയില്‍ വീശുന്ന കാറ്റിന്റെ പരമാവധി വേഗതയെപ്പറ്റിയുള്ള വിവരങ്ങളും ശേഖരിച്ച് സാധ്യതാ പഠനം നടത്തുകയായിരുന്നു ഞങ്ങള്‍. വാഴപ്പോളയില്‍ നിന്ന് വികസിപ്പിച്ച നാരിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനായി പോളിമര്‍ ടെക്‌നോളജി വിഭാഗത്തിലെ ലാബിലും പരിശോധന നടത്തി.
അതിനുശേഷം ആന്‍സിസ് (ANSYS) എന്ന software ന്റെ സഹായത്തോടെ ഈ സംവിധാനത്തിന്റെ ഉറപ്പും സ്ഥിരതയുമെല്ലാം പരീക്ഷിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് PANS കര്‍ഷകരിലെത്തിച്ചത്' തങ്ങളുടെ രണ്ടു വര്‍ഷങ്ങള്‍ നീണ്ട ഗവേഷണ ഫലത്തെക്കുറിച്ച് സന്തോഷ് വിശദമാക്കുന്നു. കാറ്റിൽ ഒടിഞ്ഞു പോകാൻ സാധ്യതയുള്ള മറ്റുള്ള ചെടികളിലും ഈ സംവിധാനം പ്രയോജനപ്പെടുത്താം.
ഇങ്ങനെയൊരു സംവിധാനം വികസിപ്പിച്ചെടുക്കുന്നതിന്റെ മുന്നോടിയായി തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള വാഴക്കര്‍ഷകരുമായി ഡോ. സന്തോഷ് വ്യക്തിപരമായി കൂടിക്കാഴ്ചകളും ചര്‍ച്ചകളുമൊക്കെ നടത്തുകയുണ്ടായി.
യഥാര്‍ഥത്തില്‍ കര്‍ഷകര്‍ക്ക് കൃഷിയില്‍ നിന്ന് ലാഭമൊന്നും നേടാനാകുന്നില്ലെന്ന് മനസിലാക്കിയപ്പോള്‍ താന്‍ കണ്ടെത്തിയ ഈ ആശയമുപയോഗിച്ച് കര്‍ഷകരുടെ സമയവും സമ്പത്തും സംരക്ഷിക്കാന്‍ കഴിയുമെന്ന ഉത്തമ വിശ്വാസം ഇദ്ദേഹത്തിനുണ്ട്.
ഒരിക്കല്‍ ഒരു തോട്ടത്തില്‍ ഉപയോഗിച്ചാല്‍ അതേ തോട്ടത്തിലോ... മറ്റൊരു തോട്ടത്തിലോ വീണ്ടും പ്രയോജനപ്പെടുത്താവുന്ന ഈ സംവിധാനം എത്രയും വില കുറച്ച് കര്‍ഷകരിലേക്കെത്തിക്കണമെന്ന ആഗ്രഹമാണ് ഇവര്‍ക്കുള്ളത്.
(കൂടുതല്‍ വിവരങ്ങള്‍ക്ക് Dr. Santosh Kumar നെ ഈ നമ്പറിൽ 9746622326 വിളിക്കാവുന്നതാണ്)