സീസണില്‍ അധികമുള്ള പച്ചപ്പുല്ല് പോഷകമൂല്യം നഷ്ടപ്പെടാതെ വായു കടക്കാത്തവിധം സൂക്ഷിച്ചു പച്ചപ്പുല്ലു കിട്ടാത്ത കാലത്തു കന്നുകാലികള്‍ക്ക് തീറ്റയായി നല്‍കാവുന്ന ഉല്‍പന്നമാണ് സൈലേജ്. തീറ്റപ്പുല്ലിന്‍റെ സംസ്കരിച്ച രൂപം എന്നുപറയാം.
സൈലേജ് എന്തിന്?
കാലാവസ്ഥാ വ്യതിയാനവും പ്രത്യേകതയും നിമിത്തം വര്‍ഷം മുഴുവനും പച്ചപ്പുല്ല് സുലഭമാകണമെന്നില്ല. അതിനാല്‍ വൈക്കോല്‍, പിണ്ണാക്ക്, കാലിത്തീറ്റ തുടങ്ങിയ മറ്റു തീറ്റകളെ ആശ്രയിക്കേണ്ടി വരികയും പാലുല്‍പാദനം ലാഭമല്ലാതാവുകയും ചെയ്യും. ഇതിന് ഒരു പരിധിവരെ പരിഹാരമാണു സൈലേജ് നിര്‍മ്മാണം. മഴക്കാലത്ത് ഈര്‍പ്പത്തോടെ സൈലേജായും വേനല്‍ക്കാലത്ത് ഉണക്കിയും തീറ്റപ്പുല്ല് സൂക്ഷിക്കാം.
ഏതൊക്കെ ഇനങ്ങൾ?
പയറുവര്‍ഗ ചെടികളും തീരെ നാരു കുറഞ്ഞു ജലാംശം കൂടിയ ഇനം ചെടികളും സൈലേജുണ്ടാക്കാന്‍ നന്നല്ല. ഇവ വേഗം അഴുകുന്നതിനാലാണിത്. ഖരാവശിഷ്ടങ്ങളും വളരെ കുറവായിരിക്കും. സങ്കര നേപ്പിയര്‍, ഗിനി, ചോളം മുതലായവ സൈലേജിന് പറ്റിയതാണ്.
പുല്ല് എപ്പോൾ മുറിക്കാം?
സാധാരണ സംസ്കരിച്ചെടുക്കുന്ന പുല്ലിനു പച്ചപ്പുല്ലിനേക്കാള്‍ മേന്മ കുറയും. അതിനാല്‍ പോഷകമൂല്യം ഉറപ്പുവരുത്താന്‍ പുല്ല് ഏറ്റവും പോഷക സമ്പന്നമായിരിക്കുന്ന സമയം വേണം മുറിക്കാന്‍. സൈലേജ് രൂപപ്പെടുത്തുന്നതു പുല്ലില്‍ തന്നെയുള്ള സൂക്ഷ്മ ജീവികളാണ്. സംസ്കരിക്കുന്ന പുല്ലിന്‍റെ പി.എച്ച്.മൂല്യം എപ്പോഴും 4-5 ആയിരിക്കണം. ക്ഷാരഗുണമാകുകയാണെങ്കില്‍ സൈലേജിന് അരുചി വരും. ഇതു കന്നുകാലിക്ക് ഇഷ്ടപ്പെടില്ല. പോഷകഗുണവും കുറയും.
എങ്ങനെ സൈലോ ഒരുക്കാം?
സൈലേജുണ്ടാക്കുന്നത് അറകളിലോ കുഴികളിലോ ആണ്. ഇവയെ സൈലോ എന്നു പറയും. പിറ്റ്, ടവര്‍, ട്രഞ്ച്, ബങ്കര്‍ എന്നിങ്ങനെ സൈലോ പല ആകൃതിയിലും വലിപ്പത്തിലുമുണ്ട്.
നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യം ട്രഞ്ച് സൈലോ ആണ്. മഴയ്ക്കു വെള്ളം കെട്ടാത്ത, അധികം ഉറവയില്ലാത്ത, ഉറച്ച മണ്ണുള്ള സ്ഥലമാണ് സൈലോ ഉണ്ടാക്കാന്‍ നന്ന്. എത്രമാത്രം പുല്ല് സൈലേജാക്കണമെന്നതനുസരിച്ച് വലുപ്പമുള്ള കുഴിയെടുക്കണം. 2.5 ടണ്‍ ശേഷിയുള്ള സൈലോയ്ക്ക് ഏകദേശം രണ്ടര മീറ്റര്‍ നീളവും ഒന്നര മീറ്റര്‍ വീതം വീതിയും താഴ്ചയും ഉണ്ടായിരിക്കണം.