കേരള കാര്‍ഷിക സര്‍വകലാശാലയിലെ Hi-tech ഗവേഷണ പരിശീലന വിഭാഗത്തിൽ ഫ്ലാറ്റിലും ചെറുവില്ലകളിലും വീട്ടിലേക്കാവശ്യമുള്ള പച്ചക്കറികള്‍ കൃഷിചെയ്യുന്നതിനുള്ള നൂതന സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഉയർന്ന ഫ്ലാറ്റുകളിൽ ജീവിക്കുന്നവർക്കു കൃഷി ചെയ്യാന്‍ മണ്ണോ ചകിരിച്ചോറോ ഉപയോഗപ്പെടുത്താൻ ബുദ്ധിമുട്ടാണ്. അവർക്കു കൃഷി ചെയ്യുന്നതിനു വെള്ളത്തെ മാത്രമേ ആശ്രയിക്കാനാകൂ. ഇതിനായി ഹൈഡ്രോപോണിക്സ് കൃഷിരീതി ഉപയോഗപ്പെടുത്താം.
ജൈവവളങ്ങളും വെള്ളത്തിൽ അലിയുന്ന രാസവളങ്ങളും ഉപയോഗിച്ചു ഹൈഡ്രോപോണിക്സ് കൃഷി ചെയ്യാം. സാധാരണ കൃഷിക്കു വേണ്ടതിന്റെ 5–10% ജലം മാത്രമേ ഈ രീതിക്ക് ആവശ്യമുള്ളൂ. വളലായനി പരിചംക്രമണം ചെയ്യുന്നതുകൊണ്ട് വളവും വെള്ളവും നഷ്ടപ്പെടാതെ പൂർണമായി ഉപയോഗിക്കാനുമാകും.
എന്താണ് ഹൈഡ്രോപോണിക്സ്?
ഹൈഡ്രോപോണിക്സ് എന്നാൽ വർക്കിങ് വാട്ടർ അഥവാ ജോലി ചെയ്യുന്ന വെള്ളം എന്നാണ്. അതായത്, വെള്ളം നമുക്കായി അധ്വാനിച്ചു ചെടികളെ പരിപോഷിപ്പിക്കുന്നു. ഇവിടെ വെള്ളവും വളവും നല്‍കുന്നതിനുള്ള മാധ്യമം വെള്ളം തന്നെ. ചെടികൾ, മണ്ണിലല്ല, വെള്ളത്തിലാണ് വളരുന്നത്. മണ്ണിൽ കൃഷിചെയ്യുമ്പോഴുള്ള നിലം ഒരുക്കല്‍, കള പറിക്കൽ, വെള്ളവും വളവും നൽകൽ, ഇടയിളക്കൽ, കാഠിന്യമുള്ള മറ്റു ജോലികൾ എന്നിവ ഹൈഡ്രോപോണിക്സിൽ ഒഴിവാക്കാം. ഓരോ ചെടിയുടെയും വേരുപടലത്തിൽ വെള്ളവും വളവും എത്തിച്ചുകൊടുക്കുന്നതുകൊണ്ടു ചെടികൾ തമ്മിൽ വെള്ളത്തിനോ വളത്തിനോവേണ്ടി മൽസരം ഉണ്ടാകുന്നില്ല. അതിനാൽ ഒരു യൂണിറ്റ് സ്ഥലത്തിൽ 10 മുതൽ 30 ശതമാനം വരെ കൂടുതൽ ചെടികൾ വളർത്താം.
ഹൈഡ്രോപോണിക്സിൽ വെള്ളം പരിചംക്രമണം ചെയ്യുന്നതിനാൽ മണ്ണിൽ കൃഷി ചെയ്യുമ്പോൾ നനയ്ക്കു പതിവ് അളവിന്റെ 5–10 ശതമാനം മാത്രമെ വേണ്ടിവരുന്നുള്ളൂ. കൂടാതെ, വെള്ളത്തിലെ വളവും വളരെ ഫലപ്രദമായി ഉപയോഗപ്പെടുത്താം. മണ്ണിൽ വളരുന്ന ചെടികളെക്കാൾ വേഗത്തിൽ വളരുന്നു. രോഗ,കീടബാധ താരതമ്യേന കുറവായിരിക്കും.
സംവിധാനം ഒരിക്കൽ സ്ഥാപിച്ചുകഴിഞ്ഞാൽ, അധ്വാനം കുറവായതിനാൽ കുട്ടികൾക്കും പ്രായമായവര്‍ക്കും, ഭിന്നശേഷിക്കാര്‍ക്കുമൊക്കെ അനായാസം നോക്കിനടത്താം. തുറസായ സ്ഥലങ്ങളിലും ഗ്രീൻഹൗസുകളിലും ഇതു ചെയ്യാനാകും. വീട്ടാവശ്യത്തിനുള്ള ചെറിയ യൂണിറ്റുകൾ മുതൽ വ്യാവസായികാവശ്യത്തിനുള്ള വലിയ യൂണിറ്റുകൾവരെ തയാറാക്കാനാവും. എന്നാല്‍ ഹൈഡ്രോപോണിക്സിനു മണ്ണിലെ കൃഷിയെക്കാള്‍ മുതൽമുടക്കണം. അതീവ ശ്രദ്ധയും ആവശ്യം. ഈ രീതിയില്‍ മുളക്, വെണ്ട, തക്കാളി, പയർ, സാലഡ് വെള്ളരി, കാപ്സിക്കം തുടങ്ങിയ പച്ചക്കറികളും ലെററ്യൂസ്, പാലക്ക്, ചീര, ബാസിൽ, ചൈനീസ് കാബേജ് തുടങ്ങിയ ഇലച്ചെടികളും കൃഷിചെയ്യുന്നതാണ്.