ലോകം മുഴുവൻ കൃഷി ചെയ്യപ്പെടുന്ന ഒരു കാർഷികവിളയാണ് കൊക്കോ. അന്തരാഷ്ട്ര വിപണിയിൽ ചോക്ലേറ്റി നുള്ള പ്രിയം എല്ലാവർക്കും അറിയാവുന്നതാണല്ലോ. അതുകൊണ്ടുതന്നെ കൊക്കോ കൃഷിയിലൂടെ ഒരു സ്ഥിരവരുമാനം ഉറപ്പിക്കാവുന്നതാണ്.
ഇടവിളയായും മുഖ്യ വിളയായും കൊക്കോ കൃഷി ചെയ്യാം. ഇടവിള എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മറ്റ് കൃഷികൾക്കിടയിൽ കൃഷി ചെയ്യാവുന്നത് എന്ന അർത്ഥത്തിലാണ്. ഉദാഹരണത്തിന് തെങ്ങിൻതോട്ടമോ കമുകിൻതോട്ടമൊ ആണെങ്കിൽ അതിനിടയിൽ ചെറിയ രീതിയിൽ ഏതാനും കൊക്കോ മരങ്ങൾ വളർത്താവുന്നതാണ്. വിലക്കുറവിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന റബ്ബർ കർഷകർക്കും കൊക്കോ കൃഷി പരീക്ഷിക്കാവുന്നതാണ്. വർഷം മുഴുവൻ 100% വിളവ് തരുന്ന ഒരു കൃഷിയാണ് കൊക്കോ കൃഷി. വർഷകാലത്ത് വെള്ളം കയറി കേടുവന്നു പോകാൻ സാധ്യതയുണ്ട് എന്നതൊഴിച്ചാൽ തികച്ചും സുരക്ഷിതമാണ് ഇത്.
പ്രധാന വിളയായി കൃഷി ചെയ്യാൻ ആണ് ഉദ്ദേശമെങ്കിൽ ഒരേക്കറിൽ നാനൂറോളം തൈകൾ നടാവുന്നതാണ്. രണ്ടു തൈകൾ തമ്മിൽ 4 മീറ്ററെങ്കിലും അകലം ആവശ്യമുണ്ട്. ചെടിയിൽ വേണ്ടത്ര സൂര്യപ്രകാശം പതിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. നീർ വാർച്ചയുള്ള മണ്ണാണ് കൊക്കോ വളരാൻ അനുയോജ്യം. ഒന്നര അടി താഴ്ചയിൽ കുഴി എടുത്തുവേണം തൈകൾ നടാൻ. ഹൈബ്രിഡ് തൈകൾ ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ കുരുക്കൾ ഓരോ കായിൽ നിന്നും ലഭിക്കും എന്ന നേട്ടമുണ്ട്.
കൊക്കോയ്ക്ക് ചാണകം നല്ലൊരു വളമായി കർഷകർ പറയാറുണ്ട്. കാര്യമായ പരിചരണം കൂടാതെ തന്നെ നല്ല വിളവ് മൂന്നുവർഷത്തിനകം കിട്ടും എന്നുള്ളത് ഇത് കൃഷി ചെയ്യാൻ പ്രേരണ നൽകുന്ന ഒരു കാര്യം. മാർക്കറ്റിൽ കൊക്കോക്ക് കിലോയ്ക്ക് ഏതാണ്ട് 200 രൂപ കിട്ടാറുണ്ട്. കൊക്കോയുടെ പുളിപ്പിച്ച് ഉണക്കിയ കുരുവിനാണ് വില കൂടുതൽ കിട്ടുക. പച്ച കുരുവും മലഞ്ചരക്ക് കടകളിൽ വിലക്ക് എടുക്കാറുണ്ട്.
വീട്ടമ്മമാർക്കും നാലോ അഞ്ചോ മരങ്ങളിലൂടെ തരക്കേടില്ലാത്ത വരുമാനം ഉറപ്പിക്കാം. അടുക്കളയിലെ ഭക്ഷ്യമാലിന്യങ്ങളും പാത്രം കഴുകിയ വെള്ളവും ഒക്കെ ഉപയോഗിച്ച് തന്നെ ചെറിയ രീതിയിൽ കൊക്കോ കൃഷി ചെയ്യാം. ഇതിൻറെ കായ്കൾ പറിച്ചെടുക്കാൻ പരസഹായം തേടേണ്ടതില്ല. പഴുത്തു തുടങ്ങുമ്പോൾ കൈകൾ കൊണ്ട് തന്നെ പഠിച്ചെടുക്കാവുന്ന ഉയരത്തിൽ മരങ്ങൾ വളർത്താൻ ശ്രദ്ധിച്ചാൽ മതി. അണ്ണാനും എലികളും കടിച്ചു പഴുത്ത പഴങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ പ്ലാസ്റ്റിക് കവറുകൾ കൊണ്ട് കെട്ടി വച്ചാൽ മതി. കായ്കളുടെ നീര് ഊറ്റിക്കുടിക്കുന്ന ചില കീടങ്ങളെ തടയാനും ഇത് സഹായിക്കും. വർഷത്തിലൊരിക്കൽ കൊമ്പുകൾ കൊതി കൊടുക്കുന്നത് വളരെ നല്ലതാണ്.
രണ്ട് കായ്കൾ പരസ്പരം അടിച്ചു പൊട്ടിക്കുന്ന രീതി അവലംബിക്കുകയാണ് നല്ലത്. എന്തായാലും കത്തികൊണ്ട് മുറിക്കുന്നത് അത്ര നല്ലതല്ല. കുരുക്കൾ എല്ലാം പുറത്തെടുത്ത് ഒരു പ്ലാസ്റ്റിക് കവറിൽ മൂന്നുദിവസം കെട്ടിവയ്ക്കുകയും അതിനുശേഷം വെയിലത്ത് നല്ലപോലെ ഉണക്കിയെടുത്ത് അടുത്തുള്ള മലഞ്ചരക്ക് കടയിൽ എത്തിച്ചാൽ മതി.
കുറെ മരങ്ങൾ ഉണ്ടെങ്കിൽ കായ്കളുടെ സംസ്കരണം കുറേക്കൂടി ശ്രദ്ധിക്കണം. അടുത്തുള്ള കൃഷി ഓഫീസിൽ നിന്നും ഇതിനുള്ള ശാസ്ത്രീയമായ നിർദ്ദേശങ്ങൾ ലഭിക്കുന്നതാണ്. പൊതുവേ രണ്ടു ഘട്ടങ്ങളിലായാണ് കൊക്കോ കുരുവിൻറെ സംസ്കരണം നടത്താറ്. അതിനെക്കുറിച്ച് വിശദമായി മറ്റൊരു ലേഖനത്തിൽ എഴുതാം.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
ഗോവൻ മദ്യം ഫെനി നിർമിക്കാൻ കശുവണ്ടി കോർപ്പറേഷൻ
നിങ്ങളുടെ കുട്ടിക്കുള്ള ഭക്ഷ്യധാന്യ കിറ്റ് കിട്ടിയോ?
വയലുടമകൾക്ക് 2000 രൂപ വാർഷിക ധനസഹായം
'സുഭിക്ഷ കേരള'ത്തിൽ ട്രാവൻകൂർ ടൈറ്റാനിയത്തിന്റെ മത്സ്യകൃഷി വിളവെടുപ്പ്
നെൽകൃഷിയുടെ സമഗ്രവികസനത്തിന് റൈസ് ടെക്നോളജി പാർക്ക്