ഒരുപാട് ഔഷധഗുണകളുള്ള ഒരു കിഴങ്ങുവിളയാണ് ഇഞ്ചി. ഔഷധ മരുന്നുനിർമ്മാണത്തിനും, ഭക്ഷണത്തിലും, ഒരുപോലെ വ്യാപകമായി ഉപയോഗിക്കുന്ന ഇവ കൃഷിചെയ്യാനുള്ള ഉചിതമായ സമയമാണിത്. ശരീരഭാരം കുറയ്ക്കാനും, സന്ധിവാതം നിയന്ത്രിക്കാനും, ആർത്തവ ലക്ഷണങ്ങൾ കുറയ്ക്കാനും സഹായകമായ ഇഞ്ചിയിൽ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. റൈസോം (തണ്ടിൻ്റെ ഭൂഗർഭ ഭാഗം) ഒരു സുഗന്ധവ്യഞ്ജനമായി സാധാരണയായി ഉപയോഗിക്കുന്ന ഭാഗമാണ് പൊതുവിൽ നമ്മളുപയോഗിക്കുന്ന ഇഞ്ചി. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് ഇഞ്ചി. ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ ഡ്രൈ സിംഗറിൻ്റെ നിർമ്മാതാവ്. രാജ്യത്തെ ഇഞ്ചി ഉൽപാദനത്തിൻ്റെ മൂന്നിലൊന്നും കയറ്റുമതി ചെയ്യുകയാണ്. ആന്ധ്രപ്രദേശ്, കർണാടക, മധ്യപ്രദേശ്, മേഘാലയ, ഒറീസ്സ, അരുണാചൽ പ്രദേശ്, പശ്ചിമ ബംഗാൾ, മിസോറാം, സിക്കിം, ഹിമാചൽ പ്രദേശ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ്, ജാർഖണ്ഡ് എന്നിവയാണ് ഇഞ്ചി വളർത്തുന്ന മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങൾ. ഇഞ്ചിയുടെ പല ഇനങ്ങളും ഇന്ത്യയിൽ വളരുന്നുണ്ട്. വലിപ്പം, നാരുകൾ, ഈർപ്പം എന്നിവയിൽ ഇനങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. കേരളത്തിൽ വയനാട് ലോക്കൽ, ഏറനാട്, കുറുപ്പമാടി, തൊടുപുഴ എന്നിവയാണ് വിവിധ ഇനങ്ങൾ. ഇഞ്ചി വളരെയെളുപ്പത്തില്‍ നമുക്ക് ഗ്രോ ബാഗിലും വളർത്തിയെടുക്കാവുന്നതാണ്.
കൃഷിരീതി
നീര്‍വാര്‍ച്ചയുള്ള (വെള്ളം കെട്ടി നില്‍ക്കാത്ത) മണ്ണാണ് ഇഞ്ചി കൃഷിക്ക് അനുയോജ്യം. ഏതാണ്ട് ആറു മാസം കൊണ്ട് നമുക്ക് വിളവെടുക്കാവുന്ന ഇഞ്ചിക്കൃഷിക്ക് രോഗ കീട വിമുക്തമായ വിത്താണ് നടേണ്ടത്. ഇഞ്ചിയുടെ നടീല്‍ വസ്തു അതിൻ്റെ ഭൂകാണ്ഡമാണ്. ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയിൽ നന്നായി വളരുന്ന ഇഞ്ചി സമുദ്രനിരപ്പിൽ നിന്ന് 1500 മീറ്റർ ഉയരത്തിൽ കൃഷി ചെയ്യുന്നു. മഴയെ ആശ്രയിച്ചും ജലസേചനം നടത്തിയും ഇഞ്ചി കൃഷി ചെയ്യാം. വിളയുടെ വിജയകരമായ കൃഷിക്ക്, ഇവ വിതച്ചു കഴിഞ്ഞു മുളയ്ക്കുന്നതുവരെ മിതമായ മഴയും, വളരുന്ന കാലഘട്ടത്തിൽ സാമാന്യം കനത്ത മഴയും വിളവെടുപ്പിന് മുൻപ് ഒരു മാസത്തോളം വരണ്ട കാലാവസ്ഥയും ആവശ്യമാണ്. വർഷാവർഷം ഒരേ മണ്ണിൽ ഇഞ്ചി വളർത്തുന്നത് അഭികാമ്യമല്ല. ഇഞ്ചിക്കൊപ്പം ചേന, ചേമ്പ്, കാച്ചിൽ, മഞ്ഞൾ തുടങ്ങിയ വിളകളും ഈ സമയത്തുതന്നെ കൃഷിചെയ്യാവുന്നതാണ്. 5.5 മുതൽ 6.5 വരെ pH ഉള്ള ആഴമേറിയതും അയഞ്ഞതുമായ മണ്ണിലാണ് ഇഞ്ചി നന്നായി വളരുന്നത്. ജൈവവളം മാത്രം ഉപയോഗിക്കുന്നതാണ് ഇഞ്ചികൃഷിക്ക് ഏറ്റവും നല്ലത്.
ഗ്രോ ബാഗിലെ ഇഞ്ചിക്കൃഷി
സ്ഥലപരിമിതിയുള്ളവർക്ക് ഇഞ്ചിവിത്ത് ഗ്രോ ബാഗിലും നടാവുന്നതാണ്. ഇത്തരത്തിൽ ഇഞ്ചി നടുന്നതിലൂടെയും നല്ല ലാഭം ഉണ്ടാക്കാൻ കഴിയും. ഗ്രോ ബാഗിൽ ഇഞ്ചി നടുമ്പോൾ കാര്യമായ കീടബാധ ഉണ്ടാകാറില്ല. രോഗ കീട വിമുക്തമായ വിത്തിഞ്ചിയാണ് നടാനെടുക്കേണ്ടത്. ഇഞ്ചിവിത്ത് 25-50 ഗ്രാം തൂക്കവും ഒന്നോ രണ്ടോ മുകുളങ്ങളുമുള്ള കഷണങ്ങളാക്കി മുറിച്ചതിനുശേഷം 0.3 ശതമാനം വീര്യമുള്ള മങ്കോസെബ് 0.2 ശതമാനം വീര്യമുള്ള ക്വിനാല്‍ഫോസ് എന്നിവ അടങ്ങിയ മിശ്രിതലായനിയില്‍ 30 മിനിട്ട് മുക്കിവച്ചശേഷം 3-4 മണിക്കൂര്‍ തണലില്‍ ഉണക്കി നടാം. മേല്‍ മണ്ണിനൊപ്പം ഉണങ്ങിയ ആട്ടിന്‍ കാഷ്ട്ടം/ചാണകപ്പൊടി ,വേപ്പിന്‍ പിണ്ണാക്ക്, എല്ല് പൊടി ഇവ ചേര്‍ക്കാം. മണ്ണ് നിറച്ച ശേഷം 3-4 ഇഞ്ചി അതില്‍ നടാം. വല്ലപ്പോഴും കുറച്ചു പച്ച ചാണകം കലക്കി ഒഴിച്ച് കൊടുക്കാം വേറെ വളപ്രയോഗം ഒന്നും ഇതിനാവശ്യമില്ല. നട്ട് 22 ദിവസം കഴിയുമ്പോൾ ഇഞ്ചിയുടെ ചെറിയ മുളകൾ കാണാം. നിലക്കടല പിണ്ണാക്കും ചാണകപ്പൊടിയും 1:1 എന്ന അനുപാതത്തിൽ നേർപ്പിച്ച മിശ്രിതം ചേർക്കുക. ഇത്തരത്തിലുള്ള കൃഷിയിൽ നമ്മൾ ഉപയോഗിക്കുന്ന ഒരേയൊരു വളം ഇതാണ്. ഇഞ്ചി നട്ട് ഏഴെട്ടുമാസം പ്രായമാകുന്നതോടെ അവയുടെ ഇലകളും തണ്ടുകളും ഉണങ്ങി തുടങ്ങുന്നു. അതാണ് വിളവെടുപ്പിന് അനുകൂല സമയം. ഇലകളും തണ്ടുകളും പൂർണ്ണമായും ഉണങ്ങുന്നതോടെ വിളവെടുപ്പ് ആരംഭിക്കാം.