ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ശ്രീലങ്കയിലുമുള്ള നനവാർന്ന നിത്യഹരിത വനങ്ങളിൽ കാണുന്നു. തോട്ടുപുളി, പിണമ്പുളി, വടുകപ്പുളി, മരപ്പുളി, വടക്കൻ പുളി എന്നീ പ്രാദേശിക നാമങ്ങളിൽ അറിയപ്പെടുന്ന സുഗന്ധവ്യഞ്ജന സസ്യമാണ് കുടമ്പുളി. ആയുഃവ്വേദത്തിലും ഭക്ഷണത്തിലും കുടമ്പുളി ഉപയോഗിക്കുന്നു. പശ്ചിമഘട്ടത്തിൽ വ്യാപകമായി കാണുന്നതും ഏകദേശം 12 മീറ്റർ ഉയരത്തിൽ വളരുന്നതുമായ സസ്യമാണ് കുടമ്പുളി. മലയാളികൾ പ്രധാനമായും മധ്യതിരുവിതാംകൂർകാർ കറികളിൽ പ്രത്യേകിച്ച് മീൻകറിയിലും ചെമ്മീൻ കറിയിലും കുടമ്പുളി ഉപയോഗിക്കുന്നു.
സസ്യ വിശേഷങ്ങൾ:
സഹ്യപർവ്വതത്തിൽ ധാരാളം കണ്ടുവരുന്ന കുടമ്പുളിക്ക് 10-20 മീറ്റർ ഉയരമുണ്ട്. കുടമ്പുളി ഫലം സംസ്കരിച്ച് പുളിക്ക് പകരമായി ഉപയോഗിക്കാം. കേരളത്തിന്റെ മധ്യതിരുവിതാംകൂർ പ്രദേശങ്ങളിൽ ഭക്ഷണത്തിന് ഒഴിവാക്കാനാകാത്തതായതിനാൽ വൻ തോതിൽ കൃഷിചെയ്ത് വരുന്നു. ഇവയുടെ എല്ലാ ഭാഗത്തും മഞ്ഞനിറത്തിലുള്ള കറയുണ്ട്.
ആയുഃർവേദ പ്രയോഗങ്ങൾ:
വേരിലെ തൊലി, ഫലമജ്ജ, തൈലം എന്നിവയാണ് ഔഷധ യോഗ്യമായ സസ്യ ഭാഗങ്ങൾ.
കുടമ്പുളി വാതം, കഫം എന്നിവ ശമിപ്പിക്കും.
കുടമ്പുളിയുടെ ഉപയോഗത്താൽ ശരീരത്തിന്റെ ചുട്ടുനീറ്റൽ, ദാഹം എന്നിവ കുറയ്ക്കുന്നു.
കുടമ്പുളി ദഹനം വർധിപ്പിക്കും. ഗുൽമം, അർശ്ശസ്സ്, രക്തവാർച്ച എന്നിവ കുറയ്ക്കുന്നു.
ഉദര രോഗം കുറയ്ക്കാനും മലബന്ധം വർദ്ധിക്കാനും ഗ്രഹണിക്കു ശമനം ഉണ്ടാക്കാനും കുടമ്പുളി സത്ത് ഉത്തമമാണ്.
കായ്കളിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഹൈഡ്രോക്സി സിട്രിക് ആസിഡിന് അമിത വണ്ണം കുറയ്ക്കാൻ കഴിയുന്നു.
പ്രസവ രക്ഷയ്ക്കും വാദരോഗത്തിനും കുടമ്പുളിയുടെ പുറംതൊലി കഷായം ഉപയോഗിക്കാവുന്നതാണ്.
വിവിധ ഇനങ്ങൾ:
കുടമ്പുളി സധാരണയായി കാണുന്ന തരത്തിലാണുള്ളത്. സാധാരണ ഇനം കൂടാതെ ഗ്രാഫ്റ്റ് / ബഡ്ഡ് തൈകളും കാണാറുണ്ട്. വിപണിമൂല്യം കൂടിയതിനാൽ കേരള കാർഷിക സർവ്വകലാശാല കോട്ടയം ജില്ലയിലെ കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടത്തിയ ഗവേഷണ ഫലമായി അത്യുൽപ്പാദന ശേഷിയുള്ള ഇനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
സാധാരണ കുടമ്പുളി:
സാധാരണ കുടമ്പുളി ഏകദേശം 10-20 മീറ്റർ വരെ നീളമുള്ളതും ശാഖോപശാഖകളോട് കൂടി കാണപ്പെടുന്നു. കുടമ്പുളിപ്പഴം മറ്റിനങ്ങളേക്കാൾ വലുപ്പം കുറവാണ്. ഏതാണ്ട് 60 വർഷത്തോളം ആയുസ്സുണ്ട്. ഉരുണ്ട ആകൃതിയുള്ള പഴങ്ങൾ പഴുക്കുമ്പോൾ മഞ്ഞ നിറവും മൃദുവും ആകും. വർഷത്തിൽ ശരാശരി 10 കിലോ പുളി ലഭ്യമാകും. വെള്ളക്കെട്ടുള്ളിടത്തും ചതുപ്പുകളിലും താഴ്ന്ന പ്രദേശങ്ങളിലും നടാവുന്നതാണ്.
അമൃതം:
കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത പന്ത്രണ്ട് മീറ്ററോളം ഉയരത്തിൽ വളരുന്ന അത്യുൽപ്പാദനശേഷി കൂടിയ ഇനമാണ് അമൃതം. ഉണങ്ങിയ കുടമ്പുളി കൂടുതൽ ലഭ്യമാക്കുന്ന ഇനമായതിനാൽ കൂടുതൽ വ്യാവസായികമായി കൃഷിചെയ്തുവരുന്നു. 10 വർഷം പ്രായമായ ഒരു വൃക്ഷത്തിൽ നിന്നും ശരാശരി 16 കിലോ ഉണങ്ങിയ പുളി വർഷത്തിൽ ലഭിക്കും. കായ്കൾക്ക് ശരാശരി 100 ഗ്രാം ഭാരവുമുണ്ടാകും. ഉരുണ്ട ആകൃതിയുള്ള പഴങ്ങൾ പഴുക്കുമ്പോൾ മഞ്ഞ നിറവും മൃദുവും ആകും. വെള്ളക്കെട്ടുള്ളിടത്തും ചതുപ്പുകളിലും താഴ്ന്ന പ്രദേശങ്ങളിലും കൃഷി ചെയ്യാവുന്നതാണ്. തെങ്ങിന്തൊപ്പുകളിലും ഇടവിളയായി കൃഷി ചെയ്യാം.
ഹരിതം:
ആറുമീറ്റർ ശരാശരി ഉയരത്തിൽ വളരുന്ന അത്യുൽപ്പാദനശേഷി കൂടിയ ഇനമാണ് ഹരിതം. ഗാർഹിക ആവശ്യങ്ങൾക്ക് അനുയോജ്യമായ ഉയരം കുറഞ്ഞ കുടമ്പുളി ഇനമാണ് ഹരിതം. പുളിക്ക് ഗുണമേന്മ കൂടുതലുമാണ്. 10 വർഷം പ്രായമായ ഒരു വൃക്ഷത്തിൽ നിന്നും ശരാശരി 10 കിലോ ഉണങ്ങിയ പുളി വർഷത്തിൽ ലഭിക്കും. കായ്കൾക്ക് ശരാശരി 100 ഗ്രാം ഭാരവുമുണ്ടാകും. ഉരുണ്ട ആകൃതിയുള്ള പഴങ്ങൾ പഴുക്കുമ്പോൾ ആകർഷകമായ മഞ്ഞ നിറവും മൃദുത്വവും ഉണ്ടാകും. കൃഷി ചെയ്യാൻ കുറച്ച് സ്ഥലം മതിയെന്ന പ്രത്യേകതയുമുണ്ട്.
കുടമ്പുളി – ബഡ്ഡ് / ഗ്രാഫ്ട്:
കുടമ്പുളി – ബഡ്ഡ് / ഗ്രാഫ്ട് ഏകദേശം 6-8 മീറ്റർ വരെ നീളമുള്ളതും ശാഖോപശാഖകളോട് കൂടി കാണപ്പെടുന്നതുമാണ്. എല്ലായിനം കുടമ്പുളിയും ബഡ്ഡ് / ഗ്രാഫ്ട് ചെയ്യാവുന്നതാണ്. അവയുടെ മാതൃഗുണം കൂടുതലായിരിക്കും. ബഡ്ഡ് / ഗ്രാഫ്ട് ചെയ്യാനെടുക്കുന്ന കുടമ്പുളി മരത്തിന്റെ വലുപ്പത്തേക്കാൾ ചെറുതും ധാരാളം ശാഖകളും ബഡ്ഡ് / ഗ്രാഫ്ട് ഇനത്തിനുണ്ടാവും. സധാരണ കുടമ്പുളി മരത്തേക്കാൾ കൂടുതൽ ഫലം ലഭിക്കും. ഏതാണ്ട് 30-40 വർഷത്തോളം ആയുസ്സുണ്ട്.
പരാഗണവും വിതരണവും:
തേനീച്ച, കാറ്റ്, പൂമ്പാറ്റ, മറ്റ് ഈച്ചകൾ എന്നിവയുടെ സഹായത്താലും, സ്വപരാഗണത്താലും പരാഗണം നടക്കുന്നു.
പക്ഷികൾ, അണ്ണാൻ, എലി, കുരങ്ങ് എന്നിവ മുഖേനെ വിത്ത് വിതരണം നടക്കുന്നു.
കായ്ക്കുള്ളിലാണ് വിത്തുകൾ കാണുന്നത്. ഒരു കായിൽ 6-8 വരെ വിത്തുകൾ കാണും. മൂപ്പെത്തിയ വിത്തു നട്ടും പുതിയ തൈകൾ ഉണ്ടാവുന്നതാണ്. ആധുനിക ഗ്രാഫ്റ്റിംഗ്, ബഡ്ഡിംഗ് രീതികളിൽ കൂടുതൽ മെച്ചപ്പെട്ട തൈകൾ ഉത്പാദിപ്പിക്കുന്നുണ്ട്.
ഉത്പാദനവും വളപ്രയോഗവും വിളവെടുക്കലും:
വിത്ത് / വിത്തുതൈ തെരഞ്ഞെടുക്കൽ:
പഴുത്ത കുടമ്പുളി കായ്കൾ ശേഖരിച്ച് ഉള്ളിലെ മാംസള ഭാഗം നീക്കി ഉണക്കിയ ശേഷം നടാനുപയോഗിക്കാവുന്നതാണ്. വിത്തിന് പുനരുത്ഭവ ശേഷി കൂടുതലാണ്. ഒരു ഫലത്തിനുള്ളിൽ 6-8 വരെ വിത്തുകൾ കാണാറുണ്ട്. നല്ല വലുപ്പമുള്ള വിത്ത് തെരഞ്ഞെടുത്ത് നട്ടാണ് സധാരണ നിലയിൽ പുതിയ തൈകൾ ഉണ്ടാക്കുന്നത്. ജൂലയ്, ഒക്ടോബർ മാസങ്ങളാണ് തൈ നടാൻ കൂടുതൽ അനുയോജ്യം. ചെറിയ പോളിത്തീൻ കവറുകളിൽ മണ്ണും ഇലപ്പൊടിയും ചാണകവും മണലും തുല്യ അളവിൽ കലർത്തി നനച്ചശേഷം വിത്ത് നട്ടാൽ മുളയ്ക്കുന്നതാണ്. സാധാരണ നിലയിൽ നനവുണ്ടെങ്കിൽ പോലും സാവധാനം മുളപൊട്ടുകയും വളരുകയും ചെയ്യുകയാണ് പതിവ്. മുളപൊട്ടാൻ 5-7 മാസങ്ങൾ വേണ്ടിവരും. ആയതിന് ശേഷം ഒന്നുരണ്ടു മാസം നനച്ച് സൂക്ഷിച്ച ശേഷം മൂന്നുനാലു ഇലപൊട്ടിയ ശേഷം കുഴികളിൽ നടാവുന്നതാണ്. ചൂടുകാലത്ത് രണ്ട് നേരം നനയ്ക്കണം. തൈകൾ തമ്മിൽ 7 മീറ്റർ അകലത്തിലാണ് നടേണ്ടത്.
അലൈംഗിക പ്രജനന രീതിയായ ഗ്രാഫ്റ്റിംഗ്, ബഡ്ഡിംഗ് രീതികളിൽ കൂടുതൽ മെച്ചപ്പെട്ട തൈ നിർമ്മിക്കാവുന്നതാണ്. ഓഗസ്റ്റ് - സെപ്തംബർ മാസത്തിലോ ഡിസംബർ - ജനുവരി മാസത്തിലോ മാതൃ വൃക്ഷത്തിന്റെ മുകുളം സ്റ്റോക്ക് ചെടിയിൽ ഒട്ടിച്ച് ബഡ്ഡിംഗ് നടത്തുകയും മുകുളത്തിന് മുളവരുന്നമുറയ്ക്ക് മുളപ്പിൽ ചുറ്റിയ പോളിത്തീൻ ആവരണം മാറ്റി ഒന്നുരണ്ട്മാസം നനച്ച് സൂക്ഷിച്ച ശേഷം കുഴികളിൽ നടാവുന്നതാണ്. ചൂടുകാലത്ത് രണ്ട് നേരം നനയ്ക്കണം. ബഡ്ഡ് തൈകൾ 4 മീറ്റർ അകലത്തിലാണ് നടേണ്ടത്.
മണ്ണൊരുക്കലും, നടീൽ രീതിയും:
തനിവിളയായും ദീർഘകാല ഇടവിളയായി തെങ്ങ്, കവുങ്ങ് തോട്ടങ്ങളിലും കുറ്റമ്പുളി മരങ്ങൾ നടാവുന്നതാണ്. സമതലം മുതൽ കുന്നിൻ ചരുവുകളിൽ വരെ കൃഷി ചെയ്യാവുന്നതാണ്. ഏതു തരം മണ്ണും വളരാൻ അനുയോജ്യമെങ്കിലും മണൽ നിറഞ്ഞ എക്കൽ മണ്ണിൽ വളരുന്നത് കൂടുതൽ വിളവ് നൽകും. ഏതുസമയത്തും കുടമ്പുളി മരത്തൈകൾ നടാമെങ്കിലും മഴക്കാല ആരംഭത്തിൽ നട്ടാൽ നനയ്ക്കൽ കാര്യമായി ഒഴിവാക്കാം. നല്ല പ്രകാശം ലഭിക്കുന്നതും നനവുള്ളതും ചെറുതായി അംമ്ള ഗുണമുള്ളതുമായ മണ്ണാണ് തൈ നടാൻ കൂടുതൽ അനുയോജ്യം. 75 സെ. മീ. നീളം, 75 സെ. മീ. വീതി, 75 സെ. മീ. താഴ്ച എന്നീ കണക്കിൽ കുഴിയെടുത്തശേഷം കുഴിയുടെ മധ്യഭാഗത്ത് ചരിയാതേയും, കവർ നീക്കുമ്പോൾ വേരിന് ക്ഷതം തട്ടാതേയും കവറിലെ മൺ നിരപ്പിന് താഴാതേയും വേണം തൈകൾ നടേണ്ടത്. തൈ കുഴിയിൽ വച്ചശേഷം മേൽമണ്ണ്, ഇലപ്പൊടി, ചാണകം/കമ്പോസ്റ്റ് എന്നിവ തുല്യ അളവിൽ കുഴി നിറയ്ക്കണം. പുഴയോരത്തും കൈത്തോടുകളുടെ കരയിലും നടാവുന്നതാണ്. ബഡ്ഡ്, ഗ്രാഫ്റ്റ് തൈകൾ നടുമ്പോൾ ബഡ്ഡ്, ഗ്രാഫ്റ്റ് മുളകൾ മണ്ണിനു മുകളിൽ നാലഞ്ച് ഇഞ്ചെങ്കിലും കുറഞ്ഞ ഉയരത്തിലാകണം നടേണ്ടത്. കൂടാതെ അത്തരം മുളകൾ ഒഴികെയുള്ള മുളകൾ നശിപ്പിക്കുകയും ചെയ്യണം.
വളപ്രയോഗം, ജലസേചനം:
ഒരുവർഷം പ്രായമായ തൈകൾക്ക് വേരിന് ക്ഷതം വരാതെ അരമീറ്റർ അകലത്തിൽ കുടമ്പുളിമരത്തിനെ ചുറ്റി കുഴിയെടുത്ത് അതിൽ 10 കിലോ കമ്പോസ്റ്റ്, ചാണകം എന്നിവയോ 250 ഗ്രാം എല്ലുപൊടി എന്നിവ ചേർത്ത് കുഴി നിറയ്ക്കണം. 15 വർഷം വരേയുള്ള കാലയളവുകളിൽ വളം വളർച്ചാ നിരക്കിനനുസരിച്ച് 50 കിലോ ഗ്രാം ലഭ്യമാകുന്ന തരത്തിൽ നൽകാവുന്നതാണ്. എൻ.പി.കെ മിശ്രിതം ആദ്യവർഷത്തിൽ 45 ഗ്രാം യൂറിയ, 120 ഗ്രാം സൂപ്പർ ഫോസ്ഫേറ്റ്, 80 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ നൽകണം. അളവ് വർദ്ദിപ്പിച്ച് 15 വർഷമാകുമ്പോൾ 1.1 ഗ്രാം യൂറിയ, 150 ഗ്രാം സൂപ്പർ ഫോസ്ഫേറ്റ്, 1.5 കിലോ ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവയും തുല്യ ഗഡുവായി മേയ് സെപ്റ്റംബർ മാസങ്ങളിൽ നൽകണം.
വളർന്നുകഴിഞ്ഞാൽ കാര്യമായ നനവ് വേണ്ടുന്ന മരമാണ് കുടമ്പുളി. ചൂടുകാലത്ത് ഇലപൊഴിക്കുന്ന സ്വഭാവം ശ്രദ്ധയിൽപ്പെട്ടാൽ ദിവസവും മുടങ്ങാതെ വെള്ളമൊഴിച്ച് നനവ് നിലനിർത്തേണ്ടതുമാണ്. കൂടാതെ തടങ്ങളിൽ പുതയായി ഉണങ്ങിയ ഇലകളോ മറ്റു ചപ്പുചവറുകളോ ഉപയോഗിച്ച് നനവ് നിലനിർത്താവുന്നതാണ്. തൈ നട്ട് രണ്ടുമൂന്ന് വർഷം വരെ പുതയിടലും വേരുകൾക്ക് ക്ഷതമേൽക്കാതെ സംരക്ഷിച്ചും നിർത്തുന്നതോടൊപ്പം കളകൾ മാറ്റുക കൂടി ചെയ്താൽ കൂടുതൽ വിളവുലഭിക്കും. 7-8 വർഷത്തിനുള്ളിൽ 7-12 മീറ്റർ ഉയരമെത്തുകയും ചെയ്യും കായ്ഫലം നന്നായി ലഭ്യമാകുകയും ചെയ്യും. ലയർ തൈകൾ 4-5 വർഷങ്ങൾക്കുള്ളിൽ ഫലം ലഭ്യമാക്കിത്തുടങ്ങും.
വിളവ് ലഭ്യത:
കുടമ്പുളിവിത്ത് തൈകൾ 10-12 വർഷം കൊണ്ട് കായഫലം ലഭ്യമാക്കുമ്പോൾ ഗ്രാഫ്റ്റ് തൈകൾ മൂന്നാം വർഷം മുതൽ കായ്ച്ചുതുടങ്ങും പൂർണ്ണ കായ്ഫലം ആകുന്നത് 12-15 വർഷം ആകുമ്പോഴാണ്. ജനുവരി – മാർച്ച് മാസങ്ങളിൽ പൂവിടുന്ന കുടമ്പുളി ജൂലൈ മാസങ്ങളിൽ പാകമാകും. പലപ്പോഴും മറ്റു സീസണുകളിൽ കായ്കുകയും ചെയ്യാറുണ്ട്. മൂപ്പെത്തിയ പഴുത്ത കായ്കൾ ശേഖരിച്ച് ഉള്ളിലെ മാംസള ഭാഗവും വിത്തുകളും നീക്കി പുറന്തോട് വേർതിരിക്കണം. ആയത് നല്ല വെയിലിൽ ഉണക്കിയ ശേഷം പുക കൊള്ളിക്കുകയും വേണം. ഇങ്ങനെ ഉണക്കിയ പുളിയിൽ ഒരു കിലോയ്ക്ക് 150 ഗ്രാം ഉപ്പ്, 50 മില്ലി. ലിറ്റർ വെളിച്ചെണ്ണ എന്നിവ ചേർത്ത്
രോഗങ്ങളും രോഗ നിവാരണവും :
കാര്യമായ രോഗ ബാധയില്ലാത്ത സസ്യമാണ് കുടമ്പുളി.
രോഗം: കൊമ്പുണക്കം (ഡൈ ബാക്ക്)
ലക്ഷണം: കുടമ്പുളി മരത്തിന്റെ മരച്ചില്ലകൾക്ക് ചെറുതായി വാട്ടം കാണുകയും ഇലകൊഴിഞ്ഞ് ഉണങ്ങിപ്പോകുകയും ചെയ്യുന്നു.
പ്രതിവിധി: ഉണങ്ങിയ ചില്ലകൾ മാറ്റി മുറിപ്പാടിൽ ബോർഡോ മിശ്രിതം പുരട്ടി രോഗ നിവാരണം നടത്താം.
കീടങ്ങളും കീട നിവാരണവും :
കീടം: ഇല തുള്ളൻ
ലക്ഷണം: ശലഭ വിഭാഗത്തിൽപ്പെടുന്ന ഇവ ഇലകളിൽ മുട്ടയിട്ട് പെരുകുന്നു. ഇവയുടെ ലാർവ്വ തളിരിലകൾ തിന്ന് നശിപ്പിക്കുന്നു.
നിവാരണം: 0.1% കാർബാറിലോ, 0.1% മാലത്തിയോൺ ഇവയിലേതെങ്കിലും പൂക്കുന്ന സമയത്ത് തളിച്ചാൽ ഈ കീടത്തെ നിയന്ത്രിക്കാം.
കീടം: ഇല വണ്ട്
ലക്ഷണം: വണ്ട് വർഗ്ഗത്തിൽപ്പെടുന്ന ഇവ ഇലകളിൽ കൂട്ടമായും ഒറ്റയ്ക്കും എത്തുന്നു. ഇവ തളിരിലകൾ തിന്ന് നശിപ്പിക്കുന്നു.
നിവാരണം: 0.1% കാർബാറിലോ, 0.1% മാലത്തിയോൺ ഇവയിലേതെങ്കിലും പൂക്കുന്ന സമയത്ത് തളിച്ചാൽ ഈ കീടത്തെ നിയന്ത്രിക്കാം. പെരുവല കാന്താരി മുളക് പ്രയോഗങ്ങൾ, പുകയില കഷായം എന്നിവ കീടനിയന്ത്രണത്തിന് അത്യുത്തമമാണ്.
കീടം: തണ്ടുതുരപ്പൻ പുഴു (ഇൻഡർബെല്ല ടെട്രോണിസ്)
ലക്ഷണം: കാണ്ഡഭാഗത്ത് തണ്ടുതുരപ്പൻ പുഴുസുഷിരങ്ങൾ ഉണ്ടാക്കുന്നു. ഈ സുഷിരങ്ങൾ വഴി അകത്തു കടന്ന് ഉൾഭാഗം ഭക്ഷിക്കുന്നു. സുഷിരങ്ങളിലൂടെ വിസർജ്യം പുറത്തേക്ക് ഒഴുകുന്നത് ഇതിന്റെ സന്നിദ്ധ്യം ഉറപ്പിക്കാം. ഇലചുരുളൽ, നിറം മാറ്റം, തണ്ട് ചീയൽ എന്നിവ കീടാക്രമണത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.
നിവാരണം: 125 മി. ലിറ്റർ ക്രൂഡ് കാർബോളിക്കാസിഡ്, 1 കി. ഗ്രാം അലക്ക് സോപ്പ് എന്നിവ 3.5 മി. ലിറ്റർ ചൂടുവെള്ളം ചേർത്ത് കുഴമ്പാക്കി ദ്വാരത്തിലടച്ചോ, ദ്വാരം വലുതാക്കി അലൂമിനിയം ഫോസ്ഫൈഡ് ഗുളിക നിക്ഷേപിച്ചോ ഇവയെ നശിപ്പിക്കാം.
കീടം: ഇലപ്പേൻ
ലക്ഷണം: കുടമ്പുളിയുടെ ഇലകൾ, ഇളം തണ്ട് എന്നിവയിൽ കൂട്ടമായി കാണപ്പെടുന്ന കീടാണുവാണ് ഇലപ്പേൻ / ഏഫിഡ്. ഇവ ഇലകളുടെ ചുവട്ടിലും ഇളംതണ്ടിലും കൂട്ടമായിരുന്ന് നീരൂറ്റിക്കുടിക്കുന്നു. ഇക്കാരണത്താൽ ഇലകൾ, ഇളം തണ്ട് എന്നിവ വാടിയതായി കാണുന്നു.
നിവാരണം: ജൈവ കീടനാശിനിയായ പെരുവല കാന്താരി മുളക് പ്രയോഗങ്ങൾ, പുകയിലക്കഷായം എന്നിവ പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് അതിൽ അത്രയും കാന്താരി മുളക് അരച്ച് ചേർത്ത് ഉപയോഗിക്കാം. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്. 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം.
കീടം: ചിതൽ
ലക്ഷണം: തറയിൽ അങ്ങിങ്ങായും തടിചുവട്ടിലും ചിതൽ പുറ്റുകളോ, മൺ വട്ടങ്ങളോ കാണുന്നതാണ് ചിതലിന്റെ ലക്ഷണം. മണ്ണിൽ ചാണകം, കമ്പോസ്റ്റ്, ഉണങ്ങിയ ഇലകളും തടികളും ഒക്കെയാണ് ഇവയുടെ വളർച്ചയെ സ്വാധീനിക്കുന്ന വസ്തുക്കൾ. ചെറിയ നനവ് ഇവയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു.
നിവാരണം: കൃഷിയിടം വൃത്തിയായി സൂക്ഷിക്കുന്നതാണ് ശ്രദ്ധേയമായ ഏക മാർഗ്ഗം. ചിതൽ സാന്നിദ്ധ്യം ശ്രദ്ധയിൽപ്പെട്ടാൽ ചാണകം, കമ്പോസ്റ്റ്, ഉണങ്ങിയ ഇലകൾ തടികൾ മുതലായവ നീക്കം ചെയ്യുന്നത് നല്ലതാണ്. മണ്ണെണ്ണ - സോപ്പ് ലായനിയാണ് ചിതലുകൾക്ക് എതിരെ പ്രയോഗിക്കവുന്ന കീടനിവാരണ മാർഗ്ഗം. 500 മി. ലിറ്റർ വെള്ളത്തിൽ 50 ഗ്രാം ബാർസോപ്പ് വെള്ളത്തിലിട്ട് തിളപ്പിക്കുക. തണുത്തശേഷം 1000 മി. ലിറ്റർ മണ്ണെണ്ണ ചേർത്തിളക്കിയാൽ മണ്ണെണ്ണ സോപ്പ് ലായനി തയ്യാർ. ഇതിൽ 15 ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ചശേഷം കീടനാശിനിയായി ഉപയോഗിക്കാവുന്നതാണ്. തടിയിൽ ചിതലിന്റെ ആക്രമണമുണ്ടായാൽ ആ ഭാഗത്തെ ചിതൽ മണ്ണ് മാറ്റിയശേഷം കുമ്മായപ്പൊടിയോ തുരിശോ തേയ്ച്ച് പിടിപ്പിച്ചും അവയെ നിയന്ത്രിക്കാവുന്നതാണ്.
കീടം: ശൽക്ക കീടം
ലക്ഷണം: ഇളം കുടമ്പുളി മരങ്ങളേയാണ് കൂടുതൽ ആക്രമിക്കുന്നത്. ഇലചുരുളൽ, നിറം മാറ്റം, തണ്ട് ചീയൽ, ചെറുശാഖകൾ ഉണങ്ങൽ എന്നിവ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്.
നിവാരണം: 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം. കൂടാതെ ജൈവ കീടനാശിനിയായ പെരുവല- കൊങ്ങിണി പ്രയോഗങ്ങൾ, പുകയിലക്കഷായം, പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം. കൊങ്ങിണിച്ചെടി സമൂലം ചതച്ച് പിഴിഞ്ഞ് അഞ്ചിരട്ടി വെള്ളം ചേർത്ത് തളിച്ചും ഇവയെ നശിപ്പിക്കാവുന്നതാണ്. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്.
മറ്റുപ്രത്യേകതകൾ:
ഇന്ത്യയിൽ പ്രത്യേകിച്ച് സഹ്യപർവ്വതത്തിൽ മാത്രം കണ്ടുവരുന്ന പുളിയാണ് കുടമ്പുളി.
ചതുപ്പ് നിലങ്ങളിലും തോപ്പുകളിലും കുന്നിൻചരിവുകളിലും സമതലങ്ങളിലും നന്നായി വളരുന്ന വൃക്ഷമാണ് കുടമ്പുളി.
കുടമ്പുളി കൃഷി ചെയ്യാൻ കർഷകർ മടിക്കുന്നതിനുള്ള പ്രധാന കാരണം വിത്തുമുളയ്ക്കാനുള്ള താമസവും ആൺ-പെൺ ചെടികളെ തിരിച്ചറിയാനുള്ള കാലതാമസവും കായ്ക്കാനുള്ള കാലതാമസവുമാണ്.
കുടമ്പുളി വിത്ത് മുളയ്ക്കാൻ 5 മുതൽ 7 വരെ മാസമുള്ള ദീർഘ കാലയളവുണ്ട്.
കുടമ്പുളി വിത്ത് തൈകളിൽ നിന്നും കായ്കളുണ്ടാകാൻ 10-12 വർഷം എടുക്കാറുണ്ട്.
കുടമ്പുളി വിത്തുതൈകളിൽ 60% തൈകളും ആൺ ചെടികളാകാനാണ് സാധ്യത.
കുടമ്പുളി ഗ്രാഫ്റ്റ് തൈകൾ മൂന്നാം വർഷം മുതൽ കായ്ഫലം നൽകുന്നതിനാൽ കർഷകർക്ക് ഇതിനോട് കൂടുതൽ ആഭിമുഖ്യം കാണിക്കാറുണ്ട്.
സ്വര്‍ണവും വെള്ളിയും പോളിഷ് ചെയ്യുവാനും ഉണങ്ങിയ കുടംപുളി ഉപയോഗിക്കാറുണ്ട്.
വെയിലിലും പുകയിലും മാറിമാറി ഉണക്കിയാണ് കുടമ്പുളി സംസ്കരിക്കുന്നത്.
കുടമ്പുളിയിൽ ഉപ്പും വെളിച്ചെണ്ണയും ഉപയോഗിക്കുന്നത് മൃദുത്വം കിട്ടാനും നിറം ലഭിക്കാനും കുമിൾ ബാധ ഒഴിവാക്കാനുമാണ്.
വിപണി സാധ്യത ചൂഷണം ചെയ്യാൻ കുടമ്പുലിയിൽ മുട്ടിപ്പഴ (മുട്ടിക്കായ്പ്പൻ) തോട് ഉണക്കി മായമായി ചേർക്കാറുണ്ട്.
കുടമ്പുളി അൽപ്പം പല്ലിൽ കൊള്ളിച്ച് കടിച്ചാൽ പല്ലിൽ മഞ്ഞ പശ ഒട്ടുന്നതായും നിറം പറ്റിയിരിക്കുന്നതും കാണാം. ഇങ്ങനെ പരിശോധിച്ച് കലർപ്പ് തിരിച്ചറിയാം.
അലങ്കാര വൃക്ഷമായി പാർക്കുകളിലും മൈതാനങ്ങളിലും പൂന്തോട്ട വൃക്ഷമായി വീട്ടുവളപ്പിലും കുടമ്പുളി നട്ടുവളർത്താവുന്നതാണ്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ജൈവ ഘടികാരം സസ്യങ്ങൾക്കുമുണ്ട് രാവിലെയും വൈകീട്ടും ചെടികൾക്ക് വെള്ളമൊഴിച്ചാൽ ഫലം കൂടും.