പശിമരാശി മണ്ണുള്ള പ്രദേശങ്ങളിൽ തെങ്ങിൻ തൈ നടാനായി 1 x 1 x 1 മീറ്റർ നീളവും വീതിയും ആഴവും ഉള്ള കുഴിയെ ടുക്കണം. ചെങ്കൽ മണ്ണുള്ള പ്രദേശങ്ങളിൽ കുഴിയുടെ വലിപ്പം കുട്ടണം. 1.2 x 1.2 x 1.2 മീറ്റർ നീളവും, വീതിയും, ആഴവും കുഴിക്കുണ്ടായിരിക്കണം.
തൈകൾ നടുന്നതിന് മുമ്പ് അയഞ്ഞ മേൽമണ്ണും, ചാണകപ്പൊടിയും, ചാരവും, വേപ്പിൻ പിണ്ണാക്കും എല്ലുപൊടിയും, കലർന്ന മിശ്രിതം കുഴിയുടെ പകുതി വരെ നിറയ്ക്കണം. ഇങ്ങനെ കുഴി നിറയ്ക്കുന്നതിനു മുമ്പ് കുഴിയുടെ ഏറ്റവും അടിഭാഗത്തായി രണ്ടു വരി കൊണ്ട് അകവശം മേൽപ്പോട്ടാക്കി നിരത്തുന്നത് ഈർപ്പം സംരക്ഷിക്കാൻ സഹായിക്കും. ചെങ്കൽ പ്രദേശങ്ങളിൽ നേരത്തെ തന്നെ കുഴിയെടുത്ത് കുഴിയിൽ രണ്ടു കിലോഗ്രാം കറിയുപ്പ് ചേർക്കുന്നത്. മണ്ണിന് അയവു വരുത്താൻ നല്ലതാണ്.
പകുതി ഭാഗം മേൽമണ്ണും ചാണകപ്പൊടിയും മറ്റും ചേർത്ത മിശ്രിതം നിറച്ച കുഴിയുടെ നടുവിലായി ചെറിയ കുഴിയെടുത്ത് തെങ്ങിൻ തൈ നടണം.
ഭൂഗർഭ ജല വിതാനം ഉയർന്ന സ്ഥലങ്ങളിൽ മൺകൂനകളെടുത്ത് തൈകൾ നടാം. ഇങ്ങനെ കൂനകളിലാണ് തൈകൾ നടുന്നതെങ്കിൽ തൈകൾ വളർന്നു വരുന്നതിനനുസരിച്ച് ചുറ്റും മണ്ണിട്ടു കൊടുക്കണം. അവസാനം അവയുടെ ഏറ്റവും ചുവടു ഭാഗം 60-70 സെ.മീറ്റർ മണ്ണിനടിയിലാവണം.
നടുമ്പോൾ തേങ്ങയുടെ മുകളിലുള്ള തൈയുടെ കടഭാഗം മണ്ണിനടിയിൽ പോകരുത്. നട്ടയുടൻ ഒരു കുറ്റി നാട്ടി തൈയ്ക്ക് താങ്ങ് നൽകുന്നത് നല്ലതാണ്. കുഴിക്കു ചുറ്റും ഒരു ബണ്ടു നിർമ്മിച്ച് ഒഴുകി വരുന്ന മഴവെള്ളം കുഴിയിൽ ഇറങ്ങുന്നതും മണ്ണിടിഞ്ഞ് കുഴികൾ നികന്നു പോകുന്നതും തൈകൾ നശിക്കുന്നതും ഒഴിവാക്കണം.