വാണിജ്യാടിസ്ഥാനത്തിൽ നിരവധി കൃഷികൾ ചെയ്തു ലാഭം നേടുന്നവർ നമുക്ക് ചുറ്റിലുമുണ്ട്. അത്തരത്തിൽ കൂടുതൽ ആദായം ലഭ്യമാകുന്ന കൃഷിയാണ് കസ്തൂരി മഞ്ഞൾ കൃഷി. ഔഷധ നിർമ്മാണ രംഗത്ത് വ്യാപകമായി ഈ മഞ്ഞൾ ഉപയോഗപ്പെടുത്തുന്നതിനാൽ വിപണിയിൽ ഇവയ്ക്ക് നല്ല വില തന്നെ ലഭ്യമാകുന്നു.
കസ്തൂരി മഞ്ഞൾ കൃഷി -അറിയേണ്ട കാര്യങ്ങൾ
ഭൂകാണ്ഡങ്ങൾ വഴിയാണ് കസ്തൂരിമഞ്ഞളിന്റെ പ്രജനനം. അടർത്തിയെടുത്ത ഭൂകാണ്ഡങ്ങളിൽ ആരോഗ്യമുള്ള ഒരു മുളയുള്ള കാണ്ഡമാണ് ആണ് നടാൻ ഉപയോഗിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: കസ്തൂരി മഞ്ഞളിന്റെ ഔഷധ ഗുണങ്ങൾ..
മൺസൂണിന് മഴ കിട്ടുന്നതോടെ ഇത് നടാം. കല്ലുകളും പാറക്കഷണങ്ങളും പെറുക്കി കിളച്ച് നിലം ഒരുക്കണം. ഒരു സെന്റിന് 60 കിലോ ജൈവവളം ചേർക്കാം.60*40 സെൻറീമീറ്റർ അകലത്തിൽ തടങ്ങളിൽ ചെറിയ കുഴികൾ എടുത്ത് ആരോഗ്യമുള്ള ഒരു മുളയെങ്കിലും ഉള്ള മാണങ്ങൾ നടുക. മാണങ്ങൾ വൈക്കോൽ, ഉണങ്ങിയ ഇലകൾ, കാലിവളം എന്നിവ ഉപയോഗിച്ച് പുതയിടണം. വള പ്രയോഗത്തിന് രണ്ടാഴ്ച മുൻപ് ഡോളോമൈറ്റ് അല്ലെങ്കിൽ കുമ്മായം ചേർക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ചർമ്മ സംരക്ഷണത്തിന് കസ്തൂരി മഞ്ഞൾ
വള പ്രയോഗം നടത്തുന്നത് വ്യത്യസ്ത ഘട്ടങ്ങളിലാണ്. ആദ്യഘട്ടം നടീൽ സമയത്ത് യൂറിയ, റോക്ക് ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് തുടങ്ങിയവ യഥാക്രമം 437 ഗ്രാം 1110 ഗ്രാം 167 ഗ്രാം ഒരു സെൻറ് എന്ന അളവിൽ ചേർക്കണം. രണ്ടാമത്തെ വളപ്രയോഗം നട്ട് 60 ദിവസത്തിനുശേഷം നടത്താം. ഈ സമയത്ത് യൂറിയ 434 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് 167 ഗ്രാം ഒരു സെൻറ് എന്ന അളവിൽ ചേർക്കണം. നട്ട രണ്ടുമാസത്തിനുശേഷം കളനിയന്ത്രണം നടത്തണം. അതിനുശേഷം മാത്രമേ രണ്ടാംഘട്ട വളപ്രയോഗം നടത്താവൂ. വള പ്രയോഗത്തിന് ശേഷം മണ്ണിന് പുതയിടണം. വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്. നട്ട് 7 മാസങ്ങൾക്കുശേഷം കസ്തൂരിമഞ്ഞൾ വിളവെടുക്കാം.
ഇലകൾ ഉണങ്ങുന്നത് വിളവിന് പാകമായതിന്റെ ലക്ഷണമാണ്. മണ്ണ് കിളച്ച് ഭൂകാണ്ഡങ്ങൾ പുറത്തെടുക്കുന്ന രീതിയാണ് വിളവെടുക്കാൻ നല്ലത്. കിഴങ്ങിന് പരിക്ക് പറ്റാതെ വിളവെടുക്കണം. വിളവെടുത്ത കിഴങ്ങ് ഫ്രഷായി വിപണനം നടത്തുകയോ ഉണക്കി സംഭരിക്കുകയോ ചെയ്യാം. കസ്തൂരി മഞ്ഞൾ നേർത്ത കഷണങ്ങളാക്കി മൂന്നു മുതൽ നാലുമണിക്കൂർ ആവിയിൽ വാറ്റി എടുത്താൽ സുഗന്ധതൈലം ലഭ്യമാകും. ഇതിന് വിപണിയിൽ നല്ല വിലയാണ് ലഭ്യമാക്കുന്നത്. ഇത് പൊടിച്ച് പൗഡർ രൂപത്തിൽ വിപണിയിലെത്തിച്ചാലും നേട്ടം കൊയ്യാം....
ബന്ധപ്പെട്ട വാർത്തകൾ: കസ്തൂരി മഞ്ഞൾ വാങ്ങുമ്പോൾ വഞ്ചിതരാകരുത്