ജൈവരീതിയിൽ കൃഷി ചെയ്താൽ മികച്ച വിളവ് നൽകുന്ന വിളയാണ് കാച്ചിൽ. കാച്ചിൽ കൃഷിയിൽ ഉത്പാദനക്ഷമത കൂടിയ ഇനമായി കണക്കാക്കുന്നത് ശ്രീശുഭ്ര ഇനത്തിൽപ്പെട്ട ആഫ്രിക്കൻ കാച്ചിൽ ആണ്. കാച്ചിൽ വിത്ത് ശരിയായവിധത്തിൽ നട്ടാൽ മാത്രമേ നല്ല വലിപ്പമുള്ള കാച്ചിൽ മണ്ണിനടിയിൽ ഉണ്ടാവുകയുള്ളൂ. അതുകൊണ്ട് തന്നെ കാച്ചിൽ കൃഷി ചെയ്യുമ്പോൾ അനുവർത്തിക്കേണ്ട മികച്ച രീതി താഴെ നൽകുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കാച്ചിൽ കൃഷി ചെയ്യാം
കാച്ചിൽ കൃഷി എങ്ങനെ തുടങ്ങാം?
ആദ്യം ഒരു മീറ്റർ നീളത്തിലും വീതിയിലും ആഴത്തിലും കുഴി എടുക്കുക. അതിനുശേഷം കുഴിയുടെ അടിയിൽ ഒരു വരി തൊണ്ട് മറയത്തക്ക വിധത്തിൽ മണ്ണ് ഇടണം. ഇത് മഴ സമയങ്ങളിൽ കാച്ചിലിൽ ജലാംശം അധികമായി വന്നാലും ഒഴുകിപ്പോകാതെ സംരക്ഷണം നൽകുന്നു. അതിനു ശേഷം കുഴിയിൽ ചപ്പുചവറുകൾ ഇട്ട് കത്തിക്കുന്നു. പിന്നീടാണ് വളപ്രയോഗം ചെയ്യേണ്ടത്. ജൈവവളങ്ങളായ മണ്ണിര കമ്പോസ്റ്റ്, ചാരം, വേപ്പിൻപിണ്ണാക്ക്, ഒരുപിടി കുമ്മായം എന്നിവ ചേർത്ത് കുഴിയുടെ പകുതിഭാഗം വരെ ഇട്ടു നൽകുക.
ബന്ധപ്പെട്ട വാർത്തകൾ: കാച്ചിൽ ഒരു അത്ഭുത മരുന്ന് !
ഇതിനുമുകളിൽ ഉണങ്ങിയ ഇലകൾ ഉപയോഗിച്ച് പുതയിട്ട് നൽകണം. അതിനുശേഷം മേൽമണ്ണ് ഇട്ട് വീണ്ടും കുഴി മൂടുക. പിന്നീട് തറയിൽ നിന്ന് ഏകദേശം ഒന്നേമുക്കാൽ അടി ഉയരത്തിൽ ഒരു കൂന കൂട്ടണം. കൂനയുടെ നടുക്ക് കാച്ചിൽ വിത്ത് നടുവാൻ ചെറിയൊരു പിള്ള കുഴി പോലെ എടുത്ത് വിത്ത് നടുക. ഭൂകാണ്ഡങ്ങൾ ബുധനാഴ്ച കൃഷി ചെയ്യുന്നതാണ് കൂടുതൽ നല്ലത്. വിത്ത് നട്ടതിനുശേഷം ഒരിഞ്ച് കനത്തിൽ മണ്ണിട്ട് കൈകൊണ്ട് അമർത്തി കൊടുക്കണം. വീണ്ടും ഉണങ്ങിയ ഇലകൾ ഉപയോഗപ്പെടുത്തി പുതിയിട്ട് നൽകണം. കാച്ചിൽ വിത്ത് കൃഷിക്കുവേണ്ടി ഒരുക്കുമ്പോൾ 250 ഗ്രാം മുതൽ 500 ഗ്രാം വരെ വലുപ്പത്തിൽ എടുക്കാം. ഇത് തണലിൽ ഒരു ദിവസം ഉണക്കി രണ്ടാം ദിവസം ചാണക സ്ലറിയിൽ മുക്കി വീണ്ടും തണലത്തു വച്ച് ഉണക്കി കൃഷി ചെയ്യുവാൻ ഉപയോഗിക്കാം. പുറംതൊലി കേടുകൂടാതെ സംരക്ഷിക്കണം. പിന്നീട് മുള വന്നതിനുശേഷം സൗകര്യപ്രദമായ പന്തൽ ഒരുക്കി കൊടുക്കുക. വിത്തു നട്ട് ഏകദേശം ഒന്നര ആഴ്ച കഴിയുമ്പോൾ വള്ളി നീണ്ടു തുടങ്ങുന്നു. ഈ വള്ളിക്ക് മൂന്ന് അടി പൊക്കം വന്നാൽ മികച്ച രീതിയിൽ പന്തലൊരുക്കി പടർത്താം. എത്രത്തോളം വള്ളി ഉയർന്ന് പോകുന്നുവോ അത്രത്തോളം കാച്ചിൽ വലിപ്പം വെയ്ക്കും എന്നാണ് പഴമക്കാരുടെ രീതി. രണ്ടുമാസം കൂടുമ്പോൾ മേൽ വളപ്രയോഗം നടത്താം. ഇതിനുവേണ്ടി കടലപ്പിണ്ണാക്ക്, എല്ലുപൊടി, മണ്ണിരക്കമ്പോസ്റ്റ് തുടങ്ങിയവ ഉപയോഗിക്കാം. വിത്തു നട്ട് ഒരടി അകലത്തിൽ വാരം കോരി വളം ഇട്ടു നൽകിയാൽ മതി. മാർച്ച് മാസങ്ങളിലാണ് പൊതുവേ ഇത് കൃഷി ചെയ്യുന്നത്. ഈ സമയങ്ങളിൽ മഴ ലഭ്യമല്ലാത്തത് കൊണ്ട് ചെറിയ രീതിയിൽ നനച്ചു കൊടുക്കണം. കാച്ചിൽ നട്ട് 6 മാസം കഴിയുമ്പോൾ ആദ്യത്തെ വള്ളിയിൽ നിന്ന് ധാരാളം ശിഖരങ്ങൾ ഉണ്ടാകുന്നു. ഇതിൽ നിന്ന് ധാരാളം ശാഖ വള്ളികളും ഉണ്ടാകുന്നു.
കാച്ചിൽ വിത്ത് നട്ട് ഏകദേശം എട്ടു മാസം കഴിയുമ്പോൾ ആദ്യത്തെ പൂവ് ഉണ്ടാകുന്നു. അതിനുശേഷം കായ വരുന്നു. പത്തു മാസം കഴിയുമ്പോൾ ഇലകൾ പഴുത് പോവുകയും വിളവെടുക്കാൻ പാകമാവുകയും ചെയ്യുന്നു. നല്ല പരിചരണം ലഭ്യമായാൽ കാച്ചിലിൽ മികച്ച രീതിയിൽ വിളവ് ഉണ്ടാകും. കൂടാതെ ആരോഗ്യപ്രദമാണ് ഈ വിള. ആഫ്രിക്കൻ കാച്ചിൽ ആണെങ്കിലും, വെള്ള കാച്ചിൽ ആണെങ്കിലും മുകളിൽ പറഞ്ഞ കൃഷിരീതിയാണ് പ്രാവർത്തികമാക്കേണ്ടത്. പിന്നെ ആരോഗ്യത്തിന് ഏറ്റവും കൂടുതൽ നല്ലത് ആഫ്രിക്കൻ കാച്ചിൽ തന്നെയാണെന്ന് കർഷകർ പറയുന്നു. അതുകൊണ്ടുതന്നെ വീട്ടിൽ ചെറിയ രീതിയിലെങ്കിലും ആഫ്രിക്കൻ കാച്ചിൽ കൃഷി ചെയ്യൂ...
ബന്ധപ്പെട്ട വാർത്തകൾ: കിഴങ്ങുവർഗ്ഗവിളകളിൽ പോഷക സമൃദ്ധമായ വിള - കാച്ചിൽ