Vegetables

കാച്ചിൽ കൃഷി ചെയ്യാം

Kachil

കേരളത്തിൽ ധാരാളമായി കൃഷിചെയ്യപ്പെടുന്ന ഒരു കിഴങ്ങുവർഗ്ഗ വിളയാണ്‌ കാച്ചിൽ. കിഴങ്ങു വിളകളില്‍ പോഷക സമൃദ്ധിയില്‍ മുന്നില്‍ നില്‍ക്കുന്നതാണ് കാച്ചില്‍. പ്രകൃതിദത്ത സ്റ്റിറോയ്ഡാണ് ഇത്. പൊട്ടാസ്യം അടങ്ങിയിരിക്കുന്നതുകൊണ്ട് രക്തസമ്മര്‍ദ്ദത്തെ തടയാന്‍ കാച്ചിലിന് കഴിയും. കാച്ചലില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് വളരെ സാവകാശമേ ഗ്ലൂക്കോസായി രൂപാന്തരപ്പെടുന്നുള്ളു. അതിനാല്‍ ശരീരത്തിലെ ഇന്‍സുലിന് പ്രവര്‍ത്തിക്കാനുള്ള സമയം കിട്ടുന്നു. അതു കൊണ്ടു തന്നെ കാച്ചില്‍ ഭക്ഷിക്കുന്നതുകൊണ്ട് പ്രമേഹം ഉണ്ടാകുന്നില്ല. 

നല്ല ചൂടും നീരാവിയുമുള്ള അന്തരീക്ഷമാണ് കാച്ചില്‍ കൃഷിക്ക് ഉത്തമം. ജൈവാംശം ധാരാളമുള്ള നല്ല നീര്‍വാര്‍ച്ചയും ഇളക്കവുമുള്ള മണ്ണില്‍ കാച്ചില്‍ നന്നായി വളരും. നാടൻ, ആഫ്രിക്കൻ എന്നീ രണ്ടുതരം കാച്ചിലുകൾ ലഭ്യമാണ്‌. നൈജീരിയിൽ നിന്നും കൊണ്ടുവന്ന ഇനമാണ്‌ ആഫ്രിക്കൻ ഇനത്തിൽ പെട്ടവ. സാധാരണ നാടൻ ഇനങ്ങളെക്കാൾ വലിപ്പം വയ്ക്കുന്ന ഇനമാണിത്. തെങ്ങ് , വാഴ എന്നിവയുടെ ഇടവിളയായും കാച്ചിൽ കൃഷി ചെയ്യാവുന്നതാണ്‌. നല്ലതുപോലെ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ കൃഷി ചെയ്യാൻ പറ്റിയ കിഴങ്ങുവിളയാണ്‌ കാച്ചിൽ. 

നടിൽ വസ്തു കിഴങ്ങുതന്നെയാണ്‌. കിഴങ്ങ് ഏകദേശം 250ഗ്രാം മുതൽ 300 ഗ്രാം വരെ ഭാരമുള്ള കഷണങ്ങളാക്കി പച്ചചാണകസ്ലറിയിൽ മുക്കി ഉണക്കി എടുക്കേണ്ടതാണ്‌. കൃഷിക്കായി ഉദ്ദേശിക്കുന്ന സ്ഥലം ഉഴുത് പാകപ്പെടുത്തി 45 X 45 X 45 സെന്റീമീറ്റർ അളവിൽ കുഴികളെടുത്താണ്‌ കാച്ചിൽ നടുന്നത്. ഏകദേശം ഒന്നേകാൽ കിലോഗ്രാം പൊടിച്ച കാലിവളം മേൽമണ്ണുമായി ചേർത്ത് കുഴിയുടെ മുക്കാൽ ഭാഗം മൂടുക. ഇങ്ങനെയുള്ള കുഴികളിൽ നേരത്തേ തയ്യാറാക്കിയ നടീൽ വസ്തു നട്ടതിനുശേഷം മണ്ണ് വെട്ടികൂട്ടി ചെറിയ കൂനകളാക്കുക. ചില സ്ഥലങ്ങളിൽ കൂനകളിൽ കുഴിയെടുത്തും കാച്ചിൽ നടാറുണ്ട്. നട്ടതിനുശേഷം കരിയില, ഉണങ്ങിയ തെങ്ങോല എന്നിവകൊണ്ട് പുതയിടുക. ഇങ്ങനെ പുതയിടുന്നതുമൂലം മണ്ണിലെ ഈർപ്പം നിലനിൽക്കുകയും മണ്ണൊലിപ്പ് തടയുകയും ചെയ്യാം.

കാച്ചില്‍ ചാക്കിലും വിളയിക്കാം

1. 75 കിലോ അരിച്ചാക്ക് തുറന്ന് അടിഭാഗത്ത് 6 ഇഞ്ച് വ്യാസത്തില്‍ പ്ലാസ്റ്റിക് വട്ടത്തില്‍ മുറിച്ചുമാറ്റുന്നു.

2. ഒന്നര അടി നീളത്തില്‍ മുറിച്ചെടുത്ത വാഴപ്പിണ്ടി, ചാക്കിന്റെ മധ്യ ഭാഗത്ത് ദ്വാരമുണ്ടാക്കിയ ശേഷം ആ ഭാഗത്ത്‌ നേരെ കുത്തിച്ചാരി നിറുത്തണം.

3. വാഴപ്പിണ്ടിയുടെ ചുറ്റിനും ചാക്കിനുള്ളില്‍ മേല്മണ്ണ്, ചാണകപ്പൊടി, മണ്ണിരകമ്പോസ്റ്റ്, എല്ലുപൊടി , ചാരം, കരിയില പൊടിഞ്ഞത് എന്നിവയുടെ മിശ്രിതം നിറയ്ക്കുന്നു.

4. ഈ മിശ്രിതം വാഴപിണ്ടിയുടെ മുകളില്‍ വരെ നിരത്തണം. വാഴപിണ്ടിയുടെ നേരെ മുകളിലായി കാച്ചിലിന്റെ പൂള് വെട്ടി തയ്യാറാക്കിയ കഷ്ണം വെച്ചു ഇതേ മിശ്രിതം ഇട്ടു കരിയില വെയ്ക്കുന്നു.

5. കിളിര്‍ത്തു വരുമ്പോള്‍ കയര്‍ കെട്ടി വള്ളി മരങ്ങളിലേക്ക് കയറ്റി വിടുന്നു.

6. കാച്ചില്‍ വളരുന്നതിനനുസരിച്ച് വാഴപ്പിണ്ടി അഴുകി വളമാകുകയും കാച്ചിലിന് താഴോട്ടു വളരാനുള്ള സ്ഥലം കിട്ടുകയും ചെയ്യും.

7. രണ്ടാഴ്ച കൂടുമ്പോള്‍ , ജൈവ സ്ലറി നേര്‍പ്പിച്ച് ഒഴിച്ചുകൊടുക്കുന്നു . ഈ രീതിയില്‍ കൃഷി ചെയ്താല്‍, നല്ല വിളവ് കിട്ടുകയും, വളരെ നിസ്സാരമായി വിളവെടുക്കുകയും ചെയ്യാം.


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox