ചുട്ടുപൊളളുന്ന വെയിലിലും പലനിറം പൂക്കളുമായി തലയുയര്‍ത്തി നില്‍ക്കുന്ന ബോഗൈന്‍വില്ല ആരുടെയും മനം കവരും. പലതരം ബോഗൈന്‍വില്ല ചെടികളുടെ ശേഖരം ചിലര്‍ക്ക് ഹോബി കൂടിയാണ്.
വരുമാനമാര്‍ഗമെന്ന നിലയില്‍ വളര്‍ത്തുന്നവരുമുണ്ട്. വെറുമൊരു അലങ്കാര ചെടിയല്ലിത്. ബോണ്‍സായ് തയ്യാറാക്കാനും ഗ്രാഫ്റ്റ് ചെയ്ത് ഒരു ചെടിയില്‍ത്തന്നെ പലതരം പൂക്കള്‍ ഒരുമിച്ചുണ്ടാക്കാനും സാധിക്കും. അതുകൊണ്ടുതന്നെ ബോഗൈന്‍വില്ലയ്ക്ക് ആരാധര്‍ ഒരുപാടുണ്ട്.
പേരിന് പിന്നിലെ കഥ
നമ്മുടെ നാടന്‍ഭാഷയില്‍ കടലാസുപൂവെന്നും ബോഗൈന്‍വില്ലയെ വിളിക്കാറുണ്ട്. എന്നാല്‍ ബോഗൈന്‍വില്ലയുടെ പേരിന് പിന്നിലൊരു കഥയുണ്ട്. ലൂയിസ് ബോഗൈന്‍വില്ല എന്ന പേരിലൊരു ഫ്രഞ്ച് സഞ്ചാരിയുണ്ടായിരുന്നു. ഒരിയ്ക്കല്‍ തന്റെ യാത്രയ്ക്കിടെ ഇദ്ദേഹം ശാന്തസമുദ്രത്തിലെ ഒരു ദ്വീപില്‍ ഒരു പൂവ് കണ്ടെത്തി. ഈ പൂവാണ് പില്ക്കാലത്ത് ബോഗൈന്‍വില്ലയെന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. ഈ ദ്വീപിനും ഇതേ പേരാണ്.
വര്‍ണ്ണവൈവിധ്യങ്ങളാണ് ബോഗൈന്‍വില്ലയെ ഇത്രയേറെ പ്രിയങ്കരമാക്കുന്നത്. പിങ്ക്, ചുവപ്പ്, ഓറഞ്ച്, മഞ്ഞ, വെളള, ഇളം നീല, വയലറ്റ് നിറങ്ങളില്‍ ഇന്ന് ബോഗൈന്‍വില്ലകള്‍ ലഭ്യമാണ്. യഥാര്‍ത്ഥത്തില്‍ ഇവയുടെ ഇലകളാണ് വര്‍ണ്ണപ്പകിട്ടോടെ കാണപ്പെടുന്നത്. പൂക്കള്‍ വളരെ ചെറുതാണ്. നാടന്‍ ഇനങ്ങള്‍ മുതല്‍ കൂടിയ ഇനം വരെയുളള ചെടികളുണ്ട്. ബോഗൈന്‍വില്ല വേരുപിടിപ്പിക്കുന്നതിന് ഇളം കമ്പുകളോ മൂത്ത കമ്പുകളോ നന്നല്ല. നേരിയ കനത്തില്‍ അല്പം ചരിച്ച് കമ്പുകള്‍ വെട്ടാം. നല്ല മഴക്കാലത്ത് കമ്പുകള്‍ മുറിക്കുന്നതാണ് നല്ലത്. അല്ലാത്തപ്പോള്‍ വേര് പിടിച്ചുകെട്ടാന്‍ ബുദ്ധിമുട്ടാണ്.
അതുപോലെ നല്ല വെയില്‍ കിട്ടുന്ന സ്ഥലമാണ് ബോഗൈന്‍വില്ല വളര്‍ത്താന്‍ നല്ലത്. വെയില്‍ കുറഞ്ഞ സ്ഥലത്ത് നന്നായി പൂവിടില്ല. ചട്ടിയില്‍ വളര്‍ത്തുമ്പോഴും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. തണലത്തുവച്ചിട്ട് വളം ചെയ്താലും പൂവിട്ടെന്നുവരില്ല. അതുപോലെ അധികം വെളളം നനയ്ക്കുന്നതും ഗുണം ചെയ്യില്ല. വളരെ ലളിതമായ പരിചരണം മാത്രം മതിയാകും.