Flowers

പനിനീര്‍പ്പൂവ് വളര്‍ത്താം

അതിപുരാതന കാലം മുതല്‍ക്കേ മനുഷ്യരാശിയുമായി അഭേദ്യമായ ബന്ധമാണ് പനിനീര്‍പൂക്കള്‍ക്കുളളത്. സ്‌നേഹം, പരിശുദ്ധി, നിഷ്‌കളങ്കത തുടങ്ങിയവയുടെ പ്രതീകമായി റോസാപ്പൂക്കള്‍ 'പുഷ്പങ്ങളുടെ റാണി' എന്ന വിശേഷണം ഏറെ അര്‍ത്ഥവത്താക്കുന്നു. സൗരഭ്യം പരത്തുന്ന പൂക്കളുളള കുറ്റിച്ചെടി, നിറയെ പൂക്കളുമായി പടര്‍ന്ന് കയറുന്ന വളളിച്ചെടി, ഫ്‌ളവര്‍ ബെഡ്ഡുകള്‍ക്കും, ബോര്‍ഡറുകള്‍ക്കും മാറ്റ് കൂട്ടുന്ന കുറിയ ഇനങ്ങള്‍, ചട്ടിയില്‍ വളര്‍ത്താവുന്ന മിനിയേച്ചറുകള്‍ എന്നിങ്ങനെ പല രൂപത്തില്‍ റോസ് ഉദ്യാനത്തിന് ചാരുതയേകും. ഇത് കൂടാതെ വ്യാവസായിക അടിസ്ഥാനത്തില്‍ കട്ട് ഫ്‌ളവര്‍ ആയും ലൂസ് ഫ്‌ളവര്‍ ആയും റോസ് കൃഷി ചെയ്യാം. നീളത്തില്‍ തണ്ടോടെ മുറിച്ചെടുക്കാവുന്ന ഒറ്റപ്പൂക്കളാണ് കട്ട് ഫ്‌ളവേഴ്‌സ്. ഹൈബ്രിഡ് ടീ  വിഭാഗത്തില്‍ പെടുന്ന റോസിനങ്ങള്‍ ആണ് കട്ട് ഫ്‌ളവേഴ്‌സ് ആയി പ്രധാനമായും കൃഷി ചെയ്ത് വരുന്നത്. ബൊക്കെ, സ്റ്റേജ് അലങ്കാരം, ഫ്‌ളവര്‍ അറേജ്‌മെന്റ് ഉപയോഗിക്കുന്നു. പൂങ്കുലയും നീളം കുറഞ്ഞ ഞെട്ടോടും കൂടിയ ഇനങ്ങളാണ് ലൂസ് ഫളവേഴ്‌സ്. വലിയ പൂക്കളോടുകൂടിയ ഫ്‌ളോറിബണ്ടകള്‍, ഉയരം കുറഞ്ഞതും ചെറിയ പൂക്കളോടുകൂടിയ പൂങ്കുലകളുമുളള പോളിയാന്തകള്‍ തുടങ്ങിയ വിഭാഗത്തില്‍ പെടുന്ന റോസുകളാണ് ലൂസ് ഫ്‌ലവര്‍ ആയി ഉപയോഗിക്കുന്നത്. പൂജകള്‍ക്കും മാല കെട്ടുന്നതിനും, സുഗന്ധതൈലം വേര്‍തിരിച്ചെടുക്കുന്നതിനും ഭക്ഷ്യയോഗ്യമായവ ഉള്‍പ്പെടെ നിരവധി മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നതിനും ലൂസ് ഫ്‌ളവേഴ്‌സ് വേണം.

ഇന്ത്യയില്‍ കര്‍ണ്ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, തുടങ്ങിയ സംസ്ഥാനങ്ങളിലാണ് റോസ് വാണിജ്യ കൃഷി ഉളളത് കേരളത്തില്‍ താരതമ്യേന തണുപ്പുളള സ്ഥലങ്ങളായ ഇടുക്കി, വയനാട് ജില്ലകളാണ് റോസ് കൃഷിയ്ക്ക് ഉത്തമം. എങ്കിലും കൃത്യമായ പരിചരണമുറകള്‍ അവലംബിച്ചുകൊണ്ട് ചെലവു കുറഞ്ഞ പോളിഹൗസുകളിലോ, റെയിന്‍ ഷെല്‍റ്ററുകളിലോ ചൂടിനെ ചെറുത്ത് നില്‍ക്കാന്‍ കഴിവുളള ഇനങ്ങള്‍ കൃഷി ചെയ്യാം.

ഇനങ്ങള്‍

വാണിജ്യ കൃഷിചെയ്യാവുന്ന നിരവധി റോസിനങ്ങള്‍ ഇന്ന് പ്രചാരത്തിലുണ്ട്. ഇന്ത്യയില്‍ തന്നെ നൂറിലധികം റോസിനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഫസ്റ്റ് റെഡ്, ഗ്രാന്റ് ശാല, താജ്മഹല്‍, പാഷന്‍ തുടങ്ങിയ ചുവന്ന റോസിനങ്ങളും ഗോള്‍ഡന്‍ ഗെയ്റ്റ്, ഗോള്‍ഡ് സ്‌ട്രൈക്ക് സ്‌കൈലൈന്‍, തുടങ്ങിയ മഞ്ഞനിറമുളളവയും മൂവിസ്റ്റാര്‍ മിറാക്കിള്‍, ട്രോപ്പിക്കല്‍ ആമസോണ്‍ തുടങ്ങിയവ ഓറഞ്ചു നിറമുളളവയും നോബ്ലെസ്സ് പിങ്കു നിറമുളളതും, ഐസ്ബര്‍ഗ്, പോളോ ഹോളിവുഡ്, അവിലാന്‍ഞ്ച് എന്നിവ വെളുപ്പ് നിറമുളളതുമാണ്. അര്‍ക്ക പരിമള, അര്‍ക്ക സുകന്യ, അര്‍ക്ക സവി, അര്‍ക്ക പ്രൈഡ്, അര്‍ക്ക ഐവറി, അര്‍ക്ക സ്വദേശ് എന്നിവ ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ച് പുറത്തിറക്കിയ ഇനങ്ങളാണ്. ഇവയില്‍ അര്‍ക്ക പരിമള, അര്‍ക്ക സവി എന്നിവ ലൂസ് ഫ്‌ളവര്‍ ആയും, അര്‍ക്ക സുകന്യ ഉദ്യാന പുഷ്പമായും ബാക്കി ഇനങ്ങള്‍ കട്ട് ഫ്‌ളവേഴ്‌സ് ആയും ഉപയോഗിക്കാം.

മണ്ണും കാലാവസ്ഥയും

ജൈവാംശം ധാരാളമുളള അമ്ല-ക്ഷാരനില  5.5 മുതല്‍ 6.5 വരെയുളള മണ്ണാണ് റോസ് വളര്‍ത്താന്‍ അനുയോജ്യം. പകല്‍ സമയം താപനില 25 ഡിഗ്രി മുതല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെയും, രാത്രി താപനില 15 മുതല്‍ 18 ഡിഗ്രി സെല്‍ഷ്യസും ആണ് ഉത്തമം. ധാരാളം സൂര്യപ്രകാശം ലഭിക്കുകയും വേണം. അന്തരീക്ഷ ആര്‍ദ്രത കൂടുന്നത് കുമിള്‍ രോഗങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ കൂടിപ്പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

നടീല്‍ വസ്തു

6 മുതല്‍ 18 മാസം വരെ പ്രായമുളള ബഡ്ഡ് തൈകളാണ് നടാന്‍ ഉപയോഗിക്കുന്നത്. ഗ്രാഫ്റ്റ് തൈകളും ഇപ്പോള്‍ നഴ്‌സറികളില്‍ ലഭ്യമാണ്. ഉദ്യാന പുഷ്പമായി വളര്‍ത്തുമ്പോള്‍ കമ്പ് മുറിച്ച് നടുകയാണ് പതിവ്.

നടീല്‍

ചട്ടികളിലും തടങ്ങളിലും റോസ് നടാം. വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുമ്പോള്‍ തടങ്ങളാണ് നല്ലത്. മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ 2:1:1 എന്ന അനുപാതത്തില്‍ കൂട്ടിക്കലര്‍ത്തി തടങ്ങളുണ്ടാക്കാം. ട്രൈക്കോഡെര്‍മ ചേര്‍ത്ത് സമ്പുഷ്ടമാക്കിയ ചാണകപ്പൊടിയാണെങ്കില്‍ ഏറെ നല്ലത്. മണല്‍ ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ പകരം ചകിരിച്ചോറ് കമ്പോസ്റ്റും ഉപയോഗിക്കാം. 40 സെ. മീ. ഉയരം മുകള്‍ ഭാഗത്ത് 90 സെ.മീ. വീതി, അടി ഭാഗം 100 സെ.മീ. വീതി എന്ന കണക്കില്‍ സൗകര്യപ്രദമായ നീളത്തില്‍ തടങ്ങളെടുക്കാം. തടങ്ങല്‍ തമ്മില്‍ 40 സെ. മീ. അകലം നല്‍കാവുന്നതാണ്. ഇപ്രകാരം തയ്യാറാക്കിയ തടങ്ങളില്‍  15-18 സെ. മീ. ചെടികള്‍ തമ്മില്‍ 40-45 സെ.മീ. വരികള്‍ തമ്മില്‍ എന്ന രീതിയില്‍ അകലം നല്‍കി ചെടികള്‍ നടാം. തയ്യാറാക്കിയ തടങ്ങളില്‍ ചെറിയ കുഴികള്‍ എടുത്താണ് നടേണ്ടത്. നടുന്ന സമയത്ത് ബഡ്ഡ്/ ഗ്രാഫ്റ്റ് ചെയ്തഭാഗം മണ്ണിന് / തടത്തിന് മുകളില്‍ നില്‍ക്കുംവിധം നടണം.

വളപ്രയോഗം

വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ കൃത്യമായ വളപ്രയോഗം റോസിന് ആവശ്യമാണ്. 'റോസ് മിക്‌സ്' എന്ന പേരില്‍ റെഡിമെയ്ഡ് രാസവളമിശ്രിതങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണെങ്കിലും രാസവളങ്ങളും, ജൈവവളങ്ങളും ചേര്‍ത്തുണ്ടാക്കിയ വളക്കൂട്ട് റോസ് ഗുണകരമാണ്. കടലപ്പിണ്ണാക്ക്, എല്ലുപൊടി എന്നിവ 5 കിലോ വീതം, അമോണിയം ഫോസ്‌ഫേറ്റ് സള്‍ഫേറ്റ്, സൂപ്പര്‍ ഫോസ്‌ഫേറ്റ് എന്നിവ 2 കിലോ വീതം, പൊട്ടാസ്യം സള്‍ഫേറ്റ് ഒരു കിലോ എന്ന രീതിയില്‍ കലര്‍ത്തിയ മിശ്രിതം 75 ഗ്രാം വീതം ചെടിയ്ക്ക് നല്‍കാം. ചെടി നട്ട് ഒന്നര മാസത്തിനു ശേഷം ആദ്യത്തെ വളപ്രയോഗം നടത്താം. പ്രൂണിംഗിനു തൊട്ടു മുമ്പായി ഓരോ ചെടിയ്ക്കും 50 ഗ്രാം വീതം വേപ്പിന്‍ പിണ്ണാക്ക് അല്ലെങ്കില്‍ 2-5 കി. ഗ്രാം വീതം ചാണകപ്പൊടി  നല്‍കാം. പ്രൂണിംഗിനു ശേഷം ഇലകള്‍ ഉണ്ടായിക്കഴിഞ്ഞാല്‍ കടലപ്പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക് തുടങ്ങിയവ വെളളത്തിലിട്ട് പുളിപ്പിച്ചതിന്റെ തെളിയെടുത്ത് നേര്‍പ്പിച്ച് തടങ്ങളില്‍ ഒഴിച്ചു കൊടുക്കണം. പൂമൊട്ടുകള്‍ ഉണ്ടായിക്കഴിഞ്ഞാലും ആഴ്ചയിലൊരിക്കല്‍ ആവശ്യമെങ്കില്‍ പുളിപ്പിച്ച ദ്രവ ജൈവവളങ്ങള്‍ നേര്‍പ്പിച്ച് തടങ്ങളില്‍ ചാലുകള്‍ എടുത്താണ് വളം ഇട്ട് കൊടുക്കേണ്ടത്. സൂക്ഷ്മ മൂലകങ്ങളുടെ അഭാവം ഇലകള്‍ മഞ്ഞളിക്കുന്നതിനും പൂക്കളുടെ വലിപ്പം, ഗുണമേന്മ എന്നിവ കുറയുന്നതിനും കാരണമാകാം. ഇത്തരം സാഹചര്യങ്ങളില്‍ മാംഗനീസ് സള്‍ഫേറ്റ് 15 ഗ്രാം, മഗ്നീഷ്യം സള്‍ഫേറ്റ് 20 ഗ്രാം, ചീലേറ്റഡ് ഇരുമ്പ് 10 ഗ്രാം, ബോറാക്‌സ് 5 ഗ്രാം, എന്ന തോതിലെടുത്ത മിശ്രിതം 2 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി ഇലകളില്‍ തളിച്ചു കൊടുക്കണം. പുഷ്പിക്കുന്ന സമയം ഇലകളിലെ വളപ്രയോഗം ഒഴിവാക്കുന്നതാണ് നല്ലത്. ഫെര്‍ട്ടിഗേഷന് സൗകര്യമുണ്ടെങ്കില്‍ ചെടിയുടെ ആവശ്യമനുസരിച്ച് നനവെളളത്തിലൂടെ വളം നല്‍കാനും അങ്ങനെ ഗുണമേന്മയുളള പൂക്കള്‍ ഉല്‍പാദിപ്പിക്കുവാനും സാധിക്കും. വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുമ്പോള്‍ ഫെര്‍ട്ടിഗേഷന്‍ ഏറെ ഗുണം ചെയ്യും.

പ്രൂണിംഗ്

ചെടികളുടെ ആകൃതി നിയന്ത്രിക്കാനും തുടര്‍ച്ചയായി പൂക്കള്‍ ലഭിക്കാനുംപ്രത്യേക രീതിയില്‍ ശാഖകള്‍ മുറിച്ച് മാറ്റുന്നതാണ് പ്രൂണിംഗ്. ആരോഗ്യം കുറഞ്ഞ കീടരോഗബാധയേറ്റതുമായ സസ്യഭാഗങ്ങള്‍ നീക്കം ചെയ്യാനും പ്രൂണിംഗ് നടത്തി 45 മുതല്‍ 50 ദിവസത്തിനകം പൂക്കള്‍ വിളവെടുക്കാനും സാധിക്കും. ചെടിയുടെ വളര്‍ച്ചാ സ്വഭാവമനുസരിച്ച് പ്രൂണിംഗിന്റെ തീവ്രത വ്യത്യാസപ്പെടും. ഹൈബ്രിഡ് ടീ റോസുകള്‍ക്ക് ആദ്യ വര്‍ഷം ചെടിയ്ക്കുളളിലേക്ക് വളര്‍ന്നു കിടക്കുന്ന കീടരോഗബാധയേറ്റ ശാഖകള്‍ നീക്കി പ്രധാന ശാഖകള്‍ 25 സെ. മീ. മാത്രം നിര്‍ത്തി ബാക്കി  മുറിച്ച് കളയും. രണ്ടാം വര്‍ഷം മുതല്‍ കീടരോഗബാധയേറ്റതും ആരോഗ്യമില്ലാത്ത ശാഖകള്‍ നീക്കം ചെയ്യുന്നതിനോടൊപ്പം തലേ വര്‍ഷം പ്രൂണിംഗിനു ശേഷം വളര്‍ന്നു വരുന്ന ശാഖകളുടെ പകുതിയ്ക്ക് വച്ച് മുറിച്ചു മാറ്റണം പ്രൂണിംഗ് ചെയ്യുമ്പോള്‍ മുറിച്ചു മാറ്റുന്ന ഭാഗം ഒരു മുകുളത്തിന്റെ കാല്‍ ഇഞ്ച് മുകളിലായി 45 ഡിഗ്രിയില്‍ പുറത്തേക്ക് വരത്തക്കരീതിയില്‍ മുറിച്ചു മാറ്റണം. പ്രൂണിംഗ് നടത്തിയ ഉടനെ ഏതെങ്കിലും കുമിള്‍ നാശിനി പ്രയോഗം നടത്തണം. സാധാരണ നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ആണ് പ്രൂണിംഗ് നടത്തുന്നത്. വാടിയ പൂക്കളും അപ്പപ്പോള്‍ നീക്കം ചെയ്യണം. പൂക്കള്‍ വാടിയാല്‍ പൂവിന് തൊട്ടു താഴെയുളള ഇലയോടെ തണ്ട് മുറിച്ചു മാറ്റണം. പൂങ്കുലകളാണെങ്കില്‍ വാടുന്ന ഓരോ പൂവും പ്രത്യേകം നീക്കം ചെയ്യുകയും അവസാനത്തെ പൂവും വാടിക്കഴിഞ്ഞ് തണ്ടോടു കൂടെ മുറിച്ചു മാറ്റണം.

ജലസേചനം

അന്തരീക്ഷ താപനിലയും സാന്ദ്രതയും സൂര്യപ്രകാശത്തിന്റെ ലഭ്യതയും ചെടിയുടെ പ്രായവുമനുസരിച്ച് നനവെളളത്തിന്റെ അളവും വ്യത്യാസം വരും. ചട്ടിയില്‍ വളര്‍ത്തുന്ന ചെടികളാണെങ്കില്‍ ദിവസവും നന വേണം. തടങ്ങളിലാണെങ്കില്‍ ഒരു ചതുരശ്രമീറ്ററിന് 4 ലിറ്റര്‍ വെളളം എന്ന രീതിയില്‍ ആഴ്ചയില്‍ 2 തവണ നനച്ചാല്‍ മതി. വൈകിട്ടുളള സമയങ്ങളില്‍ നനയ്ക്കുന്നത് ചിലപ്പോള്‍ ചൂര്‍ണ്ണ പൂപ്പിനു കാരണമാകുമെന്നതിനാല്‍ രാവിലെ നനയ്ക്കണം. ചെടിയുടെ ആവശ്യമനുസരിച്ച് തുളളിനനയും അനുവര്‍ത്തിക്കാം.

വിളവെടുപ്പ്

നട്ട് കഴിഞ്ഞ് നാല് മാസത്തിനകം ആദ്യത്തെ വിളവെടുപ്പ് നടത്താം. ഈ കാലയളവിന് മുന്‍പുണ്ടാകുന്ന പൂമൊട്ടുകള്‍ അപ്പപ്പോള്‍ നീക്കം ചെയ്യണം. കട്ട് ഫ്‌ളവര്‍ ആണെങ്കില്‍ പൂക്കള്‍ വിരിയുന്നതിന് മുമ്പ് തന്നെ ഏറ്റവും പുറമെയുളള ദളങ്ങള്‍ പൂമൊട്ടില്‍ നിന്ന് വിട്ടു വരാന്‍ തുടങ്ങുന്ന അവസ്ഥയില്‍ വലിയ തണ്ടോടു കൂടെ മുറിച്ചെടുക്കണം. ലൂസ് ഫ്‌ളവര്‍ ആണെങ്കില്‍ പൂക്കള്‍ പൂര്‍ണ്ണമായും വിരിഞ്ഞതിനു ശേഷം പറിച്ചെടുക്കാം. അതിരാവിലെയോ സന്ധ്യയ്ക്കു മുമ്പോ ആണ് പൂക്കള്‍ വിളവെടുക്കേണ്ടത്. കട്ട ഫളവേഴ്‌സ് മുറിച്ചെടുത്ത ഉടനെ അണുനാശിനി കലര്‍ത്തിയ വെളളത്തില്‍ തണ്ടിന്റെ അഗ്രഭാഗം മുക്കി വയ്ക്കണം.

കൃത്യമായ പരിചരണം നല്‍കിയാല്‍ ആദ്യ വര്‍ഷം ഒരു ച. സെ.മീറ്ററില്‍ നിന്ന് 100 മുതല്‍ 120 വരെയും, രണ്ടാം വര്‍ഷം മുതല്‍ 200 മുതല്‍ 240 വരെയും പൂക്കള്‍ വിളവെടുക്കാം.

  പ്രത്യേക പരിചരണം

മാസത്തിലൊരിക്കല്‍ മണ്ണിളക്കിക്കൊടുക്കണം കളകള്‍ നീക്കണം. ഒട്ടുസന്ധിയ്ക്ക് താഴെ റൂട്ട് സ്റ്റോക്കില്‍ നിന്നു വളര്‍ന്നു വരുന്ന ശാഖകള്‍ അപ്പപ്പോള്‍ നീക്കം ചെയ്യണം. കട്ട് ഫ്‌ളവേഴ്‌സ് ആണെങ്കില്‍ ഒന്നിലധികം മൊട്ടുകള്‍ ഒരേ തണ്ടില്‍ ഉണ്ടാകുന്ന പക്ഷം മധ്യഭാഗത്ത് ഉളളവ മാത്രം നിര്‍ത്തി ബാക്കി നീക്കണം. ആരോഗ്യവും ഉല്‍പാദനക്ഷമതയുമുളള ശാഖകള്‍ ഉണ്ടാകുവാന്‍ വേണ്ടി അനുവര്‍ത്തിക്കുന്ന പ്രക്രിയയാണ് ബെന്‍സിംഗ്. ചെടി നട്ട് 45 മുതല്‍ 55 ദിവസം വരെ പ്രായമാകുമ്പോള്‍ പ്രധാന തണ്ടില്‍ നിന്നു വരുന്ന ഉപശാഖകളില്‍ ഏറ്റവും താഴെയുളള രണ്ടിലകള്‍ നിര്‍ത്തി ബാക്കി ഭാഗം 30 ഡിഗ്രി തടത്തിന് പുറത്തേയ്ക്ക് വളച്ചു വയ്ക്കുന്നു. ഇപ്രകാരം തണ്ട് ചതച്ചു കൊണ്ടാണ് വളച്ച് വയ്ക്കുന്നത്. ഒരിക്കലും ഒടിയരുത്. ബെന്‍സിഗിന്റെ ഫലമായി വളച്ചു വച്ച ഭാഗത്തിനു കീഴെയുളള രണ്ടിലകളുടെയും കവിളില്‍ നിന്നുളള മുകുളങ്ങള്‍ ആരോഗ്യമുളള ശാഖകളായി മുകളിലേക്ക് വളരും. 45 ദിവസം ഇടവിട്ട് മൂന്നോ, നാലോ തവണ ബെന്‍സിഗിനായി പൂമൊട്ടുകളില്‍ ബഡ്ഡ് ക്യാപ്പുകള്‍ ഇട്ട് കൊടുക്കുന്ന രീതിയും നിലവിലുണ്ട്.

സസ്യസംരക്ഷണം

   (എ)  രോഗങ്ങള്‍

     ബ്ലാക്ക് സ്‌പോട്ട് /കരിംപൊട്ട് രോഗം

മഞ്ഞ നിറത്തിലുളള വലയങ്ങളോടു കൂടിയ കറുത്ത പുളളികള്‍ ഇലകളില്‍ കാണുന്നതാണ് രോഗ ലക്ഷണം. മൂര്‍ദ്ധന്യാവസ്ഥയില്‍ ഇല മുഴുവനും മഞ്ഞനിറമായി കൊഴിഞ്ഞു വീഴും. രോഗനിയന്ത്രണത്തിന് രോഗബാധയേറ്റ ഇലകള്‍ യഥാസമയം നീക്കി നശിപ്പിയ്ക്കുക. ഇലകളില്‍ 2 ഗ്രാം ഒരു ലിറ്റര്‍ വെളളത്തിന് എന്ന തോതില്‍ ബാവിസ്റ്റിന്‍, ബെന്‍ലെയ്റ്റ് എന്ന കുമിള്‍ നാശിനികളില്‍ ഏതെങ്കിലും തളിച്ച് കൊടുക്കണം.

ചൂര്‍ണ്ണ പൂപ്പ്

വെളുത്ത പൊടി വിതറിയതു പോലെ കുമിള്‍ബാധ ഇലകളിലും പൂമൊട്ടുകളിലും കാണാം. ഇലകളുടെയും പൂക്കളുടെയും വളര്‍ച്ച മുരടിക്കും. രോഗനിയന്ത്രണത്തിന്  രോഗബാധയേറ്റ ശിഖരങ്ങളില്‍ കെരാത്തെയ്ന്‍ 2 ഗ്രാം ഒരു ലിറ്ററിന് എന്നിവ തളിയ്ക്കണം.

 കമ്പുണക്കം

കമ്പുകള്‍ അഗ്രഭാഗത്തുനിന്ന് താഴേക്ക് ഉണങ്ങി ക്രമേണ പ്രധാന തടിയിലേക്ക് വ്യാപിക്കും ചെടി മുഴുവനായി ഉണങ്ങിപ്പോകും. രോഗം ബാധിച്ച് തണ്ടുകള്‍ മുറിച്ച് മാറ്റി ബോര്‍ഡോ കുഴമ്പ് പുരട്ടി രോഗവ്യാപനം തടയാം. കൂടാതെ റസ്റ്റ്, േ്രഗ മോള്‍ഡ്, ക്രൗണ്‍ ഗോള്‍ റോട്ട് തുടങ്ങിയ രോഗങ്ങളും റോസില്‍ കണ്ടു വരുന്നു.

(ബി) കീടങ്ങള്‍

നീരൂറ്റിക്കുടിക്കുന്ന കീടങ്ങളാണ് റോസില്‍ പ്രധാനമായും കാണുക. ഇലപ്പേനുകള്‍, ത്രിപ്‌സ്, മൈറ്റ്‌സ് (മണ്ഡരികള്‍) തുടങ്ങിയവയാണ് ഇവയില്‍ പ്രധാനം. ഇലപ്പേനുകള്‍ അഥവാ ഏഫിഡുകള്‍ പുതിയ ശാഖകളിലും തളിരിലകളിലും നിന്ന് നീരൂറ്റിക്കുടിച്ച് ഫലമായി ഇലകള്‍ ചുക്കിച്ചുളിഞ്ഞ് ആകൃതി നഷ്ടപ്പെട്ട്  കാണാം. മൈറ്റുകളുടെ ആക്രമണ ഫലമായി ഇലകളില്‍ വെളുത്ത പുളളിക്കുത്തുകള്‍ പ്രത്യക്ഷപ്പെട്ട് ക്രമേണ ഇലകള്‍ വാടി വീഴും. ത്രിപ്‌സ് ഇലകള്‍, പൂക്കള്‍, പൂമൊട്ടുകള്‍ തുടങ്ങിയവയെ ആക്രമിക്കും. ഇലകളില്‍ പുളളിക്കുത്തുകള്‍ കാണാം. ഇതളുകളുടെ തിളക്കം നഷ്ടപ്പെടും നിറവ്യത്യാസം കാണപ്പെടും. ഇവയുടെ ആക്രമണത്തിനെതിരെ സ്‌പൈറോമെസിഫന്‍ (ഒബറോണ്‍) എന്ന കീടനാശിനി 0.8 മില്ലി ഒരു ലിറ്റര്‍ വെളളത്തിന് എന്ന തോതില്‍ തളിയ്ക്കാം. കൂടാതെ മുന്‍കരുതലായി മഞ്ഞക്കെണി, നീലക്കെണി എന്നിവ ഇടകലര്‍ത്തി തോട്ടത്തില്‍ സ്ഥാപിക്കാം. വെര്‍ട്ടിസീലിയം, ലീക്കാനി എന്ന ജൈവകുമിള്‍ ലിറ്ററിന് 20 ഗ്രാം എന്ന തോതിലോ വേപ്പടങ്ങിയ ഏതെങ്കിലും കീടനാശിനി തളിയ്ക്കുയോ ചെയ്യാം. ഇവ കൂടാതെ നീരൂറ്റിക്കുടിക്കുന്ന സ്‌കെയില്‍സ്, നിമാവിരകള്‍, ഇലവെട്ടുന്ന ഈച്ചകളുടെ ആക്രമണം തുടങ്ങിയവയും റോസില്‍ ഉണ്ടാകാറുണ്ട്. 

 

By  ഡോ.മിനിശങ്കര്‍


English Summary: Rose flower cultivation

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine