ലില്ലിയുടെ വർഗത്തിൽപെട്ട ആകർഷകമായ പൂക്കളോട് കൂടിയ ഒരു ചെടിയാണ് ഗ്ലാഡിയോലസ്. പറിച്ചെടുത്ത ശേഷം അധികം നാൾ വാടാതിരിക്കുവാൻ ഇവയ്ക്കുള്ള കഴിവാണ് അലങ്കാര പൂക്കളുടെ മുൻനിരയിലേക്ക് ഇവയെ എത്തിക്കുന്നത്. അലങ്കരിക്കാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പൂവ് ആയതുകൊണ്ട് തന്നെ നിരവധി പേർ ഇത് കൃഷി ചെയ്യുന്നു.
കൃഷിരീതി(Cultivation Methods)
നല്ല നീർവാർച്ചയും വളക്കൂറുമുള്ള പശിമരാശി മണ്ണാണ് ഈ കൃഷിക്ക് ഏറ്റവും അനുയോജ്യം. പിഎച്ച് മൂല്യം അഞ്ചര മുതൽ ആറര വരെയുള്ള മണ്ണ് മികച്ച വിളവ് ലഭ്യമാകാൻ സഹായിക്കും. സൂര്യപ്രകാശം നല്ലതുപോലെ ലഭ്യമാകുന്ന സ്ഥലം കൃഷിക്ക് വേണ്ടി തിരഞ്ഞെടുക്കണം അധികം തണുപ്പും ചൂടും ഇല്ലാത്ത മിതമായ കാലാവസ്ഥയാണ് ഏറ്റവും അനുയോജ്യം. ഭൂകാണ്ഡങ്ങൾ ആണ് വംശവർദ്ധനവിന് ഉപയോഗിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ചെമ്പരത്തിയിൽ നിറയെ പൂക്കൾ ഉണ്ടാകുവാൻ കമ്പ് മുറിച്ച് നടുമ്പോൾ ഈ വിദ്യ പ്രയോഗിച്ചാൽ മതി
ഭൂകാണ്ഡത്തിന്റെ വലുപ്പത്തിന് പുഷ്പിക്കാൻ ഉള്ള കഴിവുമായി ബന്ധമുള്ളതുകൊണ്ട് വലുതും ഇടത്തരം വലിപ്പമുള്ളതുമായ ഭൂകാണ്ഡം തിരഞ്ഞെടുക്കണം. വളരെ ചെറിയ ഭൂകാണ്ഡങ്ങൾ നട്ടാൽ മൂന്നുവർഷത്തിനുശേഷം പൂക്കും. തടങ്ങളിലും ചാലുകളിലും ഗ്ലാഡിയോലസ് നടാവുന്നതാണ്. നടുന്നതിന് ഒരു മാസം മുൻപ് തന്നെ കൃഷിയിടം ഉഴുത് നല്ലതുപോലെ പാകപ്പെടുത്തുക. 20 സെൻറീമീറ്റർ അകലത്തിൽ വാരങ്ങളും എടുക്കണം. ഇവയിൽ 30 സെൻറീമീറ്റർ അകലത്തിലും 5 സെൻറീമീറ്റർ ആഴത്തിലും ചെടികൾ നടാവുന്നതാണ്. സെപ്റ്റംബർ -നവംബർ കാലഘട്ടമാണ് കൃഷിക്കുവേണ്ടി തിരഞ്ഞെടുക്കേണ്ടത്. മികച്ച വിളവിന് ചാണകം, കടലപ്പിണ്ണാക്ക്, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് തുടങ്ങിയവ ഉപയോഗിക്കാം. മണ്ണിൻറെ ഘടനയും കാലാവസ്ഥയും അനുസരിച്ച് നന നൽകിയാൽ മതി. വിവിധ തരത്തിലുള്ള മുഞ്ഞകൾ, ഇലപ്പേൻ, പുഴുക്കൾ എന്നിവ ഈ സസ്യത്തിലെ ഇലകളെയും പൂക്കളെയും ആക്രമിക്കുന്നു. ഇവയെ നിയന്ത്രിക്കാൻ ഏതെങ്കിലും കീടനാശിനി ഉപയോഗിച്ചാൽ മതി. ഉദാഹരണത്തിന് ഡൈമെത്തോയേറ്റ്. ബാക്ടീരിൽ വാട്ടം, ബ്രൗൺ വാട്ടം തുടങ്ങിയവയാണ് മറ്റു രോഗങ്ങൾ. ഇത് നിയന്ത്രിക്കുവാൻ കോപ്പർ ഓക്സിക്ലോറൈഡ് തളിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: റോസാപ്പൂക്കൾ കൊണ്ട് ചെടി നിറയാൻ ഇങ്ങനെ ചെയ്താൽ മതി
നട്ടതിനുശേഷം പൂങ്കുലകൾ ഉണ്ടാകുന്നത് വരെയുള്ള കാലയളവ് ഇനമനുസരിച്ച് വ്യത്യാസപ്പെടും. ഈ കാലയളവ് രണ്ടു മുതൽ മൂന്നു മാസം വരെ നീണ്ടു പോകും. വിദൂര വിപണിയിലേക്ക് കയറ്റി അയക്കുന്നവർ ആണെങ്കിൽ പൂമൊട്ടുകൾക്ക് അടിയിൽ നിറം കാണുമ്പോൾ തന്നെ മുറിച്ചെടുക്കണം. മുറിച്ചെടുത്ത ശേഷം പൂങ്കുലയുടെ ദണ്ഡുകൾ ഉടനെ തന്നെ വെള്ളത്തിൽ മുക്കി വെക്കണം. ഒരു ഹെക്ടറിൽ നിന്നും ഏകദേശം രണ്ട് ലക്ഷം പൂക്കൾ വിളവെടുക്കാം. വിളവെടുപ്പിന് ശേഷം സസ്യങ്ങൾ മഞ്ഞ നിറം ആകുന്നതുവരെ തോട്ടത്തിൽ നിലനിർത്തുകയും പിന്നീട് ഭൂകാണ്ഡങ്ങൾ ശേഖരിക്കുകയും ചെയ്യുക. ഇതിൽ മികച്ച വിളവ് തരുന്ന ഏകദേശം ഇരുപതോളം ഇനങ്ങളുണ്ട്. ഇന്ത്യയിൽ കൂടുതലായും കൃഷി ചെയ്യുന്നത് ഇനങ്ങൾ മയൂർ, സുചിത്ര, മൻമോഹൻ, മനോഹർ, മുക്ത, അർച്ചന അപ്സര തുടങ്ങിയ ഇനങ്ങളാണ്.
ബന്ധപ്പെട്ട വാർത്തകൾ: കൃഷ്ണകിരീടം: ഒട്ടേറെ ഔഷധ ഗുണമുള്ള സുന്ദരിപ്പൂവ്