ലൂസ് പൂക്കളായ മുല്ലപ്പൂ, ബന്ദി, വാടാമുല്ല തുടങ്ങിയവയ്ക്ക് 16,000 രൂപയും സഹായം.
പരമാവധി 2 ഹെക്ടർ.
മനുഷ്യ ജീവിതവുമായി പുരാതന കാലം മുതല്‍ തന്നെ വളരെയധികം ബന്ധപ്പെട്ടു കിടക്കുന്ന പൂക്കളില്‍ ഒന്നത്രെ മുല്ല. പൂക്കളുടെ ലോകത്ത് ആധുനിക പുഷ്പങ്ങള്‍ പലതും മുന്‍നിരസ്ഥാനങ്ങള്‍ കൈയടക്കിയപ്പോഴും മുല്ലപ്പൂവിന്റെ പ്രാധാന്യത്തിന് യാതൊരു മങ്ങലും ഏറ്റിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
നവവധുവിന്റെ കാര്‍കൂന്തല്‍ അലങ്കരിക്കാന്‍ ഇന്നും മുല്ലപ്പൂവിനെ വെല്ലാന്‍ മറ്റു പൂക്കള്‍ക്കൊന്നും കഴിഞ്ഞിട്ടില്ല. മുല്ലപ്പൂവിന്റെ സവിശേഷത അതിന്റെ ഹൃദയഹാരിയായ വെണ്മയും വിശുദ്ധിയും മണവുമാണ്.ജീവിതത്തിലെ ധന്യമുഹൂര്‍ത്തങ്ങള്‍ക്ക് പൂര്‍ണ്ണത നല്‍കാന്‍ മുല്ല തന്നെ വേണം. സൗരഭ്യം പരത്തുന്ന പൂക്കളില്‍ മുല്ലപ്പൂ ഇന്നും പ്രഥമ സ്ഥാനത്തുതന്നെയാണ്. പൂജാദികര്‍മ്മങ്ങള്‍ക്കും മാലകോര്‍ക്കാനും അലങ്കാരാവശ്യങ്ങള്‍ക്കും കൂടാതെ സുഗന്ധതൈലം വേര്‍തിരിച്ചെടുക്കാനും മുല്ലപ്പൂ ഉപയോഗിച്ചു വരുന്നു.
മുല്ലപ്പൂ മണമുള്ള സോപ്പും പെര്‍ഫ്യൂമുകളും ചന്ദനത്തിരിയും മറ്റ് സൗന്ദര്യവര്‍ധകവസ്തുക്കളും ഈ തൈലത്തിന്റെ സംഭാവനയാണ്. മനസ്സിന് ഉണര്‍വേകുന്ന ഉത്തേജക ഗുണമുള്ള ഒരു പൂവാണത്രേ മുല്ല.
കുറച്ച് സ്ഥലത്ത് അല്‍പം ശ്രദ്ധയോടെ മുല്ല കൃഷി ചെയ്യാനായാല്‍ അത് വിജയിക്കുമെന്നതിന് സംശയമില്ല. കൂടുതല്‍ പേര്‍ ഈ രംഗത്തേക്ക് വന്ന് പൂകൃഷി വികസന സമിതികളോ സഹകരണ സംഘങ്ങളോ രൂപീകരിച്ച് ഒരു കൂട്ടു സംരംഭമായി വിപണനം നടത്തുകയുമാണ് വേണ്ടത്. ഇതിനുള്ള സമര്‍പ്പണമനോഭാവവും താത്പര്യവും ഉണ്ടെങ്കില്‍ നമ്മുടെ നഗരങ്ങളിലെ ടെറസ്സുകളില്‍പ്പോലും മുല്ല പടര്‍ന്നു പന്തലിച്ചു പൂത്തു നില്‍ക്കുന്നത് കാണാന്‍ കഴിയും.
കേരളത്തില്‍ ഒരു വര്‍ഷം 30-40 കോടി രൂപയുടെ മുല്ലപ്പൂക്കള്‍ ഉപയോഗിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏഷ്യയിലെ ഉഷ്ണ മേഖലാ പ്രദേശമാണ് മുല്ലയുടെ ഉത്ഭവസ്ഥലമായി കണക്കാക്കുന്നത്.
ഇനങ്ങള്‍
‘ജാസ്മിനം’ എന്ന ജനുസ്സില്‍ ഏകദേശം ഇരുന്നൂറോളം സ്പീഷീസുകള്‍ ഉള്ളതായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും 90 എണ്ണമാണ് യഥാര്‍ത്ഥത്തില്‍ നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്. അവയില്‍ 40 എണ്ണം ഇന്ത്യയിലുള്ളതായി രേഖകള്‍ സൂചിപ്പിക്കുന്നു.
വള്ളിയായി പടര്‍ന്നു കയറുന്നവയും കുറ്റിച്ചെടിയായി വളരുന്നവയും ഇവയിലുണ്ട്. ജാസ്മിനം ഹുമിലി, ജാസ്മിനം ഫ്‌ളോറിടം എന്നീ സ്പീഷിസുകളില്‍ മഞ്ഞ നിറത്തിലുള്ള പൂക്കളാണുണ്ടാകുന്നത്. ഇവയെ ഇറ്റാലിയന്‍ ജാസ്മിന്‍ എന്നും പറയാറുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന സ്പീഷീസുകളാണ് താഴെ വിവരിച്ചിരിക്കുന്നത്.
ജാസ്മിനം സാംബക്
അറേബ്യന്‍ ജാസ്മിന്‍, ടസ്‌കന്‍ ജാസ്മിന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്നു. നമ്മുടെ നാട്ടില്‍ സുലഭമായി കാണുന്ന മുല്ലയാണിത.് ചില പ്രധാന ഇനങ്ങളാണ് ഗുണ്ടുമല്ലി, രാമനാഥപുരം ലോക്കല്‍, മോട്ടിയ, രാമബാണം, മദന്‍ബന്‍, സിംഗിള്‍ മോഗ്ര, ഡബിള്‍ മോഗ്ര, ഇരുവാച്ചി, സൂചിമല്ലി, കസ്തൂരി മല്ലി എന്നിവ. മിക്ക ഇനങ്ങളും തമിഴ്‌നാട്ടില്‍ നിന്നും വന്നതിനാലാണ് ഇങ്ങനെ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. നമ്മുടെ നാട്ടില്‍ ധാരാളമായി കൃഷി ചെയ്തു വരുന്ന കുടമുല്ലയും പിന്നെ നിത്യമുല്ലയുമൊക്കെ ഈ വിഭാഗത്തില്‍പ്പെടുന്നു.
ജാസ്മിനം ഓറികുലേറ്റം
കോയമ്പത്തൂര്‍ മുല്ലയെന്ന് വിശേഷിപ്പിക്കുന്ന ഇതിന്റെ ചില ഇനങ്ങളാണ് സി.ഒ.1, പാരിമുല്ല ലോങ്ങ് പോയിന്റ്, ലോങ്ങ് റൗണ്ട്, മീഡിയം പോയിന്റ്,ഷോര്‍ട്ട് പോയിന്റ്,ഷോര്‍ട്ട് റൗണ്ട് മുതലായവ.
ജാസ്മിനം ഗ്രാന്‍ഡിഫ്‌ളോറം
ഫ്രഞ്ച് ജാസ്മിന്‍,സ്പാനിഷ് ജാസ്മിന്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. പിച്ചകം അഥവാ പിച്ചി എന്ന് പറയുന്നത് ഈ മുല്ലയെയാണ്. നല്ല മണമുള്ള ഇവ കൂടുതലും സുഗന്ധതൈലം വേര്‍തിരിച്ചെടുക്കുവാന്‍ ഉപയോഗിക്കുന്നു. ഇളം പിങ്ക് നിറത്തിലുള്ള മൊട്ട് ഇവയുടെ പ്രത്യേകതയാണ്. ചില പ്രധാന ഇനങ്ങളാണ് സി.ഒ-1, സി ഒ-2, പിങ്ക് പിന്‍, തിമ്മപുരം, ലക്‌നൗ, അര്‍ക്ക സുരഭി എന്നിവ.
ജാസ്മിനം മള്‍ട്ടിഫ്‌ളോറം
ജാസ്മിനം പ്യൂബസെന്‍സ്,സ്റ്റാര്‍ ജാസ്മിന്‍ എന്നീ പേരുകളിലും അറിയപ്പെടാറുണ്ട്. അധികം മണമില്ലാത്ത ധാരാളം പൂക്കളുണ്ടാകുന്ന സ്പീഷീസാണിത്. മറ്റുള്ളവയെ അപേക്ഷിച്ച് രോഗകീടബാധ കുറവുള്ള മുല്ലയാണിത്. ‘കക്കട മുല്ല’ എന്ന് കര്‍ണാടകക്കാര്‍ പറയുന്നത് ഇതിന്റെ ഇനമാണ്. ഇവയുടെ പൂക്കള്‍ പെട്ടെന്ന് വാടാറില്ല.
കാലാവസ്ഥയും മണ്ണും
സൂര്യപ്രകാശം നല്ലതുപോലെ ലഭിക്കുന്ന തുറസ്സായ സ്ഥലമാണ് മുല്ല കൃഷിക്ക് തെരഞ്ഞെടുക്കേണ്ടത്. തണലില്‍ വളരുന്ന മുല്ലയ്ക്ക് കായികവളര്‍ച്ചയുണ്ടാകുമെങ്കിലും പൂമൊട്ടുകള്‍ കുറവായിരിക്കും. ധാരാളം വെള്ളവും മുല്ലയ്ക്കാവശ്യമാണ്.
അതിശൈത്യം മുല്ലമൊട്ടിന്റെ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കും. തണുപ്പുകാലത്ത് മുല്ലപ്പൂക്കള്‍ കുറയുന്നതു മൂലം വില നല്ലപോലെ വര്‍ദ്ധിക്കുന്നു. മിതമായ കാലാവസ്ഥയാണ് ചെടികളുടെ വളര്‍ച്ചയ്ക്ക് ഏറ്റവും നല്ലത്.
പകല്‍ ദൈര്‍ഘ്യം കൂടുതലുള്ളപ്പോഴാണ് മുല്ലയില്‍ ധാരാളം പൂക്കളുണ്ടാവുന്നത്. നല്ല നീര്‍വാര്‍ച്ചയുള്ള മണല്‍ കലര്‍ന്ന പശിമരാശി മണ്ണാണ് മുല്ലയുടെ വളര്‍ച്ചയ്ക്കും പൂവിടലിനും അനുയോജ്യം. കളിമണ്ണ് കൂടുതലുള്ള മണ്ണ് കായിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെങ്കിലും പൂക്കളുടെ ഉത്പാദനം കുറവായിരിക്കും.
ഏകദേശം പതിനഞ്ച് വര്‍ഷത്തോളം മുല്ലച്ചെടിയില്‍ നിന്ന് വിളവും ആദായവും ലഭിക്കുമെന്നതിനാല്‍ നടാനുള്ള സ്ഥലം തെരഞ്ഞെടുക്കുന്നതും ഗുണമേന്മയുള്ള നടീല്‍ വസ്തു നടുന്നതും വളരെ പ്രാധാന്യമര്‍ഹിക്കുന്നു.
പ്രവര്‍ദ്ധനം
മണ്ണില്‍ സമ്പര്‍ക്കമുണ്ടാകുന്ന വള്ളികളില്‍ വേര് പിടിക്കുന്നതിനാല്‍ പതിവെക്കലിലൂടെ മുന്‍കാലങ്ങളില്‍ പുതിയ ചെടികള്‍ ഉത്പാദിപ്പിച്ചിരുന്നു. എന്നാല്‍ കമ്പു മുറിച്ചു നടുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ നടീല്‍ വസ്തുക്കളുടെ എണ്ണം വളരെ കുറവായിരിക്കും.
കമ്പുകള്‍ മുറിച്ചു നടുന്നരീതി
പുതിയ ചെടികള്‍ ഉത്പാദിപ്പിച്ചെടുക്കാന്‍ ഏറ്റവും എളുപ്പമുള്ള രീതിയാണിത്. മുല്ലയുടെ ഇനം, മുറിച്ചെടുക്കുന്ന തണ്ടിന്റെ തരം, കമ്പ് നടുന്ന മാധ്യമം, കാലാവസ്ഥ എന്നീ പല ഘടകങ്ങളെയും ആശ്രയിച്ച് കമ്പുകളില്‍ വേരു പിടിക്കുന്നതിന്റെ തോത് വ്യത്യാസപ്പെട്ടിരിക്കും.
സാധാരണയായി കമ്പുകള്‍ വേരു പിടിപ്പിക്കാന്‍ ഏറ്റവും യോജിച്ച സമയം മഴക്കാലമാണ്. എന്നാല്‍ വേനല്‍ക്കാലത്തും തണുപ്പുകാലത്തും ‘മിസ്റ്റ് ചേംബര്‍’ പോലുള്ള കൂടുകളില്‍ കമ്പുകള്‍ വെച്ച് നനച്ചു കൊടുക്കുകയാണെങ്കില്‍ നല്ലതു പോലെ വേര് ഉണ്ടാവുന്നു.
മാത്രമല്ല ചില ഹോര്‍മോണുകളും വേര് പിടിക്കാന്‍ സഹായകമാണ്. ഐ.എ.എ, എന്‍.എ.എ, ഐ.ബി.എ എന്നീ ഹോര്‍മോണുകള്‍ ഫലപ്രദമാണ്. ഐ.ബി.എ (ഇന്‍ഡോള്‍ ബ്യൂട്ടിറിക് ആസിഡ്) എന്ന ഹോര്‍മോണ്‍ 1000 പി.പി.എം (ഒരു ലിറ്റര്‍ വെള്ളത്തിന് ഒരു ഗ്രാം ഹോര്‍മോണ്‍) എന്ന തോതില്‍ ഉണ്ടാക്കി അതില്‍ കമ്പുകള്‍ മുക്കി വെച്ച ശേഷം നടുകയാണെങ്കില്‍ നല്ലതുപോലെ വേരുകളുണ്ടാകുന്നതായി തെളിഞ്ഞിട്ടുണ്ട്.
വേര് പിടിപ്പിക്കാനുള്ള മാധ്യമത്തില്‍ മണല്‍, മണ്ണ്,ചാണകപ്പൊടി എന്നിവ തുല്യ അളവില്‍ ചേര്‍ക്കുന്നു. മൂന്നു മുതല്‍ ആറു മാസം പ്രായമായ വേരു പിടിപ്പിച്ച കമ്പുകള്‍ നടാനായി ഉപയോഗിക്കാം.
നടീല്‍
മുല്ല നടാനുദ്ദേശിക്കുന്ന സ്ഥലം നന്നായികിളച്ച് അല്ലെങ്കില്‍ ഉഴുതു മറിച്ച് കളകളും കട്ടകളും മാറ്റി വൃത്തിയാക്കണം. ഒരു കുറ്റിചെടിയായതിനാല്‍ ആഴത്തില്‍ കുഴികളെടുത്ത് അതിലാണ് വേരു പിടിപ്പിച്ച കമ്പുകള്‍ നടുന്നത്. ഇതിനായി ഏകദേശം ഒന്നര അടി നീളവും വീതിയും ആഴവുമുള്ള സമചതുരാകൃതിയിലുള്ള കുഴികള്‍ നാലടി അകലത്തില്‍ എടുക്കണം.
ചെടികള്‍ തമ്മിലുള്ള അകലം മണ്ണിന്റെ ഘടനയെയും വളക്കൂറിനെയും ആശ്രയിച്ചും ഇനങ്ങള്‍ക്കനുസരിച്ചും വ്യത്യാസപ്പെട്ടിരിക്കും. നല്ല വളക്കൂറുള്ള മണ്ണില്‍ കൂടുതല്‍ അകലം കൊടുത്ത് നടണം. വിവിധ സ്പീഷീസുകള്‍ക്ക് കൊടുക്കേണ്ട അകലം താഴെ പ്രതിപാദിച്ചിരിക്കുന്നു.
ജാസ്മിനം ഓറികുലേറ്റം - 1.8*1.8 മീറ്റര്‍
ജാ.സാംബക് - 1.2*1.2 മീറ്റര്‍
ജാ.ഗ്രാന്‍ഡിഫ്‌ളോറം - 2.0*1.5 മീറ്റര്‍
ജാ.മള്‍ട്ടിഫ്‌ളോറം - 1.8*1.8 മീറ്റര്‍
എടുത്തിട്ടുള്ള കുഴികളില്‍ മേല്‍മണ്ണും 15 കിലോഗ്രാം ഉണക്കിപ്പൊടിച്ച ചാണകവും ചേര്‍ത്ത മിശ്രിതം നിറച്ചശേഷം കുഴിയുടെ മധ്യത്തിലായി വേരു പിടിപ്പിച്ച കമ്പുകള്‍ നടുന്നു. മെയ്,ജൂണ്‍ മാസങ്ങളാണ് മുല്ല നടാന്‍ അനുയോജ്യമായത്.
നല്ലതു പോലെ നനക്കുവാന്‍ സൗകര്യമുണ്ടെങ്കില്‍ മറ്റു മാസങ്ങളിലും നടാം. ചെടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുവാന്‍ ചാണകപ്പൊടിക്കൊപ്പം കുഴിയൊന്നിന് ഏകദേശം 150 ഗ്രാം വേപ്പിന്‍ പിണ്ണാക്കും 50-75 ഗ്രാം എല്ലുപൊടിയും അടി വളമായി ചേര്‍ക്കാവുന്നതാണ്.
മണ്ണ് നിറയ്ക്കുന്നതിനു മുമ്പ് കുഴിയുടെ അടിയില്‍ ഉണങ്ങിയ തൊണ്ട് കമഴ്ത്തി വെക്കുന്ന രീതിയും ചില സ്ഥലങ്ങളില്‍ നടപ്പിലുണ്ട്. ഇത് കൂടുതല്‍ ഈര്‍പ്പം നിലനിര്‍ത്തുവാന്‍ സഹായിക്കും. പ്രത്യേകിച്ചും വേനല്‍ കാലത്ത്.
വളപ്രയോഗം
വളങ്ങള്‍ക്ക് പൊതുവായ ഒരു ശുപാര്‍ശയുണ്ടെങ്കിലും മണ്ണ് പരിശോധിച്ച് അതിലടങ്ങിയിട്ടുള്ള വളത്തിന്റെ അളവ് മനസ്സിലാക്കി വേണം വളങ്ങള്‍ ചെടികള്‍ക്ക് നല്‍കേണ്ടത്. മണല്‍ കൂടുതലുള്ള മണ്ണില്‍ ഇടക്കിടക്ക് വളപ്രയോഗം നടത്തേണ്ടിവരും.
ചെടി നട്ട് മൂന്നു മാസം കഴിയുമ്പോള്‍ വളപ്രയോഗം തുടങ്ങാം. ഒരു കുറ്റിമുല്ല ചെടിക്ക് 260 ഗ്രാം യൂറിയ, 1.3 കിലോഗ്രാം സൂപ്പര്‍ ഫോസ്‌ഫേറ്റ്, 400 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്, 10 കിലോഗ്രാം ചാണകപ്പൊടി എന്നിവയാണ് ഒരു വര്‍ഷത്തില്‍ ഇടേണ്ടത്.
നിലത്ത് നട്ടിട്ടുള്ള ചെടികള്‍ക്ക് ഈ വളങ്ങള്‍ രണ്ടോ മൂന്നോ തവണകളായി നല്‍കാം. എന്നാല്‍ ചട്ടിയിലും ചാക്കിലും നട്ടിട്ടുള്ള ചെടികള്‍ക്ക് വളം മാസം തോറും തുല്യ അളവില്‍ നല്‍കുന്നതാണ് നല്ലത്. നേര്‍വളങ്ങള്‍ക്ക് പകരം മിക്‌സ്ചറും കോംപ്ലക്‌സ് വളങ്ങളും നല്‍കാം.
ചെടിക്കു ചുറ്റുമുള്ള മണ്ണിളക്കി മണ്ണുമായി കലര്‍ത്തിയാണ് വളങ്ങള്‍ നല്‍കേണ്ടത്. ജൈവവളങ്ങളായ മണ്ണിര കമ്പോസ്റ്റ്, ആട്ടിന്‍ കാഷ്ഠം, കോഴികാഷ്ഠം, വേപ്പിന്‍ പിണ്ണാക്ക്, കടല പിണ്ണാക്ക് എന്നിവയിലേതെങ്കിലും ഒന്ന് മാറി മാറി മാസം തോറും കൊടുക്കുന്നതും മുല്ലയുടെ വളര്‍ച്ചയ്ക്ക് വളരെ നല്ലതാണെന്ന് തെളിഞ്ഞിട്ടുണ്ട്.
കടലപിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക് എന്നിവ വെള്ളത്തിലിട്ടു കുതിര്‍ത്തു വെച്ച് മൂന്നു നാലു ദിവസങ്ങള്‍ കഴിഞ്ഞ് ഒഴിച്ചു കൊടുക്കുകയാണെങ്കില്‍ കൂടുതല്‍ ഫലപ്രദമാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
തമിഴ് നാട്ടിലെ പല കൃഷിക്കാരും ജൈവവളങ്ങളാണ് കൂടുതലും നല്‍കുന്നത് പഞ്ചഗവ്യം പോലുള്ള മിശ്രിതങ്ങള്‍ അവര്‍ മുല്ലചെടികള്‍ക്ക് നല്‍കാറുണ്ട്. നമ്മുടെ നാട്ടിലും പഞ്ചഗവ്യം ഉണ്ടാക്കി മുല്ലച്ചെടികള്‍ക്ക് തളിച്ചു കൊടുത്തപ്പോള്‍ പൂക്കളുടെ ഉത്പാദനത്തില്‍ നല്ല വര്‍ദ്ധനയുണ്ടായതായി കാര്‍ഷിക സര്‍വ്വകലാശാല പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. കുറ്റിമുല്ലയില്‍ എപ്പോഴും മൊട്ടുകളുണ്ടാകുന്നതിനാല്‍ ആവശ്യാനുസരണം വളങ്ങളുടെ ലഭ്യത ഉറപ്പുവരുത്തണം.
പ്രൂണിങ്ങ് അഥവാ കൊമ്പുകോതല്‍
മുല്ലകൃഷിയില്‍ വളപ്രയോഗം പോലെ തന്നെ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് പ്രൂണിങ്ങ് അഥവാ കൊമ്പു കോതല്‍. ഇത് ചെടിയുടെ വളര്‍ച്ചയേയും പൂമൊട്ടുകളുണ്ടാകുന്നതിനേയും വളരെയധികം സ്വാധീനിക്കുന്നു.
പ്രൂണിങ്ങ് കൊണ്ടുദ്ദേശിക്കുന്നത് കമ്പുകള്‍ മുറിച്ചു മാറ്റുക എന്നതാണ്. മൊട്ടുണ്ടായിക്കഴിഞ്ഞ എല്ലാ തണ്ടുകളും ഉണങ്ങിയതും രോഗബാധയുള്ളതുമായ കമ്പുകളും വെട്ടിക്കളഞ്ഞ് പുതിയ കമ്പുകള്‍ വരാന്‍ ചെടിയെ ഉത്തേജിപ്പിക്കുകയാണ് കൊമ്പു കോതലിലൂടെ നാം ചെയ്യുന്നത്. പുതിയ കമ്പുകളിലാണ് എപ്പോഴും മുല്ലമൊട്ടുകള്‍ കാണുന്നത്.
പ്രൂണിങ്ങ് നിലത്തു നിന്നും ഒന്നര അടി പൊക്കത്തില്‍ ചെയ്യുന്നതാണ് നല്ലത്. തദവസരത്തില്‍ ഇലകളും കളയാറുണ്ട്. തമിഴ്‌നാട്ടിലും മറ്റും നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് പ്രൂണിങ്ങ് നടത്തുന്നത്. എന്നാല്‍ കേരളത്തില്‍ മൊട്ടിന്റെ ഉത്പാദനവും വിലയും കണക്കിലെടുക്കുമ്പോള്‍ മഴക്കാലത്ത് അതായത് ജൂണ്‍-ജൂലൈ മാസങ്ങളില്‍ മുല്ല നന്നായി വെട്ടി നിര്‍ത്തി സെപ്റ്റംബര്‍ മാസത്തോടുകൂടി ഒരു ചെറിയ കൊമ്പുകോതല്‍ കൂടി നടത്തുന്നതാണ് നല്ലത്.
മഴക്കാലത്ത് പ്രൂണിങ്ങ് നടത്തുകയാണെങ്കില്‍ മുറിവായില്‍ കുമിള്‍നാശിനി തേക്കുന്നത് രോഗബാധ തടയാന്‍ ഉപകരിക്കും. ബോര്‍ഡോകുഴമ്പോ മാങ്കോസെബോ ഇതിനായി ഉപയോഗിക്കാവുന്നതാണ്.
മറ്റു പരിചരണമുറകള്‍
കളയെടുക്കല്‍ തക്കസമയത്ത് തന്നെ ചെയ്യണം. വളമിടുന്നതിനുമുമ്പായി കള നിശേഷം നശിപ്പിച്ചിരിക്കണം. പുതയിടുന്നതും കളകളെ നിയന്ത്രിക്കാന്‍ സഹായകമാണ്.
വേനല്‍ക്കാലത്തുള്ള ജലസേചനം മുല്ലയ്ക്ക് അത്യന്താപേക്ഷിതമാണ്. ചാലുകള്‍ വഴി ഓരോ ചെടിയുടെ ചുവട്ടിലെ വെള്ളം തിരിച്ചു വിട്ട് നനയ്ക്കുകയാണ് സാധാരണ പതിവ്.
നിലത്തു നില്‍ക്കുന്ന ചെടികള്‍ക്ക് മൂന്നു ദിവസത്തിലൊരിക്കല്‍ ഇത്തരത്തില്‍ നന ആവശ്യമാണ്. എന്നാല്‍ ചട്ടിയിലോ ചാക്കിലോ നട്ടിട്ടുള്ള ചെടികള്‍ക്ക് ദിവസേന നനയ്‌ക്കേണ്ടതായി വരും. സ്പ്രിംഗ്‌ളര്‍ നനയെക്കാള്‍ ഉത്തമം വെള്ളം തിരിച്ച് നനക്കുന്നതാണ്. തുള്ളി നന സൗകര്യമുണ്ടെങ്കില്‍ വെള്ളത്തിന്റെ അളവ് നല്ലതുപോലെ കുറക്കുന്നു.
മഴക്കാലത്ത് നീര്‍വാര്‍ച്ചാ സൗകര്യങ്ങള്‍ ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്.
വിളവെടുപ്പ്
നട്ട് ആറുമാസത്തിനകം ചെടികള്‍ പൂക്കാന്‍ തുടങ്ങും. വേരു പിടിപ്പിച്ച കമ്പുകള്‍ നടുന്നത് മൂലം മൂന്നാം മാസം മുതല്‍ പൂമൊട്ടുകള്‍ കാണാറുണ്ടെങ്കിലും ചെടിക്ക് ശരിയായ കായിക വളര്‍ച്ച ആവാത്തതിനാല്‍ ആറുമാസം വരെ ഈ മൊട്ടുകള്‍ പൊട്ടിച്ചു കളയുന്നതാണ് നല്ലത്.
അതോടൊപ്പം അഗ്രഭാഗം നുള്ളികളയുക കൂടി ചെയ്യുകയാണെങ്കില്‍ ധാരാളം ശിഖരങ്ങളുണ്ടാവാന്‍ സഹായിക്കുന്നു. കുറ്റി മുല്ലയില്‍ നിന്നും വര്‍ഷത്തില്‍ എല്ലാ മാസങ്ങളിലും പൂക്കള്‍ ലഭിക്കും. എന്നാല്‍ തണുപ്പുകാലത്തും (നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍) നല്ല മഴക്കാലത്തും(ജൂണ്‍-ജൂലൈ മാസങ്ങളില്‍) പൂക്കള്‍ കുറവായിരിക്കും.
പൂക്കളുടെ ആവശ്യകതയനുസരിച്ചാണ് അവ പറിക്കുന്ന സമയം നിശ്ചയിക്കേണ്ടത്. മാല കെട്ടാനും തലയില്‍ ചൂടാനുമൊക്കെ മൊട്ടായിട്ടാണ് വേണ്ടത്. അതിനാല്‍ വിരിയാത്ത മൊട്ടുകള്‍,വിരിയുന്നതിന് തലേ ദിവസം രാവിലെ തന്നെ പറിച്ചെടുക്കുന്നു.
എന്നാല്‍ പൂജാദികര്‍മ്മങ്ങള്‍ക്കും പൂതൈലം വാറ്റിയെടുക്കുന്നതിനുമായി നന്നായി വിരിഞ്ഞ പൂക്കളാണ് പറിക്കുന്നത്. പൂതൈലം ലഭിക്കാന്‍ രാവിലെ 9.30 ന് മുമ്പ് പൂക്കള്‍ പൊട്ടിച്ചിരിക്കണം. വൈകുന്തോറും തൈലത്തിന്റെ അളവ് കുറയുന്നു.
വിപണനത്തിനായി സാധാരണ കുട്ടകളിലാണ് കൊണ്ടു പോകുന്നത്. എന്നാല്‍ വിദൂര സ്ഥലങ്ങളിലേക്കാണെങ്കില്‍ കടലാസുപെട്ടികളുപയോഗിക്കുന്നു.
വിളവ്
ഒരു ചെടിയില്‍ നിന്നും ഒരു വര്‍ഷത്തില്‍ ചുരുങ്ങിയത് 1-1.25 കിലോഗ്രാം പൂമൊട്ടുകള്‍ ലഭിക്കും. അതായത് ഒരു ഏക്കറില്‍ നിന്നും പ്രതിവര്‍ഷം 2.8-3.5 ടണ്‍ പൂമൊട്ട് ലഭിക്കുന്നു. നമ്മള്‍ നല്‍കുന്ന പരിചരണ മുറകള്‍ക്കനുസരിച്ച് ഇതില്‍ ചെറിയ വ്യത്യാസങ്ങളുണ്ടായേക്കും.
വിപണനം
മുല്ലയുടെ വിപണനം സഹകരണാടിസ്ഥാനത്തില്‍ മാത്രമേ വിജയിക്കുകയുള്ളു. സഹകരണ സംഘങ്ങള്‍ രൂപീകരിച്ച് മൊട്ടുകള്‍ ശേഖരിച്ച് അവ മൊട്ടായോ മാലകെട്ടിയോ വില്‍ക്കാവുന്നതുമാണ്.
പൂമൊട്ടുകള്‍ വീടുകളില്‍ നിന്നും സംഭരിച്ചു സൊസൈറ്റികളിലെത്തിക്കാന്‍ ഒരു ഏജന്റിനെ ഏല്‍പ്പിക്കുകയാണെങ്കില്‍ കൃഷിക്കാര്‍ക്ക് സൗകര്യപ്രദമായിരിക്കും. കാരണം കഴിയുന്നത്ര വേഗത്തില്‍ പൂമൊട്ടുകള്‍ വിപണിയിലെത്തണം.
പ്രാദേശികമായ കല്യാണങ്ങളുടെയും മറ്റ് അലങ്കാരങ്ങളുടെയും ഓര്‍ഡര്‍ ഇത്തരത്തിലുള്ള സൊസൈറ്റികള്‍ക്ക് ലഭിക്കുകയാണെങ്കില്‍ മുല്ലപ്പൂവിന്റെ വിപണി കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. ആവശ്യത്തിനനുസരിച്ച് എപ്പോഴും ഒരു നിശ്ചിത അളവില്‍ മുല്ലമൊട്ട് ലഭിക്കണമെങ്കില്‍ കൂടുതല്‍ പേര്‍ ഈ രംഗത്തേക്ക് വരുകയും സ്ഥിരമായി ഒരേ വിപണിയില്‍ തന്നെ മൊട്ട് കൊടുക്കുകയും ചെയ്യണം.
അങ്ങനെ ചെയ്യുന്ന പക്ഷം മുല്ലകൃഷി ഒരു വരുമാന മാര്‍ഗമായി നമ്മുടെ കൃഷിക്കാര്‍ക്ക് കൊണ്ടു നടത്താന്‍ പറ്റുമെന്നതില്‍ സംശയമില്ല.