മൂവാറ്റുപുഴ : വേനൽക്കാലത്ത് പൂക്കുകയും വസന്തം കഴിയുമ്പോഴേക്കും ഇല പൊഴിക്കുകയും ചെയ്യുന്ന വാക അഥവാ ഗുൽമോഹർ പൂക്കൾ കൊണ്ട് നിറയുകയാണ് മൂവാറ്റുപുഴയുടെ പാതയോരങ്ങൾ നിറയെ.
അങ്ങനെ വഴിയരികില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന വാകപൂക്കള്‍ യാത്രക്കാര്‍ക്ക് ദൃശ്യവിരുന്ന് സമ്മാനിക്കുന്നു. ദേശീയപാതയോരങ്ങളില്‍ വാകകള്‍ പൂത്തു നില്‍ക്കുന്നത് വാഹനങ്ങളിലും മറ്റും ദൂരയാത്ര ചെയ്യുന്നവർക്ക് നൽകുന്ന ദൃശ്യാനാനന്ദം കുറച്ചൊന്നുമല്ല.
വാക എന്ന പേരില്‍ അറിയപ്പെടുന്ന തണല്‍ വൃക്ഷം ഇപ്പോള്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും വിദ്യാലയത്തിന്‍റെ മുറ്റങ്ങളിലുമെല്ലാം കാഴ്ചയുടെ നവ വസന്തം സമ്മാനിക്കുകയാണ്. വാകക്ക് ഗുല്‍മോഹര്‍ എന്നൊരു പേരുകൂടിയുണ്ട്. വേനലില്‍ പൂവിടുകയും വസന്തം കഴിയുന്നതോടെ ഇല പൊഴിക്കുകയും ചെയ്യുന്ന മരങ്ങളിലൊന്നാണ് ഗുല്‍മോഹര്‍ പൂക്കൾ . മഡഗാസ്കറാണ് ഇതിന്‍റെ ജന്മദേശം.
തണല്‍ വൃക്ഷമെന്ന നിലയില്‍ ഗുല്‍മോഹര്‍ ഭാരതത്തിലെത്തിയിട്ടു ഒരു നൂറ്റാണ്ട് പിന്നിടുകയാണ്. മഞ്ഞ, ചുവപ്പ്, വയലറ്റ് എന്നീ നിറങ്ങളാണ് ഈ പൂക്കള്‍ക്കുള്ളത്. മൂന്നാര്‍ പ്രദേശങ്ങളില്‍ കൂടുതലും വയലറ്റും, ചുവപ്പുമാണ്. മഞ്ഞയാണ് മിക്കയിടങ്ങളിലും കൂടുതലായി കാണുന്നത്.
പരമാവധി പത്തു മീറ്ററാണ് മരത്തിന്‍റെ ഉയരം. അത്രയുമെത്തിക്കഴിഞ്ഞാല്‍ ഇവയുടെ തലപ്പ് പരന്നു പന്തലിക്കും. വനത്തിനുള്ളില്‍ മറ്റു മരങ്ങള്‍ക്കിടയില്‍ പൂര്‍ണമായും പൂത്തുലഞ്ഞു നില്‍ക്കുന്ന ഗുല്‍മോഹറിനെ വനത്തിനുള്ളിലെ തീനാളമെന്നും വിളിക്കുന്നുണ്ട്. കൂടുതലും വഴിയോരത്തു തണലേകി നില്‍ക്കുന്ന ഗുല്‍മോഹറിന്‍റെ ചാരുതയ്ക്കു കടുത്ത വേനലിലും തെല്ലും കുറവുണ്ടായിട്ടില്ല.
ഗുല്‍മോഹര്‍ പൂക്കളുടെ മനോഹാരിത സാഹിത്യത്തിലും കോളജ് ക്യാമ്പസുകളിലും പ്രണയത്തിന്‍റെ ഉദാത്തതയായി ചിത്രീകരിച്ചിട്ടുണ്ട്. സിസാന്‍ പിനിയേസി സസ്യകുടുംബത്തില്‍പ്പെട്ട ഗുല്‍മോഹറിനെ അലസിപ്പൂമരമെന്നും വിളിക്കാറുണ്ട്. ഡെലോനിക്സ് റീജിയറാഫ് എന്നാണ് ഇതിന്‍റെ ശാസ്ത്രീയനാമം. വേനലിന്‍റെ ആരംഭത്തില്‍ തന്നെ പൂര്‍ണമായും ഇല കൊഴിക്കുന്ന ഈ പൂമരം ആദ്യ പുതുമഴയില്‍ തന്നെ തളിര്‍ക്കുകയും പുഷ്പിക്കുകയും ചെയ്യും. ഇലകള്‍ കാണാത്തവിധം പൂക്കള്‍കൊണ്ട് നിറയും. കാലവര്‍ഷം എത്തുന്നതു വരെയാണ് പൂക്കളുടെ കാലം. മഴ പെയ്തു തുടങ്ങുന്നതോടെ പൂക്കള്‍ കൊഴിച്ചു വീണ്ടും പച്ചപ്പിലേക്ക് മടങ്ങും.