റോസിന്റെ ഇലകളിൽ കീടങ്ങൾക്കെതിരെ ദിവസവും രണ്ടുമൂന്നു തവണ വെള്ളം ഹോസ്കൊണ്ട് തളിക്കണം. ജൈവ കീടനാശിനികളായ വെളുത്തുള്ളി നീര് നേർപ്പിച്ചത്, വെളുത്തുള്ളി–വേപ്പെണ്ണ–സോപ്പു മിശ്രിതം എന്നിവ ചെറുകീടങ്ങൾക്കെതിരെ പല തവണ തളിക്കേണ്ടിവരും. റോസിനു നേരിയ തോതിൽ പ്രൂണിങ് നടത്തുക.
കടലപ്പിണ്ണാക്ക് ഒരാഴ്ച കുതിർത്തു കിട്ടുന്ന തെളി, മണ്ണിരക്കമ്പോസ്റ്റ്, പച്ചച്ചാണക സ്ലറി എന്നിവ ഇടയ്ക്കിടെ ചേർക്കാം. കൂടാതെ 19–19–19 വളം, റോസ് മിക്സ്ചർ എന്നിവ രണ്ടാഴ്ചതോറും രണ്ടു സ്പൂൺ വീതം ചേർക്കാം. ഉണക്കിന്റെ കാഠിന്യം കുറയ്ക്കാൻ ചുവട്ടിൽ ഉണങ്ങിയ ചാണകക്കട്ട കൂട്ടിവയ്ക്കുന്നതും കൊള്ളാം.
ഓർക്കിഡ്‍
നിലത്തു വളർത്തുന്നയിനം ഓർക്കിഡുകൾക്ക് കടലപ്പിണ്ണാക്ക്, പച്ചച്ചാണകസ്ലറി എന്നിവ ചേർക്കുക. കരുത്ത് കിട്ടുന്നതിനായി 19–19–19 വളം നേരിയ അളവിൽ നേർപ്പിച്ച് ഇടയ്ക്കിടെ ഒഴിക്കാം. ഹാങ്ങിങ് വിഭാഗം ഓർക്കിഡുകൾക്ക് പച്ചച്ചാണകം വെള്ളത്തിൽ കലക്കി തെളിയെടുത്തു തളിക്കാം. ഇവ നന്നായി വളരുന്നതിനും പുഷ്പിക്കുന്നതിനും നേരിയ അളവിൽ രാസവളങ്ങൾ ഉപയോഗിക്കാം. ഇവയുടെ കായികവളർച്ചയുടെ കാലത്ത് എൻപികെ 3:1:1 അനുപാതത്തിലും പുഷ്പിക്കുന്ന കാലത്ത് 1:2:2 അനുപാതത്തിലും ഉപയോഗിക്കാം.
ആന്തൂറിയം
നന കൂടിയാൽ കുമിൾബാധയും ഒച്ചിന്റെ ശല്യവും കൂടും. രാത്രിയിൽ ടോർച്ചടിച്ച് ഒച്ചിനെ പെറുക്കി നശിപ്പിക്കണം. നാലു മാസത്തിലൊരിക്കൽ ഓരോ ചുവടിനും ഒരു വലിയ സ്പൂൺ കുമ്മായം ചുറ്റും വിതറി കൊത്തിച്ചേർക്കുക. കടലപ്പിണ്ണാക്ക് അഞ്ചുദിവസം കുതിർത്തു കിട്ടുന്ന തെളി നേർപ്പിച്ചത്, പച്ചച്ചാണകസ്ലറി, മണ്ണിരക്കമ്പോസ്റ്റ് എന്നിവ ഇടയ്ക്കിടെ ചേർക്കാം. എന്നാൽ ചെടികൾക്ക് കരുത്തു കിട്ടാൻ 19–19–19 വളം 10 ഗ്രാം രണ്ടു ലീറ്റർ വെള്ളത്തിൽ കലക്കി രണ്ടാഴ്ച ഇടവേളയിൽ ഒഴിക്കാം.
മറ്റു ചെടികൾ
മറ്റു പൂച്ചെടികളായ മാരിഗോൾഡ്, സെലോഷ്യ, ബാൾസം, സീനിയ മുതലായവയ്ക്ക് പാകത്തിന് നനയും ഇടയ്ക്കിടെ മണ്ണിരക്കമ്പോസ്റ്റ് മാതിരിയുള്ള ജൈവവളങ്ങളും ചേർക്കുക.