വെള്ളരി വർഗ്ഗ വിളകളിൽ നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി കൃഷിചെയ്യുവാൻ സാധിക്കുന്ന ഇനമാണ് തണ്ണിമത്തൻ. കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് ആലപ്പുഴ ജില്ലയിൽ ധാരാളമായി തണ്ണിമത്തൻ നിലവിൽ കൃഷി ചെയ്തു വരുന്നുണ്ട്. നിലവിൽ കേരളത്തിൽ കൂടുതൽ പേരും കൃഷിചെയ്തുവരുന്ന തണ്ണിമത്തൻ ഇനമാണ് ഷുഗർ ബേബി. കൃഷി ചെയ്യുവാനുള്ള എളുപ്പം മാത്രമല്ല മികച്ച രീതിയിൽ വിളവ് തരുന്ന ഇനം കൂടിയാണ് ഇത്. ഇതിൻറെ കൃഷി രീതി താഴെ നൽകുന്നു.
ബന്ധപ്പെട്ട വാർത്തകൾ: തണ്ണിമത്തൻ വെറുമൊരു ജ്യൂസല്ല
കൃഷി രീതി
മികച്ച രീതിയിൽ സൂര്യപ്രകാശം ലഭ്യമാകുന്ന സ്ഥലത്തു മാത്രമേ ഷുഗർ ബേബി ഇനം കൃഷി ചെയ്യുവാൻ സാധിക്കുകയുള്ളൂ. ഏകദേശം 8 മണിക്കൂർ വെയിൽ ലഭ്യമാകുന്ന സ്ഥലം തിരഞ്ഞെടുക്കുന്നത് കൂടുതൽ വിളവിന് കാരണമാകും. ജൈവാംശം നിറഞ്ഞ പശിമരാശി മണ്ണാണ് ഈ കൃഷിക്ക് ഏറ്റവും അനുയോജ്യമായി കണക്കാക്കുന്നത്. മൂന്ന് മീറ്റർ വരികൾ തമ്മിലും തടങ്ങൾ തമ്മിൽ രണ്ട് മീറ്റർ അകലവും പാലിച്ചുമാണ് കൃഷി ചെയ്യേണ്ടത്. കൃഷിക്ക് വേണ്ടി കുഴി ഒരുക്കുമ്പോൾ ഒന്നര അടി ആഴമാണ് കർഷകർ അഭിപ്രായപ്പെടുന്നു. ഇതിൽ കുമ്മായവും അടി വളവും ചേർത്ത് നല്ല രീതിയിൽ ഇളക്കി 14 ദിവസം സൂര്യതാപീകരണത്തിന് വിധേയമാക്കി കൃഷി ചെയ്യാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: തണ്ണിമത്തൻ കൃഷി ചെയ്യാൻ പറ്റിയ സമയം ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ
ഇങ്ങനെ തയ്യാറാക്കിയ തടത്തിൽ ഏകദേശം നാലു വിത്തുകൾ വരെ പാകാം. ഏകദേശം 10 ദിവസം കഴിയുമ്പോൾ മുള വരും. ഇതിൽ ആരോഗ്യമുള്ള രണ്ട് തൈകൾ മാത്രം നിലനിർത്തിയാൽ മതി. അടിവളം നൽകുമ്പോൾ യൂറിയ, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയവ നൽകുവാൻ മറക്കരുത്. തൈകൾ പടർന്ന് വളരുന്ന കാലയളവിൽ നിലത്ത് ഓല വിരിച്ചു പടർത്തുവാൻ ശ്രമിക്കുക. ഈർപ്പം നിലനിർത്തുവാനും സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷണം ഉറപ്പ് വരുത്തുവാനും തടങ്ങളിൽ കരിയിലകൾ കൊണ്ട് പുതയിട്ട് നൽകുന്നത് നല്ലതാണ്. പുതയിട്ട് നൽകിയതിനുശേഷം നനച്ചു കൊടുക്കുക. കൂടുതൽ പൂക്കൾ ഉണ്ടാകുവാനും, മികച്ച വിളവ് ലഭ്യമാക്കുവാനും യൂറിയ 25ഗ്രാം ഇവ വള്ളി വീശുന്ന സമയത്ത് മണ്ണിൽ ചേർത്തു കൊടുക്കുന്നത് നല്ലതാണ്. കായ്കൾ മൂത്തു വരുന്ന സമയത്ത് അധികം നന നൽകരുത്. നന അധികമായാൽ നിരവധി രോഗങ്ങൾ ഉണ്ടാകും. പ്രത്യേകിച്ച് കുമിൾ രോഗങ്ങൾ. കൂടാതെ കായീച്ച പോലുള്ള നീരൂറ്റി കുടിക്കുന്ന പ്രാണികളുടെ ആക്രമണവും തണ്ണി മത്തൻ കൃഷിയിൽ തലവേദന സൃഷ്ടിക്കുന്ന കാര്യങ്ങളാണ്. ഇവയെ പ്രതിരോധിക്കാൻ വേപ്പെണ്ണ - വെളുത്തുള്ളി മിശ്രിതം പോലുള്ള ജൈവ കീടനാശിനികൾ ഉപയോഗപ്പെടുത്താം. വള്ളികൾക്ക് ഒരു മീറ്റർ നീളം വരുമ്പോൾ തലപ്പ് നുള്ളി കളഞ്ഞാൽ മാത്രമേ ശിഖരങ്ങൾ മികച്ച രീതിയിൽ വളരുകയും കായ്കൾ ഉണ്ടാവുകയും ചെയ്യുകയുള്ളൂ.
ഒരു വള്ളിയിൽ പരമാവധി രണ്ട് കായ്കൾ നിലനിർത്തുന്നതാണ് ഉചിതം. ഒരു ചെടി നട്ടു ഏകദേശം 100 ദിവസത്തിനുള്ളിൽ ഇതിൻറെ വിളവെടുപ്പ് സാധ്യമാകും. ഷുഗർ ബേബി ബേബി ഇനം കൃഷി ചെയ്താൽ പരമാവധി 80 ദിവസം കൊണ്ട് വിളവെടുക്കാൻ കഴിയുന്നതാണ്. തണ്ണിമത്തൻ കൃഷിയിൽ വള്ളി ഉണങ്ങുന്ന സമയത്താണ് വിളവെടുപ്പ് നടത്തേണ്ടത്. ഓലകൾക്ക് മുകളിൽ കാണപ്പെടുന്ന കായ്കൾക്ക് ഇളം മഞ്ഞനിറം ഉണ്ടാകുമ്പോൾ വിളവെടുപ്പ് നടത്താം. ഈ സമയത്ത് കായയിൽ തട്ടി നോക്കുമ്പോൾ അടഞ്ഞ ശബ്ദം കേട്ടാൽ വിളവെടുപ്പ് നടത്താം.
ബന്ധപ്പെട്ട വാർത്തകൾ: തണ്ണിമത്തൻ വിത്ത് ആരോഗ്യത്തിൽ ഒന്നാമതാണ്; അറിയാം ഗുണങ്ങൾ