Updated on: 20 May, 2020 10:10 PM IST
photo courtesy -en.wikipedia.in

ജൈവവളം (Organic fertilizers)

കാലിവളം,കമ്പോസ്റ്റ്,പച്ചിലവളം എന്നിവ ഹെക്ടറിന് അഞ്ച് ടണ്‍(5 tons/ hectare ) എന്ന തോതില്‍ മണ്ണില്‍ ഉഴുത് ചേര്‍ക്കണം. ഓണാട്ടുകര നിലങ്ങളില്‍ അഞ്ച് ടണ്‍ കാലിവളത്തിന് പകരം രണ്ടര ടണ്‍ മണ്ണിര കമ്പോസ്റ്റ് അല്ലെങ്കില്‍ ചകിരിച്ചോര്‍ കമ്പോസ്റ്റ് ഉപയോഗിക്കാം. ഫോസ്‌ഫേറ്റ് വളം മുഴുവനും ജൈവളത്തിനോടൊപ്പം ചേര്‍ക്കാം.ജീവാണുവളങ്ങളും നെല്‍പ്പാടങ്ങളിലേക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. AZR 15,AZR 37 എന്നീ Azospirillum ഇനങ്ങളും ബ്‌ളൂ ഗ്രീന്‍ ആല്‍ഗയും അസോളയുമാണ് (blue green algae &Asola ) ഇവയില്‍ പ്രധാനം.

പൊടിവിത നടത്തുന്ന പാടങ്ങളില്‍ ഹെക്ടറിന് 12.5 കി.ഗ്രാം പയര്‍ വിത്ത് നെല്ലിനോടൊപ്പം വിതയ്ക്കാം. മഴ പെയ്ത് പാടത്ത് വെള്ളം നില്‍ക്കുമ്പോള്‍ ഏകദേശം ആറാഴ്ച വളര്‍ച്ചയെത്തിയ പയര്‍ചെടികള്‍ അഴുകി മണ്ണില്‍ ചേരും.ഇങ്ങനെ ചെയ്യുന്നത് വളത്തിന്റെ ആവശ്യം നികത്തുന്നതിനോടൊപ്പം കളനിയന്ത്രണത്തിനും സഹായിക്കും.

photo-courtesy- pennington.com

ഡെയ്ഞ്ചയോ പയറോ നെല്ലിനോടൊപ്പം വിതയ്ക്കുന്ന മുറ (Dhaincha or pea can be sowed with paddy)

പൊടിവിത -മഴ താമസിക്കുന്ന സന്ദര്‍ഭങ്ങളില്‍ നെല്ലിനോടൊപ്പം പയര്‍,ഡെയിഞ്ച എന്നിവ വിതച്ച് 30-40 ദിവസങ്ങള്‍ക്ക്‌ശേഷം രാസകളനാശിനിയായ 2-4-D ഒരു കിലോഗ്രാം ഒരു ഹെക്ടറിന് എന്ന തോതില്‍ തളിക്കാവുന്നതാണ്. ഇതുമൂലം വിളവ് കുറയാതെ കള നിയന്ത്രണം സാധ്യമാണ്.

ചേറ്റുവിത- ചേറ്റ് വിത നടത്തിയ കൃഷിയിടങ്ങളില്‍ ഡെയിഞ്ച എന്ന പച്ചില വിള 20 കിലോ ഹെക്ടര്‍ ഒന്നിന് എന്ന തോതില്‍ മുളപ്പിച്ച നെല്ലിനോടൊപ്പം വിതയ്ക്കുന്നത് ജൈവാംശം കൂട്ടുന്നതിന് സഹായിക്കും. 2-4-D ഒരു കിലോഗ്രാം ഒരു ഹെക്ടറിന് എന്ന തോതില്‍ മുപ്പതാം ദിവസം തളിച്ചുകൊടുത്ത് ഇവയെ മണ്ണിലേക്ക് ചേര്‍ക്കാം. ഇത് കളനിയന്ത്രണത്തിനും മണ്ണില്‍ ജൈവാംശം കൂട്ടുന്നതിനും സഹായിക്കും.

രാസവളം (Chemical fertilizer)

Nitrogen(N), Phosphorus)(P),Potassium (K) വളങ്ങളാണ് പ്രധാനം.കരപ്പാടത്ത് (മോടന്‍ നിലം) PTB28,29,20,നാടന്‍ ഇനങ്ങള്‍ എന്നിവയ്ക്ക് ഒരു ഹെക്ടറിന് NPK യഥാക്രമം 40,20,30 കി.ഗ്രാം വീതം നല്‍കാം. അത്യുത്പാദന ഹ്രസ്വകാല ഇനങ്ങള്‍ക്ക് ഇത് യഥാക്രമം 60,30,30 കിലോ വീതമാണ് വേണ്ടത്.നിലമൊരുക്കുന്ന സമയത്ത് 1/3 നൈട്രജനും മുഴുവന്‍ ഫോസ്ഫറസും 1/2 പൊട്ടാസ്യവും ചേര്‍ക്കണം.ചിനപ്പ് പൊട്ടുന്ന സമയം അതായത് വിതച്ച് മൂന്നാഴ്ചയ്ക്കുശേഷം (1/3 നൈട്രജനും) അടിക്കണ പരുവത്തില്‍(കതിര് നിരക്കുന്നതിന് 30 ദിവസം മുന്‍പ്) ബാക്കി നൈട്രജനും പൊട്ടാസ്യവും നല്‍കാം. ചേറ്റു നിലങ്ങളില്‍ അത്യുത്പാദന ഹ്രസ്വകാല ഇനങ്ങളക്ക് ഹെക്ടറിന് NPK യഥാക്രമം 70,35,35 കിലോവീതവും അത്യുത്പാദന മധ്യകാലഇനങ്ങള്‍ക്ക് 90,45,45,പ്രാദേശിക ഇനങ്ങള്‍ക്ക് 40,20,20, H4ന് 70,45,45, മഷൂരിക്ക് 50,25,25 എന്ന നിരക്കിലും ഹെക്ടര്‍ ഒന്നിന് NPK ചേര്‍ക്കാം.

ചേറ്റുകണ്ടത്തിലെ കൃഷി

വിതച്ച ചേറ്റുകണ്ടങ്ങളില്‍ പ്രാദേശിക ഇനങ്ങള്‍ക്ക് NPK യഥാക്രമം 40,20,20 കിലോ വീതവും H4 ന് 70,45,45 കിലോവീതവും ഹെക്ടര്‍ ഒന്നിന് നല്‍കാം.മഷൂരിക്ക് NPK 50,25,25 കിലോ വീതമാണ്. പൊതുഇനമായാലും മഷൂരിയായാലും നിലമൊരുക്കുന്ന സമയത്ത് 1/3 നൈട്രജനും മുഴുവന്‍ ഫോസ്ഫറസും 1/2 പൊട്ടാസ്യവും ചേര്‍ക്കണം.ചിനപ്പ് പൊട്ടുന്ന സമയം 1/3 നൈട്രജനും അടിക്കണ പരുവത്തില്‍ ബാക്കി നൈട്രജനും പൊട്ടാസ്യവും നല്‍കാം. പറിച്ചുനടീല്‍ ചേറ്റുകണ്ടത്തില്‍ ഉത്പാദനക്ഷമതയുള്ള ഹ്രസ്വകാല ഇനങ്ങള്‍ക്ക് NPK 70,35,35 kg/hectare നല്‍കാം.നിലമൊരുക്കുന്ന സമയത്ത് അടിവളമായി 2/3 നൈട്രജനും ഫോസ്ഫറസ് മുഴുവനും പൊട്ടാസ്യം പകുതിയും ചേര്‍ക്കാം. 1/3 നൈട്രജനും ബാക്കി പൊട്ടാസിയവും അടിക്കണ പരുവത്തിലും ഇട്ടുകൊടുക്കാം. പറിച്ചുനടീല്‍ ചേറ്റുകണ്ടത്തില്‍ ഉത്പാദനക്ഷമതയുള്ള മധ്യകാല ഇനങ്ങള്‍ക്ക് NPK 90,45,45 kg/hectare നല്‍കാം. നിലമൊരുക്കുന്ന സമയത്ത് അടിവളമായി 1/2 നൈട്രജനും ഫോസ്ഫറസ് മുഴുവനും പൊട്ടാസ്യം പകുതിയും ചേര്‍ക്കാം. 1/2 നൈട്രജനും ബാക്കി പൊട്ടാസിയവും അടിക്കണയ്ക്ക് ഒരാഴ്ച മുന്‍പായി ഇടാം.പറിച്ചുനടീല്‍ ചേറ്റുകണ്ടത്തില്‍ മഷൂരി ഇനങ്ങള്‍ക്ക് NPK 70,45,45 kg/hectare നല്‍കാം. നിലമൊരുക്കുന്ന സമയത്ത് അടിവളമായി 1/2 നൈട്രജനും ഫോസ്ഫറസ് മുഴുവനും 1/2 പൊട്ടാസിയവും ചേര്‍ക്കാം. നട്ട് 40 ദിവസത്തില്‍ 1/4 നൈട്രജനും 60 ദിവസത്തില്‍ ബാക്കി നൈട്രജനും പൊട്ടാസിയവും ഇടാം.

photo courtesy- indiamart.com

ഓണാട്ടുകരയിലെ കൃഷി

ഓണാട്ടുകരയില്‍ പൊതുഇനങ്ങള്‍ക്ക്(ധന്യ) ഹെക്ടര്‍ ഒന്നിന് NPK 60,30,30 കിലോ വീതം നല്‍കാം.നിലമൊരുക്കുന്ന സമയത്ത് അടിവളമായി 1/2 നൈട്രജനും ഫോസ്ഫറസ് മുഴുവനും 1/2 പൊട്ടാസിയവും ചേര്‍ക്കാം. ചിനപ്പ് പൊട്ടുന്ന സമയത്ത് 1/4 നൈട്രജനും അടിക്കണ സമയത്ത് ബാക്കി നൈട്രജനും 1/2 പൊട്ടാസിയവും നല്‍കാം.എന്നാല്‍ മണല്‍ മണ്ണാണെങ്കില്‍ Nitrogen(N),Potassium(K) എന്നിവ 5 തുല്യതവണകളായി നല്‍കുന്നതാണ് ഉചിതം. മധ്യകാല മൂപ്പുള്ള ഇനങ്ങള്‍ക്ക് നടുമ്പോഴും നട്ട് 15,38,53,70 ദിവസങ്ങള്‍ക്ക് ശേഷവും നൈട്രജനും പൊട്ടാസിയവും നല്‍കാം. ഈ ദിവസങ്ങള്‍ നെല്ലിന്റെ വളര്‍ച്ചയിലെ നിര്‍ണ്ണായക ഘട്ടങ്ങളാണ്. ഈ പ്രദേശത്ത് മണലും ഇരുമ്പയിരും കൂടുതലുള്ളതിനാല്‍ ഹെക്ടറിന് 5 ടണ്‍ ജൈവവളമോ 2.5 ടണ്‍ വെര്‍മികമ്പോസ്റ്റും 67.5 കി.ഗ്രാം പൊട്ടാസിയവും ചേര്‍ക്കേണ്ടതുണ്ട്. ഒന്നാം വിളക്കാലത്ത് തുടര്‍ച്ചയായ മഴമൂലം നൈട്രജന്‍ അടിവളമായി ചേര്‍ക്കാന്‍ കഴിയാതെ വന്നാല്‍ 15 ദിവസത്തിനുശേഷം ചേര്‍ത്താലും മതിയാകും.

മലമ്പ്രദേശത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വയനാട്ടിലും മലമ്പ്രദേശത്തും ദീര്‍ഘകാല ഇനങ്ങള്‍ക്ക് നടുമ്പോള്‍ വളം നല്‍കേണ്ടതില്ല.ചിനപ്പ് പൊട്ടുമ്പോള്‍ 1/2 നൈട്രജനും ഫോസ്ഫറസ് മുഴുവനും 1/2 പൊട്ടാസിയവും ചേര്‍ക്കാം. അടിക്കണ സമയത്ത് ബാക്കി നൈട്രജനും പൊട്ടാസിയവും നല്‍കാം. വിതയാണെങ്കില്‍ വിതച്ച് 45 ദിവസം കഴിയുമ്പോള്‍ 1/2 നൈട്രജനും മുഴുവന്‍ ഫോസ്ഫറസും 1/2 പൊട്ടാസിയവും നല്‍കണം. അടിക്കണ പരുവത്തില്‍ ബാക്കിയുള്ള നൈട്രജനും പൊട്ടാസിയവും നല്‍കാവുന്നതാണ്.

photo courtesy -en.wikipedia.in

കൂട്ടുമുണ്ടകന്‍ കൃഷിയുടെ വളപ്രയോഗം

കൂട്ടുമുണ്ടകന്‍ ഒന്നാംവിളയില്‍ NPK 20,10,10 Kg/ Hectare എന്ന നിലയിലാണ് പൊതുവായി നല്‍കുക. അടിവളമായി നിലമൊരുക്കുന്ന സമയത്ത് 1/2 Nitrogen,1/2 Potassium, മുഴുവന്‍ Phosphorus എന്നിവ ചേര്‍ക്കാം. അടിക്കണ പരുവത്തില്‍ ബാക്കിയുള്ള നൈട്രജനും പൊട്ടാസിയവും നല്‍കാവുന്നതാണ്. കൂട്ടുമുണ്ടകന്‍ രണ്ടാംവിളയില്‍ NPK 30,15,15 Kg/Hectare നല്‍കാം. ഇത് അടിവളമായി നിലമൊരുക്കുന്ന സമയത്ത് Nitrogen,Potassium, Phosphorus എന്നിവ മൊത്തമായി ചേര്‍ത്തുകൊടുക്കാവുന്നതാണ്.കേരളത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ കൂട്ടുമുണ്ടകന്‍ രീതിക്ക് NPK 40,20,20 kg/hectare എന്ന തോതില്‍ വിരിപ്പിനും 20,10,10 കി.ഗ്രാം എന്ന നിലയില്‍ ഋതുബന്ധസ്വഭാവം പ്രകടിപ്പിക്കുന്ന ഇനങ്ങള്‍ കൃഷിചെയ്യുന്ന മുണ്ടകനും എന്നതാണ് ഉത്തമം.

കുട്ടനാടന്‍ ചേറ്റുനിലത്തില്‍ കൃഷി ചെയ്യുമ്പോള്‍

കുട്ടനാട് ചേറ്റുനിലങ്ങളില്‍ അത്യുത്പ്പാദന ശേഷിയുള്ള മധ്യകാല ഇനങ്ങള്‍ക്ക് NPK 90,45,45 kg/hectare എന്ന നിലയില്‍ നല്‍കാം.കുട്ടനാട് പ്രദേശത്ത് വിള സമ്പ്രദായത്തില്‍ പാടം ഉണങ്ങിയതിനുശേഷം വീണ്ടും വെള്ളം കയറ്റുന്നതോടൊപ്പം അടിവളമായി നൈട്രജന്‍ ചേര്‍ക്കാം. ശുപാര്‍ശ ചെയ്തിട്ടുള്ള ഫോസ്ഫറസ് രണ്ട് ഗഡുക്കളായി അടിവളമായും പരമാവധി ചിനപ്പ് പൊട്ടുന്ന സമയത്തും ചേര്‍ക്കാം. മണലിന്റെ അംശം കൂടുതലുണ്ടെങ്കില്‍ നൈട്രജന്‍ 3-4 ഗഡുക്കളായി നല്‍കുന്നത് വളനഷ്ടം കുറയ്ക്കും. കാട്ടുകാമ്പല്‍,പൊന്നാനി എന്നിവിടങ്ങളിലെ കോള്‍നിലങ്ങളില്‍ അത്യുത്പ്പാദന മധ്യകാലഇനങ്ങള്‍ NPK 110,45,55 kg/hectare ആയും ഉപയോഗിക്കാം.

ഫോസ്ഫറസ് കുറവായാല്‍

തിരുവനന്തപുരം,മലപ്പുറം ജില്ലകളിലെ മണ്ണില്‍ ഫോസ്ഫറസ് കുറവായതുകൊണ്ട് Phosphorous വളങ്ങള്‍ ചേര്‍ക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് Super phosphate അല്ലെങ്കില്‍ rock phosphate ഉപയോഗിക്കാം. മഴക്കാലമാണെങ്കില്‍ അടിവളമായി കൊടുക്കേണ്ട നൈട്രജന്റെ പ്രയോഗം ചിനപ്പുപൊട്ടുന്ന സമയത്തേക്ക് മാറ്റി വയ്ക്കാവുന്നതാണ്. ചിനപ്പുപൊട്ടുന്ന വിവിധ ഘട്ടങ്ങളിലും പിന്നീട് അടിക്കണ പരുവത്തിലും നൈട്രജന്‍ മേല്‍വളമായി കൊടുക്കുന്നത് നെല്ലുത്പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. പൊട്ടാസ്യം 50% അടിവളമായും 25% ചിനപ്പുപൊട്ടുമ്പോഴും 25 % അടിക്കണ പരുവത്തിലും നല്‍കുന്നതാണ് നല്ലത്.

ജൈവവും രാസവും ഒന്നുചേരുമ്പോള്‍

തുടര്‍ച്ചയായി നെല്‍കൃഷി ചെയ്യുന്ന സ്ഥലങ്ങളില്‍ 50% നൈട്രജന്‍ ജൈവരൂപത്തിലും ( കമ്പോസ്റ്റ്, വൈക്കോല്‍,പച്ചിലവളം,കാലിവളം) 50% രാസവളമായും ഒന്നാംവിളയ്ക്ക് നല്‍കാം. രണ്ടാം വിളയില്‍ രാസവളം ഉപയോഗിച്ചുള്ള കൃഷി ചെയ്യുന്നത് വിളവ് വര്‍ദ്ധിപ്പിക്കും. പറിച്ചു നടുമ്പോള്‍ ജൈവവളം 3 ആഴ്ചയ്ക്കുമുന്‍പ് ചേര്‍ക്കേണ്ടതാണ്. 25:75 എന്ന അനുപാതത്തില്‍ ജൈവവളവും രാസവളവും ഒന്നാം വിളയില്‍ ഉപയോഗിക്കുന്നത് രണ്ടാം വിളയില്‍ 25% വളപ്രയോഗം കുറച്ചാലും വിളവ് നിലനിര്‍ത്താന്‍ സഹായിക്കും.

രാസവള പ്രയോഗം (Usage of Chemical fertilizers)

നടുന്നതിന് മുന്‍പുള്ള വളപ്രയോഗം നിലമൊരുക്കുമ്പോള്‍ അവസാന ചാല്‍ ഉഴവിനോടൊപ്പമായിരിക്കണം. ജലലഭ്യത ഉറപ്പുള്ള പ്രദേശങ്ങളില്‍ മേല്‍വളം ചേര്‍ക്കുന്നതിന് ഒരു ദിവസം മുന്‍പ് വെള്ളം താത്ക്കാലികമായി വാര്‍ത്ത് കളഞ്ഞ് 12 മണിക്കൂറിനുശേഷം വെള്ളം കയറ്റുക. യൂറിയയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് നനഞ്ഞ മണ്ണും യൂറിയയും(urea) 6:1 എന്ന അനുപാതത്തില്‍ കൂട്ടികലര്‍ത്തി 24-48 മണിക്കൂര്‍ വച്ചതിനുശേഷം വയലില്‍ വിതറുക. അഞ്ചിനൊന്ന്( 5 ഭാഗം യൂറിയയ്ക്ക് 1 ഭാഗം പിണ്ണാക്ക് ) എന്ന തോതില്‍ പുന്നയ്ക്ക/ വേപ്പിന്‍ പിണ്ണാക്കുമായി കലര്‍ത്തിയും യൂറിയ ഉപയോഗിക്കാം. അടിവളമായി നൈട്രജന്‍ നല്‍കുന്നതിനാണ് ഈ രീതി കൂടുതല്‍ അഭികാമ്യം. വരള്‍ച്ച,വെള്ളപ്പൊക്കം തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളില്‍ നൈട്രജന്‍ ഇലകളില്‍ തളിച്ചുകൊടുക്കാം. 15 % ഗാഢതയുള്ള urea ലായനി power sprayer ഉപയോഗിച്ചും 5% ഗാഢതയുള്ള ലായനി high volume sprayer ഉപയോഗിച്ചും തളിക്കാം. ഒരു തവണത്തെ പ്രയോഗത്തില്‍ ഹെക്ടറിന് 15 കി.ഗ്രാം നൈട്രജനില്‍ കൂടുതലാകരുത്. പുതിയ യൂറിയ മാത്രമെ ഇലകളില്‍ തളിക്കുന്നതിനായി ഉപയോഗിക്കാവൂ.

സിങ്കും വേണ്ടതാണ്

Zinc ന്റെ അഭാവം കാണുകയാണെങ്കില്‍ ഹെക്ടറൊന്നിന് 20 കി.ഗ്രാം Zinc sulphate ചേര്‍ത്തുകൊടുക്കണം. ഇല ഞരമ്പുകള്‍ക്ക് വിളര്‍ച്ചയും ഇലകള്‍ക്ക് മഞ്ഞളിപ്പും താഴെയുള്ള ഇലകളില്‍ തവിട്ടുനിറത്തിലുള്ള പൊട്ടുകളും ഉണ്ടാകുന്നതാണ് സിങ്കിന്റെ കുറവുമൂലം കാണപ്പെടുന്ന ലക്ഷണങ്ങള്‍. സിങ്കും പൊട്ടാസ്യവും കൂടി ഒരേ ദിവസം ചേര്‍ക്കരുത്. സിങ്കിന്റെ ഉപയോഗം എല്ലാവര്‍ഷവും ആവശ്യമില്ല. മണ്ണ് പരിശോധനയ്ക്ക് ശേഷം മാത്രം ഉപയോഗിക്കുക.

ഡൊളോമൈറ്റ് ചേര്‍ക്കുന്ന രീതി

കുട്ടനാട്ടിലെ കരിനിലങ്ങളില്‍ Dolomite 450 kg/hectare എന്ന തോതില്‍ രണ്ട് ഗഡുക്കളായി (നിലം ഒരുക്കുമ്പോള്‍/ ആദ്യം ഉഴുമ്പോള്‍- അടിയ്ക്കണ പരുവത്തില്‍ രാസവളം ഉപയോഗിക്കുന്നതിന് ഒരാഴ്ച മുന്‍പ് ) കൊടുക്കേണ്ടതാണ്. മണ്ണില്‍ Calcium chloride extractable sulphur-ന്റെ അളവ് 10 PPM ല്‍ കുറവോ അല്ലെങ്കില്‍ Phosphate extractable sulphur 15 PPM ല്‍ കുറവോ ആണെങ്കില്‍ യൂറിയയ്ക്കു പകരം Ammonium phosphate sulphate വളം ഉപയോഗിക്കണം. മധ്യകാല മൂപ്പുള്ള ഇനങ്ങള്‍ക്ക് Ammonia phosphate sulphate വളം സള്‍ഫറിന്റെ അഭാവത്തില്‍ ഉപയോഗിക്കാം. ഇത് 25 kg/hectare സള്‍ഫര്‍ ലഭിക്കുന്ന രീതിയില്‍ വേണം നല്‍കാന്‍.

photo courtesy -desabhimani.com

വൈക്കോലിന്‍റെ ഗുണം

വൈക്കോല്‍ മണ്ണില്‍ ചേര്‍ക്കുന്നത് ക്ഷാരാംശം വര്‍ധിപ്പിക്കും. വൈക്കോല്‍ ചേര്‍ത്തതിന് ശേഷവും മണ്ണില്‍ ക്ഷാരാംശം കുറവാണെങ്കില്‍ പൊട്ടാസിയം 15 kg/hectare എന്ന തോതില്‍ ചേര്‍ക്കേണ്ടതാണ്. ചില പ്രത്യേക ചുറ്റുപാടുകളില്‍, വെള്ളത്തില്‍ അലിയുന്നതരം ഫോസ്ഫറസ് വളങ്ങള്‍ ( Super phosphate) ഒറ്റത്തവണയായി കൊടുക്കുന്നതിനേക്കാള്‍ അത് രണ്ടുതവണകളായി -അടിവളമായും ചിനപ്പുപൊട്ടുന്ന അവസരത്തിലും - കൊടുക്കുന്നതാണ് കൂടുതല്‍ നെല്ലും വൈക്കോലും കിട്ടുന്നതിന് സഹായകം.

മഗ്നീഷ്യവും പ്രധാനം

മഗ്നീഷ്യത്തിന്റെ അഭാവം കാണുന്ന സ്ഥലങ്ങളില്‍ അടിവളമായി Magnesium sulphate/ Magnazite /Dolomite ഇവയിലൊന്ന് 20 kg MgO ലഭിക്കത്തക്കവിധം ചേര്‍ക്കുന്നത് വിളവ് വര്‍ദ്ധിക്കാന്‍ സഹായകമാണ്. ഒരു യൂണിറ്റ് MgO ന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ മഗ്നീഷ്യം സള്‍ഫേറ്റിനേക്കാള്‍ വിലക്കുറവാണ് മാഗ്നസൈറ്റിന്.

ഇരുമ്പ് കുറയ്ക്കാന്‍ ഉമി

ഇരുമ്പയിര് കൂടുതലുളള ചരല്‍ മണ്ണില്‍ ഹെക്ടര്‍ ഒന്നിന് 120 കിലോ പൊട്ടാസ്യവും 150 കിലോ കുമ്മായവും 100 കിലോ silica യും (Sodium silicate 250kg/hectare/ fine silica 100kg/hectare/ ഉമി 500 kg/hectare ) കൊടുക്കേണ്ടതാണ്.

കുമ്മായപ്രയോഗം

മണ്ണിലെ അമ്ല-ക്ഷാര അവസ്ഥ (pH) 6.5 ല്‍ കുറവാണെങ്കില്‍ കുമ്മായം ചേര്‍ക്കണം. ഒന്നാം വിളക്കാലത്ത് ഹെക്ടറിന് 600 kg /hectare കുമ്മായം 2 തവണകളായി (നിലം ഒരുക്കുന്ന സമയത്ത് 350kg യും വിതച്ച്/ നട്ട് ഒരു മാസത്തിനുശേഷം 250kg/hectare) എന്നിങ്ങനെ നല്‍കാം. പൊക്കാളി നിലങ്ങളില്‍ രണ്ടുതവണയായി 1000 kg വരെ കുമ്മായം നല്‍കണം. ആദ്യ പകുതി കൂനകൂട്ടുമ്പോഴും രണ്ടാം പകുതി കൂന വെട്ടിനിരത്തുമ്പോഴും ചേര്‍ക്കാം. കുമ്മായവും രാസവളങ്ങളും പ്രയോഗിക്കുന്നതിനിടയില്‍ ചുരുങ്ങിയത് ഒരാഴ്ചത്തെ ഇടവേള നല്‍കണം. മേല്‍വളം ഇടുന്നതിന് ഒരാഴ്ച മുന്‍പുതന്നെ കുമ്മായം ചേര്‍ത്തിരിക്കണം.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: നെൽകൃഷി - എ ടു ഇസഡ് (Paddy cultivation -A to Z) Part - 4

English Summary: Paddy cultivation A to Z -Part -5- use of fertilizers
Published on: 20 May 2020, 10:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now