Grains & Pulses

നെൽകൃഷി - എ ടു ഇസഡ് (Paddy cultivation -A to Z) Part - 4

നിലം ഒരുക്കല്‍

കൃഷി ശാസ്ത്രജ്ഞര്‍ ശുപാര്‍ശ ചെയ്തിട്ടുള്ള തോതില്‍ ജൈവവളങ്ങള്‍ അടിവളമായി ചേര്‍ത്തശേഷം നിലം നല്ലതുപോലെ ഉഴുത് നിരപ്പാക്കണം. ജൈവവളങ്ങള്‍ ചേര്‍ത്ത് 10-15 ദിവസങ്ങള്‍ക്ക് ശേഷം ഞാറുകള്‍ നടുന്നതാണ് നല്ലത്. അവസാന ഉഴവോടുകൂടി ആവശ്യമായ അളവില്‍ രാസവളവും ചേര്‍ക്കാം.

കുട്ടനാട്

വയലിലെ വെള്ളം വാര്‍ത്തു കളഞ്ഞ് കളകള്‍ നല്ലപോലെ ഉഴുത് മണ്ണില്‍ ചേര്‍ത്ത് നിലം നിരപ്പാക്കണം.ഇങ്ങിനെ പാകപ്പെടുത്തിയ നിലത്തില്‍ നേരിയ തോതില്‍ വെളളം നിര്‍ത്തിയതിനു ശേഷമെ വിതയ്ക്കാവൂ. മുളച്ച വിത്തിന് മുകളില്‍ ചെളിയടിഞ്ഞ് നശിച്ചുപോകാതിരിക്കാന്‍ ഇത് ഉപകരിക്കും. കരിനിലങ്ങളില്‍ നിലം ഉണങ്ങി വിണ്ട് കീറാതെ ശ്രദ്ധിക്കുന്നത് പുളിപ്പുരസം വര്‍ദ്ധിക്കുന്നത് തടയും. 20 സെന്റിമീറ്റര്‍ വീതിയും ആഴവുമുള്ള ചാലുകള്‍ 10-12 മീറ്റര്‍ ഇടവിട്ട് ഉണ്ടാക്കുകയോ നിലത്തിന് കുറുകെ കോണോട് കോണ്‍ ചാലുകള്‍ എടുക്കുകയും പാടത്തിന് ചുറ്റുമുള്ള 30 സെന്റിമീറ്റര്‍ ആഴത്തിലും വീതിയിലുമുള്ള ചാലുകളുമായി ബന്ധിപ്പിക്കുകയും ചെയ്യണം.

കോള്‍

ഒന്നാം വിളയ്ക്ക് കാലവര്‍ഷത്തിനു ശേഷം പെട്ടിയും പറയും ഉപയോഗിച്ചോ പമ്പ് ഉപയോഗിച്ചോ വയലിലെ വെള്ളം വറ്റിക്കാം. തുടര്‍ന്ന് നിലം നല്ലതുപോലെ ഉഴുത് ഞാറ് നടണം. രണ്ടാം വിളയ്ക്ക് നിലം തയ്യാറാക്കി മുളപ്പിച്ച വിത്ത് വിതയ്ക്കുകയോ ഞാറ് നടുകയോ ചെയ്യാം.

ഓണാട്ടുകര

കാലവര്‍ഷത്തിന് മുന്‍പ് ലഭിക്കുന്ന വേനല്‍ മഴയോടെ നിലം നന്നായി ഉഴുത്, നാടന്‍ കലപ്പകൊണ്ട് ഉഴുത ചാലില്‍ നുരിയിടുന്നതാണ് സാധാരണ രീതി.

പൊക്കാളി,കൈപ്പാട്

ഏപ്രില്‍ മാസത്തോടുകൂടി വരമ്പുകള്‍ ബലപ്പെടുത്തുകയും വെള്ളം നിയന്ത്രിക്കാനുള്ള ചീപ്പുകളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുകയും ചെയ്യണം. വേലിയിറക്കത്തോടുകൂടി വെള്ളം മുഴുവന്‍ വാര്‍ത്തുകളഞ്ഞ് ചീപ്പുകള്‍ അടയ്ക്കുക.മണ്ണ് ഉണങ്ങി കഴിയുമ്പോള്‍ അത് വെട്ടി കണ്ണികള്‍ ഉണ്ടാക്കുക. കണ്ണികള്‍ക്ക് ഒരു മീറ്റര്‍ അടിവിസ്തീര്‍ണ്ണവും അര മീറ്റര്‍ ഉയരവും വേണം. കുറഞ്ഞ സമയം കൊണ്ട് മണ്ണ് പൊടിഞ്ഞു കിട്ടാനും ഇടവപ്പാതി മഴയില്‍ ഉപ്പിന്റെ അംശം മുഴുവനായി കഴുകി മാറ്റാനും കണ്ണികൂട്ടല്‍ സഹായിക്കുന്നു. പൊക്കാളി കൃഷിക്ക് വിത്ത് മുളപ്പിക്കുന്നത് ഒരു പ്രത്യേക രീതിയിലാണ്. തെങ്ങോലകൊണ്ടുളള വല്ലങ്ങളില്‍ വാഴയിലയോ കരിങ്ങോട്ടയിലയോ തേക്കിലയോ നിരത്തി വിത്തിട്ട് മുറുക്കികെട്ടി ശുദ്ധജലത്തില്‍ 12-15 മണിക്കൂര്‍ നേരം മുക്കിയിടുന്നു. പിന്നീട് ഈ വിത്ത് പുറത്തെടുത്ത് തണലില്‍ സൂക്ഷിക്കും. മുളച്ച വിത്ത് 30 ദിവസം വരെ കേട് കൂടാതെ ഇരിക്കും. മണ്ണും കാലാവസ്ഥയും വിതയ്ക്കാന്‍ അനുയോജ്യമാകുന്ന സമയത്ത് വിത്ത് കൂനകളില്‍ വിതയ്ക്കാം. വിതയ്ക്കുന്നതിനുമുന്‍പ് 3-6 മണിക്കൂര്‍ സമയം വീണ്ടും വെള്ളത്തില്‍ കുതിര്‍ക്കേണ്ടതാണ്. ഞാറിന് 4-45 സെന്റിമീറ്റര്‍ ഉയരമാകുമ്പോള്‍(30-35 ദിവസം) തൂമ്പകൊണ്ട് കൂനവെട്ടി ഞാറോടുകൂടി ചെറിയ കഷണങ്ങളാക്കി വയലില്‍ നിരത്തണം.

കൂട്ടുമുണ്ടകന്‍

ഈ രീതിയില്‍ വിരിപ്പ്,മുണ്ടകന്‍ ഇനങ്ങള്‍ 70:30 എന്ന അനുപാതത്തില്‍ ഒന്നാം വിള കാലത്ത് വിതയ്ക്കുന്നു. വെളളം കൂടുതലുള്ളത് കാരണം മുണ്ടകന്റെ വിതയും നടീലും സാധ്യമല്ലാത്ത പാടങ്ങളിലാണ് ഈ രീതി അനുവര്‍ത്തിക്കുന്നത്. ഒന്നാം വിളക്കാലത്ത് (ഏപ്രില്‍-മെയ്) വിത്ത് വിതയ്ക്കുന്നു. ഓഗസ്റ്റ്-സെപ്തംബറോടെ ഒന്നാം വിളയും ഡിസംബര്‍ -ജാനുവരിയോടെ രണ്ടാം വിളയും കൊയ്യാന്‍ സാധിക്കും. ഒന്നാം വിള കൊയ്തശേഷം രണ്ടാം വിളക്കുളള രാസ-ജൈവ വളങ്ങള്‍ ചേര്‍ക്കും. ഒന്നും രണ്ടും വിളകള്‍ വെവ്വേറെ കൊയ്യുന്നതിനേക്കാള്‍ വിളവ് കുറയുമെങ്കിലും പ്രത്യേക പരിസ്ഥിതി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ഇത്തരം കൃഷിരീതിയാണ് അനുയോജ്യം.

നടീല്‍

ഒന്നാം വിളയില്‍ മധ്യകാല വിള 20x 15 സെന്റിമീറ്റര്‍ അകലത്തില്‍ നടാം. ഒരു ചതുരശ്രമീറ്ററിലെ നുരിയെണ്ണം 33 ആയിരിക്കും. ഒന്നാം വിളയില്‍ ഹ്രസ്വകാല വിള 15x 10 സെന്റിമീറ്റര്‍ അകലത്തില്‍ നടാം. ഒരു ചതുരശ്രമീറ്ററിലെ നുരിയെണ്ണം 67 ആയിരിക്കും. രണ്ടാം വിളയില്‍ മധ്യകാല വിള 20x 10 സെന്റിമീറ്റര്‍ അകലത്തില്‍ നടാം. ഒരു ചതുരശ്രമീറ്ററിലെ നുരിയെണ്ണം 50 ആയിരിക്കും.രണ്ടാം വിളയില്‍ ഹ്രസ്വകാല വിള 15x 10 സെന്റിമീറ്റര്‍ അകലത്തില്‍ നടാം. ഒരു ചതുരശ്രമീറ്ററിലെ നുരിയെണ്ണം 67 ആയിരിക്കും. മൂന്നാം വിളയില്‍ മധ്യകാല വിള 20x 10 സെന്റിമീറ്റര്‍ അകലത്തില്‍ നടാം. ഒരു ചതുരശ്രമീറ്ററിലെ നുരിയെണ്ണം 50 ആയിരിക്കും. മൂന്നാം വിളയില്‍ ഹ്രസ്വകാല വിള 15x 10 സെന്റിമീറ്റര്‍ അകലത്തില്‍ നടാം. ഒരു ചതുരശ്രമീറ്ററിലെ നുരിയെണ്ണം 67 ആയിരിക്കും. ഒരു നുരിയില്‍ 2-3 ഞാറു വീതം 3-4 സെന്റിമീറ്റര്‍ ആഴത്തില്‍ നടുന്നതാണ് നല്ലത്. ഓരോ മൂന്ന് മീറ്റര്‍ നട്ടതിന് ശേഷവും 30 സെന്റിമീറ്റര്‍ വീതം ഇടയകലം വിടുന്നത് സസ്യസംരക്ഷണ നടപടികള്‍ക്ക് സഹായകമാകും.

ഡ്രം സീഡറും കോണോ വീഡറും

ഉത്പ്പാദനത്തില്‍ കുറവ് വരുത്താതെ ചേറ്റുവിതയില്‍ സംരക്ഷിതമായി ഉപയോഗിക്കാവുന്നവയാണ് ഡ്രം സീഡറും കോണോ വീഡറും. ഒന്നാം വിളയ്ക്ക് ജലനിയന്ത്രണം സാധ്യമായ നിലങ്ങളിലും രണ്ടാം വിളയ്ക്ക് ശക്തിയായ മഴ ലഭിക്കാത്ത സ്ഥലങ്ങളിലും( ചിറ്റൂര്‍ മേഖല) ഞാറ് നടുന്നതിനായി ഡ്രം സീഡര്‍ ഉപയോഗിക്കാം. ഇപ്രകാരം നട്ട നിലങ്ങളില്‍ ഇടയിളക്കുന്നതിനും കളകള്‍ നശിപ്പിക്കുന്നതിനും കോണോ വീഡര്‍ സഹായകമാണ്. ഹ്രസ്വകാല ഇനങ്ങള്‍ 15 സെന്റിമീറ്റര്‍ അകലത്തിലും മധ്യകാല ഇനങ്ങള്‍ 20 സെന്റിമീറ്റര്‍ അകലത്തിലും നടുന്നതിനുള്ള സീഡ് ഡ്രമ്മുകളാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്.

ഒറ്റഞാര്‍ കൃഷി

ഫ്രഞ്ച് പുരോഹിതനായ ഫാദര്‍ ഹെന്‍ട്രി.ഡി.ലൗലാനി 1983 ല്‍ മഡഗാസ്‌കറില്‍ വികസിപ്പിച്ചെടുത്തതാണ് ഒറ്റഞാര്‍ കൃഷി. അമേരിക്കയിലെ കേണല്‍ സര്‍വ്വകലാശാലയിലെ ഡോക്ടര്‍ നോര്‍മല്‍ അപ്‌ഹോഫ് ആണ് ഇത് മറ്റു രാജ്യങ്ങളില്‍ പ്രചരിപ്പിച്ചത്. രണ്ടാം വിളയില്‍ ജലനിയന്ത്രണം സാധ്യമായ പ്രദേശങ്ങള്‍ ഒറ്റഞാര്‍ കൃഷിക്കനുയോജ്യമാണ്. ഒരു ഹെക്ടറിലേക്ക് 5 കിലോഗ്രാം വിത്ത് വേണ്ടി വരും. 25-30 സെന്റിമീറ്റര്‍ അകലത്തില്‍ ഞാര്‍ നടാം. 8-12 ദിവസം പ്രായമായ ഞാറുകളാണ് പറിച്ചു നടേണ്ടത്. നീര്‍വാര്‍ച്ച ഉറപ്പുവരുത്താന്‍ 5 മീറ്റര്‍ ഇടവിട്ട് ചാലുകള്‍ നിര്‍മ്മിക്കണം. വെള്ളക്കെട്ട് ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ പാടത്ത് വിള്ളലുകള്‍ വീഴും മുന്നെ വെള്ളം കയറ്റുകയും വേണം. 15-20 ദിവസത്തെ ഇടവേളകളില്‍ 4-5 തവണ കോണോ വീഡര്‍ ഉപയോഗിച്ച് കളകള്‍ നീക്കം ചെയ്യണം. കൃഷി ശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരമുള്ള കുമ്മായം,വളപ്രയോഗം,സസ്യസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ എന്നിവ അവലംബിക്കണം (കടപ്പാട് -കാര്‍ഷിക സര്‍വ്വകലാശാല )


English Summary: Paddy cultivation-A to Z -part-4 , nelkrishi -nilam orukkal

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine