മലയാളിയുടെ ഭക്ഷണത്തില്‍ നിന്ന് ഒരിക്കലും മാറ്റിനിര്‍ത്താനാകാത്ത ഒന്നാണ് ചോറ്. ലോകത്തിന്റെ ഏതുകോണില്‍പ്പോയാലും തിരിച്ചെത്തുമ്പോള്‍ ഒരുപിടി കഞ്ഞിയോ ചോറോ കഴിക്കുമ്പോള്‍ കിട്ടുന്ന ആശ്വാസമുണ്ടല്ലോ അതാണെല്ലാമെന്ന് പലരും പറയാറുണ്ട്. സംഗതി സത്യമാണ്.
പക്ഷെ ചോറുണ്ണുന്നതിന് മുമ്പ് അല്പം കാര്യങ്ങള്‍ അറിയുന്നതില്‍ തെറ്റില്ലല്ലോ. ഭൗമസൂചിക പദവി കിട്ടി നമ്മുടെ സ്വന്തം നാടിന്റെ അഭിമാനമായ നെല്ലിനങ്ങളെക്കുറിച്ച് കുറച്ചുകാര്യങ്ങള്‍ പറയാം.
നവര അരി
കേരളത്തില്‍ പരമ്പരാഗതമായ രീതിയില്‍ കൃഷി ചെയ്യുന്ന
ധാരാളം ഔഷധഗുണങ്ങളാല്‍ സമ്പന്നമായ നെല്ലിനമാണ് നവര. ആയുര്‍വ്വേദത്തിലും നാട്ടുവൈദ്യത്തിലുമെല്ലാം ഇതിന് വലിയ പ്രാധാന്യമാണുളളത്. ഞവര, നവിര, നമര, നകര, നകരപ്പുഞ്ച തുടങ്ങിയ പേരുകളിലെല്ലാം ഇതറിയപ്പെടുന്നുണ്ട്. വര്‍ഷത്തില്‍ രണ്ടുതവണയാണ് വിളവെടുക്കുന്നത്. കേരള കാര്‍ഷിക സര്‍വ്വകലാശാല നടത്തിയ ഗവേഷപ്രകാരം നിരവധി ഔഷധഗുണങ്ങള്‍ ഇതിലുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. കുട്ടികള്‍ക്കും മറ്റ് അസുഖങ്ങളുളളവര്‍ക്കും കഴിക്കാനായി നവരയരി നിര്‍ദേശിക്കാറുണ്ട്. നവരക്കഞ്ഞി പ്രായഭേദമന്യേ ഉത്തമമാണ്.
ബന്ധപ്പെട്ട വാർത്തകൾ: കുട്ടികളുടെ വളർച്ചയ്ക്ക് പ്രോട്ടീൻ ഭക്ഷണത്തെകാൾ നല്ലത് തവിടുള്ള അരി
ജീരകശാലയും ഗന്ധകശാലയും
വയനാടിന്റെ സ്വകാര്യ അഹങ്കാരമായ സുഗന്ധനെല്ലിനങ്ങളാണ് ജീരകശാലയും ഗന്ധകശാലയും. പേര് സൂചിപ്പിക്കുന്നതുപോലെ ജീരകശാലയ്ക്ക് രൂപത്തില്‍ ജീരകത്തോട് ചില സാമ്യങ്ങളൊക്കെയുണ്ട്. ബിരിയാണി, നെയ്‌ച്ചോര്‍ പോലുളളവ ഉണ്ടാക്കാന്‍ വ്യാപകമായി ജീരകശാലയും ഗന്ധകശാലയും ഉപയോഗിക്കാറുണ്ട്. തിളങ്ങുന്ന വൈക്കോല്‍ നിറമുളളതാണ് ഗന്ധകശാല അരി. നാലടി വരെ ഉയരത്തിലാണ് ഇതിന്റെ നെല്‍ച്ചെടിയുടെ പൊക്കം. നല്ല ചന്ദനത്തിന്റെ മണമാണിതിന്. വയനാട്ടില്‍ ചേക്കടി, തിരുനെല്ലി ഭാഗങ്ങളിലാണ് ഇത് പ്രധാനമായും കൃഷി ചെയ്തുവരുന്നത്.
വടക്കന്‍ കേരളത്തിന്റെ കൈപ്പാട്
വടക്കന്‍ കേരളത്തില്‍ കടലിനോട് ചേര്‍ന്നുളള പുഴയോരങ്ങളിലെ ഉപ്പുലവണമുളള നെല്‍കൃഷി മേഖലയാണ് കൈപ്പാട്. വേലിയേറ്റങ്ങളും വേലിയിറക്കങ്ങളുമുണ്ടാകുന്നതിനാല്‍ ഒന്നാംവിള പ്രത്യേക രീതിയില്‍ നെല്‍കൃഷിയും രണ്ടാംവിള മത്സ്യകൃഷിയുമാണ്. പ്രകൃത്യാ ജൈവകൃഷിമേഖലയായതിനാല്‍ വളം പ്രയോഗിക്കാതെയാണ് കൃഷിയിറക്കുന്നത്. കണ്ടല്‍വനങ്ങളാല്‍ ചുറ്റുപ്പെട്ടതാണ് മേഖല. മൂന്ന് ജില്ലകളിലായി നാലായിരം ഹെക്ടറോളം കൈപ്പാട് നിലങ്ങളുണ്ട് ഇതില്‍ 3400 ഹെക്ടര്‍ കണ്ണൂരിലും 100 ഹെക്ടര്‍ കാസര്‍കോടും 500 ഹെക്ടര്‍ കോഴിക്കോടുമാണ്. ഇതില്‍ 30 ശതമാനം മാത്രമെ കൃഷി ചെയ്തുവരുന്നുളളൂ. കൈപ്പാടിന്റെ യഥാര്‍ത്ഥ കൃഷിരീതികളുളളത് കണ്ണൂരിലാണ്.
ബന്ധപ്പെട്ട വാർത്തകൾ: രക്തശാലി - ക്യാൻസർ കോശങ്ങളെ തടയാൻ കഴിവുള്ള അരി
പൊക്കാളി
ലവണാംശമുളള മണ്ണില്‍ വളരാനും വിളയാനും കഴിയുന്ന ഒരിനം നെല്ലാണ് പൊക്കാളി. ഉപ്പിനെ പ്രതിരോധിക്കാനുളള ശേഷിയാണ് പൊക്കാളിയ്ക്ക് ഭൗമസൂചികാപദവി നേടിക്കൊടുത്തത്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും വെളളക്കെട്ടുളള പ്രദേശങ്ങളിലാണ് പൊക്കാളി വളരുന്നത്. ഒരാള്‍ പൊക്കത്തില്‍ ആളി നില്‍ക്കുന്നു എന്ന അര്‍ത്ഥത്തിലാണ് ഈ നെല്ലിനത്തിന് പൊക്കാളി എന്ന പേര് ലഭിച്ചത്. മഴക്കാലത്ത് വെള്ളത്തില്‍ മൂടിക്കിടന്നാലും ചീഞ്ഞു പോകില്ലെന്നതാണ് ഈ നെല്‍ച്ചെടിയുടെ പ്രത്യേകത. വെള്ളം വാര്‍ന്നു പോകുന്നതോടെ പഴയ കരുത്തോടെ ഉയര്‍ന്നു നില്‍ക്കും. കേരളത്തില്‍ ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ തീരപ്രദേശങ്ങളില്‍ മാത്രമാണ് പൊക്കാളി കൃഷി ചെയ്യുന്നുണ്ട്. ചെമ്മീന്‍ വളര്‍ത്തലും നെല്‍കൃഷിയും മാറിമാറി ചെയ്യുന്ന ജൈവകൃഷി രീതി പൊക്കാളിയുടെ സവിശേഷതയാണ്.
പാലക്കാടന്‍ മട്ട
പാലക്കാടന്‍ കര്‍ഷകരുടെ അഭിമാനവും അന്തസ്സുമാണ് പാലക്കാടന്‍ മട്ട. ഏറെ രുചികരവും ചുവന്ന നിറമുളളതുമായ അരിയാണിത്. തവിടോടു കൂടിയ മട്ട അരി പോഷകസമൃദ്ധമാണ്. കേള്‍ക്കുമ്പോള്‍ മട്ട ഒരു നെല്ലിനം മാത്രമാണെന്ന് തോന്നിയേക്കും. എന്നാല്‍ അങ്ങനെയല്ല കേട്ടോ. ആര്യന്‍, അരുവക്കാരി, ചിറ്റേനി, ചെങ്കഴമ, ചെറ്റാടി, തവളക്കണ്ണന്‍, ഇരുപ്പൂ, വട്ടന്‍ ജ്യോതി, കുഞ്ഞുകുഞ്ഞു, പൂച്ചെമ്പന്‍ എന്നിവയാണ് പാലക്കാടന്‍ മട്ട അരിയുണ്ടാക്കാനുപയോഗിക്കുന്ന പ്രധാന നെല്ലിനങ്ങള്‍.
ബന്ധപ്പെട്ട വാർത്തകൾ: ഒരു ഗ്ലാസ് അരി കഴുകി വെള്ളം മാത്രം മതി ഏതു പൂക്കാത്ത ചെടിയും പൂക്കും
ഓരോന്നിനും നേരിയ രുചി വ്യത്യാസങ്ങളുമുണ്ട്. ഉറപ്പുളള ചെടികളില്‍ കനംകൂടിയ വലിയ കതിരുകളുണ്ടാകും. മൂക്കുംതോറും വിളവും അരിയുടെ നിറം, രുചി എന്നിവയും കൂടും. എന്നാലിന്ന് പാലക്കാടന്‍ മട്ടയെന്ന പേരില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുളള ഗുണമേന്മയില്ലാത്ത അരിയും നമ്മുടെ അടുക്കളയിലെത്തുന്നുണ്ട്. കഴുകുമ്പോള്‍ വല്ലാതെ നിറമിളകുന്നെങ്കില്‍ അത് മായം ചേര്‍ത്തതിന്റെ ലക്ഷണമാണ്. യഥാര്‍ത്ഥ മട്ട അരി എത്ര കഴുകിയാലും കുറച്ച് തവിട് അവശേഷിക്കും.
ബന്ധപ്പെട്ട വാർത്തകൾ: അരിയിലെ ഏറ്റവും മികച്ച ഇനം- ഭാരതത്തിന്റെ സ്വന്തം ബസ്മതി