ശരീരഭാരം കുറയ്ക്കാൻ അരി ആഹാരം മാത്രം ഉപേക്ഷിച്ചാൽ മതിയോ? പോര എന്ന് തന്നെ പറയേണ്ടി വരും. കാരണം, ഡയറ്റ് ചെയ്യുന്നവർ കൂടുതലായി കഴിയ്ക്കുന്ന ഗോതമ്പും അമിതവണ്ണം നിയന്ത്രിക്കാൻ ഒഴിവാക്കിയേ മതിയാകൂ. അരിയും ഗോതമ്പും മാറ്റി നിർത്തുകയാണെങ്കിൽ എന്ത് ധാന്യമാണ് ശരീരഭാരം അമിതമാകാതെ, തുലനമാക്കി നിർത്തുന്നതെന്ന് ഒരുപക്ഷേ നിങ്ങൾക്ക് അറിയില്ല.
ബന്ധപ്പെട്ട വാർത്തകൾ: വെള്ള അരി കൂടുതലായി കഴിച്ചാൽ ഈ രോഗങ്ങളെ വിളിച്ചു വരുത്തും
ശരീരഭാരം അമിതമാക്കാതെ, കൊളസ്ട്രോളിനെ നിയന്ത്രിച്ച് കൊണ്ട് ആരോഗ്യം നൽകുന്ന ബാർലിയെ കുറിച്ചാണ് ഇവിടെ വിശദീകരിക്കുന്നത്. എങ്ങനെ ബാർലി നിങ്ങളുടെ ഡയറ്റിന് അത്യന്താപേക്ഷിതമാകുന്നുവെന്ന് അറിയാം.
ബാർലി(Barley)യെ മലയാളത്തിൽ യവം എന്നും പറയുന്നു. ബാർലി പതിവായി കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. പ്രമേഹം നിയന്ത്രിക്കാനും ഇത് വളരെ ഗുണം ചെയ്യുന്നു. ബാർലി മാവ് കൊളസ്ട്രോൾ വർധിക്കുന്നതിനെ തടയുന്നു.
പ്രോട്ടീൻ, ഫൈബർ, ബി വിറ്റാമിനുകൾ, ഇരുമ്പ്, സിങ്ക് തുടങ്ങിയ പോഷകങ്ങൾ ഇതിൽ കാണപ്പെടുന്നതിനാലും, ബാർലി നാരുകളാൽ സമ്പന്നമായതിനാലും ശരീരത്തിന് പല വിധത്തിൽ നേട്ടങ്ങളാകുന്നു. മാത്രമല്ല വളരെ കലോറി കുറഞ്ഞ ഭക്ഷണമെന്ന പ്രത്യേകതയും ബാർലിയ്ക്കുണ്ട്.
ബാർലി കഴിക്കുന്നതിന്റെ ഗുണങ്ങൾ
1- ശരീരഭാരം കുറയ്ക്കുന്നു (Reduce body weight)
ബാർലി മാവ് പലഹാരങ്ങളാക്കിയോ അല്ലെങ്കിൽ ബാർലി കഞ്ഞിയാക്കിയോ കുടിച്ചാൽ ശരീരഭാരം കുറയ്ക്കാൻ ഉപകരിക്കും. ബാർലിയിൽ നാരുകൾ സമ്പന്നമായി അടങ്ങിയിരിക്കുന്നു. മാത്രമല്ല ബാർലി കഴിച്ചാൽ പെട്ടെന്ന് വയർ നിറയും എന്നതിനാൽ, കൂടുതൽ നേരം വിശപ്പ് അനുഭവപ്പെടില്ല. അതിനാൽ തന്നെ ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
2- ദഹനം മെച്ചപ്പെടുത്തുന്നു (Improve digestion)
ബാർലിയിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ, ഇത് കഴിക്കുന്നത് ദഹന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ബാർലിയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധ പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നൽകും.
3- കൊളസ്ട്രോൾ കുറയ്ക്കുന്നു (Control Cholesterol)
എണ്ണമയമുള്ള ഭക്ഷണം കഴിക്കുന്നതിലൂടെ, ചീത്ത കൊളസ്ട്രോൾ വർധിക്കുന്നു. ഇത് ഹൃദയത്തിന് പല തരത്തിൽ പ്രശ്നമുണ്ടാക്കുന്നുവെന്ന് അതിനാൽ പ്രത്യേകം പറയേണ്ടതില്ല. എന്നാൽ ഈ അവസരത്തിൽ നിങ്ങൾ ബാർലി കൊണ്ടുള്ള ഭക്ഷണമാണ് കഴിക്കുന്നതെങ്കിൽ അത് നിങ്ങളുടെ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഇതിൽ ബീറ്റാ-ഗ്ലൂക്കൻസ് ബൈൽ ആസിഡ് 'ചീത്ത' കൊളസ്ട്രോൾ കുറയ്ക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.
4- പ്രമേഹം നിയന്ത്രിക്കുന്നു (Control Diabetes)
പ്രമേഹ രോഗികൾ ഗോതമ്പ് തെരഞ്ഞെടുക്കുന്നതിനേക്കാൾ ബാർലി കഴിയ്ക്കുന്നതാണ് ഉത്തമം. കാരണം, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ഇൻസുലിൻ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ബാർലി ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുന്നു.
5- ഹൃദയാരോഗ്യത്തിന് ഗുണപ്രദം (Best for healthy heart)
ജീവിതചൈര്യകളും മറ്റും ഹൃദയസംബന്ധമായ പ്രശ്നങ്ങളിലേക്ക് വഴി വയ്ക്കുന്നു. എന്നാൽ ബാർലി നിങ്ങളുടെ ദൈനം ദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ അത് ഹൃദയത്തിന്റെ ആരോഗ്യം ഉറപ്പുവരുത്തും. രക്തസമ്മർദം ഉൾപ്പെടെയുള്ള രോഗങ്ങളെ ചെറുക്കുന്നതിനാലും ഹൃദയത്തിന് ബാർലി ഫലപ്രദമാണ്.