ചന്ദനക്കാടുകളിൽ വളരുന്ന അകിൽ മരം വാറ്റി എടുക്കുന്ന എണ്ണയും തടിയും ഔഷധയോഗ്യമാണ്. ഏറ്റവും കൂടിയ സുഗന്ധദ്രവ്യങ്ങൾ ഇതിൽ നിന്നും ഉല്പാദിപ്പിക്കുന്നുണ്ട്. അകിലിന്റെ തടി ചെറുതായി ക്കീറി ഒരു ദേവതാരക്കമ്പിൽ പന്തം പോലെ തുണി കൊണ്ടു ചുറ്റി എട്ടിരട്ടി വെളിച്ചെണ്ണയിൽ മുക്കി തീ കത്തിച്ച് എരിച്ചു നേർപകുതി ആകുമ്പോൾ പന്തം കെടുത്തിയിട്ട്, ആ തൈലം സൂക്ഷിച്ചു വെച്ചിരുന്ന് വിഷജന്യമായ ത്വക്ക് ദോഷത്തിനും കുഷ്ഠത്തടിപ്പിനും ചൊറിക്കും ലേപനം ചെയ്യുന്നതു നന്നാണ്.
തൈലം ഉണ്ടാക്കുന്ന രീതി
മേൽപ്പറഞ്ഞതു പോലെ 250 ഗ്രാം അകിൽ കീറി, അതിൽ 10 ഗ്രാം കാഞ്ഞിരത്തരി ചതച്ച് രണ്ടും കൂടി ദേവതാരക്കമ്പിൽ പന്തമാക്കി 200 മില്ലി ആവണക്കെണ്ണ, 100 മില്ലി വെളിച്ചെണ്ണ, 50 മില്ലി മരോട്ടി എണ്ണ, 25 മില്ലി വേപ്പെണ്ണ ഇതിൽ മുക്കി എരിച്ച് പകുതിയാക്കി വച്ചിരുന്ന്, ദേഹത്തുണ്ടാകുന്ന കുഷ്ഠത്തടിപ്പിനും സന്ധിഗതമായുണ്ടാകുന്ന നീർത്തടിപ്പിനും രക്തവാതത്തിനും ലേപനം ചെയ്യുന്നതും നന്നാണ്.
ശസ്ത്രക്രിയാനന്തരം മുറിവുണങ്ങാതെ വേദന വർദ്ധിക്കുമ്പോൾ അകിൽ കീറി തീക്കനലിലിട്ടു പുക, വ്രണമുഖങ്ങളിൽ കൊള്ളിക്കുന്നത് അതിവിശേഷമാണ്.
അകിലും മണിക്കുന്തിരിക്കവും മാത്രം വാറ്റി എടുക്കുന്ന തൈലം, ആമവാതത്തിനും സന്ധിവാതത്തിനും സന്ധിവേദനയ്ക്കും ലേപനം ചെയ്യുന്നത് നന്നാണ്.
ദുഷ്പ്രവണങ്ങളെ കരിക്കുവാൻ അകിലെണ്ണ പോലെ മറെറാരു ഔഷധമില്ലെന്നാണ് ആധുനികാഭിപ്രായം. ആയുർവേദത്തിൽ അഗരു, കൃമിജഗ്ദ്ധം എന്ന പേരുകളിൽ അറിയപ്പെടുന്നു.
അകിൽ നാലുതരത്തിലുണ്ടെങ്കിലും കറുത്ത വർണ്ണമുള്ള കാരകിലാണ് ഔഷധയോഗ്യമായിട്ടുള്ളത്.