ഭക്ഷ്യ മൂല്യങ്ങളാൽ സമ്പന്നമാണ് തക്കാളി.
എ, ബി, സി എന്നീ വിറ്റാമിനുകളും ഇരുമ്പ് ,കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്നീഷ്യം, ചെമ്പ് എന്നിവയും ശരീര ആരോഗ്യത്തെ വേണ്ട പോലെ കാത്തുസൂക്ഷിക്കുന്ന മൂന്നുതരം അമ്ലങ്ങളും ഇതിൽ കാണുന്നു.
ആപ്പിളിൽ ഉള്ള ഫോളിക് അമ്ലവും മധുരനാരങ്ങയിലും സാത്തുകുടിയിലും കണ്ടുവരുന്ന സിട്രിക് അമ്ലവും ചെറുനാരങ്ങയിലും നാഡീ ഞരമ്പുകൾക്ക് ഉത്തേജനം നൽകുന്ന ഫോസ്ഫോറിക് അമ്ലവും തക്കാളിയിലെ മൂല്യങ്ങളിൽ അടങ്ങുന്നു. തക്കാളിയിലെ ആസിഡ് ശരീരത്തിൽ വേഗത്തിൽ ഓക്സിഡേഷൻ ചെയ്യപ്പെടുന്നതിനാൽ രക്തത്തിലെ ആൽക്കലി അംശത്തെ വർധിപ്പിച്ച് രക്തം ശുദ്ധീകരിക്കുന്നു.
ആദ്യകാലങ്ങളിൽ ഒരു അലങ്കാരസസ്യമായി മാത്രമാണ് തക്കാളിയെ കരുതിയിരുന്നത്.
തക്കാളിയിലെ എ,ബി ,സി എന്നീ വിറ്റാമിനുകൾ അടങ്ങുന്ന എന്ന് പറഞ്ഞല്ലോ. സൂര്യതാപത്താൽ ചെടിയിൽ നിന്നു തന്നെ പഴുത്ത കായ്കളിൽ ആണ് വിറ്റാമിൻ സി കൂടുതൽ ഉള്ളത്. ചെടികളിൽ നിന്ന് പറിച്ചെടുത്ത ശേഷം പഴുത്ത കായ്കളിൽ ഈ ജീവകം വളരെ കുറവായിരിക്കും.
ഇവയ്ക്കുപുറമേ പൊട്ടാസ്യം മഗ്നീഷ്യം കുറേശ്ശെയുണ്ട്. വിറ്റാമിൻ സി ചൂടാക്കിയാൽ നശിക്കുന്നത് കൊണ്ട് തക്കാളി പാകം ചെയ്യാതെ നീര് എടുത്തോ സലാഡ് ആയോ കഴിക്കുന്നത് ആയിരിക്കും ഉത്തമം.
ശ്രേഷ്ഠമായ ഒരു ആരോഗ്യദായനി എന്നതിനു പുറമേ മരുന്നായും തക്കാളി പ്രയോജനപ്പെടുത്താവുന്നതാണ്. തക്കാളിയിലെ ആസിഡ് ശരീരത്തിൽ വേഗത്തിൽ ആഗിരണം ചെയ്യപ്പെടുന്നു. തൽഫലമായി രക്തത്തിലെ ആൽക്കലിയുടെ അംശത്തെ വർദ്ധിപ്പിക്കും. ഇതുകൊണ്ട് രക്തം ശുദ്ധീകരിക്കപ്പെടുന്നു. അങ്ങനെ ശരീരം ശോഷിച്ചു വരുന്നതിന്നെ തടുക്കുവാൻ തക്കാളി സഹായിക്കുന്നു.
മലബന്ധം അകറ്റാൻ സഹായിക്കുന്ന ഒരു വിശിഷ്ട കനിയാണ് ഇത്.
ദിവസേന അത്താഴത്തിനു ശേഷം ഒന്നോ രണ്ടോ വീതം തക്കാളി കഴിച്ചുനോക്കൂ. മലബന്ധം അനുഭവപ്പെടുകയില്ല. രക്തസ്രാവമുള്ള മൂലക്കുരു രോഗികൾ ദിനംപ്രതി ഓരോ ഗ്ളാസ് തക്കാളിനീര് കുടിക്കുന്നത് ആശ്വാസകരം ആയിരിക്കും. എന്നാൽ എണ്ണയിൽ താളിക്കുകയോ പൊരിക്കുകയോ ചെയ്താൽ താക്കാളിയുടെ പ്രസ്തുതഗുണം ഗണ്യമായി നശിക്കുമെന്ന് അറിഞ്ഞിരിക്കേണ്ടതാണ്.
ഇരുമ്പിൻറെ അംശം തക്കാളിയിൽ വേണ്ടത്ര ഉള്ളതുകൊണ്ട് അതിൻറെ ഉപയോഗം വിളർച്ച അകറ്റും എന്നതിൽ സംശയമില്ല.
ശരിയായ സമീകൃത ആഹാരം ലഭിക്കാത്ത കുട്ടികളിലും ഗർഭിണികളിലും കാണപ്പെടുന്ന ഈ അസുഖം പരിഹരിക്കുന്നതിന് ഇതു സഹായകരമാണെന്ന് പറയേണ്ടതില്ലല്ലോ.
ചർമ്മകാന്തിയും പ്രസരിപ്പും ആരോഗ്യവുമുള്ള ശിശുക്കളെ കാംക്ഷിക്കുന്നവർ അവർക്ക് ദിവസേന തക്കാളി ജ്യൂസ് നൽകട്ടെ.
നിങ്ങളുടെ മോണയിൽ നിന്ന് രക്തം സ്രവിക്കുമ്പോൾ പതിവായി കുറച്ചുനാൾ ഈ ഫലം കഴിക്കുക. മോണയ്ക്ക് എന്നപോലെ പല്ലിനും ബലം നൽകും.
മറ്റു പഴവർഗങ്ങളിൽ ഉള്ളതിനേക്കാൾ അധികം മഗ്നീഷ്യം തക്കാളിയിൽ ഉണ്ട്.
മഗ്നീഷ്യം അസ്ഥികൾക്കും പല്ലുകൾക്കും ഉറപ്പു കൊടുക്കുന്നതാണ്. അതിൽ എല്ലുകൾക്ക് ആണ് മഗ്നീഷ്യം അധികം ആവശ്യം. ഇതിൻറെ അഭാവത്തിൽ എല്ലുകൾ എളുപ്പത്തിൽ ഒടിയുവാൻ കാരണമായേക്കും.
മഗ്നീഷ്യം കാൽസ്യത്തിൻറെ സഹായത്തോടെയാണ് എല്ലിനും പല്ലിനും ശക്തി നൽകുന്നത്. ശരീരത്തിൽ വേണ്ടത്ര കാൽസ്യം ഇല്ലെങ്കിൽ മെഗ്നീഷ്യത്തിന് തനിച്ചു തന്നെ ഒന്നും ചെയ്യാൻ സാധിക്കുകയില്ല.
അതുകൊണ്ട് തക്കാളിയോടൊപ്പം കാൽസ്യം അടങ്ങുന്ന പാലോ തൈരോ കഴിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. ഹൃദയം ,തലച്ചോറ് ,നാഡീഞരമ്പുകൾ ഇവയ്ക്കും അതിന് മഗ്നീഷ്യം അത്യാവശ്യം അത്രേ.
ദഹനക്കേട് അനുഭവപ്പെടുമ്പോൾ തക്കാളി സഹായത്തിനെത്തുന്നു.
ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തുന്ന ഗ്യാസ്ട്രിക് ജ്യൂസ് സ്രവിപ്പിക്കുവാൻ തക്കാളിനീരിന് കഴിവുണ്ട്.
പലരും ചോദിക്കാറുള്ളതാണ് തക്കാളി അധികമായി കഴിച്ചാൽ പ്രമേഹം ഉണ്ടാകുമോ.
കൊഴുപ്പും അന്നജവും വൈറ്റമിനുകളും ധാതുക്കളും അധികമായുള്ള സ്ഥിതിക്ക് തക്കാളി മധുമേഹത്തിന് ഒരിക്കലും കാരണമാകില്ല എന്നാണ് വിദഗ്ധാഭിപ്രായം.
ഹൃദ്രോഗികൾക്കും ഇത് വളരെ നന്ന്.
കഫത്തിന്റെ ആധിക്യം കുറയ്ക്കാനുള്ള ശക്തി തക്കാളി രസത്തിനുണ്ട്. വിറ്റമിൻ എ ഉള്ളതുകൊണ്ട് മാലക്കണ്ണിനും ശമന ഔഷധമാണ്. തക്കാളി ദഹിക്കുവാൻ ഏതാണ്ട് ഒരു മണിക്കൂർ മതി എന്നതാണ് മറ്റൊരു ഗുണം.
വാതരോഗങ്ങൾക്കും യൂറിക്ക്ആസിഡിന്റെ ഉപദ്രവം ഉള്ളവർക്കും തക്കാളിയിൽ ഓക്സലേറ്റ് ഓഫ് പൊട്ടാഷ് ഉള്ളതുകൊണ്ട് ദോഷകരമല്ലേ എന്നതാണ് മറ്റൊരു സംശയം. ശരിയായ മലശോധനയ്ക്ക് സഹായിക്കുന്നത് കൊണ്ട് തക്കാളി മേൽപ്പറഞ്ഞ തകരാറുകൾ വർധിപ്പിക്കാൻ ഒരിക്കലും സഹായിക്കുകയില്ല.
മറ്റു പഴച്ചാറുകളെ പോലെ മിക്ക രോഗാവസ്ഥകളിലും തക്കാളിനീര് ഉപയോഗിക്കുന്നതിൽ തെറ്റില്ല
.
കറികളിൽ അല്പം ഏരുവോ, ഉപ്പോ കൂടി എന്നിരിക്കട്ടെ, രണ്ട് തക്കാളി നുറുക്കി കറിയിൽ ഇടുക. രണ്ടും കുറഞ്ഞുകിട്ടും.
മുഖം എണ്ണമയം ആകുന്നത് തടയാൻ തക്കാളി നീരിൽ മുതിര പൊടി ചേർത്ത് തേച്ച് അല്പസമയത്തിനു ശേഷം കഴുകി കളഞ്ഞാൽ മതി.
തക്കാളി കൊണ്ട് ജാം ചട്നി ജ്യൂസ് എന്നിവ ഉണ്ടാക്കി സൂക്ഷിക്കാം എന്നത് നിങ്ങൾ ഏവർക്കും അറിയാവുന്നതാണ്.
തക്കാളി ജാം ഉണ്ടാക്കുന്നതിന്
തക്കാളി ഒരു കിലോ, പഞ്ചസാര ഒരു കിലോ ,സിട്രിക് ആസിഡ് ഒരു ടീസ്പൂൺ, വാനില എസൻസ് ആവശ്യത്തിന്.
മൂത്ത് പഴുത്ത തക്കാളി കഴുകി 5 മിനിറ്റ് ആവിയിൽ വേവിക്കുക. അൽപസമയം തണുത്ത വെള്ളത്തിലിട്ട് തൊലിക്കുക. അതിനു ശേഷം നല്ലതുപോലെ ഉടയക്കണം.
ഉടച്ച തക്കാളിയും പഞ്ചസാരയും സിട്രിക് ആസിഡും ചേർത്ത് അടുപ്പിൽ ഏറ്റി അരമണിക്കൂർ ചൂടാക്കുക. കുറുകുമ്പോൾ എസൻസ് കലർത്തി ഇളക്കി ചൂടാറുമ്പോൾ ഭരണിയിൽ സൂക്ഷിച്ചു ആവശ്യം പോലെ ഉപയോഗിക്കാം.