അതിമഹത്തായ ഒരു രസായനൗഷധമാണ് നെല്ലിക്ക. പ്രസിദ്ധിയേറിയ ച്യവനപ്രാശം നെല്ലിക്ക പ്രധാനമായി ചേർത്തുണ്ടാക്കുന്നതാണ്. ഇത് ആയുർവേദത്തിൽ ധാത്രീ എന്ന പേരിൽ അറിയപ്പെടുന്നു. ഔഷധമൂല്യത്തിൽ വാതപിത്തകഫങ്ങൾ ശമിപ്പിക്കും.
അമ്ലപിത്തം, രക്തദൂഷ്യം, രക്ത പിത്തം, ജ്വരം, പ്രമേഹം, ദുർമേദസ്, മുടികൊഴിച്ചിൽ ഇവ ശമിപ്പിക്കും. കണ്ണിനു കാഴ്ച ഉണ്ടാക്കും; മേധാശക്തി, നാഡികൾക്കു ബലം, ദഹനശക്തി എന്നിവ ക്രമപ്രവൃദ്ധമായി വർദ്ധിപ്പിക്കും. നെല്ലിക്കാനീരോ അല്ലെങ്കിൽ ഉണക്കനെല്ലിക്കാ കഷായം വെച്ചോ തേൻ ചേർത്തു കണ്ണിലൊഴിക്കുന്നത് കണ്ണിലുണ്ടാകുന്ന എല്ലാ വിധ അസുഖങ്ങൾക്കു നന്നാണ്.
നെല്ലിക്കയുടെ സമം കടുക്കയും താന്നിക്കയും ചേർത്ത് ഉണക്കി പ്പൊടിച്ചത് (ത്രിഫലചൂർണം) മൂന്നു മുതൽ ആറു ഗ്രാംവരെ പെരുന്തേനിലോ ശർക്കരപ്പാനിയിലോ നെയ്യിലോ ചാലിച്ച് രാത്രി ഭക്ഷണത്തിനു ശേഷം സേവിക്കുന്നത് നേത്രരോഗങ്ങൾക്കും മലശോധനയ്ക്കും വിശേഷമാണ്.
നെല്ലിക്കാവെള്ളത്തിൽ പതിവായി കുളിക്കുന്നത് ശരീരശക്തിക്കും കുളുർമയ്ക്കും നേത്രരോഗത്തിനും ജരാനരകൾ ബാധിക്കാതിരിക്കുന്നതിനും സഹായകമാകുന്നു.
പച്ചനെല്ലിക്ക, അമൃത് ഇവ ഇടിച്ചുപിഴിഞ്ഞ നീര് 10 മില്ലി വീതം എടുത്ത് മഞ്ഞൾപൊടി ചേർത്ത് അതിരാവിലെ കഴിക്കുന്നത്. പ്രമേഹത്തിനു നന്നാണ്. പച്ചനെല്ലിക്കാ കുരു കളഞ്ഞ് ആറുഗ്രാം വീതം പാലിൽ കലക്കി കഴിക്കുന്നത് പുളിച്ചുതികട്ടലിനു ശമനമുണ്ടാക്കും. നെല്ലിക്കാപ്പൊടി ടീസ്പൂൺ കണക്കിന് നെയ്യിൽ ചാലിച്ചു ദിവസവും കഴിക്കുന്നത് അലർജി മാറുന്നതിനു നന്നാണ്.
മൂത്രതടസ്സത്തിന്റെ നെല്ലിക്ക അരച്ച് അടിവയറിൽ ലേപനം ചെയ്യുക. നെല്ലിക്കാ ആവിയിൽ പുഴുങ്ങി ശർക്കരയിൽ പാവാക്കിവെച്ചിരുന്ന നാലെണ്ണം വീതം ദിവസവും കഴിക്കുന്നത്. ജരാനര ബാധിക്കാതിരിക്കുന്നതിനും ബുദ്ധിശക്തിക്കും ശരീരസൗന്ദര്യത്തിനും സഹായിക്കും. നെല്ലിക്കയുടെ പുറം വരഞ്ഞിട്ട് സമം എട്ടിലൊരു ഭാഗം താതിരി പൂവും തേനും ചേർത്ത് ഒരു ഭരണിയിലാക്കി വെച്ചിരുന്ന് ഒരു മാസം കഴിഞ്ഞ് ഊറ്റി കുപ്പിയിലാക്കി സൂക്ഷിച്ച് ടീസ്പൂൺ കണക്കിന് കൊച്ചുകുട്ടികൾക്കു കൊടുക്കുന്നത് ആരോഗ്യത്തിനും ധാതുപുഷ്ടിക്കും ബുദ്ധിശക്തിക്കും വിശേഷമാണ്.