ചരിത്രാതീതകാലം മുതൽ ചെറുധാന്യങ്ങളുടെ ഔഷധ ഗുണം മനുഷ്യൻ മനസ്സിലാക്കിയിരുന്നു. മഹാഭാരതയുദ്ധ കാലത്ത് പാണ്ഡവരെ സഹായിക്കാനായി തെന്നിന്ത്യയിൽ നിന്നെത്തിയ ചേരരാജാവ് ഉദയനൻ, ഔഷധീകരിച്ച ചെറു ധാന്യങ്ങളെകൊണ്ട് ഭക്ഷണം ഉണ്ടാക്കികൊടുത്ത് ഭടന്മാരുടെ ഊർജ്ജസ്വലത നിലനിർത്തിയതായി പറയപ്പെടുന്നു. ഇങ്ങിനെയാണ് അദ്ദേഹത്തിന് "പെരിഞ്ചോറ്റു ഉദയനൻ' എന്ന സ്ഥാന പ്പേര് ലഭിച്ചതെന്ന് സംഘകാലകൃതികളിൽ പരാമർശം ഉണ്ട്. പൗരാണിക ആചാര്യന്മാർ രസായന ചികിത്സക്കായി ചെറുധാന്യങ്ങൾ ഉപയോഗിച്ചിരുന്നതായി തെളിവുകൾ ഉണ്ട്.
ഭക്ഷ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ധാന്യങ്ങളെ പ്രധാനമായും രണ്ടായി തരം തിരിച്ചിട്ടുണ്ട്. അവ സിറിയൽസ് എന്നും മില്ലറ്റ്സ് എന്നും അറിയപ്പെടുന്നു. ഗ്രീക്ക്, റോമൻ വിശ്വാസങ്ങളനുസരിച്ച് അവരുടെ ധാന്യ ദേവതയായ സിറിസിന് ഇഷ്ടവിഭവമാണ്, ചെറുധാന്യങ്ങൾ കൊണ്ടുള്ള നിവേദ്യങ്ങൾ. തിന, റാഗി, കുതിരവാലി, മണിച്ചോളം, കന്നി, വരക്, ചാമ, പനിവരക്, മുതലായവയാണ് ചെറുധാന്യങ്ങളിൽ പ്രധാനപ്പെട്ടവ വരൾച്ചയേയും കാലാവസ്ഥാ വ്യതിയാനങ്ങളെയും ചെറുത്തു നിൽക്കാനുള്ള കഴിവ് മില്ലറ്റുകൾക്ക് ഉണ്ട്. പ്രോട്ടീൻ, മിനറൽസ്, കാർബോഹൈഡ്രേറ്റ് തുടങ്ങി ഊർജ്ജദായകമായ ധാരാളം വസ്തുക്കൾ മില്ലറ്റുകളിൽ അടങ്ങിയിട്ടുണ്ട്.
കൃമികീടങ്ങളെ പ്രതിരോധിക്കാനുള്ള ഇവയുടെ കഴിവ് എടുത്തു പറയേണ്ടതാണ്. ആകയാൽ കൃഷി ചെയ്യുമ്പോൾ വളം, കീടനാശിനികൾ തുടങ്ങിയവ ഉപയോഗിക്കേണ്ട ആവശ്യമില്ല. ഇരുപ്പൂ നിലങ്ങളിലും, വെള്ളം കെട്ടിനിൽക്കാത്ത മറ്റ് എല്ലാ കൃഷിസ്ഥലങ്ങളിലും, മില്ലറ്റുകൾ കൃഷി ചെയ്യാവുന്നതാണ്.
നാട്ടുവൈദ്യവിധി പ്രകാരം എല്ലാത്തരം വൈറ്റമിനുകളും മിന റലുകളും അടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷ്യവിഭവമാണ് മില്ലറ്റുകൾ.
ഔഷധപ്പായസം
വരക്, കൂവരക്, റാഗി മുത്താറി, ചോളം എന്നിവ വൃത്തിയാക്കി കുതിർത്തെടുത്തത്, പഞ്ചമൂല കഷായത്തിൽ വേവിച്ചെടുക്കുക. (ഓരില, മൂവില, കറുത്തചുണ്ട, വെളുത്തചുണ്ട, ഞെരിഞ്ഞിൽ, അല്ലെങ്കിൽ വെളുത്ത ആവണക്കിന്റെ വേര് എന്നിവയാണ് ചെറിയപഞ്ചമൂലം. എല്ലാം സമം എടുക്കണം)
ഒരു നിറം ഉള്ളതും കിടാവ് ജീവിച്ചിരിക്കുന്നതുമായ പശുവിന്റെ പാലോ, പാലിന് പകരം തേങ്ങാ പാലോ അവശ്യത്തിന് എടുത്ത്, മധുരം വേണമെങ്കിൽ കൽക്കണ്ടമോ, അഴുക്ക് മാറ്റിയ ശർക്കരയോ ചേർത്ത് നെയ്യും ചേർത്ത് തിളപ്പിച്ച് സ്വാദിഷ്ടമായ പായസം തയ്യാറാക്കാം. ചുക്ക്, ഏലക്കാ, ഗ്രാംപൂ എന്നിവയുടെ പൊടി ആവശ്യമെങ്കിൽ ചേർക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ ഹൃദയസംബന്ധമായ സാധാരണ രോഗങ്ങൾ ഒന്നും തന്നെ വരില്ല. രക്തശുദ്ധി വരുത്തും. ത്രിദോഷ ശമനവും സുഖശോധനയും ലഭിക്കും. ദിവസം ഏതെങ്കിലും ഒരു നേരം ഇത് ഉപയോഗിക്കാം.