Updated on: 29 April, 2020 2:33 PM IST

മൃഗങ്ങളില്‍ നിന്നും മനുഷ്യനിലേക്ക് പകരുന്ന രോഗങ്ങള്‍ (zoonoic) നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തേതും ഭീകരവുമായ അവസ്ഥയാണ് കോവിഡ് -19 സമ്മാനിച്ച കൊറോണ വൈറസ്. അപകടകാരികളായ ജൈവായുധങ്ങളുടെ പണിപ്പുരയിലാണ് പല ലോകരാജ്യങ്ങളും എന്ന് സമൂഹം സംശയത്തോടെ ചിന്തിക്കുന്ന കാലമാണിത്. ഇത്തരം ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന നോവലുകള്‍ വായിക്കുകയും സിനിമകള്‍ കാണുകയുമൊക്കെ ചെയ്ത് ഭീതിതരായിരിക്കുന്ന ഈ സംശയകാലത്താണ് ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ കോവിഡ് പൊട്ടിപ്പുറപ്പെടുന്നത്.

വുഹാനിലെ വൃത്തിഹീനവും എല്ലാത്തരം ജീവികളേയും ഭക്ഷണത്തിനായി വില്‍പ്പനയ്ക്ക് വയ്ക്കുകയും ചെയ്യുന്ന ഹുനാനിലെ wet market ല്‍ നിന്നും ശ്വാസകോശത്തെ ബാധിക്കുന്ന ഈ പകര്‍ച്ചവ്യാധി അതിന്റെ യാത്ര തുടങ്ങിയപ്പോഴെ അപകടം മണത്ത ഡോക്ടര്‍ ലി വെന്‍ലിയാംഗ് (Dr.Li wenliang) വിവരം അധികാരികളെ അറിയിച്ചു.

ലോകത്തിലെ ഒന്നാമനാകാന്‍ വ്യഗ്രതപ്പെട്ട് അമേരിക്കയോട് മത്സരിക്കുന്ന ചൈനീസ് ഭരണകൂടം അപകട അറിയിപ്പ് നല്‍കിയ ഡോക്ടറെ വേട്ടയാടുകയും രോഗവിവരം മറച്ചുവയ്ക്കുകയുമാണ് ചെയ്തത്. ഒരു രോഗം എത്രകാലം മറച്ചുവയ്ക്കാന്‍ കഴിയും . അതും സാംക്രമിക രോഗം. ചൈനയുടെ കൈവിട്ട് കടല്‍ കടന്നതോടെയാണ് അവര്‍ സത്യം തുറന്നു പറഞ്ഞത്. അപ്പോഴേക്കും ഇറ്റലിയും ഫ്രാന്‍സും സ്‌പെയിനുമൊക്കെ രോഗത്തിന്റെ മോശമായ തണുപ്പ് അറിഞ്ഞു കഴിഞ്ഞിരുന്നു.
 
Prof.Luc Montagnier,Nobel laureate who said COVIC 19 virus originated in lab-Courtesy-thelogicalindian.com

ലാബില്‍ നിന്നല്ല ജീവിയില്‍ നിന്നുതന്നെ

 പിന്നെ കഥകള്‍ ഒരുപാടിറങ്ങി. വാക്‌പോരുകള്‍ ഒത്തിരിനടന്നു. ഇതൊന്നും വൈറസിനെ ഭയപ്പെടുത്തിയില്ല. ഒരുകോശത്തിലും താഴെ മാത്രം മൂല്യമുള്ള, ജീവനും ജിവനില്ലായ്മയ്ക്കുമിടയില്‍ എവിടെയോ സ്ഥാനമുള്ള വൈറസ് പ്രചണ്ഡതാണ്ഡവമാടുകയാണ്. ഇത് ചൈനയുടെ ജൈവപരീക്ഷണ ശാലയില്‍ നിന്നും വന്നതാണെന്ന് അമേരിക്കയും അമേരിക്ക ചൈനയില്‍ നിക്ഷേപിച്ചതാണെന്ന് ചൈനയും ആരോപണം നടത്തി.

എന്നാല്‍ 2020 മാര്‍ച്ച് 17ന് Nature Medicine എന്ന മാസികയില്‍ വന്ന ലേഖനം ഈ വാദങ്ങളെ തീര്‍ത്തും ഖണ്ഡിക്കുകയാണ്. Kristian.G.Anderson,Andrew Rambaut,W.Ian Lipkin എന്നിവര്‍ ചേര്‍ന്നു തയ്യാറാക്കിയ പഠനമായ ' The proximal origin of SARS-CoV-2' ല്‍ രോഗം മൃഗത്തില്‍ നിന്നുതന്നെ വന്നതാണെന്ന് അവര്‍ ഉറപ്പിച്ചു പറയുന്നു.

കൊറോണവൈറസിന്റെ spike protein-ലുള്ള receptor binding domain പഠന വിധേയമാക്കുമ്പോള്‍ അത് മറ്റൊരു ജീവിയില്‍ ആതിഥ്യം(host) തേടിയ ശേഷമാണ് മനുഷ്യനിലേക്കെത്തിയതെന്ന് അസന്നിഗ്ധമായി പറയാന്‍ കഴിയുമെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു.

Pangolin-Courtesy-worldwildlife.org

വാവല്‍ അല്ലെങ്കില്‍ ഈനാംപേച്ചി

ഹുനാനിലെ വൃത്തിഹീനമായ ചന്തയിലെത്തിയ ഒരു ജീവിയില്‍ നിന്നുതന്നെയാകണം ഇവന്റെ പ്രയാണത്തുടക്കം. വാവലോ (bat) ഈനാംപേച്ചിയോ(pangolin) രോഗവാഹകരായി അസുഖം പരത്തിയിരിക്കാനാണ് സാധ്യത. വാവലിന്റെ ശരീരത്തില്‍ കാണപ്പെടുന്ന SARS-CoV യും മനുഷ്യനെ ബാധിച്ച SARS-CoV-2 വും തമ്മിലുള്ള സാദൃശ്യമാണ് ഇത്തരമൊരു നിഗമനത്തിലേക്ക് നയിക്കുന്നത്.വാവലുകള്‍ വൈറസിന്റെ സംഭരണാലയമായി പ്രവര്‍ത്തിച്ചിരിക്കാം.

മലയന്‍ പംഗോളിനെ അനധികൃതമായി കടത്തിക്കൊണ്ടുവന്നു വിശിഷ്ടഭക്ഷണമായി വില്‍ക്കുന്ന Guangdong പ്രവിശ്യയിലെ ചന്തയാണ് ഹുനാന്‍. ഇവിടെ എത്തുന്ന പംഗോളിന്റെ ശരീരത്തിലെ വൈറസിന് കോവിഡ് -19 പരത്തുന്ന SARS-CoV-2 ന്റെ സമാനസ്വഭാവമാണുള്ളത്.

ഇത് ഏത് വിധത്തില്‍ മനുഷ്യനിലെത്തി ,എതുവിധം mutation സംഭവിച്ചു എന്നതൊക്കെയാണ് ഇനി അറിയാനുള്ളത്. Genome-ല്‍ വന്ന മാറ്റം സ്വാഭാവികമാകാം എന്നുതന്നെയാണ് ഇതുവരെ ലഭ്യമായ മുഴുവന്‍ സാമ്പിളുകളുടെയും പരിശോധന ഫലം കാണിക്കുന്നത്. എല്ലാം ഒരു പൊതു മുന്‍ഗാമിയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

Man-animal link -Courtesy-medicalxpress.com

വരുംകാല പകര്‍ച്ചവ്യാധികളെല്ലാം ജീവികളുടെ സംഭാവനയാകും

 ഇത് വളരെ ഭീതിദമായ ഒരു ഭാവിയിലേക്കാണ് നമ്മെ നയിക്കുന്നതെന്ന് United Nations Environment Programme (UNEP) വ്യക്തമാക്കുന്നു. ഇന്ന് ലോകത്ത് നിലനില്‍ക്കുന്ന പകര്‍ച്ചവ്യാധികളില്‍ 60 ശതമാനവും ഭാവിയില്‍ വരാന്‍പോകുന്ന 75 ശതമാനം പകര്‍ച്ചവ്യാധികളും മൃഗങ്ങളില്‍ നിന്നും പകരുന്നവയാകും എന്നതാണ് UNEP നല്‍കുന്ന താക്കീത്. ഇവ ബാക്ടീരിയയോ(bacteria) ഫംഗസോ(fungi) പരാദങ്ങളോ(parasites) ആവില്ല വ്യത്യസ്ത അതിഥികളില്‍ ചെക്കേറുന്ന വൈറസുകളാവും എന്നും പഠനം വ്യക്തമാക്കുന്നു.

മനുഷ്യനും വന്യജിവികള്‍ക്കുമിടിയിലുള്ള കണ്ണിയായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് വളര്‍ത്തു മൃഗങ്ങളാണ്. എബോള(Ebola),പക്ഷിപ്പനി(bird flu), Middle east respiratory syndrome(MERS), Rift valley fever,Severe Acute Respiratory Syndrome(SARS) ,West Nile virus, Zika virus disease, COVID -19 എന്നിവയെല്ലാം വരുംകാലത്തെ കരുത്തന്മാരുടെ മുന്‍ഗാമികളാവാം.

Avian influenza -Courtesy-newslab.org

സാമ്പത്തിക -സാമൂഹിക ദുരന്തങ്ങള്‍

2004-ല്‍ ഏഷ്യയിലുണ്ടായ പക്ഷിപ്പനി(avian influenza) 5 വര്‍ഷത്തിനിടയില്‍ 20 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണുണ്ടാക്കിയത്. 2015 ല്‍ അമേരിക്കയില്‍ കോഴിവ്യവസായത്തിന് പക്ഷിപ്പനി വരുത്തിയ നഷ്ടം 3.3 ബില്യണ്‍ ഡോളറായിരുന്നു. 48 ദശലക്ഷം കോഴികളാണ് മരിച്ചത്.

2014 ല്‍ ഗിനിയ(Guinea) ലൈബീരിയ(Liberia),സിയേരാ ലിയോണ്‍(Sierra Leone) എന്നീ ആഫ്രിക്കന്‍ നാടുകളില്‍ വ്യാപിച്ച എബോള(Ebola) 28,616 ആളുകളിലാണ് ബാധിച്ചത്. 11,310 പേര്‍ മരിച്ചു.

2012 മുതല്‍ നാളിതുവരെ മെര്‍സ്( MERS) ബാധിച്ച് മരിച്ചവര്‍ 624 ആണ്.

1998 ലാണ് നിപ്പ(Nipah) മലേഷ്യയില്‍ 100 പേരുടെ ജീവനെടുത്തത്. 671 ദശലക്ഷം ഡോളര്‍ നഷ്ടവുമുണ്ടാക്കി.

2002 ല്‍ തുടങ്ങിയ സാര്‍സ് (SARS) 41.5 ബില്യണ്‍ ഡോളറിന്റെ നഷ്ടവും 800 ജിവനുമാണ് എടുത്തത്.

ഇതിനെയെല്ലാം കവച്ചുവയ്ക്കുന്ന സാമ്പത്തിക-സാമൂഹിക ദുരന്തമാണ് കോവിഡ് -19 നല്‍കുന്നത്.

 

Environment protection--Courtesy-businessfirstfamily.com

പരിസ്ഥിതി സംരക്ഷണം മാത്രമാണ് പ്രതിരോധം

 മനുഷ്യവര്‍ഗ്ഗത്തിന്റെ വികസന വേഗത്താലുണ്ടായ ഭൂഉപയോഗ മാറ്റം ( land use change) , മനുഷ്യനിലും മൃഗങ്ങളിലുമുണ്ടായ ജൈവപരമായ മാറ്റങ്ങള്‍, രോഗാണുക്കളില്‍ (pathogens) വന്ന മാറ്റം എന്നിവയെല്ലാം ഈ പ്രവണതയ്ക്ക് ആക്കം കൂട്ടുന്നു. രോഗാണുക്കളും ഒന്നിലേറെ അതിഥികളെ കണ്ടെത്താനും നിലനില്‍പ്പിനായി രൂപം മാറാനും തയ്യാറാവുന്നു.

വാവലുകളുടെ ആവാസവ്യവസ്ഥ നഷ്ടപ്പെട്ടതാണ് അവയിലൂടെ പകരുന്ന രോഗങ്ങള്‍ക്ക് കാരണമായത്. പശ്ചിമാഫ്രിക്കയില്‍ എബോള വ്യാപിച്ചത് കാട് നഷ്ടമായതിനാലാണ്. മനുഷ്യനും വന്യജീവികളും തമ്മിലുള്ള അകലം കുറഞ്ഞത് ദോഷകരമായി ഭവിച്ചു. പക്ഷിപ്പനിക്ക് കാരണം വന്‍തോതിലുള്ള വ്യാവസായിക കോഴിവളര്‍ത്തലാണ് എന്ന് തെളിഞ്ഞു കഴിഞ്ഞു. മലേഷ്യയിലെ വലിയ തോതിലുളള പന്നി വളര്‍ത്തലും ഫലവൃക്ഷകൃഷിയുമാണ് നിപ്പ കൊണ്ടുവന്നത്.

മനുഷ്യര്‍ നശിപ്പിക്കുകയോ ചേക്കേറുകയോ ചെയ്യുന്ന ഇടങ്ങളില്‍ പ്രകോപിതരാകുന്ന ജീവിവര്‍ഗ്ഗങ്ങളിലൂടെയാണ് രോഗം മനുഷ്യരിലെത്തുന്നതെന്ന് UNEP പറയുന്നു. നിലവിലുള്ള സ്വാഭാവികമായ പരിസ്ഥിതിയെ (ecosystem) നിലനിര്‍ത്തുക മാത്രമാണ് ഇതിനെ ചെറുക്കാനുള്ള ഏകപോംവഴി.

One health concept -Courtesy-en.wikipedia.org

'വണ്‍ ഹെല്‍ത്ത് 'പരിഹാരമായേക്കാം

 ' ഇതിനുമുന്‍പെങ്ങുമില്ലാത്തവിധം മനുഷ്യനും വന്യജീവികളും വളര്‍ത്തു ജീവികളും തമ്മില്‍ അടുത്തുപെരുമാറുന്ന ഈ സൗകര്യം രോഗകാരികള്‍ക്ക് അനുകൂല ഘടകമായി മാറുന്നു. മനുഷ്യനിലേക്ക് വേഗത്തിലെത്താനുള്ള അവസരമാണ് മനുഷ്യന്റെ ദുരമൂലം നമ്മള്‍തന്നെ സൃഷ്ടിച്ചു കൊടുത്തിരിക്കുന്നത്', UNEP Executive director Inger Anderson പറയുന്നു.

കാലാവസ്ഥയിലെ മാറ്റങ്ങള്‍, രോഗത്തെയും രോഗാണുവിനെയും കീടങ്ങളെയും വ്യാപിപ്പിക്കുന്ന തീവ്രമായ തണുപ്പും വേനലും മഴയും,മനുഷ്യന്റെ നിരന്തരമായ യാത്രകളും സംഘര്‍ഷങ്ങളും ദേശാടനവും വന്യജീവികളുടെ രഹസ്യവിപണനവും നഗരവത്ക്കരണവും ഭക്ഷണത്തിലും മരുന്നിലും വന്ന മാറ്റങ്ങളും പുത്തന്‍ രോഗങ്ങളെ ത്വരിതപ്പെടുത്തുന്നതായി ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. സസ്യങ്ങള്‍ ഉപദ്രവകാരികളായി മാറുന്നില്ല എന്നാശ്വസിക്കണ്ട എന്നാണ് Peter Beetham Scentific American എന്ന മാസികയില്‍ എഴുതിയ പഠനത്തില്‍ പറയുന്നത്.

കോവിഡിനെ കൈകാര്യം ചെയ്യാന്‍ ലോകം എത്രമാത്രം സജ്ജമല്ല എന്നു നമ്മള്‍ കണ്ടുകഴിഞ്ഞു. സസ്യങ്ങളുടെ ആസുരകാലം വന്നാലും അതിനെ പ്രതിരോധിക്കാന്‍ കഴിയാതെ ലോകം വെറുങ്ങലിച്ച് നില്‍ക്കുന്നതിന് പകരം അത്തരമൊരു സാഹചര്യത്തെകൂടി കണ്ട് ഗവേഷണം നടത്തണമെന്നാണ് പീറ്റര്‍ പറയുന്നത്.

സാധാരണനിലയില്‍ എല്ലാ ജൈവസംവിധാനത്തിനും(Biological system) ഉന്മേഷം വീണ്ടെടുക്കാനും ( resilence) പൊരുത്തപ്പെടാനും (adaptation ) നൈസര്‍ഗ്ഗികമായ (inherent)കഴിവുണ്ട്. പക്ഷെ ഇന്ന് ലോകത്തുനടക്കുന്ന അതിവേഗമാറ്റത്തിനൊപ്പം പ്രകൃതിക്ക് ചലിക്കാന്‍ കഴിയുന്നില്ല
  • അതിന് പരിഹാരമായി UN നിര്‍ദ്ദേശിക്കുന്നത് 'One Health' ആണ്.

  • അതായത് മികച്ച ഒരു പൊതജനാരോഗ്യ സംവിധാനം കൊണ്ടുവരുന്നതിനായി വിവിധ മേഖലകളില്‍പെട്ടവര്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന രീതിയാണ് one health.

  • പദ്ധതി,നയങ്ങള്‍,നിയമനിര്‍മ്മാണം,ഗവേഷണം എന്നിവയ്ക്ക് ഏകമാനമാര്‍ന്ന സമീപനം,ഡിസൈന്‍,നടപ്പാക്കല്‍ എന്നതാണ് പദ്ധതി ലക്ഷ്യം.

Early detection of infectious diseases -Courtesy-supercomputingonline.com

രോഗം മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയണം

 ഭക്ഷ്യസുരക്ഷ, മൃഗങ്ങളിലൂടെ പകരുന്ന രോഗങ്ങള്‍, ആന്റിബയോട്ടിക് പ്രതിരോധ രോഗാണുക്കളെ (antibiotic resistance) ചെറുക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. Climate Scientists -ം epidemologists-ം സമ്മതിക്കുന്ന ഒരു കാര്യവും ഇതാണ്.

വരുംകാലത്ത് ശക്തമാകുന്ന zoonotic രോഗങ്ങളെയും antimicrobial resistance-നെയും food safety issue നെയും vector borne diseases നെയും ഫലപ്രദമായി ചെറുക്കാനുള്ള മാര്‍ഗ്ഗം One health മാത്രമാണ്.

നിലവിലുള്ള സംവിധാനങ്ങള്‍ വച്ചുകൊണ്ട് ഇനി എന്ന് എവിടെ അടുത്ത രോഗബാധ മറ്റൊരു രൂപത്തിലുണ്ടാകും എന്നു പറയാന്‍ കഴിയില്ല. ഫലപ്രദമായി തടയാന്‍ കഴിയുന്നില്ലെങ്കില്‍ പുതിയ ഇനം ആതിഥേയനെ കണ്ടെത്തി രോഗാണുക്കള്‍ ശക്തിപ്രാപിച്ച് മനുഷ്യരാശിക്ക് വന്‍ഭീഷണിയായി മാറും. പ്രകൃതിയോടുള്ള ഇടപെടലും ജൈവസംസ്‌കൃതിയുടെ നിലനില്‍പ്പും ആഗോളതലത്തില്‍ ഗൗരവമായെടുക്കുന്ന ഒരു പുത്തന്‍ ലോകക്രമം കോവിഡാനന്തര കാലത്ത് ഉണ്ടായിവരണം. രോഗങ്ങളെ കൃത്യമായി മുന്‍കൂട്ടി പ്രവചിക്കാനും ഫലപ്രദമായി തടയാനും കഴിയണം. അതിനുള്ള ശ്രമങ്ങളാവണം ഇനി ലോകം കൂട്ടായി രൂപപ്പെടുത്തേണ്ടത്.

 
English Summary: Animals are the major cause of infectious diseases, pakarcha vyadhikalilae mriga bandham
Published on: 29 April 2020, 12:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now