ഐക്യരാഷ്ട്ര പൊതുസഭയുടെ 2007 ഡിസംബർ 18 ലെ തീരുമാനപ്രകാരം ഏപ്രിൽ രണ്ട് ലോക ഓട്ടിസം അവബോധ ദിനം ആയി ആചരിക്കപ്പെടുന്നു
കുട്ടികളിലെ ബുദ്ധിവികാസവുമായി ബന്ധപ്പെട്ട് കാണുന്ന ഒരു മാനസിക വ്യതിയാനമാണ് ഓട്ടിസം. സ്വയം എന്നർഥമുള്ള ആട്ടോസ് എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് ഓട്ടിസം എന്ന ഇംഗ്ലീഷ് പദമുണ്ടായത്. ലിയോ കാനർ എന്ന മനോരോഗ വിദഗ്ദ്ധനാണ് 1943 ൽ ഈ പദം ആദ്യമായി ഉപയോഗിച്ചത്.
ഓട്ടിസം ബാധിച്ച കുട്ടികളുടെ പ്രധാന ലക്ഷണം തനിച്ചിരിക്കാനുള്ള ഇഷ്ടമാണ്. ഇത് കുട്ടികളുടെ ആശയവിനിമയ ശേഷിയെയും സഹവർത്തിത്വ ശേഷിയെയുമാണ് കാര്യമായി ബാധിക്കുന്നത്.സവിശേഷമായ ചില പ്രത്യേക കഴിവുകൾ ഓട്ടിസത്തെ ഒരു മാനസിക വൈകല്യത്തിനേക്കാൾ ഒരു മാനസിക അവസ്ഥയായി കാണാൻ മനശാസ്ത്രജ്ഞരെ പ്രേരിപ്പിക്കുന്നു.
ഏറ്റവും പുതിയ പഠനപ്രകാരം ആയിരത്തിൽ രണ്ടു പേർക്കെങ്കിലും ഓട്ടിസം ഉണ്ട്. ഓട്ടിസം ബാധിച്ച മിക്ക കുട്ടികളും കാഴ്ചക്ക് വളരെ സാധാരണക്കാരാണ്. ലൈംഗികശേഷിയും പ്രത്യുത്പാദനത്തിനുള്ള കഴിവും പൊതുവേ ഇവർക്കും ഉണ്ടാകാറുണ്ട്. വിവിധ വ്യക്തികളിൽ പല നിലക്കാണ് ഓട്ടിസം കാണപ്പെടുക. പഠനവൈകല്യമുള്ളതും, സംസാരശേഷി തീരെ കുറഞ്ഞതുമായ അവസ്ഥ മുതൽ ഉയർന്ന തലത്തിൽ ചിന്തിക്കുവാനും, സ്വന്തമായി കുടുംബം പുലർത്താനും, വരുമാനം ആർജിക്കാനും സാധിക്കുന്ന വിധത്തിൽ ബുദ്ധിമാനം (ഐ ക്യു) ഉള്ള അവസ്ഥ വരെ ഓട്ടിസത്തിൽ കാണാം.
കാരണങ്ങൾ
പ്രധാനമായും ഓട്ടിസത്തിനുപിന്നിൽ ജനിതക കാരണങ്ങളാണെങ്കിലും ഈ അസാധാരണാവസ്ഥയുടെ യഥാർത്ഥകാരണം ഇന്നും അജ്ഞാതമായി തുടരുന്നു.മസ്തിഷ്കത്തിലെ കോശങ്ങളായ ന്യൂറോണുകളും ശരീരത്തിന്റെ വിവിധഭാഗങ്ങളിലേക്കും തിരിച്ച് തലച്ചോറിലേക്കും ആവേഗങ്ങൾ കൊണ്ടെത്തിക്കുന്ന നാഡീവ്യവസ്ഥയും തമ്മിലുള്ള വിപുലമായ വലക്കണ്ണിബന്ധത്തിലെ തകരാറുകളാണ് ഓട്ടിസത്തിലേക്ക് നയിക്കുന്നതെന്ന് പൊതുവെ അഭിപ്രായപ്പെടുന്നു
ചികിൽസ
മരുന്നുനൽകിയുള്ള ഫലപ്രദമായചികിത്സ ഓട്ടിസത്തിന് നിലവിലില്ല. സാമൂഹീകരണം, ആശയവിനിമയം, പെരുമാറ്റരീതി എന്നിവയാണ് ഓട്ടിസം അവതാളത്തിലാക്കുന്നത്. അതിനാൽ സൗഹൃദപരവും അനുയോജ്യവുമായ ജീവിതാന്തരീക്ഷം സൃഷ്ടിച്ച് നിരന്തരമായ പരിശീലനത്തിലൂടെ ഈ മൂന്നുമേഖലകളിൽ പരിശീലനം നൽകുകയാണ് ഓട്ടിസത്തിന്റെ പ്രധാനചികിത്സ.ചിത്രരചന, സംഗീതം, ചെസ്, കംപ്യൂട്ടർപഠനം തുടങ്ങിയ മേഖലകളിൽ ഇവർക്ക് അസാമാന്യ പാടവമുള്ളതായി കാണാറുണ്ട്.ഇത്തരം കഴിവുകൾ പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ അവ വളർത്താൻ പരമാവധി അവസരങ്ങൾ ഒരുക്കിക്കൊടുക്കണം.ഓട്ടിസത്തിന്റെ അനുബന്ധ പ്രശ്നങ്ങളായ അക്രമവാസന,അമിതബഹളം,ഉറക്കപ്രശ്നങ്ങൾ,അപസ്മാരം എന്നിവ മരുന്ന് ഉപയോഗിച്ച് നിയന്ത്രിക്കാം.