കുമ്പളങ്ങാ നമ്മുടെ നാട്ടിൽ സമൃദ്ധമായി വളരുന്ന ഒരു പച്ചക്കറിയാണ്. കുക്കുർബിറ്റേസീ സസ്യകുടുംബത്തിലെ ഒരു വള്ളിച്ചെടിയാണ് കുമ്പളം അഥവാ കുമ്പളങ്ങ. ബെനിൻകാസ ഹിസ്പിഡ എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഇവ വള്ളിയിൽ ആണ് വളരുന്നത്. ആഷ് ഗോർഡ് എന്ന പേരിനു പുറമേ, ഈ പച്ചക്കറി 'വാക്സ് ഗോർഡ്' അല്ലെങ്കിൽ 'വിൻ്റർ മെലൺ' എന്ന പേരിലും അറിയപ്പെടുന്നു. തണ്ണിമത്തൻ്റെ സമാനമായ വലുപ്പവും ആകൃതിയും ഉള്ള കുമ്പളം മൂപ്പെത്തികഴിയുമ്പോൾ , പുറംഭാഗത്ത് ചാരനിറത്തിലുള്ള നിറം കൂടുതൽ വ്യക്തമായി കാണാം. ഏഷ്യൻ പാചകരീതിയിലെ ഒരു ജനപ്രിയ പച്ചക്കറിയായ ഇവയ്ക്ക് ധാരാളം ഔഷധഗുണങ്ങളുമുണ്ട്. ഇവയ്ക്ക് ഏകദേശം 8-12 സെ.മീ നീളവും 3-5 കി.ഗ്രാം ഭാരവുമാണ് ഉണ്ടാവുക.
ഒരുപാട് കാലം കേടുകൂടാതെ സൂക്ഷിക്കാനാകുമെന്നതിനാലും പെട്ടെന്ന് ഉപയോഗിച്ച് തീരാത്തതിനാലും ഇവ വിവിധ തരത്തിൽ പാകം ചെയ്തു സൂക്ഷിക്കാറുണ്ട്. വിവിധതരം മധുരപലഹാരങ്ങൾ, മിട്ടായികൾ തുടങ്ങി നിരവധി വിഭവങ്ങൾ ഇതുപയോഗിച്ചു നിർമ്മിക്കാൻ കഴിയും. 24 ഡിഗ്രി സെൽഷ്യസിനും 31 ഡിഗ്രി സെൽഷ്യസിനും ഇടയിൽ നന്നായി വളരുന്ന ഇവയുടെ വളർച്ചയ്ക്ക് ഈർപ്പവും മഴയുടെ സാന്നിധ്യവും ആവശ്യമാണ്. കേരളത്തിൽ വിവധ കറികളും തോരനും, ജ്യൂസുമെല്ലാം ഉണ്ടാക്കാനാണ് പ്രധാനമായും ഉപയോഗിക്കുന്നതെങ്കിൽ വടക്കേ ഇന്ത്യയിൽ മധുരപലഹാരങ്ങൾ നിർമ്മിക്കാനാണ് കുമ്പളങ്ങ കൂടുതലായും ഉപയോഗിക്കുന്നത്. ഇവിടങ്ങളിൽ പ്രശസ്തമായ ആഗ്ര പേട ഉണ്ടാക്കുന്നത് കുമ്പളങ്ങയിൽ നിന്നുമാണ്.
കുമ്പളങ്ങ ജ്യൂസ്
ഏറെ ഔഷധഗുണങ്ങളുള്ള കുമ്പളങ്ങാ ജ്യൂസ് ശരീരത്തെ വിവിധ രീതിയിൽ സഹായിക്കും. ദാഹം ശമിപ്പിക്കാനും ജലാംശം നിലനിർത്താനുമുള്ള കുമ്പളങ്ങയുടെ കഴിവ് ഇവയെ വളരെ ഉന്മേഷദായകമായമാക്കുന്നു. കുമ്പളങ്ങാ ജ്യൂസ് പഞ്ചസാര ചേർത്തോ അല്ലാതെയോ ഉണ്ടാക്കാവുന്നതാണ്. കഴുകി തൊലികളഞ്ഞ കുമ്പളങ്ങ വിത്തുകൾ കളഞ്ഞ ശേഷം ചതുരാകൃതിയിൽ മുറിച്ച് മിക്സിയുടെ ബ്ലെൻഡറിൽ നന്നായി അടിച്ചെടുക്കുക. ഇങ്ങനെ അടിച്ചെടുത്ത കുമ്പളങ്ങാ ജ്യൂസ് നന്നായി അരിച്ചെടുക്കുക, ശേഷം മധുരം ആവശ്യമെങ്കിൽ പഞ്ചസാരയോ തേനോ ചേർക്കാവുന്നതാണ്. 96% വെള്ളമടങ്ങിയ കുമ്പളത്തിൽ പ്രോട്ടീനുകൾ, ഫ്ലേവനോയ്ഡുകൾ,
കരോട്ടീനുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയും അടങ്ങിയിട്ടുണ്ട്. കലോറിയും കാർബോഹൈഡ്രേറ്റും കുറവായ ഈ ജ്യൂസ് പ്രമേഹ രോഗികൾക്ക് ഡയറ്റിലുൾപ്പെടുത്താവുന്നതാണ്.ധാരാളം പോഷകഗുണങ്ങളടങ്ങിയ കുമ്പളങ്ങ ജ്യൂസ് കുടിക്കുന്നതിലൂടെ നിരവധി ആരോഗ്യഗുണങ്ങൾ നമ്മുടെ ശരീരത്തിന് ലഭിക്കുന്നുണ്ട്
ഹൃദയാരോഗ്യത്തിന്
ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ് കുമ്പളങ്ങാ ജ്യൂസ്. ദിവസവും രാവിലെ ഇവ കുടിക്കുന്നത് ശരീരത്തിലെ മോശം കൊളസ്ട്രോളിനെ അകറ്റി എച്ച്ഡിഎൽ കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കും. ഇവ ഹൃദയത്തിലേക്കും പുറത്തേക്കുമുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുകയും ഹൃദയ പേശികളുടെ ഒപ്റ്റിമൽ പ്രവർത്തനം ഉറപ്പാക്കുകയുംചെയ്യും.
ചർമ്മ സംരക്ഷണം
ഇവയിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുള്ളതിനാൽ ഇത് ചർമ്മത്തിന് അത്യുത്തമമാണ്. ഇത് ചർമ്മത്തിൻ്റെ യുവത്വം നിലനിർത്താൻ സഹായിക്കുകയും മുഖത്തെ പാടുകളകറ്റി ആരോഗ്യകരമായ ചർമ്മം പ്രദാനം ചെയ്യുകയും ചെയ്യുന്നു.
പ്രമേഹനിയന്ത്രണം
പ്രമേഹരോഗികൾക്ക് വളരെ മികച്ച ഒരു പാനീയമാണ് കുമ്പളങ്ങാ ജ്യൂസ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പ്രവര്‍ത്തനം നിലച്ചുപോയ ഇന്‍സുലിന്‍ ഉല്പാദനകോശങ്ങളെ പുനര്‍ജ്ജീവിപ്പിക്കുന്നതിനും സഹായകരമാണ്.
ദഹനത്തിന്
നാരുകൾ ധാരാളമടങ്ങിയ കുമ്പളങ്ങ ജ്യൂസ് പതിവാക്കുന്നത് ദഹനപ്രശ്നങ്ങളെ അകറ്റി നിർത്താനും മലബന്ധം സുഗമമായി നടക്കാനും സഹായിക്കും.
ശരീരഭാരം നിയന്ത്രിക്കാൻ
കുമ്പളങ്ങ ജ്യൂസിൽ കലോറി കുറവും നാരുകൾ കൂടുതലുമാണ്, അതിനാൽ ഇത് വിശപ്പ് കുറച്ച് ഭക്ഷണത്തോടുള്ള ആസക്തി ഒഴിവാക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ സഹായിക്കുകയും ചെയ്യും. ഇതിലൂടെ ശരീരഭാരം കുറയ്ക്കാനാവും.