ആദ്യം വാഴക്കൂമ്പ് എടുത്ത് പുറമേയുള്ള പോളകളും ഉള്ളിലെ വാഴപ്പൂവും ഒക്കെ കളയണം. രുചി അധികരിക്കുന്നത് ഉള്ളിലേക്കു വരുമ്പോഴാണ്. എന്നിട്ട് അതിന്റെ മൂല വെട്ടി വെട്ടി അരിയണം. വട്ടത്തിൽ ഉരുത്തിരിഞ്ഞുവരുന്ന ഭാഗത്ത് തലങ്ങും വിലങ്ങും കൊത്തിക്കൊത്തി കുനുകുനാ അരിയണം. ഉറുമ്പുറുമ്പു പോലെ അത് കട്ടിങ് പാഡിൽ വീഴണം. അരിയുന്നയാളുടെ കൈയിൽ കറ പിടിക്കാതിരിക്കാൻ വെളിച്ചെണ്ണ ആദ്യം തന്നെ കൈയിൽ പുരട്ടണം.
ഇങ്ങനെ അരിഞ്ഞ് വാഴക്കൂമ്പ് കട്ടിങ് പാഡിൽ നിന്ന് മാറ്റി ഒരു പരന്ന പാത്രത്തിലിടണം. പിന്നെ പച്ച വെളിച്ചെണ്ണ, ഉപ്പ്, ഇത്തിരി മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് തിരുമ്മണം. കൂമ്പ് അരിയുമ്പോൾ അതിന് കറ കൂടുതലുണ്ടെങ്കിൽ നൂലായി മാലയായി വരാൻ സാദ്ധ്യതയുണ്ട്. വെളിച്ചെണ്ണ ചേർക്കുമ്പോൾ അത് വേർപെടുകയും ചെയ്യും. അരിഞ്ഞു കൂട്ടിയ വാഴക്കൂമ്പുതരികൾ തട്ടിപ്പൊത്തി, തട്ടിപ്പൊത്തി കൂനയായി വയ്ക്കുണം. സമാന്തരമായി തുവരപ്പരിപ്പ് ഒരുപിടി എടുത്ത് അരപ്പരുവത്തിൽ വേവിക്കണം. അര മണിക്കൂർ കഴിഞ്ഞ് ഇരുമ്പ് ചീനച്ചട്ടി എടുത്ത് ഗ്യാസ് സ്റ്റൗവിൽ വച്ച് കത്തിക്കണം.
ഇതിനിടെ 12 അല്ലി ചെറിയ ഉള്ളിയും നാലഞ്ച് അല്ലി വെളുത്തുള്ളിയും തൊലികളഞ്ഞ് ചതച്ചു വച്ചിരിക്കണം. ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടാകുമ്പോൾ കടുക് ഇടണം. നീണ്ട വറ്റൽ മുളക് കഷ്ണിച്ചത് അതിലിട്ടു മൂപ്പിക്കണം. ചതച്ചു വെച്ച ഉള്ളി വെളുത്തുള്ളി മിശ്രിതം ഇതിൽ ചേർത്ത് ഇളക്കണം. തരുതരെ പൊടിച്ച മുളക് ഒന്നര സ്പൂൺ അതിലേക്കു ചേർക്കണം. ഇളക്കൽ തുടരണം. മൂത്തു മണം വരുമ്പോൾ തീ കുറച്ച് അരിഞ്ഞു കൂട്ടിവച്ചിരിക്കുന്ന വാഴക്കൂമ്പുതരികൾ അതിലിട്ട് നന്നായി വീണ്ടും ഇളക്കണം. ആവശ്യത്തിനു കുറച്ചു ഉപ്പു കൂടി ചേർക്കാം.
നന്നായി ഇളക്കി വീണ്ടും തട്ടിപ്പൊത്തി വച്ച് മറ്റൊരു പാത്രം കൊണ്ട് അത് മൂടണം. അതിനുള്ളിലെ നീരാവി കൊണ്ട് അത് വേവും. അയ്യഞ്ചു മിനിറ്റു കൂടുമ്പോൾ പാത്രം പൊക്കി ഇളക്കി കൊടുക്കണം. വെന്തുവരുന്ന നേരത്ത് നേരത്തെ തയ്യാറാക്കി വച്ച പരിപ്പ് അതിൽ ചേർക്കണം. ഒന്നു കൂടി തട്ടിപ്പൊത്തി പാത്രം അടയ്ക്കണം. അഞ്ചു മിനിറ്റുകൊണ്ട് അത് വേവും. ഇടയ്ക്ക് അൽപ്പം എടുത്ത് രൂപിച്ചു നോക്കി വേവ് ഉറപ്പുവരുത്തണം. ഒരു പിടി നാളീകേരം ചിരകിയത്. അതിലിട്ട് ഇളക്കി ഗ്യാസ് ഓഫ് ചെയ്ത് അടച്ചു വയ്ക്കണം. ബാക്കിയുള്ള നീരാവിയിൽ നാളീകേരവും വെന്തു വരും.