കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരുപോലെ പ്രിയങ്കരമായ ഭക്ഷണമാണ് ചോളം. രുചിയ്ക്ക് പുറമെ ഏറെ പോഷകഗുണങ്ങളാലും സമ്പന്നമായ ധാന്യമാണിത്.
അതുകൊണ്ടുതന്നെ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കുളള പ്രതിവിധിയും ചോളത്തിലുണ്ട്. നാരുകള്‍, വിറ്റാമിനുകള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമായ ചോളം കഴിച്ചാലുളള ചില ആരോഗ്യഗുണങ്ങള്‍ അറിയാം.
രോഗപ്രതിരോധശേഷിയ്ക്ക്
ചോളത്തില്‍ വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ ഏറെ സഹായകരമാണിത്.
കാഴ്ചശക്തിയ്ക്ക്
ചോളത്തിന്റെ മഞ്ഞവിത്തുകളില്‍ അരിറ്റനോയിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ചക്കുറവിനുളള സാധ്യതകളെ ഇല്ലാതാക്കും. കണ്ണിന്റെ ആരോഗ്യത്തിന് സഹായകമായ കരോട്ടിനോയിഡുകള്‍, ല്യൂട്ടിന്‍ തുടങ്ങിയ ആന്റി ഓക്‌സിഡന്റുകള്‍ ചോളത്തില്‍ അടങ്ങിയിട്ടുണ്ട്.
തടി കുറയ്ക്കും
അമിതവണ്ണം കാരണം ബുദ്ധിമുട്ടുന്നവര്‍ക്ക് തീര്‍ച്ചയായും ചോളം കഴിയ്ക്കാം. കാരണം ചോളത്തില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി ആഹാരം കഴിക്കുന്നതില്‍ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കും.
പ്രമേഹം നിയന്ത്രിയ്ക്കും
പ്രമേഹരോഗികള്‍ ദിവസവും ചോളം കഴിയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. കാരണം ചോളത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
സൗന്ദര്യപ്രശ്‌നങ്ങള്‍ക്ക്
നിരവധി സൗന്ദര്യവര്‍ധകവസ്തുക്കളുടെ നിര്‍മ്മാണത്തിന് ചോളം ഉപയോഗിച്ചുവരുന്നു. ചോളം കഴിക്കുന്നതിലൂടെ വിവിധ ചര്‍മ്മപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനാകും.
ദഹനം മെച്ചപ്പെടുത്തും
ചോളത്തില്‍ നാരുകള്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നതിനാല്‍ നമ്മുടെ ശരീരത്തിന് ഏറെ ഗുണകരമാണിത്. കൊഴുപ്പ് കുറവായതിനാല്‍ എല്ലാവര്‍ക്കും കഴിക്കാം. ചോളം കഴിക്കുന്നതിലൂടെ മലബന്ധം പോലുളള പ്രശ്‌നങ്ങള്‍ ഇല്ലാതാകും. ദഹനം മെച്ചപ്പെടുകയും ചെയ്യും.
ബന്ധപ്പെട്ട വാര്‍ത്തകള്‍
പ്രമേഹ രോഗികള്‍ക്ക് ദിവസവും അല്പം ചോളം കഴിക്കാം
ചോളത്തോളം വരുമോ മറ്റു വിലയില്ലാ വിളകള്‍ ?