കിഴങ്ങു വർഗ്ഗങ്ങളിൽ നിറത്തിലും ഗുണത്തിലും അദ്വിതീയമായ സ്ഥാനം അലങ്കരിക്കുന്ന ഒന്നാണ് ബീറ്റ്റൂട്ട്.
അല്പം മധുരിക്കുന്ന ഈ കിഴങ്ങ് പോഷകമൂല്യങ്ങൾ കൊണ്ട് വളരെ അനുഗ്രഹീതമാണ്. നമ്മുടെ നിത്യാഹാരത്തിൽ പച്ചക്കറി വിഭവങ്ങളിൽ നിസ്സാരമല്ലാത്ത ഒരു സ്ഥാനം ബീറ്റ്റൂട്ട് കൈവരിച്ചിരിക്കുന്നു.
കരൾരോഗം, ഉദരവൃണം, തലവേദന, മഞ്ഞപ്പിത്തം , ക്ഷയം, അതിസാരം എന്നിവയക്ക് കിഴങ്ങ് അത്ഭുതകരമായ ശമനമുണ്ടാക്കും.
ഉദരവൃണം ശമിപ്പിക്കുവാൻ ഇതിൻറെ രസത്തിന് ശക്തിയുണ്ട്. അരഗ്ലാസ് ബീറ്റ്‌റൂട്ടിന്റെ രസവും ഒരു കരണ്ടി തേനും ചേർത്ത് രാവിലെ ഭക്ഷണത്തിനു മുൻപ് കഴിക്കുക. വ്രണങ്ങൾ ശമിപ്പിക്കും എന്നതിന് പുറമേ പൊട്ടാസ്യം ഉള്ളതുകൊണ്ട് മൂത്രത്തെ പെരുപ്പിക്കുകയും ശരീരത്തിൽ ഈ ധാതുവിൻറെ പോരായ്മ നികത്തുകയും ചെയ്യും.
ബീറ്റ്റൂട്ട് രസത്തിൽ തേനും ചെറുനാരങ്ങാനീരും ചേർത്താൽ ആ പാനീയത്തിന്റെ ഔഷധഗുണം കൂടുമല്ലോ. ഈ വിശിഷ്ടപാനകം കരൾ രോഗം, മഞ്ഞപ്പിത്തം, അർശസ്, ക്ഷയം, ചർദ്ദി, അതിസാരം എന്നിവ ശമിപ്പിക്കും. സാരമായ ശസ്ത്രക്രിയകൾക്ക് ശേഷം ഇത് ഒരു ടോണിക് ആയി ദിവസേന ശീലിക്കുന്നതും നന്ന്.
നാസിക സംബന്ധമായ രോഗത്താൽ ഉണ്ടാകുന്ന തലവേദനക്ക് ബീറ്റ്റൂട്ട് രസം ഒരു പ്രത്യൗഷധം ആണ്. ബീറ്റ്റൂട്ട് രസം രണ്ടുമൂന്നു തുള്ളികൾ മൂക്കിൽ ഇറ്റിക്കുക. മൂക്കടപ്പ് കൊണ്ടുണ്ടാകുന്ന തലവേദന ശമിക്കും.
ദഹനക്കുറവ് അനുഭവിക്കുന്നവർക്ക് നല്ലൊരു ഭക്ഷ്യവസ്തുവാണ് ഈ കിഴങ്ങ്.
മാത്രമല്ല വായുക്ഷോഭം ഇല്ലാതാക്കാനും ഇതിലെ ഔഷധമൂല്യങ്ങൾ സഹായിക്കുന്നു.
ബീറ്റ്റൂട്ട് വിശിഷ്ടമായ ഒരു വിരേചക വസ്തുവും ആണ്. ഇതിൽ അടങ്ങിയിട്ടുള്ള മിനറലുകൾ സുഖശോധന ഉണ്ടാക്കുവാൻ സഹായിക്കുന്നു. അതിനാൽ ഇത് പതിവായി ഉപയോഗിക്കുന്നത് നന്ന്. കൂടുതൽ രക്തസമ്മർദ്ദത്തെ ക്രമീകരിക്കുകയും ചെയ്യും.
നെല്ലിക്കയിൽ അടങ്ങുന്ന വിറ്റമിൻ സി ഒഴികെ മറ്റെല്ലാത്തിലുമുള്ള വിറ്റമിൻ സി ചൂടാക്കുമ്പോൾ നശിക്കും. അതിനാൽ ശരീരത്തിനു വേണ്ട ഈ ജീവകം ബീറ്റ്‌റൂട്ടിൽ നിന്ന് ലഭ്യമാണ്.
വേവിക്കാത്ത ബീറ്റ്റൂട്ട് തൊലിചെത്തി നുറുക്കി തേനിൽ മുക്കി കഴിക്കുക.
ഇപ്രകാരം സിയുടെ കുറവ് പരിഹരിക്കാനാവും.
ബീറ്റ്റൂട്ട് രസം വിനാഗിരിയിൽ സമം ചേർത്ത് ചർമരോഗങ്ങൾക്ക് ഒരു ലേപനം ആയി ഉപയോഗിക്കാം. വ്രണങ്ങൾ, ചൊറിഞ്ഞു തടിപ്പ്, വീക്കം, വിള്ളൽ എന്നിവയ്ക്ക് ഗുണ ഫലം നൽകുന്നു.
ബീറ്റ്റൂട്ട് വൃത്തിയായി തൊലികളഞ്ഞ് ചെറുതായി അരിഞ്ഞ് ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിക്കുക. അതിനുശേഷം നല്ലവണ്ണം ഉടച്ച് തേങ്ങാപ്പാലിൽ( ഒന്നാംപാൽ മാറ്റിവയ്ക്കുക) വീണ്ടും തിളപ്പിക്കുക. തിളയ്ക്കുമ്പോൾ അണ്ടിപ്പരിപ്പും മുന്തിരിങ്ങയും ഏലപൊടിയും ചേർത്ത് ഇളകി ഒന്നാം പാൽ ഒഴിച്ച് പഴം ഉടച്ചതും നെയ്യും ചേർത്ത് വീണ്ടും ഇളക്കി പാകത്തിനു വാങ്ങുക.
ബീറ്റ്റൂട്ട് പലതരമുണ്ട്.
ഭക്ഷണം എന്ന നിലയിലാണ് ഇത് ഇന്ത്യയിൽ കൃഷി ചെയ്യുന്നത്. ഇതിൽ എട്ടു ശതമാനം പഞ്ചസാര അടങ്ങുന്നതുകൊണ്ട് പഞ്ചസാര ഉണ്ടാക്കാൻ യൂറോപ്പിൽ ഇത് ധാരാളമായി ഉത്പാദിപ്പിച്ച വരുന്നു.