അറേബ്യന്‍ വിഭവങ്ങളോട് വല്ലാത്തൊരു താത്പര്യം തന്നെ മലയാളികള്‍ക്കുണ്ട്. നാട്ടില്‍ മുക്കിലും മൂലയിലും പൊന്തിവരുന്ന അറബ് റസ്റ്റോറന്റുകള്‍ തന്നെ ഇതിനുളള ഏറ്റവും വലിയ ഉദാഹരണം.
അറബികളുടെ കബ്‌സയും കുഴിമന്തിയും കബാബുമെല്ലാം അങ്ങനെ നമ്മുടെയും സ്വന്തമായി. അറബികള്‍ക്ക് ഭക്ഷണത്തില്‍ നിന്ന് ഒരിക്കലും മാറ്റിനിര്‍ത്താനാവാത്ത ഒന്നാണ് ജര്‍ജീര്‍ ഇലകള്‍. കബ്‌സ, ബാര്‍ബിക്യു, കബാബ് വിഭവങ്ങള്‍ക്കൊപ്പം സലാഡ് ആയി ജര്‍ജീര്‍ ഇലകള്‍ പൊതുവെയുണ്ടാകും. ഗുണങ്ങള്‍ തിരിച്ചറിഞ്ഞ മലയാളികളുടെ ഭക്ഷണത്തിലും ജര്‍ജീര്‍ ഇപ്പോള്‍ ഇടംപിടിച്ചിട്ടുണ്ട്.
വിവിധ സ്ഥലങ്ങളില്‍ അരുഗുല, ഗാര്‍ഡന്‍ റോക്കറ്റ്, സലാഡ് റോക്കറ്റ് എന്നിങ്ങനെയെല്ലാം ജര്‍ജീര്‍ അറിയപ്പെടുന്നുണ്ട്. ഗള്‍ഫില്‍ നിന്നെത്തിയ പ്രവാസികളാണ് ജര്‍ജീറിനെ നമ്മുടെ മണ്ണില്‍ പരിചയപ്പെടുത്തിയത്. സംഗതി വിജയം കണ്ടതോടെ പലരുമിപ്പോള്‍ ജര്‍ജീര്‍ കൃഷി ചെയ്തുവരുന്നുണ്ട്. എന്തിന്റെ കൂടെയായാലും ഇത് പച്ചയ്ക്കാണ് കഴിക്കേണ്ടത്. വേവിച്ച് കഴിക്കാന്‍ പാടില്ല.
കുറഞ്ഞ കയ്പു രസമുള്ള ഇതിന്റെ ഇല അല്പം ഉപ്പു ചേര്‍ത്ത നാരങ്ങാ നീരിനൊപ്പമോ തൈര് ഉപയോഗിച്ചോ അല്ലാതെയോ കഴിക്കാവുന്നതാണ്.
നിരവധി ആരോഗ്യഗുണങ്ങളാല്‍ സമ്പന്നമാണ് ജര്‍ജീര്‍. ക്യാന്‍സര്‍ പോലുളള രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ഇതിലടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ എ, ബി, സി, കെ എന്നിവയുമടങ്ങിയിട്ടുണ്ട്. ധാരാളം വെളളം അടങ്ങിയിരിക്കുന്നതിനാല്‍ വേനല്‍ക്കാലത്ത് ശരീരത്തില്‍ വെളളം നിലനിര്‍ത്താനും നല്ലതാണ്. എല്ലുകളുടെ വളര്‍ത്തയ്ക്കും ഗുണകരമാണ്. ശരീരഭാരം കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ജര്‍ജീര്‍ ഭക്ഷണത്തിന്റെ ഭാഗമാക്കാം. കൊളസ്‌ട്രോള്‍, ബിപി എന്നിവ കുറയ്ക്കാനുളള ഔഷധഗുണവും ഇതിനുണ്ട്.
കൃഷി ചെയ്യാന്‍ പ്രത്യേകിച്ച് പരിചരണമോ വളപ്രയോഗങ്ങളോ ജര്‍ജീറിന് ആവശ്യമില്ല. പൂവും കായും വരുന്നതിന് മുമ്പെ വിളവെടുക്കണമെന്ന് മാത്രം. ഹൈഡ്രോപോണിക്‌സ് സംവിധാനത്തിലൂടെ മണ്ണില്ലാതെയും ജര്‍ജീര്‍ കൃഷി ചെയ്യാവുന്നതാണ്. ഓണ്‍ലൈന്‍ സൈറ്റുകളില്‍ ജര്‍ജീറിന്റെ വിത്ത് ലഭ്യമാണിപ്പോള്‍.