വെജിറ്റേറിയന്‍ മാത്രം ഇഷ്ടപ്പെടുന്നവര്‍ക്ക് ഭക്ഷണത്തിന്റെ കാര്യത്തില്‍ ഒരുപാട് ചോയ്സൊന്നും ഉണ്ടാവാറില്ല. അത്തരക്കാര്‍ക്ക് മാംസാഹാരത്തിന് പകരം രുചികരമായി കഴിക്കാവുന്ന ഒന്നാണ് മഷ്റൂം അഥവാ കൂണ്‍.
അമിനോ ആസിഡ്, ആന്റി ഓക്‌സിഡന്റുകള്‍, പ്രോട്ടീന്‍ തുടങ്ങി നിരവധി പോഷകങ്ങളാല്‍ സമ്പന്നമാണ് കൂണ്‍. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും കൂണ്‍ കഴിക്കുന്നതിലൂടെ സാധിക്കും.
ഫംഗസ് ഗണത്തില്‍പ്പെടുന്ന കൂണ്‍ പ്രകൃതിദത്തമായതിനാല്‍ പച്ചക്കറിയായാണ് നമ്മള്‍ കണക്കാക്കുന്നത്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൂണ്‍ വിഭവങ്ങള്‍ ധാരാളം കഴിക്കാവുന്നതാണ്. നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ദഹനം മെച്ചപ്പെടുത്തുന്നതിനും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. നിയാസിന്‍, സെലിനിയം തുടങ്ങിയ പോഷകങ്ങളും കൂണില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയാണ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നത്.
പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന ആഹാരങ്ങളുടെ കൂട്ടത്തില്‍ തീര്‍ച്ചയായും നമുക്ക് കൂണിനെയും ഉള്‍പ്പെടുത്താം. കൂണില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ പനി, ജലദോഷം എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും അതുവഴി ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കാനും കൂണ്‍ കഴിക്കുന്നതിലൂടെ സാധിക്കും. അതിനാല്‍ പ്രമേഹരോഗികള്‍ക്കും ധൈര്യമായി ഇത് കഴിക്കാം.
ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാന്‍ കൂണ്‍ വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍ക്കൊള്ളിക്കാവുന്നതാണ്. ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്‍ കുറയ്ക്കാൂനുളള കഴിവ് കൂണിനുണ്ട്. അതുപോലെ തന്നെ വിറ്റാമിന്‍ ഡി, ആന്റിഓക്‌സിഡന്റ് എന്നിവ കൂണില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശ്വാസകോശാര്‍ബുദം, സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് കാന്‍സര്‍, തുടങ്ങി പല തരത്തിലുള്ള ക്യാന്‍സറുകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കും. കൂണിലെ ഫൈബര്‍, പൊട്ടാസ്യം, എന്‍സൈമുകള്‍ എന്നിവ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കുന്നതിന് സഹായകമാണ്.
കൂണില്‍ വിറ്റാമിന്‍ ഡി നന്നായി അടങ്ങിയിട്ടുണ്ട്. അസ്ഥികളുടെ ആരോഗ്യത്തിന് വിറ്റാമിന്‍ ഡി ഉത്തമമാണ്. കൂണ്‍ ശീലമാക്കിയാല്‍ അസ്ഥികളുടെ ബലം വര്‍ദ്ധിപ്പിക്കാനാകും. വിളര്‍ച്ച തടയാന്‍ അയണ്‍ സഹായിക്കും. കൂണില്‍ ധാരാളമായി ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ 90 ശതമാനം ഇരുമ്പും ഇതുവഴി ലഭ്യമാകും.