Health & Herbs

പാല്‍കൂണില്‍ കേമന്‍ 'ഭീമ'

milky mushroom

ദേവതകളുടെ ആഹാരമെന്നാണ് കൂണിനെ വിശേഷിപ്പിക്കുന്നത്. പ്രകൃതിയില്‍ നിന്നും നമുക്ക് കൂണ്‍ വളരെ കുറഞ്ഞ അളവിലും തണുപ്പും മഴയുമുള്ള കാലത്തും മാത്രമേ കിട്ടാറുളളൂ. .അതു തന്നെ ഭക്ഷ്യയോഗ്യമാണോ എന്നു തിരിച്ചറിയാനും ബുദ്ധിമുട്ട്. അതിനാല്‍ പോഷകസമ്പുഷ്ടമായ കൂണ്‍ സ്വയം ഉല്‍പാദിപ്പിച്ചാല്‍ മാത്രമേ നമുക്ക് ആവശ്യാനുസരണം ഉപയോഗിക്കുവാന്‍ കഴിയൂ.
കേരളത്തിലെ കാലാവസ്ഥ കൂണ്‍ കൃഷിക്ക് വളരെ അനുയോജ്യമാണ്. കൂണിന്റെ ഔഷധ പോഷക ഗുണങ്ങള്‍ മനസിലാക്കിയ ചിലര്‍ സ്വന്തം ആവശ്യത്തിന് കൂണ്‍ കൃഷി ചെയ്യുന്നു. മാംസഭക്ഷണത്തിന്റെ സ്വാദും ഗുണവുമുള്ളതിനാല്‍ കേരളത്തില്‍ ചിലരുടെയെങ്കിലും ഇഷ്ടഭക്ഷണമാണ് കൂണ്‍ . ഇതിന്റെ വിപണന സാധ്യത മനസിലാക്കി ധാരാളം കര്‍ഷകര്‍ കൂണ്‍കൃഷി ഒരൂപജീവനമാര്‍ഗമായി സ്വീകരിച്ചൂ വരുന്നു.

വര്‍ഷം മുഴുവന്‍ നമ്മുടെ നാട്ടില്‍ കൃഷി ചെയ്തിരുന്നതാണ് ചിപ്പിയുടെ ആകൃതിയിലുള്ള ചിപ്പിക്കൂണ്‍.എന്നാല്‍ കാലാവസ്ഥ വ്യതിയാനത്താല്‍ വേനല്‍ മാസങ്ങളില്‍ ചൂട് വര്‍ഷംതോറും കൂടുന്നു. ഇതു ചിപ്പിക്കൂണിന്റെ വിളവ് കുറയാന്‍ കാരണമായി. കര്‍ഷകര്‍ നേരിടുന്ന ഈ പ്രശ്‌നത്തില്‍ കൃഷി വിജ്ഞാന കേന്ദ്രം ഇടപെടുകയും ചൂടുസമയത്തും കൃഷിചെയ്യാവുന്ന പാല്‍കൂണ്‍ പരിചയപ്പെടുത്തുകയും ചെയ്തു.

പാല്‍കൂണിന്റെ സവിഷേഷതകള്‍

തൂവെള്ള നിറവും ദൃഡതയുമുള്ള പാല്‍ കൂണിന് നിവര്‍ത്തിയ കുടയുടെ ആകൃതിയാണ്. തണ്ടിന് നല്ല വലിപ്പമുണ്ട്. കീടബാധയെ ചെറുക്കാന്‍ കഴിവ് കൂടുതല്‍. വിളവെടുപ്പാനന്തര സൂക്ഷിപ്പു കാലവും കൂടുതലാണ്. 34-35 ഡിഗ്രി സെല്‍ഷ്യസ് ചൂടിലും 70-80% അന്തരീക്ഷ ആര്‍ദ്രതയിലും കൃഷി ചെയ്യാം
കെ. വി. കെ. ആലപ്പുഴ ചെറിയനാട് പഞ്ചായത്തില്‍ 'കാലോസൈബ ഇന്‍ഡിക്ക ''എന്ന പാല്‍കൂണ്‍ പരിചയപ്പെടുത്തുന്നതിന്‍ 2008-09 ല്‍ ഒരു മുന്‍ നിര പ്രദര്‍ശന പരിപാടി നടത്തി. ഇത് വിജയിച്ചതിന്റെ അടിസ്ഥാനത്തില്‍ കര്‍ഷകര്‍ വേനല്‍ മാസങ്ങളില്‍ പാല്‍ കൂണ്‍ ഉല്‍പാദിപ്പിച്ച് വിപണനം നടത്തി വന്നു. എന്നാല്‍ ഈ കൂണിന് പാകം ചെയ്ത് കഴിയുമ്പോള്‍ ഒരു മക്കച്ചൂവ അനുഭവപ്പെടൂന്നതിനാല്‍ വില്പന കുറയുന്നതായി കര്‍ഷകര്‍ അഭിപ്രായപ്പെട്ടു.കര്‍ഷകരുടെ ഈ പ്രശ്‌നം ദൂരീകരിക്കാന്‍ കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ മക്കച്ചൂവയില്ലാത്ത പാല്‍കൂണിനമാണ ് 'കാലോസൈബ ഗാംബോസ'', ഭീമ .

milky mushroom

ഭീമ'' പാല്‍ കൂണ്‍ സവിഷേഷതകള്‍

വലിപ്പത്തിലൂം രുചിയിലും സാധാരണ പാല്‍കൂണിനെ വെല്ലും.
ഒരു കൂണ്‍ തന്നെ 100 മുതല്‍ 350 ഗ്രാം തൂക്കം വരുന്നു.
മക്കച്ചൂവയില്ലാത്ത പാല്‍ കൂണാണിത്.

'ഭീമ''എന്ന ഇനം പാല്‍കൂണ്‍ - സവിശേഷതകള്‍
കര്‍ഷകരിലെത്തിക്കുവാന്‍ കെ.വി.കെ വിവിധ ഇടപെടലുകള്‍ നടത്തി. ഇതിന് 2016-17 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള 5 കൂണ്‍ കര്‍ഷകരുടെ പങ്കാളിത്തത്തോടെ ഒരു കൃഷിയിട പരീക്ഷണം നടത്തി. അവരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ 'ഭീമ''യുടെ മേന്മകള്‍ കൂടുതല്‍ കര്‍ഷകരിലേക്ക് എത്തിക്കാന്‍ 2017-18 ല്‍ മുന്‍നിരപ്രദര്‍ശനതോട്ടം സംഘടിപ്പിച്ചു. ജില്ലയുടെ വിവിധ പഞ്ചായത്തുകളില്‍ നിന്നു തിരഞ്ഞെടുത്ത 25 കൂണ്‍ കര്‍ഷകരുടെ കൃഷിയിടത്തില്‍ ഇത് കൃഷി ചെയ്തു. 'ഭീമ'' യുടെ മേന്മകള്‍ കൂടുതല്‍ ആളുകളില്‍എത്തിക്കാന്‍ കായംകുളം പുള്ളികണക്കിലെ മിനി ശിവരാജന്റെ 'വൈറ്റ് ബട്ടണ്‍സ്''കൂണ്‍ യൂണിറ്റില്‍ പങ്കാളികളായ കൂണ്‍ കര്‍ഷകരുടെ ഒരു അവലോകന യോഗവും കൂണ്‍ശാല സന്ദര്‍ശനവും കെ.വി.കെ യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു.

പാല്‍കൂണ്‍ കൃഷിയില്‍ ശ്രദ്ധിക്കാന്‍
. ചിപ്പികൂണ്‍കൃഷിയില്‍ നിന്നു വ്യത്യസ്തമായി പാല്‍ കൂണ്‍ കൃഷിയില്‍ തടത്തിനു മുകളില്‍ ' പുതയിടണം. തന്തുക്കളുടെ വളര്‍ച്ച പൂര്‍ണമായ ശേഷം അണുനശീകരണം നടത്തിയ മണ്ണ്, മണല്‍, ജൈവവള മിശ്രിതം ഉപയോഗിച്ച് തടത്തിന്റെ മുകള്‍ ഭാഗം പൊതിയുന്നതാണ് 'പുതയിടീല്‍ ''എന്നു പറയുന്നത് .പുതയിട്ട ഭാഗത്തുനിന്നും മുകളിലേക്കാണ് പാല്‍ കൂണ്‍ മുളച്ചൂ വരുന്നത് .പുതയിടീല്‍ ദീര്‍ഘിപ്പിച്ച് വിളവെടൂപ്പ് മുന്‍പോട്ടാക്കാം എന്ന സൗകര്യം പാല്‍കൂണിന്റെ പ്രത്യേകതയാണ്. വേനല്‍ സമയത്ത് ചിപ്പികൂണിനേക്കാള്‍ ലാഭകരമായി കര്‍ഷകര്‍ക്ക് പാല്‍കൂണ്‍ കൃഷി ചെയ്യാം. കാലാവസ്ഥയ്ക്ക് അനുസൃതമായി ചിപ്പിക്കൂണും പാല്‍കൂണും മാറി മാറി കൃഷി ചെയ്താല്‍ വര്‍ഷം മുഴുവന്‍ കൂണ്‍ കൃഷി ആദായകരമായി തുടരാം. ഇതിനുള്ള പ്രായോഗിക പരിശീലനം കൃഷി വിജ്ഞാന കേന്ദ്രങ്ങളിലും കാര്‍ഷിക സര്‍വകലാശാലയിലും ലഭ്യമാണ്.

ജി. ലേഖ
- സബ്ജക്ട് മാറ്റര്‍ സ്‌പെഷ്യലിസ്റ്റ്, കെ.വി.കെ.ആലപ്പുഴ
ഡോ .പി. മുരളീധരന്‍ - ഹെഡ് , കെ.വി.കെ.. ആലപ്പുഴ


English Summary: Milky mushroom

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine