ഭംഗീര അല്ലെങ്കിൽ പെരില്ല അല്ലെങ്കിൽ കൊറിയൻ പെരില്ല എന്നീ പേരുകളിൽ അറിയപ്പെടുന്ന പെരില്ല ഫ്രൂട്ടസെൻസ് ലാമിയേസിയെ കുടുംബത്തിൽ പെടുന്നതാണ്. തെക്കുകിഴക്കൻ ഏഷ്യ ഇന്ത്യയിലെ ഉയർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഈ വാർഷിക ചെടി കാണപ്പെടുന്നത്. ഇവ തോട്ടങ്ങളിൽ വളർത്തുമ്പോൾ ചിത്രശലഭങ്ങളെ ആകർഷിക്കാറുണ്ട്.
പുതിനയുടേത് പോലെയുള്ള ശക്തമായ സുഗന്ധമാണ് ഇവയ്ക്ക്. അറുപത് മുതൽ തൊണ്ണൂറ് വരെ സെന്റീമീറ്റർ ഉയരം വരുന്ന വാർഷിക ചെടിയാണിത്. ചതുരത്തിൽ നിറയെ രോമങ്ങളുള്ളതാണ് തണ്ട്. എതിർവശത്തായി വിന്യസിച്ചിരിക്കുന്ന ഇലകൾക്ക് 7-12 സെന്റീമീറ്റർ നീളവും 5-8 സെന്റീമീറ്റർ വീതിയുമുണ്ട്. അണ്ഡാകൃതിയിൽ വീതിയുള്ള അഗ്രം കൂർത്തതും അരികുകൾ പല്ലു പോലെയുള്ളതുമാണ് ഇവയുടെ ഇലകൾ, നീണ്ട തണ്ടുമുണ്ട്. ഇലകൾക്ക് പച്ച നിറവും അപൂർവമായി അടിവശത്ത് പർപ്പിൾ നിറവുമായിരിക്കും.
ശാഖകളുടെ അഗ്രങ്ങളിലും പ്രധാന തണ്ടിന്റെ അഗ്രത്തിലും കുലകളായാണ് പൂക്കളുണ്ടാകുന്നത്. റെറ്റിക്കുലേറ്റ് രീതിയിൽ സംയുക്തമായി കാണപ്പെടുന്ന കായ്കൾക്ക് രണ്ട് മില്ലിമീറ്റർ ചുറ്റളവാണ്. വിത്തുകൾ ചെറുതും കട്ടിയുള്ളതും ചാര അല്ലെങ്കിൽ തവിട്ട് നിറത്തിലോ കടുത്ത തവിട്ട് നിറത്തിലോ ഉള്ളതും ഉരുണ്ടതുമാണ്. വിത്തുകളിൽ 38-45 ശതമാനം തൈലം അടങ്ങിയിട്ടുണ്ട്.