പാവൽ കൃഷി കര്‍ഷകര്‍ക്ക് മിനിമം ഗ്യാരന്റി വില ഉറപ്പു വരുത്തുന്ന വിളയാണ് പാവല്‍.
പാവല്‍ കൃഷി തുടങ്ങാന്‍ ഏറ്റവും യോജിച്ച സമയമാണിപ്പോള്‍. പക്ഷേ പാവലിനെ പരിപാലിച്ചെടുക്കാന്‍ പണിയേറെയുണ്ട്.
വിത്തു നടീലും പരിപാലനവും
1. പാവല്‍ കൃഷി ചെയ്യുന്ന മണ്ണ് കുറഞ്ഞത് ഒരടി ആഴത്തില്‍ കിളച്ച് കട്ട പൊടിച്ച് പാകപ്പെടുത്തണം. നീര്‍വാര്‍ച്ചയുള്ളതും ഇളക്കമുള്ളതും നല്ല ജൈവാംശമുള്ളതുമായ മണ്ണായിരിക്കണം.
2. കുഴിയെടുക്കുമ്പോള്‍ തന്നെ തടമൊന്നിന് 100 ഗ്രാം കുമ്മായപ്പൊടി/ഡോളമൈറ്റ് എന്നിവ ചേര്‍ത്ത് തടമൊരുക്കി നേരിയ ഈര്‍പ്പം ഉറപ്പുവരുത്തി 14 ദിവസം വെറുതെ ഇടുന്നത് നല്ലതാണ്.
3. പാവലിലെ മികച്ച ഇനങ്ങളായ മായ, പ്രീതി, പ്രിയങ്ക എന്നിവയുടെ വിത്തുകള്‍ ഉപയോഗിക്കുക
4. കുമ്മായം ചേര്‍ത്ത് 14 ദിവസം കഴിഞ്ഞ് തടമൊന്നിന് 10 കി.ഗ്രാം അഴുകിപ്പൊടിഞ്ഞ ചാണകം, 100 ഗ്രാം എല്ലുപൊടി, 100 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് , 10 ഗ്രാം വാം , 10 ഗ്രാം അസോ സ്പൈറില്ലം, 10 ഗ്രാം ഫോസ്ഫോ ബാക്ടീരിയ എന്നിവ ചേര്‍ത്തു നല്‍കാം.
5. ഇരുപത്തിനാല് മണിക്കൂര്‍ നറുംപാലില്‍ മുക്കിയിട്ടതിന് ശേഷം വിത്തു വിതച്ചാല്‍ നല്ല കരുത്തായിരിക്കും. കുതിര്‍ത്ത വിത്ത് സ്യൂഡോമൊണാസ് പൊടിയില്‍ മുക്കി നട്ടാല്‍ രോഗപ്രതിരോധ ശേഷി ലഭിക്കും.
വളർച്ചയുടെ ഘട്ടത്തിലുള്ള പരിചരണം
6. നട്ട് 15 ദിവസം കഴിഞ്ഞ് 15 ഗ്രാം യൂറിയ, 50 ഗ്രാം മസൂറിഫോസ്,25 ഗ്രാം പൊട്ടാഷ് എന്നിവ മേല്‍വളമായി ചേര്‍ക്കാം. കൂടാതെ ആറിരട്ടി നേര്‍പ്പിച്ച ഗോമൂത്രം, 2 % വളച്ചായ, പച്ചച്ചാണകം കലക്കിയ വെള്ളം എന്നിവയും തടത്തില്‍ ഒഴിച്ചുകൊടുക്കാം
7. രണ്ടാഴ്ചയിലൊരിക്കല്‍ 2 % വേപ്പെണ്ണ ബാര്‍സോപ്പ്-വെളുത്തുള്ളി എമല്‍ഷന്‍, 2 % സ്യൂഡോമോണാസ് ലായനി എന്നിവ ഇലകളിലും തടത്തിലും തളിച്ചു കൊടുക്കാം
8. വള്ളി പന്തലില്‍ എത്തുന്നതു വരെ ശിഖരങ്ങളൊന്നും അനുവദിക്കരുത്. മുറിച്ച് കളയണം. പന്തലിന് തൊട്ടുതാഴെ എത്തുമ്പോള്‍ വള്ളികള്‍ കമ്പിയില്‍ നിന്നും വിടുവിച്ച് തടത്തിലേക്ക് കൊണ്ടുവന്ന് അടിയിലകള്‍ മുറിച്ച് കളഞ്ഞ് തടത്തില്‍ പതിപ്പിച്ച് വച്ച് അതിനുമുകളില്‍ മണ്ണും ചാണകപ്പൊടിയും കലര്‍ന്ന മിശ്രിതമിടുന്നത് കൂടുതല്‍ കരുത്തോടെ വള്ളികള്‍ വളരാന്‍ സഹായിക്കും.
9. ഒരു തടത്തില്‍ അഞ്ച് വിത്തെങ്കിലും വിതച്ച് കരുത്തുള്ള 2-3 ചെടികള്‍ മാത്രം നിലനിര്‍ത്തുക.
10. ഒരു മില്ലി. എത്രല്‍ 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി 15,30,45,60 ദിവസങ്ങളില്‍ നാല് തവണ തളിച്ചാല്‍ കൂടുതല്‍ പെണ്‍പൂക്കള്‍ പിടിക്കും